Home വിശ്വാസം ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണം അണിയാമോ?

ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണം അണിയാമോ?

ചെറിയ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണം അനുവദനീയമാണോ?
മറുപടി: ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണാഭരണം അണിയിക്കാതിരിക്കലാണ് ഉത്തമം. കാരണം സ്വര്‍ണത്തിന്റെ ആഭണങ്ങള്‍ പുരുഷന്‍മാര്‍ക്ക് നിഷിദ്ധമാണെന്ന് വളരെ വ്യക്തമായി തന്നെ ഹദീസുകളില്‍ കാണാം. മാത്രമല്ല, പൊതുവെ സ്ത്രീത്വത്തിന്റെ പ്രതീകമാണ് ആഭരണങ്ങള്‍. ‘ആഭരണങ്ങളില്‍ വളര്‍ത്തപ്പെട്ടവര്‍’ (അസ്സുഖുറുഫ്: 18) എന്ന് പെണ്ണിനെ കുറിക്കുന്നതിന് വേണ്ടി വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചതായി കാണാം. സ്‌ത്രൈണ ഭാവങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവയാണ് ആഭരണങ്ങള്‍. അതേസമയം പുരുഷനിലുള്ളത് പൗരുഷവും ധീരമായ നിലപാടുകളും കഠിനധ്വാനം ചെയ്യാനുമുള്ള പ്രകൃമാണ്. പൊതുവെ ആണ്‍കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ യന്ത്രങ്ങളോടും വാഹനങ്ങള്‍ പോലുള്ള കളിപ്പാട്ടങ്ങളോടുമായിരിക്കും താല്‍പര്യം. അതേ സമയം മാല, വള പോലുള്ള ആഭരണങ്ങളും ചെറിയ ചെറിയ കൗതുകങ്ങളോടുമായിരിക്കും പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം എന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. തീര്‍ച്ചയായും സ്‌ത്രൈണതയുമായി ബന്ധപ്പെട്ടതാണ് ഇത്തരം ആഭരണങ്ങള്‍.

നമ്മുടെ സമൂഹത്തില്‍ പല ആചാരങ്ങള്‍ ഉണ്ടായി വന്നിട്ടുണ്ട്. കുഞ്ഞ് ജനിച്ചാല്‍ പല ചടങ്ങുകളും നടത്തും അക്കൂട്ടത്തില്‍ ബന്ധുക്കള്‍ കുട്ടികള്‍ക്ക് ആഭരണങ്ങള്‍ നല്‍കുന്ന രീതിയുമുണ്ട്. ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ക്കും നല്‍കും. ഇങ്ങനെ കൊണ്ടുവരുന്ന ആഭരണങ്ങള്‍ കുട്ടിയെ അണിയിച്ചാലേ കൊണ്ടുവന്ന ആള്‍ക്ക് തൃപ്തിയാവുകയുള്ളൂ. ആഭരണങ്ങള്‍ അണിയിച്ച് ഫോട്ടോയെടുക്കലും എപ്പോഴും അത് അണിയിപ്പിക്കലും തുടര്‍ന്നുണ്ടാവുന്ന കാര്യമാണ്. ഇത്തരം ആചാരങ്ങള്‍ക്ക് ഇസ്‌ലാമില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് മാത്രമല്ല നിരുത്സാഹപ്പെടുത്തപെടേണ്ടതുമാണ്. കാരണം ആണ്‍കുട്ടിയെ ആണിന്റെ പ്രകൃതത്തില്‍ തന്നെയാണ് വളര്‍ത്തേണ്ടത്. ആണിന്റെ വസ്ത്രം പെണ്ണ് അണിയുന്നതും പെണ്ണിന്റെ വസ്ത്രം ആണ്‍ അണിയുന്നതും പാടില്ലെന്നും പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ സ്ത്രീത്വത്തിന്റെ ഭാഗമായതിനാല്‍ അത് ആണ്‍കുട്ടികളെ അണിയിക്കാതിരിക്കുക എന്നതാണ് ഏറ്റവും ഉത്തമം. അത് അവരുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും വരെ പ്രതിഫലിക്കാന്‍ ഇടയുണ്ട് എന്ന് കൂടി നാം മനസ്സിലാക്കണം. അല്ലാഹു നിഷിദ്ധമാക്കിയതിനെ എല്ലാ അര്‍ത്ഥത്തിലും മാറ്റി നിര്‍ത്തുക തന്നെയാണ് വേണ്ടത്. ചെറിയ കുട്ടിയല്ലേ, അതുകൊണ്ട് എന്താ കുഴപ്പം എന്ന അര്‍ത്ഥത്തില്‍ അതിനെ ലഘൂകരിക്കുന്ന രീതി അത്ര നല്ലതല്ല എന്ന് മനസ്സിലാക്കണം. കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യതിരിക്തത എന്താണെന്ന് അറിഞ്ഞ് വളരുന്നതാണ് നല്ലത്.

error: Content is protected !!