Home തൊഴിൽ ജോലിയില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥന്‍

ജോലിയില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥന്‍

ചെയ്യുന്ന ജോലിയില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്ത ചില ഉദ്യോഗസ്ഥരുണ്ട്. മേലുദ്യോഗസ്ഥന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് സ്ഥിരമായി വൈകുകയും ജോലിയില്‍ ഉപേക്ഷ വരുത്തുകയും ചെയ്യുന്നവരെയും കാണാം. എന്നാല്‍ ഒരാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രകാരം എത്രത്തോളം ശരിയാണ്?

മറുപടി: ഒരു കാര്യം ഉള്‍ക്കൊണ്ട ശേഷം അത് മറ്റൊരാള്‍ക്ക് എത്തിച്ചു കൊടുക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുമെന്ന് പ്രവാചകന്‍(സ) സന്തോഷവര്‍ത്തമാനം അറിയിച്ചിട്ടുണ്ട്. എന്നില്‍ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങള്‍ ആളുകള്‍ക്ക് എത്തിച്ചു കൊടുക്കുക, ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിക്കട്ടെ എന്നു തുടങ്ങിയ വേറെയും പ്രവാചക വചനങ്ങളുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന ഈ അറിവ് വീട്ടുകാരിലേക്കും ബന്ധുക്കളിലേക്കും കൂട്ടുകാരിലേക്കും എത്തിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം.

ഉത്തരവാദിത്വ നിര്‍വഹണം വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ”അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ചവ അവയുടെ അവകാശികള്‍ക്കായി നിങ്ങള്‍ വീട്ടുക.” (അന്നിസാഅ്: 58) തന്നെ വിശ്വസിച്ചേല്‍പ്പിച്ച കാര്യത്തില്‍ വരുത്തുന്ന വീഴ്ച്ച കാപട്യത്തിന്റെ അടയാളമായിട്ടാണ് ഇസ്‌ലാം കാണുന്നത്. വിശ്വാസികളുടെ വിശേഷണമായി ഖുര്‍ആന്‍ പറയുന്നു: ”ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുന്നവരാണവര്‍.” (അല്‍മുഅ്മിനൂന്‍: 8) മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”വിശ്വാസികളേ, അല്ലാഹുവിനെയും അവന്റെ ദൂതനെയും വഞ്ചിക്കരുത്. നിങ്ങളുടെ ഉത്തരവാദിത്വങ്ങളിലും വഞ്ചന കാണിക്കരുത്.” (അല്‍അന്‍ഫാല്‍: 27)

ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ചടത്തോളം അവന്റെ ഉത്തരവാദിത്വം നിര്‍വഹിക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. അവന്റെ ഉപജീവനമാര്‍ഗം ഹലാലായി മാറുന്നതിനും അല്ലാഹുവിന്റെ തൃപ്തി നേടുന്നതിനും അതാവശ്യമാണ്. അവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തോടുള്ള കടമയാണത്. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചും ദൈവികശിക്ഷയെ ഭയന്നും സൂക്ഷ്മതയോടെ തന്റെ കഴിവിന്റെ പരമാവധി നന്നായി ജോലി നിര്‍വഹിക്കുയാണ് ഒരു വിശ്വാസി വേണ്ടത്. നബി(സ) പറയുന്നു: ”മുനാഫിഖിന്റെ അടയാളങ്ങള്‍ മൂന്നെണ്ണമാണ്. സംസാരിച്ചാല്‍ കളവു പറയും, വാഗ്ദാനം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ വഞ്ചിക്കും.” കാപട്യത്തിന്റെ ലക്ഷണങ്ങള്‍ എടുത്തണിയല്‍ വിശ്വാസിക്ക് ഒട്ടും ചേര്‍ന്ന കാര്യമല്ല. തന്റെ മേലുദ്യോഗസ്ഥന്‍ ജോലിയില്‍ അലംഭാവം കാണിക്കുന്നുണ്ടെന്നുള്ളത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചടത്തോളം തന്റെ ഉത്തരവാദിത്വത്തില്‍ വീഴ്ച്ച വരുത്താനുള്ള ന്യായമല്ല. മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാവുകയാണ് അവന്‍ വേണ്ടത്.

error: Content is protected !!