Sunday, May 12, 2024
Homeകലാസാഹിത്യംകാരിക്കേച്ചര്‍, ഡ്രോയിംഗ്, ഫോട്ടോഗ്രഫി ... കര്‍മശാസ്ത്രം

കാരിക്കേച്ചര്‍, ഡ്രോയിംഗ്, ഫോട്ടോഗ്രഫി … കര്‍മശാസ്ത്രം

ശരീഅത്തിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ എതിര്‍പ്പ് വന്നിട്ടില്ലാത്തതിനാല്‍ ഒരു വ്യക്തിയെയോ അവന്റെ സ്വഭാവ സവിശേഷതകളെയോ പരിഹസിക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യാത്ത രീതിയില്‍ ആശയസംവേദനം ലക്ഷ്യം വെച്ചുള്ള കാരിക്കേച്ചറുകള്‍ അനുവദനീയമാണ്.

പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന ഡ്രോയിംഗിന്റെ ഗണത്തില്‍ ഇതിനെ ഉള്‍പെടുത്താനാകില്ല. കാരണം, ചിത്ര കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ശരീഅത്തില്‍ അനുവദനീയമാണ്.  വിനോദവും വിദ്യഭ്യാസവുമാണ് അതിന്റെ ലക്ഷ്യം. മഹതി ആയിശ ബീവിക്ക് ചിറകുകളുള്ള കുതിരയുടെ കളിപ്പാട്ടമുണ്ടായിരുന്നു. അവരതുമായി കളിക്കുകയും ചെയ്യാറുണ്ടായിരുന്നു. സ്വഹാബികള്‍ തങ്ങളുടെ കുട്ടികള്‍ക്ക് പരുത്തികൊണ്ട് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതും പതിവായിരുന്നു.

പൊതു തിന്മകളെ പ്രതിരോധിക്കുകയും വിധിന്യായങ്ങളില്‍ നന്മകൊണ്ടുവരികയും ലക്ഷ്യം വെച്ചുള്ള കാരിക്കേച്ചറുകളാണെങ്കില്‍ അത് അനുവദനീയമാണ്.
ചിത്രത്തെയോ രൂപത്തെയോ നിരോധിക്കുന്ന ഹദീസുകളില്‍ ഫോട്ടോഗ്രഫിയോ മീഡിയ ഡോക്യുമെന്റേഷനുകളോ ഉള്‍പ്പെടുകയില്ല. കാരണം, ചിത്രങ്ങളെയും വിഗ്രഹങ്ങളെയും ആരാധിക്കുന്ന രീതിയിലേക്ക് വീണ്ടും മടങ്ങിയേക്കാമെന്ന ആശങ്കയായിരുന്നു അതിനു പിന്നില്‍. അതിനാല്‍ തന്നെ അത് നിരോധിക്കുകയും ചെയ്തു.

Also read: രാജ്യസ്‌നേഹവും ഇസ്‌ലാമും രണ്ടുപക്ഷമല്ല

അതുകൊണ്ടുതന്നെ കഅബക്ക് അകത്തും പുറത്തും നിഴലുകള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ ചിത്രങ്ങളും രൂപങ്ങളും ഉന്മൂലനം ചെയ്യാന്‍ നബി(സ്വ) സ്വഹാബാക്കളോട് കല്‍പിച്ചു. അല്ലാഹുവിനെയല്ലാതെ മറ്റു ചില രൂപങ്ങളെയും ചിത്രങ്ങളെയും ആരാധിക്കുകയെന്ന അതിനീചമായ പ്രവര്‍ത്തിയായിരുന്നു അതുമൂലം ഉണ്ടാകാനിരുന്നത്. സമകാലിക ഫോട്ടോഗ്രഫിയും മീഡിയ ഡ്യോകുമെന്റേഷനുമെല്ലാം ഇതിനെതിരാണ്. അതിന്റെ ലക്ഷ്യങ്ങള്‍ ഭൂരിഭാഗവും നന്മപൂര്‍ണവുമാണ്.

