മറുപടി: താങ്കളുന്നയിച്ചതുപോലുള്ള പ്രശ്‌നങ്ങളില്‍ രണ്ടുതരം വീക്ഷണങ്ങളാണ് നിലവിലുള്ളത്. ഒന്ന്, സാഹചര്യത്തെ അവഗണിച്ച് പ്രമാണത്തിന്നു പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ളതാണ്. പലിശ വാങ്ങലും കൊടുക്കലും ഏതെങ്കിലും വിധത്തില്‍ അതിനെ സഹായിക്കലും , ഖുര്‍ആനും സുന്നത്തും വ്യക്തമായി നിരോധിച്ചിട്ടുണ്ട്. നിഷിദ്ദമായ കാര്യങ്ങള്‍ നിര്‍ബന്ധിതാവസ്ഥകളില്‍ മാത്രമേ ചെയ്യാവൂ. അതായത്, ജീവന്‍ നിലനിര്‍ത്താന്‍ പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യേണ്ടത് അനിവാര്യമായ ഒരു സാഹചര്യത്തില്‍ മാത്രമേ ഒരു മുസ്‌ലിം പലിശയിടപാടില്‍ ഏര്‍പ്പെടാവൂ. ഇതനുസരിച്ച് ജീവരക്ഷ പ്രശ്‌നമാകാത്ത സാഹചര്യങ്ങളില്‍ മുസ്‌ലിം പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യാന്‍ പാടില്ല.
രണ്ടാമത്തെ വീക്ഷണം പ്രമാണത്തിനും സാഹചര്യത്തിനും ഒരുപോലെ പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ളതാണ്. അത് ഏതാണ്ടിങ്ങനെ സംഗ്രഹിക്കാം. പലിശയധിഷ്ടിതമായ സമ്പദ്ഘടനയുള്ള സമൂഹത്തിലെ പൗരന്‍ പലിശയിടപാടുമായി ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബന്ധപ്പെടാന്‍ നിര്‍ബന്ധിതനാണ്. തൊഴിലിന്നോ ബിസിനസ്സിന്നോ ഉപഭോഗാവശ്യത്തിന്നോ വായ്പ ആവശ്യമാകുന്നവര്‍ക്ക് പലിശയില്ലാതെ അത് ലഭ്യമാക്കുന്ന പലിശരഹിത വായ്പാ സംവിധാനം അത്തരം സമൂഹങ്ങളില്‍ ഉണ്ടാവില്ല. ഈ സമൂഹത്തിലെ എല്ലാ അംഗങ്ങളും വായ്പ ഇടപാടുകളില്‍ നിന്ന് തീരെ വിട്ടുനില്‍ക്കുകയെന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പുറംതള്ളപ്പെടുകയായിരിക്കും ഫലം. ഇസ്‌ലാം പലിശ നിരോധിച്ചതിന്റെ താല്‍പര്യം ചൂഷണ നിര്‍മാര്‍ജനവും മൂലധനത്തിന്റെ സുഗമമായ വിതരണവും പ്രവര്‍ത്തനവുമാണ്. അല്ലാതെ ഏതെങ്കിലുമൊരു വിഭാഗം വ്യാപാര-വ്യവസായങ്ങളില്‍ നിന്ന് പുറംതള്ളപ്പെടുകയോ സാമ്പത്തികമായി അവശരായിത്തീരുകയോ അല്ല. ഒരു സമൂഹം പലിശയധിഷ്ടിതമായ സമ്പദ്ഘടന സ്വീകരിക്കുകയും സമൂഹത്തിലെ ഭൂരിപക്ഷം അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഒരു ചെറിയ ന്യൂനപക്ഷം മാത്രം മൂലധന ഏജന്‍സികളുമായി ബന്ധപ്പെടാതിരിക്കുന്നതിന്റെ ഫലം അതായിരിക്കും.
