ഉത്തരം : ഉന്നയിക്കപ്പെട്ട ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങള്‍ ആദ്യം സൂചിപ്പിക്കാം.
1. ഇസ്ഹാഖ് നബിയുടെ മകനും ഇബ്രാഹീം നബിയുടെ പേരമകനുമായ യഅ്ഖൂബ് നബിയുടെ സന്താനപരമ്പരയെയാണ് വിശുദ്ധ ഖുര്‍ആന്‍ ഇസ്രയേല്‍ സന്തതികള്‍ എന്ന് അഭിസംബോധനം ചെയ്യുന്നത്. യഅ്ഖൂബ് നബിയുടെ മറ്റൊരു പേരായിരുന്നു ഇസ്രയേല്‍, യഅ്ഖൂബ് മുസ്‌ലിമായിരുന്നു. ഖുര്‍ആന്‍ പറയുന്നു ‘ഇബ്‌റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: ”എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു തന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്‌ലിംകളായല്ലാതെ മരണപ്പെടരുത്. എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക’യെന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ചോദിച്ചപ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ പറഞ്ഞു: ”ഞങ്ങള്‍ അങ്ങയുടെ ദൈവത്തെയാണ് ആരാധിക്കുക. അങ്ങയുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ഞങ്ങള്‍ അവന് കീഴ്‌പ്പെട്ട് കഴിയുന്നവരാകും.” (അല്‍ ബഖറ 132-33)
2. ഗോത്രത്തിന്റെയോ വംശത്തിന്റെയോ പേരില്‍ അല്ലാഹു ഒരു ജനതയെയും തെരഞ്ഞെടുത്തിട്ടില്ല, മറിച്ച് ഇസ്‌ലാമിന്റെ പേരിലാണ് ജനങ്ങളെ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിട്ടുള്ളത്.
3. ഇസ്രയേല്‍ സന്തതികള്‍ ഇസ്‌ലാം അനുസരിച്ച് ജീവിച്ച കാലത്ത് അവരായിരുന്നു ഏറ്റവും ഉത്തമ സമുദായം. അവര്‍ മുസ്‌ലിംകളും മറ്റുള്ളവര്‍ സത്യനിഷേധികളും ബഹുദൈവാരാധകരുമായിരുന്നു.
4. അല്ലാഹുവിന്റെ ദൂതന്മാരുടെ നാടും അവന്റെ സന്ദേശം ഇറങ്ങിയ നാടുമെന്ന നിലയില്‍ പുണ്യഭൂമി അനുഗ്രഹീത ഭൂമിയാണ്. യഅ്ഖൂബ് നബിയുടെ പരമ്പരയില്‍ പെട്ട മൂസാ, ദാവൂദ്, സുലൈമാന്‍, ഈസാ തുടങ്ങിയവരെല്ലാം പുണ്യഭൂമിയില്‍ നിയോഗിക്കപ്പെട്ടവരായിരുന്നു.
5. മൂസായുടെ അനുയായികളോട് പുണ്യഭൂമി മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പുണ്യഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു കന്‍ആനികളുമായി യുദ്ധം ചെയ്താല്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ അവര്‍ പുണ്യഭൂമിയുടെ വിമോചനത്തില്‍ നിന്നും ഒഴിഞ്ഞുമാറി. പ്രവാചകന്‍ മൂസായെ കളിയാക്കുകയും അദ്ദേഹത്തിന്റെ ആജ്ഞയെ ധിക്കരിക്കുകയും ചെയ്തു. ‘എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പുണ്യഭൂമിയില്‍ പ്രവേശിക്കുക. പിറകോട്ട് തിരിച്ചുപോകരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ പരാജിതരായിത്തീരും. അവര്‍ പറഞ്ഞു: ”ഹേ, മൂസാ, പരാക്രമികളായ ജനമാണ് അവിടെയുള്ളത്. അവര്‍ പുറത്തുപോകാതെ ഞങ്ങളവിടെ പ്രവേശിക്കുകയില്ല. അവര്‍ അവിടം വിട്ടൊഴിഞ്ഞാല്‍ ഞങ്ങളങ്ങോട്ടുപോകാം. ദൈവഭയമുള്ളവരും ദിവ്യാനുഗ്രഹം ലഭിച്ചവരുമായ രണ്ടുപേര്‍ മുന്നോട്ടുവന്നു. അവര്‍ പറഞ്ഞു: ”പട്ടണവാതിലിലൂടെ നിങ്ങളവിടെ കടന്നുചെല്ലുക. അങ്ങനെ പ്രവേശിച്ചാല്‍ തീര്‍ച്ചയായും നിങ്ങളാണ് വിജയികളാവുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. എന്നാല്‍ അവര്‍ ഇതുതന്നെ പറയുകയാണുണ്ടായത്: മൂസാ, അവരവിടെ ഉള്ളേടത്തോളം കാലം ഞങ്ങളങ്ങോട്ട് പോവുകയില്ല. അതിനാല്‍ താനും തന്റെ രക്ഷിതാവും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം. മൂസാ പ്രാര്‍ഥിച്ചു: ”എന്റെ നാഥാ, എന്റെയും എന്റെ സഹോദരന്റെയും മേലല്ലാതെ എനിക്കു നിയന്ത്രണമില്ല. അതിനാല്‍ ധിക്കാരികളായ ഈ ജനത്തില്‍നിന്ന് നീ ഞങ്ങളെ വേര്‍പെടുത്തേണമേ. അല്ലാഹു മൂസായെ അറിയിച്ചു: ”തീര്‍ച്ചയായും നാല്‍പതു കൊല്ലത്തേക്ക് ആ പ്രദേശം അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. അക്കാലമത്രയും അവര്‍ ഭൂമിയില്‍ അലഞ്ഞുതിരിയും. അധാര്‍മികരായ ഈ ജനത്തിന്റെ പേരില്‍ നീ ദുഃഖിക്കേണ്ടതില്ല.” (അല്‍മാഇദ 21-26)
6. അല്ലാഹുവിന് എല്ലാം സമര്‍പ്പിച്ച് അവനെ വണങ്ങി ജീവിക്കുന്ന അടിമകള്‍ക്ക് അവന്‍ ഒരുക്കിവെച്ചിട്ടുള്ളതാണ് പുണ്യഭൂമി.
7. ദൈവിക അധ്യാപനങ്ങളിലും ദൈവാരാധനയിലും മുസ്‌ലിംകള്‍ അലംഭാവം കാണിച്ചപ്പോഴാണ് വിശുദ്ധ ഭൂമിയിലേക്കുള്ള അധിനിവേശം നടന്നത്. പുണ്യഭൂമിയിലേക്കുള്ള ജൂതരുടെ അധിനിവേശം അല്‍പ്പം അവിചാരിതവുമായിരുന്നു. അല്ലാഹുവിന്റെ ആജ്ഞാനിര്‍ദ്ദേശങ്ങളെ ശിരസ്സാവഹിക്കുന്ന യഥാര്‍ഥ അടിമകളെ കാത്തിരിക്കുകയാണ് പുണ്യഭൂമി. അവരാണ് അതിനെ മോചിപ്പിക്കുക.
ഇനി വിശദീകരിക്കാം. ക്രിസ്തുവിന് 20 നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ഇബ്രാഹീം നബിയുടെ സന്തതികളില്‍ പെട്ട ഒരുവിഭാഗം യുഫ്രട്ടീസിന്റെ തീരങ്ങളില്‍ മേച്ചില്‍പുറങ്ങള്‍ തേടി അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു. അവര്‍ പടിഞ്ഞാറോട്ട് നീങ്ങി ഗലീലീ മുറിച്ചു കടന്നു. ഹിബ്രു എന്ന പേരാണ് അവര്‍ക്ക് നല്‍കപ്പെട്ടത്, ഇന്നവര്‍ ജൂതര്‍ എന്നറിയപ്പെടുന്നു. പ്രത്യേക ലക്ഷ്യമില്ലാതെ സഞ്ചരിച്ച അവര്‍ ഒടുക്കം ഈജിപ്തിലെത്തി. അവിടെ അവര്‍ 5 നൂറ്റാണ്ടോളം സമാധാനത്തോടെ കഴിഞ്ഞു.
ഫറോവമാര്‍ എന്നറിയപ്പെട്ട ഈജിപ്തിലെ രാജാക്കന്മാര്‍ ജൂതരെ തങ്ങളുടെ വരുതിയിലാക്കുകയും അവരെ നിന്ദ്യരാക്കുകയും ചെയ്തു. മൂസാ നബി (അ) അവരിലേക്ക് നിയോഗിക്കപ്പെട്ടതിന് ശേഷമാണ് അവര്‍ക്കതില്‍ നിന്നും രക്ഷപ്പെടാനായത്. സിനായിലൂടെ അദ്ദേഹം അവരെ ഒരു പുതിയ പ്രദേശത്തേക്ക് നയിച്ചു. പുണ്യഭൂമിയായ ഫലസ്തീനിലേക്ക് പ്രവേശിക്കാനുള്ള കല്‍പ്പനയുണ്ടായിട്ടും അവര്‍ മടിച്ചുനിന്നു. അപ്പോള്‍ ഫലസ്തീനില്‍ ഭരണം നടത്തിയിരുന്നത് കന്‍ആനികളായിരുന്നു. ജൂതര്‍ ദൈവിക അധ്യാപനങ്ങളിലുള്ള ധിക്കാരം തുടരുകയും ദൈവിക മതത്തില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരിലേക്ക് ബാബിലോണിലെ ഗവര്‍ണറായ മുഖ്തനസറിനെ നിയോഗിച്ചു. അദ്ദേഹം അവരെ അടിമപ്പെടുത്തുകയും നിന്ദ്യരാക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഫലസ്തീനിലേക്ക് തിരിച്ചു വന്നു. അവരില്‍ ചിലര്‍ അറേബ്യന്‍ ഉപദ്വീപിലേക്ക് പോയി അവിടെ താമസമാരംഭിച്ചു. അറേബ്യന്‍ ഉപദ്വീപില്‍ താമസിച്ചിരുന്ന ജൂതരാണ് പ്രവാചകന്റെ കാലത്ത് ഇസ്‌ലാമിനെതിരെ ശത്രുത പുലര്‍ത്തുകയും പ്രവാചകനുമായി യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തത്. പിന്നീട് അവര്‍ അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് മുസ്‌ലിംകളാല്‍ തുടച്ചുനീക്കപ്പെട്ടു.
അല്ലാഹുവിന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ മുസ്‌ലിംകള്‍ വീഴ്ച്ച വരുത്തിയ സന്ദര്‍ഭം ഉപയോഗപ്പെടുത്തി പിന്നീട് ജൂതര്‍ ഫലസ്തീന്‍ അധിനിവേശപ്പെടുത്തുകയായിരുന്നു. അവര്‍ എക്കാലത്തും അവിടെ ഉണ്ടായിരുന്നവരല്ല, അത്തരം വ്യാഖ്യാനങ്ങള്‍ ചമക്കുന്നത് അവരുടെ ഉള്ളില്‍ കുടികൊള്ളുന്ന പിശാചാണ്. വീണ്ടുമൊരു കനത്ത പരാജയവും ആഘാതവും അവരെ പിടികൂടും. മുസ്‌ലിംകള്‍ അല്ലാഹുവിലേക്ക് മടങ്ങുകയും ഐക്യപ്പെടുകയും ചെയ്യുമ്പോള്‍ അവരില്‍ നിന്നായിരിക്കും ജൂതര്‍ക്ക് ഈ പരാജയം രുചിക്കേണ്ടി വരികയെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു. ‘നിന്റെ നാഥന്‍ പ്രഖ്യാപിച്ചതോര്‍ക്കുക: അവരെ ക്രൂരമായി ശിക്ഷിച്ചുകൊണ്ടിരിക്കുന്നവരെ അവരുടെനേരെ അന്ത്യനാള്‍ വരെയും അവന്‍ നിയോഗിച്ചുകൊണ്ടിരിക്കും. നിന്റെ നാഥന്‍ വളരെ വേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും കരുണാമയനും’ (അല്‍അഅ്‌റാഫ് 167)
തങ്ങളുടെ വാഗ്ദത്ത ഭൂമി എന്ന നിലയില്‍ ഫലസ്തീന്‍ തിരിച്ചു പിടിക്കാന്‍ അവകാശമുണ്ടെന്ന ജൂതരുടെ വാദത്തിനുള്ള നമ്മുടെ മറുപടി ഇതാണ്. ‘എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പുണ്യഭൂമിയില്‍ പ്രവേശിക്കുക’ എന്ന അല്ലാഹുവിന്റെ വാഗ്ദാനം അവര്‍ അല്ലാഹുവിന്റെ ആജ്ഞകള്‍ അനുസരിക്കുന്നത് വരെ മാത്രമാണ് നിലനില്‍ക്കുന്നത്. അവര്‍ അല്ലാഹുവിന്റെ ആജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍, ധിക്കാരം കാണിക്കുമ്പോള്‍, ഈ വാ്ഗദാനവും ഇല്ലാതായിപ്പോകുന്നു. അതോടൊപ്പം അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്, ഈ വാഗ്ദാനം എന്നെന്നേക്കുമുള്ളതല്ല മറിച്ച് പ്രത്യേക കാലത്തേക്ക് മാത്രമുള്ളതാണ്. ഇപ്പോള്‍ ഈ വാഗ്ദാനത്തിന് യാതൊരു പ്രസക്തിയുമില്ല. അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു ‘സബൂറില്‍ ഉദ്‌ബോധനത്തിനുശേഷം നാമിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: ”ഭൂമിയുടെ പിന്തുടര്‍ച്ചാവകാശം സച്ചരിതരായ എന്റെ ദാസന്മാര്‍ക്കായിരിക്കും’ (അല്‍അമ്പിയാഅ് 105). അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍.
(അല്‍ അസ്ഹര്‍ ഫത്‌വ വിഭാഗം മുന്‍ മേധാവിയാണ് ശൈഖ് അത്വിയ്യ സഖ്ര്‍)
വിവ : ജലീസ് കോഡൂര്‍