Friday, April 19, 2024
Homeവസ്ത്രധാരണംപർദയും മുസ്ലിം സ്ത്രീകളും

പർദയും മുസ്ലിം സ്ത്രീകളും

ചോദ്യം-  ”പർദ നിർബന്ധമാക്കുക വഴി ഇസ്‌ലാം സ്ത്രീകളെ പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്? മുസ്‌ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം പർദയല്ലേ?”

ഉത്തരം- സ്ത്രീ മുഖവും മുൻകൈയുമൊഴിച്ചുള്ള ശരീരഭാഗങ്ങൾ മറയ്ക്കണമെന്നതാണ് ഇസ്‌ലാമിക ശാസന. ഇത് പുരോഗതിക്ക് തടസ്സമല്ലെന്നു മാത്രമല്ല; സഹായകവുമാണ്. സ്ത്രീക്ക് പർദ പീഡനമല്ല; സുരക്ഷയാണ് നൽകുന്നത്.

ഇന്ന് ലോകത്തിന്റെ പല ഭാഗത്തും പർദയണിഞ്ഞ സ്ത്രീകൾ ശാസ്ത്രജ്ഞകളായും വൈമാനികരായും സാഹിത്യകാരികളായും പത്രപ്രവർത്തകകളായും പാർലമെന്റംഗങ്ങളായും പ്രശസ്ത സേവനം നിർവഹിച്ചുവരുന്നു. പർദക്ക് സമാനമായ വസ്ത്രമണിഞ്ഞത് മദർ തെരേസയുടെ സേവനവൃത്തികൾക്കൊട്ടും വിഘാതം സൃഷ്ടിച്ചില്ല. വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീകളുടെ വേഷം ഇസ്‌ലാമിലെ പർദക്കു സമാനമാണല്ലോ. ശരീരഭാഗം മറയ്ക്കുന്നത് ഗോളാന്തരയാത്രക്കോ പരീക്ഷണ-നിരീക്ഷണങ്ങൾക്കോ ഒട്ടും തടസ്സം സൃഷ്ടിക്കില്ലെന്ന് ചാന്ദ്രയാത്രികരുടെ അനുഭവം തെളിയിക്കുന്നു. പാന്റ്‌സും ഷർട്ടും ടൈയും ഓവർകോട്ടും സോക്‌സും ഷൂവും കേപ്പുമണിയുന്ന പാശ്ചാത്യരാജ്യങ്ങളിലെ പുരുഷന്മാർ ഇസ്‌ലാം സ്ത്രീകളോട് മറയ്ക്കാനാവശ്യപ്പെട്ട ശരീരഭാഗങ്ങളിലേറെയും മറയ്ക്കുന്നവരാണ്. സ്ത്രീകൾ മറിച്ചാണെങ്കിലും.

സ്ത്രീയെന്നാൽ അവളുടെ ശരീരവും രൂപലാവണ്യവുമാണെന്നും അവളുടെ വ്യക്തിത്വം അതിന്റെ മോടി പിടിപ്പിക്കലിനനുസൃതമാണെന്നുമുള്ള ധാരണ സൃഷ്ടിക്കുന്നതിൽ പുത്തൻ മുതലാളിത്ത സാമ്രാജ്യത്വവും അതിന്റെ സൃഷ്ടിയായ കമ്പോള സംസ്‌കാരവും വൻവിജയം വരിച്ചതാണ്, പർദ പുരോഗതിക്കും പരിഷ്‌കാരത്തിനും തടസ്സമാണെന്ന ധാരണ വളരാൻ കാരണം. മാംസളമായ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പട്ടണങ്ങളിലും പൊതുസ്ഥലങ്ങളിലും ചുറ്റിക്കറങ്ങലാണ് പുരോഗതിയെന്ന് പ്രചരിപ്പിക്കുന്ന സ്ത്രീകൾ, പുരുഷന്മാർ തങ്ങളുടെ ശരീരസൗന്ദര്യം കണ്ടാസ്വദിക്കുന്നതിൽ നിർവൃതിയടയുന്ന ഒരുതരം മനോവൈകൃതത്തിനടിപ്പെട്ടവരത്രെ.

സമൂഹത്തിലെ സ്ത്രീകളുടെയൊക്കെ സൗന്ദര്യം കണ്ടാസ്വദിക്കാൻ കാമാതുരമായ കണ്ണുകളുമായി കാത്തിരിക്കുന്നവരിൽനിന്ന് സ്വന്തം ശരീരം മറച്ചുവയ്ക്കലാണ് മാന്യത. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഏറെ സഹായകവും അതത്രെ. പർദയണിയാൻ ഇസ്‌ലാം ആവശ്യപ്പെടാനുള്ള കാരണവും അതുതന്നെ. അതോടൊപ്പം അത് പുരോഗതിയെ ഒട്ടും പ്രതികൂലമായി ബാധിക്കുന്നുമില്ല. ഇറാൻ സന്ദർശിച്ചശേഷം എം.പി. വീരേന്ദ്രകുമാർ എഴുതിയ വരികൾ ശ്രദ്ധേയമത്രെ: ”ഇറാനിയൻ സ്ത്രീകൾ പർദ ധരിക്കുന്നു. മുഖം മൂടാറില്ല. തല മൂടും. ഏത് പിക്‌നിക് സ്‌പോട്ടിൽ ചെന്നാലും നൂറുകണക്കിന് സ്ത്രീകളെ കാണാം. ഇറാനിയൻ വാർത്താ ഏജൻസിയായ ‘ഇർന’യുടെ കേന്ദ്രകമ്മിറ്റി ഓഫീസിൽ ചെന്നപ്പോൾ അവിടെ പ്രവർത്തിച്ചിരുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. സ്ത്രീകൾ തെഹ്‌റാനിലൂടെ കാറോടിക്കുന്നു. ഒരു കുഴപ്പവുമില്ല. പക്ഷേ ഒന്നുണ്ട്. ന്യൂയോർക്കിലൊക്കെ പോയാൽ കാണുന്നതുപോലെ സ്ത്രീകളെ സെക്‌സ് സിംബലാക്കി മാറ്റാൻ ഇറാനികൾ അനുവദിക്കുകയില്ല.”(ബോധനം വാരിക, 1993 നവംബർ 6).

ശ്രീമതി കൽപനാ ശർമയുടെ ചോദ്യം പ്രസക്തമത്രെ: ”വിദ്യയഭ്യസിക്കാനും പുറത്തിറങ്ങി ജോലി ചെയ്യുവാനും ദാമ്പത്യ ബന്ധം പൊറുപ്പിച്ചുകൂടാതെ വരുമ്പോൾ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയിൽ പോവാനും അവകാശമുള്ള ഇറാനിലെ സ്ത്രീകൾക്കെതിരെ വിധിപറയാൻ നാം ശക്തരാണോ? പർദയണിയുന്ന ഇറാനിലെ സഹോദരിമാരേക്കാൾ എന്തു മഹത്ത്വമാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾക്കുള്ളത്?”(Kalpana Sharma- Behind The Veil- The Hindu 20- 7-’97).

”പുരുഷൻമാർക്ക് പർദ നിർബന്ധമാക്കാത്തത് വിവേചനമല്ലേ?”

ഈ വിവേചനം പ്രകൃതിപരമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരപ്രകൃതി ഒരുപോലെയല്ലല്ലോ. ഏതൊരു കരുത്തനായ പുരുഷനും സ്ത്രീയെ അവളുടെ അനുവാദമില്ലാതെ തന്നെ ബലാത്സംഗം ചെയ്യാൻ സാധിക്കും. എന്നാൽ സ്ത്രീ എത്ര കരുത്തയായാലും പുരുഷന്റെ അനുമതിയില്ലാതെ അയാളെ ലൈംഗികമായി കീഴ്‌പ്പെടുത്താനാവില്ല. ഈ അന്തരത്തിന്റെ അനിവാര്യമായ താൽപര്യമാണ് വസ്ത്രത്തിലെ വ്യത്യാസം. അതിനാലാണല്ലോ ഇന്ത്യയുൾപ്പെടെ ലോകമെങ്ങും സ്ത്രീയുടെ സംരക്ഷണത്തിന് പ്രത്യേക നിയമം അനിവാര്യമായത്. സ്ത്രീപീഡനത്തിന് കഠിനശിക്ഷ നിയമം മൂലം നിശ്ചയിച്ച നാടുകളിലൊന്നും പുരുഷ പീഡനത്തിനെതിരെ ഇവ്വിധം നിയമനിർമാണം നടത്തിയിട്ടില്ലല്ലോ. ശാരീരിക വ്യത്യാസങ്ങളാൽ കൂടുതൽ സുരക്ഷിതത്വവും മുൻകരുതലും ആവശ്യമുള്ളത് സ്ത്രീകൾക്കാണെന്ന് ഇത് സുതരാം വ്യക്തമാക്കുന്നു. അവൾ തന്റെ ശരീരസൗന്ദര്യം പരപുരുഷന്മാരുടെ മുമ്പിൽ പ്രകടിപ്പിക്കരുതെന്ന് ഇസ്‌ലാം ആവശ്യപ്പെടാനുള്ള കാരണവും അതത്രെ. അതിനാൽ പർദ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവുമാണ്. അസൗകര്യമോ പീഡനമോ അല്ല.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!