Thursday, March 28, 2024
Homeകാലികംഅഭയാർത്ഥികളായ സിറിയൻ കുട്ടികളെ കുടുംബത്തോട് ചേർക്കൽ?

അഭയാർത്ഥികളായ സിറിയൻ കുട്ടികളെ കുടുംബത്തോട് ചേർക്കൽ?

പ്രായപൂർത്തി ആയവരോ അല്ലാത്തവരോ ആയ സിറിയൻ അഭയാർത്ഥി കുട്ടികളെ മുസ്ലിം കുടുംബത്തോട് ചേർക്കുന്നതിനെക്കുറിച്ച് ജർമനിയിലെ ചില പ്രബോധകർ എന്നോട് ചോദിച്ചു. അതിൽ മിക്ക ആളുകളും യൂറോപ്യൻ തീരങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ടവരാണ്. അങ്ങനെ സ്വന്തം കുടുംബത്തോട് ചേർത്തുവെക്കുന്നതിൽ ചില കുടുംബങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നിറിയന്നു. അഭയാർത്ഥികളായ അവർ കുടുംബാംഗങ്ങളെപ്പോലെത്തന്നെ പിന്നീടുള്ള കാലം ആ വീട്ടിൽ കഴിഞ്ഞുകൂടുന്നു. അവരെല്ലാം പരസ്പരം മഹ്‌റമായ ആളുകളുമായിരിക്കും. ശരീഅത്തിന്റെ ഭാഗത്തു നിന്ന് ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ?

മറുപിടി: അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അവന്റെ ദൂതൻ മുഹമ്മദ് നബി(സ്വ)യുടെയും കുടുംബത്തിന്റെയും അനുചരരുടേയും അവരെ പിന്തുടർന്ന മറ്റെല്ലാവരുടെ മേലിലും രക്ഷയും സമാധാനവും ഉണ്ടായിരിക്കട്ടെ.

നമ്മുടെ സിറിയൻ അഭയാർത്ഥികളായ സഹോദരന്മാരുടെയും കുട്ടികളുടെയും അവസ്ഥ വളരെ പ്രയാസകരമാണ്. അക്രമികളും ഏകാധിപതികളുമായ ഭരണാധികാരികൾ അവരെ അടിച്ചോടിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലവർ അഭയാർത്ഥികളായി അലയുന്നു. അവർക്ക് സ്വന്തമായ വീടുകളും പൂന്തോട്ടങ്ങളുമുണ്ടായിരുന്നു. അക്രമികളായ ഭരണാധികാരികൾ അതെല്ലാം തകർത്തു. അങ്ങനെ നമ്മുടെ സഹോദരങ്ങളെല്ലാം ക്രിസ്ത്യൻ ആധിപത്യമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു. പലായനം ചെയ്യാൻ നിർബന്ധിതരായവർ അഭയം ലഭിക്കുന്നതെവിടെയാണോ അങ്ങോട്ട് പോകും. സ്വേഷ്ട പ്രകാരം ഒരു വാസസ്ഥലം തെരെഞ്ഞെടുക്കാനവിടെ അവസരമില്ല. അറബ് ലീഗിലും ഇസ്ലാമിക് ലീഗിലുമെല്ലാമുള്ള പ്രതീക്ഷകൾ അവസാനിച്ചിട്ടുണ്ട്.

മതം, കുടുംബം, ശരീരം, സമ്പാദ്യം, ബുദ്ധി എന്നിവയെ സംരക്ഷിക്കാനാണ് ഇസ്ലാം എപ്പോഴും താൽപര്യപ്പെടുന്നത് എന്ന് നാം എപ്പോഴും അറിഞ്ഞിരിക്കേണ്ട വസ്തുതയയാണ്. പണ്ഡിതന്മാർ ഈ അഞ്ച് കാര്യങ്ങളെ മഖാസിദുശ്ശരീഅ എന്നാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. ഇക്കൂട്ടത്തിലേക്ക് അഭിമാന സംരക്ഷണത്തെക്കൂടി ചേർത്തവരുണ്ട്. അടിസ്ഥാനപരമായ നന്മകളെ യാഥാർത്ഥ്യവൽകരിക്കുക, പ്രയാസങ്ങളെ ഇല്ലായ്മ ചെയ്യുക എന്നിവയെല്ലാമാണ് മഖാസിദുശ്ശരീഅ കൊണ്ടുള്ള ഉദ്ദേശം. കുടുംബത്തെയും സമൂഹത്തിനെയും കെട്ടിപ്പടുക്കാൻ താൽപര്യം കാണിക്കുന്നതുപോലെത്തന്നെ ഉമ്മത്തിനെ സംരക്ഷിക്കാനും ഇസ്ലാം താൽപര്യം കാണിക്കുന്നുണ്ട്. ശരീര സംരക്ഷണവും മത സംരക്ഷണവുമെല്ലാം അതിന്റെ ഭാഗമായി വരുന്നതാണ്.

