വീട് പണയവസ്തുവായി സ്വീകരിക്കുന്ന വീട് ഉപയോഗിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?
മറുപടി: വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ബഖറയുടെ അവസാനത്തില്‍ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കൂട്ടത്തില്‍ പണയമിടപാടിനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ‘നിങ്ങള്‍ യാത്രയിലായിരിക്കുകയും പ്രമാണമെഴുതാന്‍ എഴുത്തുകാരനെ കിട്ടാതിരിക്കുകയും ചെയ്താല്‍, അപ്പോള്‍ കൈവശപ്പണയം സ്വീകരിച്ച് ഇടപാട് നടത്തിക്കൊള്ളുക.’ (അല്‍-ബഖറ: 283) പണയമിടപാട് ഇസ്‌ലാം അനുവദിച്ചിട്ടുള്ളതാണ് എന്നാണിത് വ്യക്തമാക്കുന്നത്. നമ്മുടെ കൈവശമുള്ള മൂല്യമുള്ള ഒരു വസ്തു ഈടായി മറ്റൊരാള്‍ക്ക് നല്‍കിയിട്ട് അതിനുള്ള മൂല്യം അയാളില്‍ നിന്ന് സ്വീകരിക്കുന്ന രീതിക്കാണ് പണയം എന്ന് പറയാറുള്ളത്. പണയവസ്തു നമുക്ക് കാശ് തന്നയാളുടെ പക്കല്‍ സുരക്ഷിതമായിരിക്കും. നാം കാശ് തിരിച്ച് കൊടുക്കാന്‍ നിശ്ചയിച്ചിട്ടുള്ള അവധിക്ക് തിരിച്ചു നല്‍കുമ്പോള്‍ തന്നെ കേടുപാടൊന്നുമില്ലാതെ പണയവസ്തുവും നമുക്ക് തിരിച്ച് ലഭിക്കും. പണയത്തില്‍ പൊതുവെ സ്വീകരിച്ചു വരുന്ന സമ്പ്രദായം ഇതാണ്. ബാങ്കുകളും ഈ രീതിയാണ് പിന്തുടരുന്നത്. ഇതേ ശൈലിയില്‍ പണയമിടപാട് നടത്തുന്നത് ഇസ്‌ലാം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരാള്‍ പണയം വെച്ച് കടം വാങ്ങുന്നതിന്റെ പേരില്‍ അയാളില്‍ നിന്ന് പലിശ ഈടാക്കാന്‍ പാടില്ലെന്നുള്ളത് ഖണ്ഡിത നിയമമാണ്.
പണയവസ്തു ഉപയോഗിക്കാമോ ഇല്ലയോ എന്നുള്ളതാണ് ഈ വിഷയത്തില്‍ നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം. ബാങ്കില്‍ നാം സ്വര്‍ണാഭരണം പണയം വെച്ചാല്‍ ബാങ്കിന് അതിന്റെ പൂര്‍ണമായ ഉടമാവകാശം ലഭിക്കുന്നില്ല. കൈവശാവകാശം മാത്രമേ പണയത്തിലൂടെ ലഭിക്കുന്നുള്ളൂ. നിശ്ചിത സമയത്തിനകം വാങ്ങിയ പണം തിരിച്ചു നല്‍കിയാല്‍ സ്വര്‍ണാഭരണം തിരിച്ചു തരാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ നിശ്ചിത അവധി കഴിഞ്ഞു പോയാല്‍ ബാങ്കിന് അത് വില്‍പന നടത്താന്‍ അധികാരമുണ്ട്. വില്‍പന നടത്തിയാല്‍ തന്നെ ബാങ്കിനുള്ള സംഖ്യ എടുത്ത് ശേഷിക്കുന്നത് ഉടമക്ക് തിരിച്ചു നല്‍കുക എന്നതാണ് രീതി.
പണയവസ്തു ഉപയോഗിക്കാന്‍ പാടില്ല എന്നത് ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ ഖണ്ഡിതമായി വ്യക്തമാക്കിയിട്ടുള്ളതാണ്. പണയമായി ലഭിച്ച സ്വര്‍ണാഭരണം അണിയാനോ വീട്ടുകാരെ അണിയിപ്പിക്കാനോ അനുവാദമില്ല. അത് സൂക്ഷിച്ചു വെക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് ഒരാള്‍ അഞ്ചുലക്ഷം രൂപക്ക് പണയമായി ഒരു വീട് സ്വീകരിച്ചു എന്ന് കരുതുക. പണയത്തിനെടുത്ത വീട് ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് കൃത്യമായ ഉത്തരം. എന്നാല്‍ ആ വീടിന് നാട്ടുനടപ്പനുസരിച്ചുള്ള ഒരു വാടക നിശ്ചയിച്ച് അഡ്വാന്‍സായി അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഇടപാട് എങ്കില്‍ കുഴപ്പമില്ല. എന്നാല്‍ വീട് പണയത്തിന് നല്‍കുന്ന ഒരു രീതി നിലനില്‍ക്കുന്നുണ്ട്. ഉദാഹരണമായി ഒരാള്‍ അഞ്ചു ലക്ഷം രൂപ നല്‍കി വീട് പണയമായി സ്വീകരിക്കുന്നു. ഒരു വര്‍ഷത്തിന് ശേഷം വീട് തിരിച്ചേല്‍പിക്കുമ്പോള്‍ നല്‍കിയ അഞ്ച് ലക്ഷം ഒരു കുറവും വരാതെ തിരിച്ച് വാങ്ങുന്നു. ഒരു വര്‍ഷം അയാള്‍ വീടുപയോഗിച്ചതിന് വാടക നല്‍കാത്തതിനാല്‍ അയാളുടെ ഉപയോഗം പലിശയായി കണക്കാക്കുമെന്നാണ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പരിചരണം ആവശ്യമുള്ള വസ്തുക്കള്‍ പണയം വെക്കാറുണ്ട്. ഒരാള്‍ പശുവിനെയാണ് പണയമായി സ്വീകരിച്ചതെങ്കില്‍ അതിനെ പോറ്റുന്നതിന് അയാള്‍ക്ക് ചെലവുകളുണ്ടാകും. അതുകൊണ്ട് അതില്‍ നിന്ന് കിട്ടുന്ന പാലും ചാണകവും അയാള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. പണയവസ്തുവിന്റെ പരിചരണത്തിന് ചെലവുണ്ടെങ്കില്‍ അതില്‍ നിന്നുള്ള വരുമാനം അതിനായി ഉപയോഗപ്പെടുത്താമെന്നാണിത് വ്യക്തമാക്കുന്നത്.