Home സാമ്പത്തികം ബാങ്ക്-പലിശ ബാങ്ക്‌ലോണ്‍ അനുവദനീയമോ?

ബാങ്ക്‌ലോണ്‍ അനുവദനീയമോ?

മനുഷ്യന് ജീവിതച്ചെലവ് വര്‍ധിച്ചിരിക്കുന്ന കാലമാണിത്. അതിനാല്‍ പല സമയത്തും പണം അത്യാവശ്യമായി വരാറുണ്ട്. എന്നാല്‍ അവശ്യഘട്ടങ്ങളില്‍ വ്യക്തികളില്‍ നിന്നും കടം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇസ്‌ലാമിക് ബാങ്ക് സംരഭം നമ്മുടെ നാട്ടില്‍ നിലവില്‍ വന്നിട്ടുമില്ല. പലിശയിലധിഷ്ഠിതമായ ബാങ്കുകളില്‍ നിന്നും ലോണെടുക്കല്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ഇത് അനുവദനീയമോ?

മറുപടി: നിര്‍ബന്ധിതാവസ്ഥയില്‍ ബാങ്കില്‍ നിന്ന് ലോണെടുക്കല്‍ അനുവദനീയമാണ്. നിയമലംഘനം നടത്തണമെന്ന് ഉദ്ദേശിച്ചുകൊണ്ടോ, പലിശയെ നിസ്സാരമാക്കിക്കൊണ്ടോ ആകാന്‍ പാടില്ല എന്നു മാത്രം. നാട്ടില്‍ സകാത്ത് കമ്മിറ്റി ഇല്ലാതിരിക്കുകയും കടം ചോദിച്ചാല്‍ കിട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ ഈ അനുവാദമുള്ളൂ. സൂറത്തുല്‍ ബഖറയിലെ 173ാം ആയത്ത് ഇതിന് തെളിവാണ്. അല്ലാഹു പറയുന്നു: ‘ശവം തിന്നരുത്, രക്തവും പന്നിമാംസവും വര്‍ജിക്കുക, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട വസ്തുക്കളും ഭക്ഷിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ഒരാള്‍ നിര്‍ബന്ധിതാവസ്ഥയിലകപ്പെട്ട്, നിയമലംഘനമിഛിക്കാതെയും അത്യാവശ്യത്തിന്റെ അതിരുകടക്കാതെയും ഇക്കൂട്ടത്തില്‍ വല്ല വസ്തുക്കളും ആഹരിക്കേണ്ടിവന്നാല്‍ കുറ്റമില്ല. പൊറുക്കുന്നവനും ദയാനിധിയുമല്ലോ അല്ലാഹു.’ ഈ ആയത്തില്‍ അല്ലാഹു ശവവും, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട വസ്തുക്കളും തിന്നുന്നന്നതിനെ വിലക്കുന്നുണ്ട്. എന്നാല്‍ ഒരാള്‍ ഇവ തിന്നാന്‍ നിര്‍ബന്ധിതനായാല്‍ അയാള്‍ക്ക് അത് അനുവദനീയമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇത് പോലെ നിര്‍ബന്ധിതാവസ്ഥയിലാണെങ്കില്‍ മാത്രം ലോണെടുക്കാം. എന്നാല്‍, അത് അത്യാവശ്യത്തിന്റെ പരിധി ലംഘിക്കാനും പാടില്ല എന്ന് ഖുര്‍ആന്‍ വളരെ വ്യക്തമായി പറയുന്നു.  അങ്ങനെയെങ്കില്‍ അല്ലാഹു ആ വ്യക്തിക്ക് പൊറുത്തു കൊടുക്കുന്നതാണ്.
 

error: Content is protected !!