സ്വന്തം നാട്ടിൽ നിലയുറപ്പിക്കാൻ സാധ്യമാകാതെ വന്നാൽ ഏതൊരാളും മരണത്തിൽ നിന്നും രക്ഷപ്പെടാൻ പലായനം ചെയ്യും. നിരന്തരമായ മിസൈൽ വർഷങ്ങളിൽ നിന്നും ഹൃദയം നടുക്കുന്ന ബോംബ് സ്‌ഫോടനങ്ങളിൽ നിന്നും പ്രാണ രക്ഷാർത്ഥം മറ്റൊരു ദേശത്ത് അഭയം പ്രാപിക്കുന്നതിൽ തെറ്റില്ല. കാരണം അവൻ അവന്റെ ശരീരത്തെയും കുടുംബത്തെയും സംരക്ഷിക്കുകയാണ്. അതിനാൽ തന്നെ അവനോട് പലായനം ചെയ്യരുതെന്ന് പറയാൻ യാതൊരു ന്യായവുമില്ല. ഏറ്റവും സുരക്ഷിതമായ മാർഗങ്ങളാണ് അവൻ അന്വേഷിക്കേണ്ടത്. അതിനേറ്റവും സുഗമമായ വഴികളാണ് അവൻ തേടേണ്ടത്. അതല്ലെങ്കിൽ അവൻ എന്തിൽ നിന്നാണോ രക്ഷപ്പെടാൻ ശ്രമിച്ചത് അതിലവൻ അകപ്പെടുക തന്നെ ചെയ്യും. അത് അവനെയും കുടുംബത്തെയും നശിപ്പിക്കും.

പലായനം ചെയ്യുന്നവർ മുസ്ലിം നാടുകളിലേക്ക് പലായനം ചെയ്യലാണ് ഉത്തമം. അവിടെയുള്ള മുസ്ലിംകൾ അവരോട് സൗഹൃദപൂർവം പെരുമാറുകയും സഹായ മനസ്‌കത കാണിക്കുകയും ചെയ്യണം. അത് ഇസ്ലാം അനിവാര്യമാക്കിയ കാര്യമാണ്: ‘സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങൾ തന്നെയാണ്. അതുകൊണ്ട്, ഇരുസഹോദരങ്ങൾക്കിടയിൽ നിങ്ങൾ രജ്ഞിപ്പുണ്ടാക്കുകയും കരുണ വർഷിക്കപ്പെടാനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുക'(ഹുജറാത്ത്: 10).

Also read: കഅ്ബയിലെ കറുത്ത കല്ലും ശിലാപൂജയും

നബി(സ്വ) പറയുന്നു: ‘ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ ഉപേക്ഷിച്ച് വിടുകയോ ചെയ്യില്ല’. സ്വന്തം മതത്തിലെ സഹോദരന്മാർക്കും അവരുടെ ആൺ, പെൺ ബാല്യങ്ങൾക്കും വേണ്ടി തങ്ങളുടെ രാജ്യത്തിന്റെ കവാടം തുറന്നു കൊടുക്കാനാണ് അറബ് രാജ്യങ്ങളോട് നാം ആവശ്യപ്പെടുന്നത്. സാധ്യമാകുന്നിടത്തോളം അവർക്ക് ജീവിക്കാനുള്ള വഴികളൊരുക്കക്കൊടുക്കാനാണ് ആവശ്യപ്പെടുന്നത്. അഭയാർത്ഥികളായി വന്നവരിൽ ജോലിക്ക് പ്രാപ്തരായവരുണ്ടെങ്കിൽ അവർക്ക് ജോലി നൽകുകയും അതിന് സാധ്യമാകാത്തവരെ അതിഥികളായി കണ്ട് പരിഗണിക്കാനും സിറിയക്കകത്തും അയൽരാജ്യങ്ങളിലുമായി അഭയാർത്ഥി ക്യാമ്പകുളിൽ കഴിയുന്നവരെ ഏറ്റെടുക്കാനുമാണ് അറബ് രാജ്യങ്ങളോടുള്ള നമ്മുടെ അപേക്ഷ.

