Home സാമ്പത്തികം ബാങ്ക്-പലിശ കുറിയെപ്പറ്റി പറഞ്ഞത് പലർക്കും അതിശയം

കുറിയെപ്പറ്റി പറഞ്ഞത് പലർക്കും അതിശയം

കുറികളുടെ വ്യത്യസ്ത രൂപങ്ങൾ വ്യക്തമാക്കികൊണ്ട് അതിൽ ഹറാമാകുന്നതേത് ഹലാലാകുന്നതേത് എന്ന് ഞാൻ എഴുതിയ കുറിപ്പ് പലയിടത്തും സജീവ ചർച്ചയായിട്ടുണ്ട്. അതിൽ ഹറാമായ രൂപം ചില ദീനീ സ്ഥാപനങ്ങളും മഹല്ലു കമ്മറ്റികളും പലയിടത്തും കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനെ ഹറാമാക്കാൻ നിങ്ങൾക്കെന്തു പറ്റി? അത്തരം നല്ല സംരംഭങ്ങൾ മുടക്കാനല്ലാതെ എന്ത് ഗുണമാണ് നിങ്ങളുടെ കുറിപ്പിനുള്ളത്?! ഇങ്ങനെയൊക്കെയാണ് പ്രതികരണം.

അത് പലിശകലർന്ന ഇടപാടാണ് എന്ന് പറഞ്ഞതാണ് അവരെ അതിശയപ്പെടുത്തിയത്. ഏതായാലും അതിന്റെ രൂപം ഒന്നുകൂടി വിശദീകരിക്കാം. ഒരു കക്ഷി ഒരു കുറി(ചിട്ടി) തുടങ്ങുന്നു. ഇതാണ് വ്യവസ്ഥ: ചിട്ടിയുടെ ആദ്യത്തെ നറുക്ക്, അല്ലെങ്കിൽ ഒരു നറുക്ക്, നടത്തുന്ന കക്ഷിക്ക് (വ്യക്തിക്ക്/മഹല്ലിന്, സ്ഥാപനത്തിന്) നൽകണം. ഉദാ: കുറിയിൽ ചേർന്നവർ ₹ 5000/- വീതം 11 മാസം കൊണ്ട് (മാസത്തിൽ രണ്ട് പ്രാവശ്യമായി) ₹105000/- നൽകണം. എന്നാൽ നറുക്ക് വീണ കക്ഷിക്ക് ₹100000/- മേ ലഭിക്കൂ. അയാൾ തിരിച്ചടക്കേണ്ടത് മൊത്തം ₹105000/- ഉം. ഈ വ്യവസ്ഥ വെച്ചുകൊണ്ടാണ് ഈ ചിട്ടി നടത്തുന്നതെങ്കിൽ, അത് ഒരു നിലക്കും അനുവദനീയമല്ല. മാത്രമല്ല അത് ഇസ്ലാം നിരോധിച്ച പലിശയിടപാടിലാണ് വരിക എന്ന കാര്യത്തിൽ സംശയമില്ല. ഇതായിരുന്നു ഞാൻ പറഞ്ഞിരുന്നത്.

കാരണം ഇവിടെ കുറി നടത്തിപ്പുകാരൻ (വ്യക്തിയാട്ടെ കമ്മിറ്റിയാകട്ടെ) ഒരേ സമയം കടം വാങ്ങുന്നവനും കടം കൊടുക്കുന്നവനുമാണ് . അഥവാ 20 പേരിൽ നിന്ന് ₹5000/- കടമായി (കുറി സംഖ്യ) വാങ്ങുന്നു. എന്നിട്ട് അതിൽ നറുക്ക് കിട്ടുന്ന ഒരാൾക്ക് ഒരു ലക്ഷം കൊടുക്കുന്നു. ഈ ഒരു ലക്ഷം കിട്ടിയ വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് തിരിച്ചടക്കേണ്ട കടമാണ്. ഒരു ലക്ഷത്തിന് പകരം ഒരു ലക്ഷത്തി അയ്യായിരം രൂപ, തവണകളായി തിരിച്ചടക്കാൻ അയാൾ ബാധ്യസ്ഥനാണ്.

അഥവാ നറുക്ക് ലഭിക്കുന്ന ഓരോരുത്തരും തങ്ങൾക്ക് ലഭിക്കുന്ന ഒരു ലക്ഷത്തിനു പുറമേ (₹5000/-) അധികം തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. നിർബന്ധമായും പാലിക്കേണ്ട വ്യവസ്ഥയാണത്, അല്ലാതെ ഒരു ലക്ഷത്തിഅയ്യായിരം രൂപ കിട്ടിയ വ്യക്തി, ആ തുക കിട്ടിയ ശേഷം അതിൽ നിന്ന് ഇതാ എന്റെ വക 5000/- എന്നു പറഞ്ഞുകൊണ്ട് സ്വമേധയാ സംഭാവന കൊടുക്കുകയല്ല. മറിച്ച് 5000/- അധികം തന്നാലേ കുറിയിൽ ചേരാൻ പറ്റൂ എന്നും, അല്ലാത്തവരെ ചേർക്കില്ല എന്നും നിബന്ധനയുള്ളതു കൊണ്ട് അതംഗീകരിച്ച ശേഷം കുറിയിൽ ചേർന്നതാണ്.

ഇവിടെ ആദ്യമാദ്യം നറുക്ക് വീണ വരെ സംബന്ധിച്ചിടത്തോളം തങ്ങൾ നേരത്തേ അടച്ച തുക കഴിഞ്ഞുള്ള ബാക്കി തുക തിരിച്ചടക്കേണ്ട കടമാണ്. അതു പോലെ നടത്തിപ്പുകാരെ സംബന്ധിച്ചിടത്തോളം തുടക്കം മുതൽ അംഗങ്ങളിൽ നിന്ന് തവണകളായി അവർ സ്വരൂപിക്കുന്ന അത്രയും തുക ഒടുവിൽ കുറി ലഭിക്കുന്നവർക്ക് കൊടുത്തു വീട്ടേണ്ട കടവുമാണ്. നടത്തിപ്പുകാരല്ലാത്ത എല്ലാവരും ₹5000/- അധികം നൽകുകയും വേണം. 100000/- ന് പകരം 105000/- തിരിച്ചടക്കണമെന്നർഥം. എന്നിട്ട് ചോദിക്കുന്നു ഇതിലെവിടെ പലിശ എന്ന്?

ഇത് സംഭാവനയാണോ, അല്ല. കാരണം സംഭാവന വാജിബല്ല, ഓഫർ ചെയ്താൽ പോലും സാമ്പത്തിക പ്രയാസം വന്നാൽ ആ ഓഫർ നിറവേറ്റാൻ അയാൾ ബാധ്യസ്ഥനല്ല. എന്നാൽ കടം തന്റെ സ്വത്ത് വിറ്റിട്ടെങ്കിലും വീട്ടാൻ കടം വാങ്ങിയവൻ ബാധ്യസ്ഥനാണ്. പരസ്പര തൃപ്തിയുണ്ട് എന്നാണ് ന്യായം. എന്നാൽ പരസ്പര തൃപ്തി ഹറാമിനെ ഹലാലാക്കില്ല എന്ന് ഇവർക്കറിയില്ല.

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Previous articleകുറി, (ചിട്ടി) ഹലാലും ഹറാമും
Next articleസ്വര്‍ണാഭരണത്തിന്‍റെ സകാത്ത്
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.
error: Content is protected !!