പരമ്പരാഗത ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇന്‍ഷൂര്‍ ചെയ്യുന്നതിനെ കുറിച്ച് കൈറോയിലെ ഇസ്‌ലാം ഓണ്‍ ലൈന്‍ വെബ്‌സൈറ്റിലെ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ്.
ഇടപാടുകളില്‍ ഇസ്‌ലാമിക ശരീഅത്ത് വിധികള്‍ പാലിക്കുന്നവയല്ല പരമ്പരാഗത ഇന്‍ഷുറന്‍സ് കമ്പനികള്‍, പലിശയും വഞ്ചനയും വരുന്നതുകൊണ്ട് അവ തികച്ചും നിഷിദ്ധമാണ്.
നിഷിദ്ധമായ കാര്യങ്ങള്‍ നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ അനുവദനീയമാകുന്നില്ല. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ‘നിര്‍ബന്ധിതാവസ്ഥകള്‍ നിഷിദ്ധമായതിനെ അനുവദനീയമാക്കുന്നു’ എന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിലാണത്. ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന മറ്റു രണ്ട് തത്വങ്ങള്‍ കൂടിയുണ്ട്. ഫത്‌വ നല്‍കുമ്പോള്‍ അതുകൂടി പരാമര്‍ശിക്കേണ്ടതുണ്ട്.
1. ആവശ്യം നിര്‍ബന്ധിതാവസ്ഥക്ക് സമമായി വരിക, ആവശ്യം കഠിനവും ശക്തവുമാകുമ്പോഴാണത്.
2. നിര്‍ബന്ധിതാവസ്ഥയില്‍ അനുവദനീയമാവുന്നതിന്റെ തോത് നിര്‍ബന്ധിതാവസ്ഥയുടെ തോതനുസരിച്ചാണ്. അതില്‍ അധികരിക്കല്‍ അനുവദനീയമല്ല. ഇത് ഒരു ഇളവ് മാത്രമാണ്, അത് ഒരു പൊതു തത്വമാവുകയില്ല.
ഈജിപ്തില്‍ ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇല്ലാത്ത അവസ്ഥയില്‍ മറ്റുകമ്പനികളില്‍ ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിലെ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ നിലവിലുള്ള കമ്പനികളില്‍ ഇന്‍ഷൂര്‍ ചെയ്യാം. അവയില്‍ ഹലാലിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവയില്‍ നിന്നാണ് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.
‘ദീനില്‍ നിങ്ങളുടെ മേല്‍ യാതൊരു ക്ലിഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല’ എന്നാണല്ലോ പ്രമാണം.
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി