Homeതൊഴിൽസ്ത്രീ ജോലിക്ക് പോകുമ്പോൾ

സ്ത്രീ ജോലിക്ക് പോകുമ്പോൾ

ചോദ്യം- സ്ത്രീ വീട്ടിൽനിന്ന് പുറത്തുപോയി ജോലിയെടുക്കുന്നതിനെക്കുറിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാടെന്താണ്? സ്ത്രീക്ക് പുരുഷനെപ്പോലെ തൊഴിലെടുക്കാനും, ഉൽപാദന പ്രക്രിയയിലും സാമൂഹിക പുരോഗതിയിലും പങ്കുകൊള്ളാനും അനുവാദമുണ്ടോ? അവൾ പുറത്തൊന്നും പോകാതെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ടവളാണോ? ഇസ്‌ലാം സ്ത്രീയെ ബഹുമാനിക്കുകയും, അവളുടെ അവകാശങ്ങൾ – പാശ്ചാത്യർക്ക് മുമ്പെ- വകവെച്ചുകൊടുക്കുകയും ചെയ്ത മതമാണെന്ന് നാം എപ്പോഴും കേൾക്കുന്നു. സ്ത്രീക്ക് തൊഴിൽ ചെയ്തു സമ്പാദിക്കാനും അങ്ങനെ അവളുടെ അന്തസ്സ് ഉയർത്താനും അതുവഴി തന്റെ ആവശ്യങ്ങൾ നിർവഹിക്കാനും അവസരം ലഭിക്കേണ്ടത് അവളുടെ അവകാശമല്ലേ?

ഉത്തരം- സ്ത്രീ പുരുഷനെപ്പോലെത്തന്നെ മനുഷ്യ ജീവിയാണ്. സ്ത്രീ പരുഷനിൽനിന്നും, പുരുഷൻ സ്ത്രീയിൽനിന്നുമാണ് ഉണ്ടായത്. അല്ലാഹു പറയുന്നു: ”നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തിൽനിന്ന് ഉത്ഭവിച്ചവരാകുന്നു” (ആലുഇംറാൻ: 195). മനുഷ്യൻ ഒരു സചേതന സൃഷ്ടിയാകുന്നു. ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നത് അവന്റെ പ്രകൃതിയാണ്. അങ്ങനെയല്ലെങ്കിൽ അവൻ മനുഷ്യൻ എന്ന വിശേഷണത്തിനർഹനല്ല.

അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത് പ്രവർത്തിക്കാൻ വേണ്ടിയാണ്. എന്നല്ല, അവരിൽ ആരാണ് ഏറ്റവും നല്ല പ്രവൃത്തി ചെയ്യുന്നത് എന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്. അപ്പോൾ സ്ത്രീ പുരുഷനെപ്പോലെ പ്രവൃത്തി ചെയ്യാൻ, പ്രത്യേകിച്ച് നല്ല പ്രവൃത്തി ചെയ്യാൻ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. പുരുഷനെപ്പോലെ അവൾക്കും അല്ലാഹുവിൽനിന്ന് പ്രതിഫലം ലഭിക്കുന്നതാണ്. അല്ലാഹു പറയുന്നു: ”അപ്പോൾ അവരുടെ രക്ഷിതാവ് അവർക്ക് ഉത്തരം നൽകി: പുരുഷനാകട്ടെ സ്ത്രീയാകട്ടെ നിങ്ങളിൽനിന്ന് പ്രവർത്തിക്കുന്ന ഒരാളുടെ പ്രവർത്തനവും ഞാൻ നിഷ്ഫലമാക്കുകയില്ല.” (ആലു ഇംറാൻ: 195)

സ്ത്രീക്ക് പരലോകത്ത് അവളുടെ സൽക്കർമത്തിന്റെ പ്രതിഫലം ലഭിക്കുന്നതുപോലെ ഈ ലോകത്തുവെച്ചും അവളുടെ പ്രവൃത്തികളുടെ കർമഫലം ലഭിക്കും. അല്ലാഹു പറയുന്നു: ”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമം പ്രവർത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീർച്ചയായും ആ വ്യക്തിക്ക് നാം നൽകുന്നതാണ്.” (അന്നഹ്ൽ: 97)

നാം സാധാരണ പറയാറുള്ളതുപോലെ സ്ത്രീ സമൂഹത്തിന്റെ പകുതിയാണ്. സമൂഹത്തിന്റെ പകുതിഭാഗം പ്രവർത്തനക്ഷമമല്ലാതിരിക്കുകയോ, അതിൽ നിശ്ചലതയും മരവിപ്പും ബാധിക്കുകയോ ചെയ്യുന്നത് ഇസ്‌ലാമിന് സങ്കൽപിക്കാൻ കഴിയുകയില്ല.

സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ കർത്തവ്യം തലമുറകളെ വളർത്തിയെടുക്കലാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അതിനുവേണ്ടി അല്ലാഹു അവളെ ശാരീരികമായും മാനസികമായും തയ്യാറാക്കിയിരിക്കുന്നു. ഈ മഹത്തായ ദൗത്യത്തിൽനിന്ന് ഭൗതികമോ ആശയപരമോ ആയ ഒരു കാര്യവും അവളെ പിന്തിരിപ്പിക്കാവതല്ല. സ്ത്രീക്കു പകരം ഈ മഹത്തായ ജോലി നിർവഹിക്കാൻ ഒരാളുമില്ല. സമുദായത്തിന്റെ ഭാവി അതിലാണ് നിലകൊള്ളുന്നത്. സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തുണ്ടായിത്തീരുന്നത് അതുകൊണ്ടാണ്. അതത്രെ മനുഷ്യ സമ്പത്ത്.

നൈലിന്റെ കവി ഹാഫിസ് ഇബ്‌റാഹീം പാടി: ”മാതാവ് ഒരു പാഠശാലയാകുന്നു. നീ അതിനെ തയ്യാറാക്കുമ്പോൾ ഉൽപത്തി നന്നായ ഒരു ജനതയെയാണ് തയ്യാറാക്കുന്നത്.”

Also Read  പഠനത്തിന് വേണ്ടി പ്രസവം വൈകിപ്പിക്കാമോ?

ഗൃഹപരിപാലനം, ഭർത്തൃ സേവനം, സന്തുഷ്ട കുടുംബം കെട്ടിപ്പടുക്കുക എന്നീ കാര്യങ്ങളിൽ അവളുടെ പ്രവർത്തനവും അപ്രകാരം തന്നെയാണ്. ‘സ്ത്രീ ഭർത്താവിനെ അനുസരിച്ച് പ്രവർത്തിക്കുന്നത് അല്ലാഹുവിന്റെ മാർഗത്തിലെ ജിഹാദായി ഗണിക്കപ്പെടും’ എന്ന മഹദ്വചനം അതാണ് സൂചിപ്പിക്കുന്നത്.

Also Read  ദത്തെടുക്കുന്നതിന്റെ ഇസ്‌ലാമിക വിധി?

ഇതിന്റെ അർഥം, സ്ത്രീ പുറത്തുപോയി ജോലിയെടുക്കുന്നത് മതപരമായി വിലക്കപ്പെട്ടതാണ് എന്നല്ല. സ്വീകാരൃയോഗ്യവും സ്ഥിരപ്പെട്ടതും ഖണ്ഡിതവുമായ തെളിവുണ്ടെങ്കിലേ ഒരു കാര്യം ഹറാമാണെന്ന് പറയാൻ പറ്റുകയുള്ളൂ. ഏതൊരു കാര്യത്തിലും അടിസ്ഥാന നിയമം അത് ഹലാലാണെന്നുള്ളതാണ്.

ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് പറയാൻ കഴിയും: സ്ത്രീ തൊഴിലെടുക്കുന്നത് സ്വയമേവ അനുവദനീയമാണ്. ചില സന്ദർഭങ്ങളിൽ അത് സുന്നത്തോ ഫർദോ ആയിത്തീരും. ഉദാ: സ്ത്രീ വിധവയോ വിവാഹമോചിതയോ ആവുക, വരുമാനമാർഗവും സംരക്ഷകനും ഇല്ലാതാവുക, അതോടൊപ്പം അവൾക്ക് തൊഴിലെടുത്ത് ജീവിക്കാൻ കഴിയും. അപ്പോൾ മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടുകയോ അന്യരുടെ ഔദാര്യം സ്വീകരിക്കുകയോ വേണ്ടിവരില്ല.

ചിലപ്പോൾ അവളുടെ കുടുംബത്തെ സഹായിക്കാൻവേണ്ടി തൊഴിലെടുക്കേണ്ടി വരും. ഉദാഹരണമായി, ഭർത്താവിനെ സഹായിക്കുക, തന്റെ മക്കളെയോ അനുജന്മാരെയോ വളർത്തുക, അല്ലെങ്കിൽ പ്രായമായ പിതാവിനെ സഹായിക്കേണ്ടിവരുക എന്നിങ്ങനെ. തങ്ങളുടെ പടുവൃദ്ധനായ പിതാവിനെ സഹായിക്കാൻ അദ്ദേഹത്തിന്റെ ആടുകളെ മേക്കുന്ന രണ്ട് പെൺമക്കളുടെ കഥ ഖുർആൻ വിവരിക്കുന്നുണ്ട്: ”അവർ പറഞ്ഞു: ഇടയന്മാർ (ആടുകൾക്ക് വെള്ളംകൊടുത്ത്) തിരിച്ചുകൊണ്ടുപോകുന്നതു വരെ ഞങ്ങൾക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ അവശനായ വൃദ്ധനുമാണ്.” (അൽഖസ്വസ്വ്: 23)

അസ്മാഅ് ബിൻത് അബീബക്ർ തന്റെ ഭർത്താവ് സുബൈറുബ്‌നുൽ അവ്വാമിനെ സഹായിക്കാനായി അദ്ദേഹത്തിന്റെ കുതിരകളെ പരിപാലിക്കുകയും അവക്ക് തീറ്റയുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. എത്രത്തോളമെന്നാൽ മദീനയിൽനിന്ന് അകലെയുള്ള ഒരു തോട്ടത്തിൽ പോയി തലച്ചുമടായി കാലികൾക്ക് തീറ്റ കൊണ്ടുവന്നു കൊടുത്തിരുന്നു.

