മറുപടി : ഇസ്‌ലാമിനെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. ഇന്ന് മനുഷ്യാവകാശങ്ങളായി സൂചിപ്പിക്കപ്പെടുന്നവക്ക്, താങ്കള്‍ സൂചിപ്പിച്ചതിനേക്കാള്‍ പിന്നോട്ട് പോകുന്ന മുരടുകളുണ്ട്. ‘പ്രകൃതി നിയമങ്ങള്‍’, ‘മനുഷ്യന്റെ അവകാശങ്ങള്‍’ എന്നീ പേരുകളിലായിരുന്നു അവ അറിയപ്പെട്ടിരുന്നതെന്നു മാത്രം. ഒരു രാജ്യത്തെ സകലയാളുകള്‍ക്കും ഒരേ അവകാശം നല്‍കുന്നുവെന്നതാണ് മനുഷ്യാവകാശങ്ങളുടെ സവിശേഷതയെന്നാണ് പാശ്ചാത്യ പണ്ഡിത മതം. സ്‌പെയിനിലെ, ഒരു ക്രിസ്ത്യന്‍ രാജാവിന്നും നാട്ടുകാര്‍ക്കുമിടയില്‍ നടന്ന ഒരു രാഷ്ട്രീയ കരാറിലാണ്, സാര്‍വജനീന നിയമങ്ങളുടെ പ്രഥമ ക്രോഡീകരണമായി, എന്‍സൈക്ലോപീഡിയാ ബ്രിട്ടാണിക്ക കാണുന്നതെന്നത് ഉദാഹരണം. മുസ്‌ലിം സ്വാധീനം വളരെ ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഇബേറിയന്‍ ഉപദ്വീപില്‍ നിന്നും, അവസാനമായി, മുസ്‌ലിംകള്‍ നിശ്ശേഷം പുറത്താക്കപ്പെടുന്നതിന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു ഇത്. ഇസ്‌ലാമിക നിയമത്തിലെ, സുസ്ഥാപിതമായ സാര്‍വജനീനാവകാശങ്ങള്‍, ഏകദേശം ഇത് പ്രതിഫലിപ്പിക്കുന്നു.
ജീവന്‍, സ്വത്ത്, അഭിമാനം എന്നിവയുടെ സംരക്ഷണ നിയമങ്ങള്‍, ഈ ആദികാല കരാറില്‍ പ്രത്യേകം ഉള്‍ക്കൊള്ളുന്നുണ്ട്. ഇസ്‌ലാമിക നിയമ പ്രകാരം, ഇവ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളാണ്. അതോടൊപ്പം, ചിന്താ സംരക്ഷണം (ഏതെങ്കിലും സിദ്ധാന്തങ്ങളോ, വിശ്വാസങ്ങളോ നിങ്ങളില്‍ അടിച്ചേല്‍പിക്കുന്നതില്‍ നിന്നുള്ള സ്വാതന്ത്ര്യം), മതാനുഷ്ടാന സ്വാതന്ത്ര്യ സംരക്ഷണം എന്നിങ്ങനെ വേറെ രണ്ടെണ്ണം കൂടിയുണ്ട്. ഈ അവസാനം പറഞ്ഞ രണ്ടെണ്ണം, പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിലെ ക്രൈസ്തവ സ്‌പെയ്‌നില്‍ ലഭ്യമായിരുന്നില്ലെന്നാണ് തോന്നുന്നത്. ഇങ്ക്വിഷസനോടെ അതിന്നു അന്ത്യം കുറിക്കപ്പെടുകയായിരുന്നു. ഈ കരാറിന്ന് മുമ്പും, അതിന്നു എത്രയോ കാലശേഷവും, മുഖ്യധാരാ യൂറോപ്പിന്ന് രണ്ടു തരത്തിലുള്ള അവകാശങ്ങളാണ് ഉണ്ടായിരുന്നത്. പ്രഭുക്കള്‍ക്കുള്ള അവകാശങ്ങളും സാധാരണക്കാര്‍ക്കുള്ള അവകാശങ്ങളും!
ഇസ്‌ലാമിക നിയമം തുടക്കം മുതല്‍ തന്നെ, സാര്‍വജനീനാവകാശങ്ങള്‍ എന്ന ആശയം സ്ഥാപിച്ചിട്ടുണ്ട്. ദൈവിക നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യമായി കരുതണമെന്നാണ് നീതിയാവശ്യപ്പെടുന്നതെന്ന നിര്‍ദ്ദേശത്തോടെയാണത്:
‘അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍ -നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍ സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്നകന്നു പോകാതിരിക്കുവിന്‍. വളച്ചൊടിച്ചു സംസാരിക്കുകയോ സത്യത്തില്‍നിന്നു ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍, അറിഞ്ഞുകൊള്ളുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹുവിനു വിവരമുണ്ട്.'(4 :135)
ഇസ്‌ലാമിക നിയമത്തിന്റെ ചട്ടക്കൂട്ടില്‍, അവകാശങ്ങളായി കണക്കാക്കപ്പെടുന്ന പല കാര്യങ്ങളുണ്ട്. എന്നാല്‍, മുകളില്‍ പറഞ്ഞ അഞ്ച് അവകാശങ്ങള്‍, സ്റ്റേറ്റിന്റെ കനത്ത ഉത്തരവാദിത്തമായി വിവരിക്കപ്പെട്ടിരിക്കുന്നു. അതില്‍, മുസ്‌ലിമെന്നോ, ക്രിസ്ത്യാനിയെന്നോ, മറ്റ് മതസ്തനെന്നോ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ല.
ഇവക്ക് പുറമെ, ജീവനാംശാവകാശം, അനന്തരാവകാശം എന്നിവയടങ്ങുന്ന, കൂടുതല്‍ സാമൂഹികമായ മറ്റു ചില അവകാശങ്ങളുണ്ട്. അവ തങ്ങളുടെ മതാദ്ധ്യാപനങ്ങള്‍ക്കനുസൃതമായി ഓരോ മതക്കാര്‍ക്കും സ്ഥാപിക്കാവുന്നതാണ്. ഇസ്‌ലാമിക പൗരസമൂഹത്തില്‍, ഓരോ അംഗീകൃത മതസമൂഹങ്ങള്‍ക്കും, തങ്ങളുടേതായ നിയമനിര്‍മ്മാണങ്ങള്‍ക്ക് അവകാശമുണ്ട്. പ്രസ്തുത നിയമങ്ങള്‍, ആ സമൂഹത്തിലെ അംഗങ്ങള്‍ക്ക് ബാധകമായിരിക്കും. ഇന്നത്തെ മതേതര രാജ്യങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട മഹത്തായ മതസ്വാതന്ത്ര്യം! അവിടങ്ങളില്‍ മതസ്വാതന്ത്ര്യമെന്നാല്‍ മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നാണല്ലോ അര്‍ത്ഥം.
അടിസ്ഥാനപരമായി കരുതപ്പെടുന്ന മറ്റു മനുഷ്യാവകാശങ്ങള്‍, സുസ്ഥാപിതമായ ഇസ്‌ലാമിക തത്വങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെട്ടവയാണെന്ന് വാദിക്കവുന്നതാണ്. ഹാശിം കമാലിയുടെ Freedom of Expression in Islam ഇവ്വിഷയകമായി രചിക്കപ്പെട്ട നല്ലൊരു പുസ്തകമാണ്.
അവലംബം : onislam.net
വിവ : കെ എ ഖാദര്‍ ഫൈസി