ചിത്രങ്ങളും രൂപങ്ങളും നിഷിദ്ധമാക്കാനുള്ള കാരണങ്ങളില്‍ നിന്നും ഇവയെല്ലാം അതിവിദൂരത്താണ് താനും. ഇതിന്റെ ആവശ്യവും നന്മയും മഹത്തരമായതിനാല്‍ തന്നെ ഇതിനെ ഫര്‍ള് കിഫായപോലെത്തന്നെ ഇത് അനുവദനീയമാണ്. ചുരുക്കം ചില പണ്ഡിതന്മാരൊഴികെ ബഹുഭൂരിപക്ഷം ആധുനിക പണ്ഡിതന്മാരും ഫോട്ടോഗ്രഫിയും മീഡിയ ഡ്യോകുമെന്റേഷനും അനുവദനീയമാണെന്ന പക്ഷക്കാരാണ്.

രൂപവും ചിത്രവും നിരോധിക്കുവാനുള്ള മറ്റൊരു കാരണം അത് അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ അനുകരിക്കുന്നുവെന്നതാണ്. ദൈവിക സൃഷ്ടിപ്പിനെ അനുകരിക്കുകയെന്ന ലക്ഷ്യത്തോടെയാകുമ്പോഴാണ് അത് നിഷിദ്ധമയി മാറുന്നത്. കാരണം, പ്രവാചകന്റെ കാലത്ത് തന്നെ മരങ്ങളും പര്‍വ്വതങ്ങലും നദികളുമെല്ലാം വരക്കപ്പെട്ടിരുന്നു. അതെല്ലാം അല്ലാഹുവിന്റെ സൃഷ്ടികള്‍ തന്നെയാണല്ലോ. ഇതില്‍ നിന്നും മനസ്സിലാകുന്നത് അനുകരണമെന്നതിന്റെ ലക്ഷ്യം ആത്മാവുടയ സാധനങ്ങള്‍ വരച്ച് അല്ലാഹുവിന്റെ ദൈവികതയോട് മറ്റൊരാളെ പങ്ക് ചേര്‍ക്കുന്നതാണ്. അക്കാലത്ത് അതിന്റെ ലക്ഷ്യങ്ങള്‍ മിക്കപ്പോഴും അത്തരം മാര്‍ഗത്തിലേക്കായിരുന്നു ചെന്നെത്തിയിരുന്നത്. അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ അനുകരിക്കുകയെന്ന ലക്ഷ്യത്തെയാണ് ഇസ്‌ലാം നിഷിദ്ധമാക്കിയത്. അതിന്റെ ബാഹ്യാര്‍ത്ഥം, അത്തരം ലക്ഷ്യമില്ലാത്തവന് വര അനുവദനീയമാണ് എന്നതാണ്. കാരണം, ആത്മാവില്ലാത്ത മരങ്ങള്‍ പോലെയുള്ളവയെ വരക്കാമല്ലോ. അതും അല്ലാഹുവിന്റെ സൃഷ്ടിയാണല്ലോ.

Also read: സ്ത്രീയുടെ പദവി ഇസ്‌ലാമില്‍

വീട്ടില്‍ നായയോ ചിത്രങ്ങളോ ഉള്ള വീട്ടിലേക്ക് മലക്കുകള്‍ പ്രവേശിക്കുകയില്ലെന്ന് ഹദീസിന്റെ താല്‍പര്യം വരച്ചതും കൊത്തുപണി ചെയ്തതുമായ ചിത്രങ്ങളും രൂപങ്ങളും ചുമരില്‍ പതിക്കരുതെന്നാണ്. കാരണം, അങ്ങനെ ചെയ്യുന്നത് അതിനോടുള്ള ബഹുമാനം കൊണ്ടോ ആരാധന കൊണ്ടോ ആയിരിക്കാം. അപ്പോള്‍പിന്നെ അടിസ്ഥാനപരമായിത്തന്നെ ശരീഅത്ത് അതിന് വിലക്ക് കല്‍പിച്ചു. നബി(സ്വ)യുടെ വീട്ടില്‍ ഉണ്ടായിരുന്ന നായ അത് മേല്‍പറഞ്ഞ ഉദ്ദേശ്യത്താലാകുകയെന്നത് അസംഭവ്യമാണല്ലോ. പല ഹദീസുകളുടെയും അടിസ്ഥാന കാരണങ്ങള്‍ ഇത് തന്നെയാണ്.

ചിത്രവും നായയുമുള്ള വീട്ടിലേക്ക് മലക്കുകള്‍ പ്രവേശിക്കുകയില്ലെന്ന ഹദീസ് തന്നെ, അതിന്റെ കാരണം പൊതുവായും നിരുപാധികമായും ചിത്രങ്ങള്‍ ഉണ്ടായി എന്നതിനാലുമാകാം. നാം നിഷിദ്ധമാക്കിയതിനെ ഉപാധികള്‍ വെച്ച് പറയാന്‍ കാരണം മറ്റൊരു ഹദീസില്‍ ‘വസ്ത്രത്തില്‍ ചേര്‍ത്ത ചിത്രമൊഴികെ’ എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അഥവാ, ചവിട്ടി പോലോത്ത വിരിപ്പിലെല്ലാം ചിത്രമുണ്ടാകുന്നതിന് പ്രശ്‌നമില്ല.

ടെലിവിഷനുകളിലും പത്രങ്ങളിലുമെല്ലാം കാണുന്ന ചിത്രീകരണങ്ങളെയും മീഡിയ ഡോക്യുമെന്റേഷനുകളെയും അത്തരം നിഷേധിക്കപ്പെട്ടവയുടെ ഗണത്തിലേക്ക് ചേര്‍ത്തുവെക്കാനാകില്ല. ടെലിവിഷന്‍ അനുവദനീയമാണെന്നതില്‍ സംശയമില്ല. കാരണം, അത് കണ്ണാടിയില്‍ ചലിക്കുന്ന ചിത്രങ്ങള്‍ പോലെയാണ്. അത് നിഷിദ്ധമല്ല. കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുന്ന ഒരാളുടെ ചിത്രങ്ങള്‍ വ്യത്യസ്ത കണ്ണാടികളില്‍ പതിപ്പിക്കുകയും അത് പിന്നീട് കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുന്നവന്റെ രൂപത്തില്‍ തന്നെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നത് നിഷിദ്ധമാണെന്ന് പറയാനാകുമോ? ടെലിവിഷനും തത്സമയ പ്രക്ഷേപണങ്ങളും ഇതുപോലെത്തന്നെയാണ്, ഇതിനോട് ഏറ്റവും സാമ്യതയുള്ളതുമാണ്. ചുരുക്കത്തില്‍ ഹദീസില്‍ നിഷിദ്ധമമെന്ന് പറയുവാനുള്ള കാരണങ്ങളൊന്നും ടെലിവിഷന്റെ വിഷയത്തിലില്ല. ശരീഅത്തില്‍ ഖിയാസ് ചെയ്യുവാനുള്ള നിബന്ധന അസ്വ്‌ലിനോട് ഫര്‍ഇന് സാമ്യതയുണ്ടാകണമെന്നതാണ്. വെറും പേര് കൊണ്ട് മാത്രം ആ നിഷേധം ചേര്‍ക്കപ്പെടുകയില്ല. അങ്ങനെയായിരുന്നെങ്കില്‍ കണ്ണാടിത്തന്നെ നിരോധിക്കണമായിരുന്നു. കാരണം, അതും ചിത്രമാണ്. പക്ഷെ, അതിനെ വേറിട്ടുനിര്‍ത്തുന്ന ചില കാരണങ്ങളുണ്ടായത് കാരണത്താല്‍ നിഷിദ്ധമാകുവാനുള്ള കാരണങ്ങളില്‍ നിന്നും അത് പുറത്തായി.