നിര്‍ബന്ധിതാവസ്ഥയെ എല്ലാ കാര്യത്തിലും ജീവാപായ സാധ്യതയുമായി ബന്ധപ്പെടുത്തുന്നതു ശരിയല്ല. നിഷിദ്ധ ഭക്ഷണം കഴിക്കുന്നതിനുള്ള നിര്‍ബന്ധിതാവസ്ഥയാണ്, അത് കഴിച്ചില്ലെങ്കില്‍ മരിച്ചുപോകുമെന്ന അവസ്ഥ. ജീവന്‍ നിലനില്‍ക്കുന്നത് ഭക്ഷണത്തിലൂടെയായത് കൊണ്ടാണിത്. എന്നാല്‍ ഒരു ബിസിനസുകാരന്ന് പലിശക്ക് വായ്പയെടുക്കാനുള്ള നിര്‍ബന്ധിതാവസ്ഥ , അങ്ങനെ ചെയ്തില്ലെങ്കില്‍ അയാള്‍ ഉടനെ മരിച്ചുപോകും എന്ന നിലവരികയല്ല; അങ്ങനെ ചെയ്തില്ലെങ്കില്‍ അയാളുടെ ബിസിനസ്സ് തകര്‍ന്നുപോകും എന്ന അവസ്ഥയുണ്ടാവുകയാണ്. ഇതുതന്നെയാണ് തൊഴില്‍ സ്ഥാപിക്കുന്നതിന്നുവേണ്ടിയുള്ള ബാങ്ക് ലോണിന്റെയും സ്ഥിതി.
ചെറുപ്പക്കാര്‍ ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്നതിനെ ഇസ്‌ലാം ഒരിക്കലും അഭികാമ്യമായി കാണുന്നില്ല, ജോലിയില്ലാത്തവരെ സംബന്ധിച്ചെടുത്തോളം നിര്‍ബന്ധമായിട്ടുള്ളത് ജോലിയാണ്. ജോലിനേടാന്‍ പലിശയടിസ്ഥാനത്തില്‍ ബാങ്ക് നല്‍കുന്ന ലോണ്‍ സ്വീകരിക്കുകയല്ലാതെ ഗത്യന്തരമില്ലെങ്കില്‍ , ഒരു തൊഴിലപേക്ഷകനെ സംബന്ധിച്ചെടുത്തോളം അത് ആ ലോണ്‍ സ്വീകരിക്കാനുള്ള നിര്‍ബന്ധിതാവസ്ഥയാണ്. പലിശയധിഷ്ടിതമായ സമ്പദ്ഘടനയുള്ള സമൂഹത്തില്‍ മുസ്‌ലിങ്ങള്‍ക്ക് പലിശയിടപാടുമായി നിര്‍ബാധം ബന്ധപ്പെടാമെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. മറിച്ച്, ന്യായമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പലിശ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടത് അനിവാര്യമായിത്തീരുമ്പോള്‍ അങ്ങനെ ചെയ്യാം എന്നു മാത്രമാണ്. പലിശ കൊടുക്കുന്ന കാര്യത്തില്‍ മാത്രമേ ഇത് പ്രസക്തമാകുന്നുള്ളൂ. പലിശ വാങ്ങല്‍ അനിവാര്യമാകുന്ന ഒരു സാഹചര്യമില്ല. ബാങ്കിടപാടില്‍ വല്ല വിധേനയും പലിശയിനത്തില്‍ വരുമാനമുണ്ടായാല്‍ തന്നെ അത് സ്വയം ഉപയോഗിക്കാതെ എല്ലാവരുടെയും സ്വത്തില്‍ അവകാശമുള്ള പാവങ്ങള്‍ക്കും അവശ ജനങ്ങള്‍ക്കും വിതരണം ചെയ്യുകയാണ് വേണ്ടത്.