അറബ് രാജ്യങ്ങൾ അവരുടെ ബാധ്യത നിറവേറ്റാതിരിക്കുകയും അഭയാർത്ഥികളായ മുസ്ലിംകൾ ഇന്ന് നാം കാണുന്നതുപോലെ ഇസ്ലാമേതര യുറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ നിർബന്ധിതരാവുകയും ചെയ്താൽ അവിടെയുള്ള മുസ്ലിംകളാണ് അവരെ ഏറ്റെടുക്കേണ്ടത്. തങ്ങളുടെ സഹോദരങ്ങളെപ്പോലെ അവരെ കാണുകയും സ്വന്തം മക്കളോടെന്നപോലെ അവരുടെ മക്കളോടും പെരുമാറുകയും ചെയ്യണം. അഭയാർത്ഥികളായ മുസ്ലിംകളുടെ മത, ജീവിത, അഭിമാന സംരക്ഷണത്തിന് വേണ്ടിയാണ് ഇസ്ലാമിത് നിസ്‌കർഷിക്കുന്നത്. വല്ല വിപത്തും വന്നേക്കുമോ എന്ന ഭയം അഭയാർത്ഥികളായ സിറിയൻ മുസ്ലിംകളെ ഉപേക്ഷിക്കാൻ കാരണമായേക്കരുത്. കാരണം, ആശയറ്റവരായി അവർ നാശത്തിലേക്കാണ് എത്തിച്ചേരുക. അവരുടെ ദീനും അഭിമാനവും നഷ്ടപ്പെടാൻ വരെ അത് കാരണമായേക്കും.

അമുസ് ലിംകളോട് കാണിക്കുന്ന മാനവികതയെക്കാൾ ശക്തമായിരിക്കണം സ്വന്തം മതത്തിലെ സഹോദരനോട് കാണിക്കുന്ന സാഹോദര്യ ബന്ധം. വിശുദ്ധ ഖുർആനലൂടെ അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു. അവർ നന്മ കൽപിക്കുകയും തിന്മ നിരോധിക്കുകയും നമസ്‌കാരം യാഥാവിധി അനുഷ്ഠിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു. അവർക്ക് അല്ലാഹുവിന്റെ കാരുണ്യ വർഷമുണ്ടാകുന്നതാണ്. അവൻ പ്രതാപശാലിയും യുക്തിമാനും തന്നെയാണ്'(തൗബ: 71).

Also read: സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ കൊല്ലുന്നതിൻെറ വിധി

മേലുദ്ധരിച്ചതു പോലെയുള്ള ധാരാളം തെളിവുകളുണ്ടായിട്ടും മുസ്ലിംമായ ഒരു വ്യക്തി അഭയാർത്ഥിയായ മറ്റൊരു മുസ്ലിമിനെ ഉപേക്ഷിച്ചു കളയുമ്പോൾ അവന്റെ മനസ്ഥിതിയും വേദനയും എത്രമാത്രമായിരിക്കുമെന്ന് എനിക്ക് പറയാനാകില്ല. എന്നാൽ അവരെ കാണുമ്പോൾ അമുസ്ലിംകളായ ആളുകളുടെ കരളലിയുന്നു. അവർക്ക് മുസ്ലിം അഭയാർത്ഥികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. യഥാർത്ഥത്തിൽ അവരുടെ പ്രവർത്തനത്തിന് നന്ദി പറയാൻ ബാധ്യസ്ഥരാണ് നാം. മുസ്ലിംകളായ അഭയാർത്ഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച സംഭവിക്കരുത്. അവരെ തങ്ങളുടെ കുടുംബത്തിലേക്ക് ചേർക്കുന്നതോടൊപ്പം അവർ പേടിക്കുന്ന കാര്യങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ അന്വേഷിക്കുകയാണ് വേണ്ടത്. പ്രായപൂർത്തിയാകാത്ത അഭയാർത്ഥികളുടെ എണ്ണം ഇരുപതിനായിരമോ അതിൽ കൂടൂതലോ ആയി കണക്കാക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഓരോ കുടുംബങ്ങൾക്കും ഇഷ്ടപ്പെട്ട രീതിയിൽ ആൺകുട്ടിയെയോ പെൺകുട്ടിയെയോ തെരെഞ്ഞെടുക്കാവുന്നതാണ്.