Also read: മത്സരത്തിന്റെ മതവിധി; അനുവദനീയമായതും നിഷിദ്ധമായതും

കുട്ടികളുടെ കളിപ്പാട്ടങ്ങളിലും തലയിണയിലും വിരിപ്പിലുമല്ലാത്തിടങ്ങളിലുള്ള ചിത്രങ്ങളം നിഷിദ്ധമാക്കപ്പെടാനുള്ള കാരണങ്ങളില്‍ നിന്നും പുറത്തുപോയപ്പോള്‍ ശരീഅത്ത് അവകളെയെല്ലാം അംഗീകരിച്ചു. അത് പ്രവാചകന്റെ കാലത്ത് തന്നെ അവിടുത്തെ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും അംഗീകാരം കൊണ്ടും ശറഇന്റെ ഭാഗമായിത്തീര്‍ന്നു.

നിഷേധത്തിന്റെ അടിസ്ഥാനം അത് ആരാധനയിലേക്കും ബഹുമാനം കല്‍പിക്കപ്പെടുന്നതിലേക്കും ചെന്നെത്തുന്നുവെന്നുള്ളതാണ്. എന്നാല്‍ സമകാലിക മാധ്യമങ്ങള്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമാണ്. ആധുനിക പണ്ഡിതന്മാരിലെ പ്രമുഖരും കര്‍മ്മശാസ്ത്ര കൗണ്‍സിലുകളുമെല്ലാം അത് അനുവദനീയമാണെന്ന് ഫത്‌വ നല്‍കുന്നത്. അതിന്റെ ലക്ഷ്യം വാര്‍ത്തകളും ശറഈ വിജ്ഞാനങ്ങളും അതുപോലെ ഉപകാരപ്രദമായ മറ്റുകാര്യങ്ങളുമാണ്. നന്മകള്‍കൊണ്ട് കല്‍പിക്കുക, തിന്മകള്‍ വിരോധിക്കുക, അക്രമങ്ങള്‍ തടയുക, പ്രബോധനം എല്ലാവരിലേക്കും എത്തിക്കുക തുടങ്ങിയ ചുമതലകള്‍ക്കെല്ലാം അത് അനിവാര്യവുമാണ്.

വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

ഡോ. ഫദ്ൽ മുറാദ്
യമന്‍ തലസ്ഥാനമായ സന്‍ആഇന്റെ പടിഞ്ഞാറ് ഭാഗം റയ്മയില്‍ ജനനം. ആന്‍ആയിലെ ദാറുല്‍ ഖുര്‍ആനുല്‍ കരീമില്‍ വെച്ച് ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. യമനിലെ മുഫ്തിയായിരുന്ന മുഹമ്മദ് ബ്‌നു ഇസ്മാഈല്‍, മുഹമ്മദ് അല്‍ജുറാഫി എന്നിവരില്‍ നിന്നും മുഹമ്മദ് ബ്‌നു അബ്ദില്ലാഹില്‍ ഹസനി എന്നിവരില്‍ നിന്നും കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യം നേടി. ആധുനിക കര്‍മ്മശാസ്ത്രത്തെ വിശകലനം ചെയ്യുന്ന അല്‍-മുഖദ്ദിമത്തു ഫീ ഫിഖ്ഹില്‍ അസ്വ്ര്‍ അടക്കം കര്‍മ്മശാസ്ത്രത്തിലും ഹദീസിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. യമനിലെ ഈമാന്‍ യുനിവേഴ്‌സിറ്റിയിലെ ശരീഅത്ത് വിഭാഗം ഡീന്‍ ആയരുന്ന അദ്ദേഹം ഇപ്പോള്‍ ഖത്തര്‍ യുനിവേഴ്‌സിറ്റിയിലെ സമകാലിക കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശരീഅത്ത് വിഭാഗത്തില്‍ പ്രൊഫസറായി ജോലി ചെയ്യുന്നു.

Recent Posts

Related Posts

error: Content is protected !!