ചിലപ്പോൾ സമൂഹത്തിന് സ്ത്രീയുടെ തൊഴിൽ ആവശ്യമായി വന്നേക്കാം. ഉദാ: സ്ത്രീകളെ ചികിത്സിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക, പെൺകുട്ടികളെ പഠിപ്പിക്കുക എന്നിങ്ങനെ സ്ത്രീകൾ മാത്രം ചെയ്യേണ്ടുന്ന ജോലികൾ. ഇത്തരം ഘട്ടങ്ങളിൽ സ്ത്രീയും സ്ത്രീയുമായി ഇടപഴകുന്നതാണ് നല്ലത്; സ്ത്രീയും പുരുഷനും ഇടപഴകുന്നതല്ല. ചില സന്ദർഭങ്ങളിൽ പുരുഷന്റെ സേവനം അനിവാര്യമായി വരും. അപ്പോൾ ആവശ്യത്തിന്റെ തോതനുസരിച്ചു മാത്രം അത് സ്വീകരിക്കാം. അല്ലാതെ അതൊരു സ്ഥിരം നിയമമായി കാണാൻകഴിയുകയില്ല.

ചില നിബന്ധനകൾ
സ്ത്രീക്ക് തൊഴിലെടുക്കാൻ നാം അനുവാദം നൽകുമ്പോൾ അവൾ ചില നിബന്ധനകൾ പാലിക്കേണ്ടിവരും:
1. തൊഴിൽ സ്വന്തം നിലക്ക് അനുവദനീയമായതായിരിക്കണം. അത് സ്വയം നിഷിദ്ധമോ നിഷിദ്ധം പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതോ ആയിരിക്കരുത്. ഉദാ: അവിവാഹിതന്റെ സേവികയായി ജോലി നോക്കുക, മാനേജറുടെ കൂടെ തനിച്ചിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതമാകുന്ന പ്രൈവറ്റ് സെക്രട്ടറിയുടെ ജോലി, മൃദുലവികാരങ്ങൾ ഇളക്കിവിടുന്ന നർത്തകിയുടെ ജോലി, ബാർ ഹോട്ടലിലെ ജോലി, മദ്യം വിളമ്പാൻ നിർബന്ധിതമാവുകയും രക്തബന്ധു കൂടെയില്ലാതെ ദൂരദിക്കിലേക്ക് യാത്ര ചെയ്യേണ്ടിവരുകയും അന്യനാടുകളിൽ തനിയെ താമസിക്കാൻ നിർബന്ധിതമാവുകയും ചെയ്യുന്ന എയർ ഹോസ്റ്റസിന്റെ ജോലി എന്നിങ്ങനെ, ഇസ്‌ലാം സ്ത്രീകൾക്കും പുരുഷൻമാർക്കും പൊതുവിലും സ്ത്രീകൾക്ക് പ്രത്യേകിച്ചും ഹറാമാക്കിയ ജോലികൾ.

Also Read  ഭാര്യ ആരെ അനുസരിക്കണം?

2. സ്ത്രീകൾ വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ വസ്ത്രധാരണത്തിലും നടത്തത്തിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ഇസ്‌ലാമിക മര്യാദകൾ പാലിക്കണം. അല്ലാഹു പറയുന്നു: ”സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽനിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും പറയുക.” (അന്നൂർ: 31)
”തങ്ങൾ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാൻ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്.” (അന്നൂർ: 31)
”നിങ്ങൾ (അന്യരോട്) വശ്യമായി സംസാരിക്കരുത്. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും. നിങ്ങൾ മാന്യമായി സംസാരിച്ചുകൊള്ളുക.” (അൽഅഹ്‌സാബ്: 32)

Also Read  പഠനത്തിന് വേണ്ടി പ്രസവം വൈകിപ്പിക്കാമോ?

3. അവൾ ചെയ്യുന്ന ജോലി തന്റെ നിർബന്ധ ബാധ്യതയായ ഭർത്തൃസേവനം, സന്താന പരിപാലനം എന്നീ ഉത്തരവാദിത്വങ്ങൾ വിസ്മരിച്ചുകൊണ്ടാവരുത്. അതാണ് അവളുടെ ഒന്നാമത്തെ ബാധ്യതയും അടിസ്ഥാനപരമായ ജോലിയും.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!