Thursday, April 18, 2024
Homeസാമ്പത്തികംഭര്‍ത്താവിന്റെ സമ്പത്തില്‍നിന്ന് ഭാര്യക്ക് ദാനം ചെയ്യാമോ?

ഭര്‍ത്താവിന്റെ സമ്പത്തില്‍നിന്ന് ഭാര്യക്ക് ദാനം ചെയ്യാമോ?

ചോദ്യം: എന്റെ ഭര്‍ത്താവ് പണം വീട്ടില്‍ വെച്ചാണ് പോവാറുള്ളത്. അതില്‍ കൈകാര്യം ചെയ്യാന്‍ നിനക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്. അദ്ദേഹത്തോട് പറയാതെ എനിക്കതില്‍നിന്ന് ദാനം ചെയ്യാമോ? അതിടനടനെനിക്ക് പ്രതിഫലം ലഭിക്കുമോ? പണം അദ്ദേഹത്തിന്റേതാകയാല്‍ പ്രതിഫലം അദ്ദേഹത്തിനും ലഭിക്കുമോ? അദ്ദേഹം പ്രത്യേകമായി എനിക്ക് ചെലവാക്കാനായി തരുന്നുമില്ല. എന്നാല്‍, നിനക്ക് ഇഷ്ടമുള്ള പണം എടുത്തോളൂ എന്ന് അദ്ദേഹം പറയുന്നു.

മറുപടി: ചോദ്യം ഉന്നയിച്ച സ്ത്രീ പറഞ്ഞതുപോലെയാണ് കാര്യങ്ങളെങ്കില്‍, പൊതുവായി സമ്പത്തില്‍ കൈകാര്യം ചെയ്യാന്‍ അവള്‍ക്ക് ഭര്‍ത്താവ് അനുവാദം നല്‍കിയാല്‍ അതില്‍നിന്ന് അവള്‍ക്ക് ദാനം ചെയ്യാവുന്നതാണ്. എന്നാല്‍, മുന്‍വിധിയില്ലാതെ ഭര്‍ത്താവിന്റെ സമ്പത്തില്‍ ചെലവും(നഫഖ) ദാനവും(സ്വദഖ) മിതവും മാന്യവുമായ രീതിയില്‍ ഉപയോഗിക്കണം എന്ന നിബന്ധനയുണ്ട്. നടപ്പുരീതികളും ആചാരങ്ങളും അനുസരിച്ചാണ് ദാനം ചെയ്യുന്നതിന്റെ അളവ് കണക്കാക്കപ്പെടുന്നത്. ഇത്തരം ചെറിയ അളവ് പ്രയാസപ്പെടുത്തുന്നില്ല.

അസ്മാഅ് ബിന്‍ത് അബീബക്കര്‍(റ)വില്‍ നിന്ന് നിവേദനം: അവര്‍ അല്ലാഹുവിന്റെ റസൂലിനോട്(സ) ചോദിച്ചു: സുബൈര്‍ ശക്തനായ മനുഷ്യനാണ്. അഗതികള്‍ എന്റെ അടുക്കല്‍ വരുമ്പോൾ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഞാന്‍ അവർക്ക് ദാനം നല്‍കാറുണ്ട്. അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നു: നീ കുറച്ച് (കഴിയാവുന്നത്രയും) ദാനം ചെയ്യുക. നിങ്ങള്‍ എടുത്തുവെക്കരുത്, അങ്ങനെയാണെങ്കില്‍ അല്ലാഹുവും എടുത്തുവെക്കും. (ബുഖാരി-1434, മുസ്‌ലിം-1029) കഴിയാവുന്നത് ദാനം ചെയ്യുകയെന്നതാണ്. ഇമാം നവവി പറയുന്നു: നിങ്ങള്‍ തടഞ്ഞുവെക്കുന്നതുപോലെ അല്ലാഹുവും തടഞ്ഞുവെക്കും. നിങ്ങള്‍ പിശുക്ക് കാണിക്കുന്നതുപോലെ നിങ്ങളോടും പിശുക്ക് കാണിക്കും. നിങ്ങള്‍ പിടിച്ചുവെക്കുന്നതുപോലെ അല്ലാഹുവും പിടിച്ചിവെക്കും.

ആയിശ(റ)വില്‍ നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നു: ഉപദ്രവമാകാതെ സ്ത്രീ അവളുടെ വീട്ടിലെ ഭക്ഷണം ചെലവഴിക്കുകയാണെങ്കില്‍, ചെലവഴിച്ചതിന്റെ പ്രതിഫലം അവള്‍ക്കുണ്ട്, സമ്പാദിച്ചതിന്റെ പ്രതിഫലം അവളുടെ ഭര്‍ത്താവിനുമുണ്ട്. അതുപോലെ സൂക്ഷിക്കുന്നയാള്‍ക്കും പ്രതിഫലമുണ്ട്. അവര്‍ പരസ്പരം പ്രതിഫലം കുറയ്ക്കുന്നുമില്ല. (ബുഖാരി-1425, മുസ്‌ലിം-1024)

( മുസ് ലിം പണ്ഡിതസഭയുടെ ഫത്‌വ സമിതി സെക്രട്ടറിയാണ് ഡോ. ഫദ്ല്‍ മുറാദ്)

വിവ- അർശദ് കാരക്കാട്

ഡോ. ഫദ്ൽ മുറാദ്
യമന്‍ തലസ്ഥാനമായ സന്‍ആഇന്റെ പടിഞ്ഞാറ് ഭാഗം റയ്മയില്‍ ജനനം. ആന്‍ആയിലെ ദാറുല്‍ ഖുര്‍ആനുല്‍ കരീമില്‍ വെച്ച് ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. യമനിലെ മുഫ്തിയായിരുന്ന മുഹമ്മദ് ബ്‌നു ഇസ്മാഈല്‍, മുഹമ്മദ് അല്‍ജുറാഫി എന്നിവരില്‍ നിന്നും മുഹമ്മദ് ബ്‌നു അബ്ദില്ലാഹില്‍ ഹസനി എന്നിവരില്‍ നിന്നും കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യം നേടി. ആധുനിക കര്‍മ്മശാസ്ത്രത്തെ വിശകലനം ചെയ്യുന്ന അല്‍-മുഖദ്ദിമത്തു ഫീ ഫിഖ്ഹില്‍ അസ്വ്ര്‍ അടക്കം കര്‍മ്മശാസ്ത്രത്തിലും ഹദീസിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. യമനിലെ ഈമാന്‍ യുനിവേഴ്‌സിറ്റിയിലെ ശരീഅത്ത് വിഭാഗം ഡീന്‍ ആയരുന്ന അദ്ദേഹം ഇപ്പോള്‍ ഖത്തര്‍ യുനിവേഴ്‌സിറ്റിയിലെ സമകാലിക കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശരീഅത്ത് വിഭാഗത്തില്‍ പ്രൊഫസറായി ജോലി ചെയ്യുന്നു.

Recent Posts

Related Posts

error: Content is protected !!