ഈ പരീക്ഷണം അധിക കാലം നീണ്ടുനിൽക്കരുതേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ്. ഈ പരാക്രമികളായ അധികാരികളിൽ നിന്നും അവരുടെ സഹായികളിൽ നിന്നും അല്ലാഹു സിറിയയെയും സിറിയൻ പൗരന്മാരെയും കാത്തുരക്ഷിക്കട്ടെ. അധികം വൈകാതെത്തന്നെ അഭയാർത്ഥികളായി കഴിയുന്നവർക്ക് സ്വന്തം വീടുകളിലേക്ക് തന്നെ മടങ്ങിപ്പോകാൻ സാധ്യമാകട്ടെ.

യൂറോപ്യൻ നാടുകളിൽ മുസ്ലിം കുടുംബങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയാതെ വരുന്ന അഭയാർത്ഥികളെ സംരക്ഷിക്കാൻ അവിടെ പ്രവർത്തിക്കുന്ന ഇസ്ലാമിക സെന്ററുകൾക്കും അസോസിയേഷനുകൾക്കും ഉത്തരവാദിത്വമുണ്ട്. അഭയാർത്ഥികൾക്ക് വേണ്ടി സാമൂഹിക പരിപാലന കേന്ദ്രങ്ങൾ സ്ഥാപിക്കാനും പ്രായപൂർത്തിയാകാത്തവരെയും അനാഥരെയും സംരക്ഷിക്കാനും അവർ മുന്നോട്ട് വരേണ്ടതുണ്ട്. ഇതിനുവേണ്ടി താൽക്കാലികമായിപ്പോലും ഭവനങ്ങൾ ക്രമീകരിക്കുക അവരെ സംബന്ധിച്ചെടുത്തോളം എളുപ്പമാണ്.

മാത്രമല്ല, ജർമ്മൻ കുടുംബങ്ങൾ ഏറ്റെടുത്ത കുട്ടികളുടെ മതപരമായ മേൽനോട്ടങ്ങൾക്കും പരിചരണത്തിനും ഈ സ്ഥാപനങ്ങൾ ഉത്തരവാദിത്തപ്പെട്ട അധികാരികളുമായി ബന്ധപ്പെടേണ്ടതുണ്ട്. സ്‌പോൺസർഷിപ്പ് മതപരിവർത്തനത്തിലും വിശ്വസ വ്യതിചലനത്തിലുമായി അവസാനിക്കാതിരിക്കാൻ അതാണ് ഏറ്റവും നല്ല മാർഗം.

Also read: ഭർത്താവ് മരിച്ച സ്ത്രീ ഇദ്ദയിരിക്കാതിരിക്കുന്നതിൻെറ വിധി?

ഇത്തരം സാഹചര്യങ്ങളിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ സ്വീകരിക്കുന്ന നിലപാട് വ്യക്തമാണ്. കഷ്ടത എളുപ്പമാർഗത്തെ തേടുന്നു, കാര്യം ബുദ്ധിമുട്ടേറിയതാണെങ്കിൽ അത് വിശാലമാക്കപ്പെടും, ആവശ്യങ്ങൾ അത്യാവശ്യങ്ങളുടെ സ്ഥാനത്ത് ഇറക്കപ്പെടും, സാഹചര്യം നിർബന്ധിക്കുന്ന തോതിൽ മാത്രമേ അത് അനുവദനീയമാകൂ തുടങ്ങിയ കർമ്മശാസ്ത്ര അടിസ്ഥാന തത്വങ്ങളാണ് അവയെല്ലാം സാധ്യമാക്കുന്നത്. സിറിയൻ അഭയാർത്ഥികളുടെ ആവശ്യകതയെക്കുറിച്ച് ആർക്കും രണ്ടു തവണ ചിന്തിക്കേണ്ടി വരില്ല. നമ്മുടെ സഹോദരങ്ങളായ സിറിയൻ അഭയാർത്ഥികൾക്ക് രക്ഷയും സംരക്ഷണവും നൽകണേയെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. മുസ്ലിം ഉമ്മത്തിനോട് അഭയാർത്ഥികളുടെ കാര്യത്തിൽ അവർ ചെയ്തിരിക്കേണ്ട ബാധ്യതകൾ പൂർത്തീകരിക്കാനും അഭയാർത്ഥികളുടെ ദീനിനെയും അഭിമാനത്തെയും സംരക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!