അധ്യയനത്തിന്റെ ഭാഗമായി നടക്കുന്ന പരീക്ഷകളിലും ജോലിയിലേക്ക് തെരെഞ്ഞെടുക്കുന്നതിനായി നടത്തുന്ന ടെസ്റ്റുകളിലും ക്രമക്കേട് കാണിക്കുന്നതിന്റെ വിധി എന്താണ്?
മറുപടി: വഞ്ചന ഏത് തരത്തിലാണെങ്കിലും ഇസ്‌ലാം അത് വെറുക്കുകയും നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. കച്ചവടത്തിലാണെങ്കിലും മനുഷ്യന്‍ നടത്തുന്ന മറ്റെന്ത് ഇടപാടുകളിലാണെങ്കിലും വഞ്ചന നിഷിദ്ധം തന്നെ. ‘വഞ്ചന നടത്തുന്നവന്‍ നമ്മില്‍ പെട്ടവനല്ല’ എന്ന പ്രവാചക വചനം അതാണ് വ്യക്തമാക്കുന്നത്. ഏത് കാര്യത്തിലും സത്യസന്ധത മുറുകെ പിടിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. സത്യം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചകന്‍(സ) പറയുന്നു: ”നിശ്ചയം, സത്യം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കല്‍ സത്യസന്ധനെന്ന് രേഖപ്പെടുത്തുമാറ് മനുഷ്യന്‍ സത്യം പറഞ്ഞുകൊണ്ടിരിക്കുന്നു.” ഇഹലോകത്ത് ലഭിക്കാവുന്ന ഏറ്റവും മഹത്തായ നേട്ടമാണത്.
അല്ലാഹു വിരോധിച്ച കാര്യം ഒരാള്‍ ചെയ്യുന്നുവെങ്കില്‍ അത് പാപമാണ്. ഏതെങ്കിലും തരത്തില്‍ അതിന് കൂട്ടുനില്‍ക്കുന്നത് പാപത്തിലും അധര്‍മത്തിലുമുള്ള സഹകരമാണ്. പരീക്ഷയില്‍ വഞ്ചന കാണിക്കുന്നവന്‍ പാപമാണ് ചെയ്യുന്നതെങ്കില്‍ അതിന്നവനെ സഹായിക്കുന്നവന്‍ ആ പാപത്തില്‍ പങ്കാളിയാവുകയാണ്. അതോടൊപ്പം തന്നെ അതിലൂടെ അവന്‍ മറ്റുള്ളവരുടെ അവകാശം ഹനിക്കുകയും ചെയ്യുന്നു. ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയെ കണ്ടെത്താനുള്ള മാര്‍ഗമാണ് പരീക്ഷ. പരിശ്രമശാലികളെയും ഉഴപ്പിയവരെയും വേര്‍തിരിക്കാനുള്ള മാര്‍ഗമാണത്. നന്നായി പരിശ്രമിക്കുന്ന ബുദ്ധിമാനും അലസത കാണിക്കുന്ന ബുദ്ധിശൂന്യനും ഒരുപോലെയാവരുതല്ലോ. അല്ലാഹു പറയുന്നു: ”സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവരെയും ഭൂമിയില്‍ അധര്‍മം അനുവര്‍ത്തിക്കുന്നവരെയും നാം തുല്യരാക്കുകയോ?” (സ്വാദ്: 28) ”അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാവുക സാധ്യമാണോ?” (അസ്സുമര്‍: 9)
പരീക്ഷകളിലും ജോലിക്ക് വേണ്ടി നടക്കുന്ന ടെസ്റ്റുകളിലും വ്യാപകമായി കാണുന്ന കോപ്പിയടി ദുഷിച്ച പ്രവണതയാണ്. നിന്ദ്യമായ പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തിലാണ് അത് എണ്ണപ്പെടുക. പരീക്ഷ നടത്തുന്ന അധികൃതരെ വഞ്ചിക്കുകയാണ് അതിലൂടെ. അതോടൊപ്പം സമൂഹത്തോടും രാഷ്ട്രത്തോടും കാണിക്കുന്ന അനീതിയുമാണത്. സമൂഹത്തിന് വലിയ അപകടമാണ് അത് വരുത്തിവെക്കുന്നത്. അതിന്റെ ഫലമായി കഴിവുകെട്ടവരും കഴിവുള്ള പരിശ്രമശാലികളും തുല്യ സ്ഥാനത്തെത്തുന്നു. ചിലപ്പോഴെല്ലാം കഴിവില്ലാത്തവന്‍ കഴിവുള്ളവനേക്കാള്‍ ഉയര്‍ന്ന സ്ഥാനം ക്രമക്കേടിലൂടെ നേടുന്നു. ധര്‍മത്തിന്റെ പക്ഷം ചുരുങ്ങുകയും അധര്‍മത്തിന്റെ ശക്തികള്‍ വ്യാപകമാവുകയും ചെയ്യുന്ന സമൂഹത്തില്‍ അനര്‍ഹരായിരിക്കും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അത്തരം സമൂഹത്തിന് എങ്ങനെ നിലനില്‍ക്കാനും ശക്തിപ്പെടാനും സാധിക്കും. സന്തുലിതത്വം അട്ടിമറിക്കലും വിശ്വാസ്യത നഷ്ടപ്പെടലുമാണത്. പ്രവാചകന്‍(സ)യുടെ മുന്നറിയിപ്പ് നാം ഓര്‍ക്കണം: ”സത്യസന്ധത കൈമോശം വന്നാല്‍ അന്ത്യദിനത്തെ പ്രതീക്ഷിച്ചു കൊള്ളുക. ആരോ ചോദിച്ചു: ‘എങ്ങനെയാണത് കൈമോശം വരല്‍?” നബി(സ) പറഞ്ഞു: ”അനര്‍ഹരിലേക്ക് കാര്യങ്ങല്‍ ഏല്‍പിക്കപ്പെട്ടാല്‍ അന്ത്യദിനത്തെ പ്രതീക്ഷിച്ചു കൊള്ളുക.” (ബുഖാരി)
ക്രമക്കേടിലൂടെ ഒരാള്‍ സര്‍ട്ടിഫിക്കറ്റോ ജോലിയോ നേടിയെടുത്തിട്ടുണ്ടെങ്കില്‍ അതിലൂടെ ലഭിക്കുന്ന ശമ്പളം തനിക്ക് ഹറാമാണോ എന്ന ഭയമാണ് അവനിലുണ്ടാവേണ്ടത്. കാരണം തനിക്ക് അര്‍ഹതപ്പെടാത്ത ഒന്നാണ് അവന്‍ നേടിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ ആ സ്ഥാനത്തെത്താനുള്ള യോഗ്യത അവന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അതിലൂടെ ലഭിക്കുന്ന ശമ്പളം അന്യായമായത് ഭക്ഷിക്കുന്നത് പോലെയാണ്. അല്ലാഹു പറയുന്നു: ”സ്വന്തം ചെയ്തികളില്‍ നിഗളിക്കുകയും സത്യത്തില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത കാര്യങ്ങളുടെ പേരില്‍ സ്തുതിക്കപ്പെടണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവര്‍ജയിച്ചുവെന്നു നീ ഒരിക്കലും കരുതേണ്ടതില്ല. അവര്‍ക്കായി നോവുന്ന ശിക്ഷയൊരുക്കിവെച്ചിട്ടുണ്ട്.” (ആലുഇംറാന്‍: 188)
ഇങ്ങനെ അനര്‍ഹമായ രീതിയില്‍ ആരെങ്കിലും ജോലി നേടിയിട്ടുണ്ടെങ്കില്‍ അതിന്നാവശ്യമായ യോഗ്യത അവന്‍ നേടിയെടുക്കട്ടെ. അല്ലെങ്കില്‍ തനിക്കുള്ള യോഗ്യതക്കനുസരിച്ചുള്ള ഒരു ജോലി അവന്‍ അന്വേഷിക്കട്ടെ. അപ്രകാരം അല്ലാഹു ഒരു മാര്‍ഗം കാണിക്കുന്നത് വരെ സൂക്ഷ്മതയും സഹനവും കാണിക്കാനാണ് നാം ഉപദേശിക്കുക. അല്ലാഹു പറയുന്നു: ”ഒരുവന്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍, അവന്ന് വിഷമങ്ങളില്‍നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗമുണ്ടാക്കിക്കൊടുക്കും.ഊഹിക്കുകപോലും ചെയ്യാത്ത മാര്‍ഗത്തിലൂടെ അവന്ന് വിഭവമരുളുകയും ചെയ്യും.” (അത്വലാഖ് : 2-3)
വിവ: നസീഫ്