നിര്‍ബന്ധിതാവസ്ഥകളില്‍ നിഷിദ്ധ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നിടത്ത് ഖുര്‍ആന്‍ രണ്ട് ഉപാധികള്‍ വിധിച്ചിട്ടുണ്ട്. ‘ ഗൈറ ‘ ബാഗിന്‍ വലാ ആദിന്‍’ (അല്‍ ബഖറ : 173) (അത് നിയമലംഘനം ഇഛിക്കാതെയും അത്യാവശ്യത്തിന്റെ അതിരു കടക്കാതെയും ആയിരിക്കണം). അതായത്, നിഷിദ്ധഭോജ്യങ്ങള്‍ കഴിക്കുമ്പോള്‍ അത് ചെയ്യുന്നത് അല്ലാഹുവിന്റെ നിയമം ലംഘിക്കാനുള്ള താല്‍പര്യത്തോടെയാവരുത്. തല്‍ക്കാലം ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമുള്ളതില്‍ കവിഞ്ഞ് ഭുജിക്കുകയുമരുത്. അതേപോലെ പലിശ കൊടുക്കേണ്ടിവരുന്നത് , അല്ലാഹു അനുവദിച്ച ന്യായമായ ഒരു സാമ്പത്തിക പ്രവര്‍ത്തനത്തിന് അത് അനിവാര്യമായിത്തീരുമ്പോള്‍ മാത്രമായിരിക്കണം. അല്ലാതെ പലിശ ഇടപാട് നടത്താനുള്ള താല്‍പര്യം കൊണ്ടാവരുത്. ആ അനിവാര്യതയെ നികത്താന്‍ വേണ്ട തുക മാത്രമേ എടുക്കാവൂ. അനിവാര്യമല്ലാത്ത സാഹചര്യങ്ങളില്‍ പലിശക്ക് കടമെടുക്കുന്നത് ‘ ബഗയ്’ -അല്ലാഹുവിന്റെ നിയമം ലംഘിക്കുന്നതിനുള്ള താല്‍പര്യം- ആണ്. അനിവാര്യതയെ നേരിടാന്‍ ആവശ്യമുള്ളതിലധികം പലിശ ഇടപാട് നടത്തുന്നത് ‘ അദ്‌വും’ -ആവശ്യത്തിന്റെ അതിരുകടക്കല്‍-ആണ്. രണ്ടും നിഷിദ്ധമാകുന്നു.
ചുരുക്കത്തില്‍ , അനുവദനീയവും ന്യായവുമായ സാമ്പത്തിക സംരംഭങ്ങള്‍ തുടങ്ങുന്നതിന്നോ സംരക്ഷിക്കുന്നതിന്നോ അനിവാര്യമായ സാഹചര്യങ്ങളില്‍ മുസ്‌ലിമിന്ന് ബാങ്ക് ലോണ്‍ സ്വീകരിക്കാമെന്നും, ആ ഇടപാടില്‍ പലിശ ബിസിനസ്സിന്നോടുള്ള താല്‍പര്യമോ, അനിവാര്യതയെ നേരിടാന്‍ ആവശ്യമായതിനപ്പുറം കടക്കാനുള്ള ആഗ്രഹമോ ഉണ്ടായിരിക്കരുതെന്നേയുള്ളൂ എന്നുമാണ് രണ്ടാമത്തെ വീക്ഷണം. പ്രായോഗിക രംഗത്ത് കൂടുതല്‍ പ്രചാരമുള്ളത് ഈ വീക്ഷണത്തെ ബലപ്പെടുത്തുന്നു. പ്രമാണങ്ങളെ സാഹചര്യത്തിന്റെ സവിശേഷതകള്‍ കണക്കിലെടുത്ത് വ്യാഖ്യാനിക്കുമ്പോള്‍ രണ്ടാമത്തെ വീക്ഷണവും പ്രബലമാകുന്നു. ഏത് സ്വീകരിക്കണമെന്ന് നിശ്ചയിക്കേണ്ടത് അവരവരുടെ വിവേചനബോധവും മനസ്സാക്ഷിയുമാണ്.