ചോദ്യം: കാരുണ്യ പ്രവര്‍ത്തനങ്ങക്കാവശ്യമായ പണം സംഭാവനകളിലൂടെ കണ്ടെത്തുന്നതിന് സമ്മാന കൂപ്പണുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ലോട്ടറി പോലെ അവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കൂപ്പണുകള്‍ക്ക് സമ്മാനം നല്‍കുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി സദുദ്ദേശ്യത്തോടെ ഇങ്ങനെ ചെയ്യുന്നതിന്റെ വിധി എന്താണ്?
മറുപടി: ഇസ്‌ലാമിക ദര്‍ശനം സമ്പത്തിനെ ധാര്‍മികതയോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ധാര്‍മികതയിലൂന്നിയ ഒരു സമ്പദ് സംവിധാനമാണ് ഇസ്‌ലാമിന്റേത്. ‘അല്ലാഹു ശുദ്ധനാണ്, ശുദ്ധമല്ലാത്തതൊന്നും അവന്‍ സ്വീകരിക്കുകയില്ല’ എന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് വേണ്ടി നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. മദ്യം വിറ്റോ ചൂതാട്ടത്തിലൂടെയോ പലിശയിലൂടെയോ പണം സമ്പാദിച്ച് നല്ല കാര്യങ്ങള്‍ ചെയ്യുന്നത് അതിനുദാഹരണമാണ്.
നാമിന്ന് ലോട്ടറിയെന്ന് വിളിക്കുന്ന സംഗതി ചൂതാട്ടത്തിന്റെ ഒരിനമാണ്. അതുകൊണ്ട് തന്നെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെയോ മാനുഷിക നന്മയുടെയോ പേര് പറഞ്ഞ് അവയെ നിസ്സാരമാക്കുകയോ ആ തെറ്റിന്റെ ഗൗരവം കുറക്കുകയോ ചെയ്യാവതല്ല. അതിന് വേണ്ടി ലോട്ടറി അനുവദനീയമാക്കുന്നത് പണം പിരിക്കാന്‍ നഗ്നനൃത്തം ചെയ്യുന്നത് പോലെയാണ്. ‘അല്ലാഹു ശുദ്ധനാണ്, ശുദ്ധമല്ലാത്തതൊന്നും അവന്‍ സ്വീകരിക്കുകയില്ല’ എന്ന് മാത്രമാണ് അത്തരക്കാരോട് പറയാനുള്ളത്.
ഇത്തരം ശൈലികള്‍ സ്വീകരിക്കുന്നവര്‍ കരുതുന്നത് സമൂഹത്തില്‍ നന്മയുടെയും കാരുണ്യത്തിന്റെയും ഉറവകള്‍ വറ്റിയിരിക്കുന്നു എന്നാണ്. അതുകൊണ്ടാണ് പണം ശേഖരിക്കാന്‍ ചൂതാട്ടത്തിന്റേതും നിഷിദ്ധമാക്കപ്പെട്ട വിനോദങ്ങളുടേതുമല്ലാത്ത വഴികള്‍ അവര്‍ കാണാത്തത്. എന്നാല്‍ ഇസ്‌ലാം അതിന്റെ സമൂഹത്തെ കുറിച്ച് ഒരിക്കലും അങ്ങനെ സങ്കല്‍പിക്കുന്നില്ല. മനുഷ്യനിലെ നന്മയിലാണത് വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഉന്നതമായ ലക്ഷ്യത്തിന് സംശുദ്ധമായ മാര്‍ഗമല്ലാതെ അത് സ്വീകരിക്കുകയില്ല.
വിവ: നസീഫ്