ചോദ്യം– പെരുന്നാളിന് പുതിയവസ്ത്രം ധരിക്കൽ സുന്നത്തല്ലേ ?
ഉത്തരം- പൊതു സമൂഹത്തിന്റെ ധാരണ അങ്ങിനെത്തന്നെയാണ്. എന്നാൽ പ്രമാണങ്ങൾ പുതിയ വസ്ത്രത്തെ സുന്നത്തായി കാണുന്നത് കഫൻ പുടവയ്ക്കാണ്. ഒന്നാം ഖലീഫ അബൂബക്ർ (റ) നെ കുറിച്ച് റിപ്പോർട്ട് വന്നിട്ടുള്ളത് തന്റെ നീളൻ വസ്ത്രം കഴുകി ഒന്നാമുണ്ടായി കഫൻ ചെയ്യാൻ വസ്വിയത്തു ചെയ്തുവെന്നാണ്. “ജീവനുള്ളവർക്കല്ലേ പുതു വസ്ത്രം എന്നാണ് ” അതിനദ്ദേഹം പറഞ്ഞ ന്യായീകരണം.
സന്തോഷ സന്ദർഭങ്ങളിൽ പുതു വസ്ത്രം ധരിക്കുന്നത് സന്തോഷദായകം തന്നെ, അതാണ് നാട്ടുനടപ്പും . എന്നാൽ പെരുന്നാളുകൾക്ക് പുതുവസ്ത്രം (ലിബാസ് / സൗബ് ജദീദ് ) സുന്നത്താണെന്ന് സൂചിപ്പിക്കുന്ന സ്ഥിരപ്പെട്ട ഹദീസുകളൊന്നും ലഭ്യമല്ല. നബി (സ) ക്ക് പെരുന്നാളുകൾക്കും വെള്ളിയാഴ്ചകൾക്കും ധരിക്കുന്ന ഒരു വസ്ത്രമുണ്ടായിരുന്നു എന്നാണ് ഹദീസുകളിൽ കാണുന്നത്. അഥവാ എല്ലാ പെരുന്നാളുകൾക്കും പുതിയ വസ്ത്രമല്ല, പ്രത്യുത പ്രത്യേക സന്ദർഭങ്ങളിൽ ധരിക്കുന്ന വിശേഷ വസ്ത്രം അദ്ദേഹമുപയോഗിച്ചിരുന്നുവെന്നാണ് പ്രസ്തുത സംഭവം വിശദീകരിച്ച് കൊണ്ട് ഇമാം ഇബ്നുൽ ഖയ്യിം(റഹ്) അഭിപ്രായപ്പെട്ടിട്ടുള്ളത്.
കൂട്ടത്തിലെ നല്ല വസ്ത്രം (അഹ്സന സിയാബിഹി ) എന്ന ഒരു പ്രയോഗം ഹദീസുകളിൽ കാണുന്നുണ്ട് , അത് പക്ഷേ പെരുന്നാളുകൾക്ക് മാത്രമല്ല , വെള്ളിയാഴ്ചകളിലും അത്തരം വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. അഥവാ എല്ലാ വെള്ളിയാഴ്ചകളിലും പുതുവസ്ത്രം ധരിക്കൽ സുന്നത്തല്ലെങ്കിൽ പെരുന്നാളിനും സുന്നത്തില്ല എന്നാണ് മനസ്സിലാവുന്നത്. ഹസ്രത്ത് ഇബ്നു ഉമറിൽ നിന്നും സ്ഥിരപ്പെട്ട അസറിൽ ഇങ്ങനെ വായിക്കാം : പെരുന്നാൾ ദിവസം പ്രഭാത നമസ്കാരം കഴിഞ്ഞാൽ നന്നായി കുളിച്ച് വിശേഷമായ സുഗന്ധവും കൂട്ടത്തിലെ നല്ല വസ്ത്രവും (അഹ്സന സിയാബിഹി ) ധരിച്ച് അദ്ദേഹം നമസ്കാരസ്ഥലത്തേക്ക് പുറപ്പെടാറുണ്ടായിരുന്നുവെന്നാണ് (അവലംബം : ഫത് വ 20398 സൗദി ഫത് വ ബോർഡ്)
Also read: ക്ഷാമകാലത്തെ ക്ഷേമപൂർണമാക്കാൻ!
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പുതുവസ്ത്രം വാങ്ങാനുള്ള ഷോപ്പിങ് ഒഴിവാക്കലാണ് ഭംഗി . പ്രത്യേക മതക്കാർ കടകൾക്ക് മുമ്പിൽ തിരക്കു കൂട്ടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും പത്ര / ചാനലുകളിലും കൊടുക്കാൻ തക്കം പാർത്തിരിക്കുന്ന സെൻസേഷണൽ ജേർണലിസം നാടുവാഴുന്ന പോസ്റ്റ് കൊറോണ യുഗത്തിൽ പ്രത്യേകിച്ചും دفع المضرة مقدم على جلب المنفعة ( ഉപകാരം കൊണ്ടു വരുന്നതിനേക്കാൾ മുൻഗണന നല്കേണ്ടത് ഉപദ്രവം തടയലാണ് ) എന്ന തത്വമാണ് നമ്മെ വഴി നടത്തേണ്ടത്. നാമിത്രയും കാലം സൂക്ഷിച്ച സാമൂഹിക അകലം കാത്തുസൂക്ഷിക്കാനും വരാനിരിക്കുന്ന സാമ്പത്തിക ഞെരുക്കത്തെ മറികടക്കാനും പുതുവസ്ത്രം എന്ന ഉറുഫിനെ (നാട്ടാചാരത്തെ ) ഈ പെരുന്നാളിന് തല്ക്കാലത്തേക്ക് മറക്കുക എന്നതാവും ഉത്തമം.