ചോദ്യം: ഞാനൊരു മുസ്‌ലിമാണ്. പക്ഷേ, എന്റെ പിതാവ് എനിക്കൊരു യൂറോപ്യന്‍ പേരാണ് നല്‍കിയത്. മുസ്‌ലിംകള്‍ മുസ്‌ലിം പേര് തന്നെ സ്വീകരിക്കേണ്ടതുണ്ടോ?
മറുപടി: ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാനുള്ള താങ്കളുടെ ആഗ്രഹത്തെ ഞാന്‍ ആദ്യമായി അഭിനന്ദിക്കുകയാണ്. അല്ലാഹു താങ്കള്‍ക്ക് ദീനില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്ത് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
താങ്കളുടെ ചോദ്യത്തിലേക്ക് വരുമ്പോള്‍, ഇസ്‌ലാമിക അധ്യാപനങ്ങളുമായി ഏറ്റുമുട്ടാത്തിടത്തോളം താങ്കളുടെ പേര് താങ്കള്‍ മാറ്റേണ്ടതില്ല. ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കോ പ്രമാണങ്ങള്‍ക്കോ വിരുദ്ധമാണെങ്കില്‍ അത് മാറ്റുകയും വേണം. തങ്ങളുടെ ബഹുദൈവവിശ്വാസികളായ മാതാപിതാക്കള്‍ നല്‍കിയ പേരുകള്‍ നിലനിര്‍ത്താന്‍ പ്രവാചകന്‍(സ) സ്വഹാബാക്കള്‍ക്കു അനുമതി കൊടുത്തിരുന്നു. അനിസ്‌ലാമികമായ അര്‍ത്ഥങ്ങള്‍ ഉള്ള പേരുകള്‍ മാത്രമാണ് പ്രവാചകന്‍ മാറ്റിയത്. അബൂബക്കര്‍(റ)ന്റെ ജാഹിലിയ്യാ കാലത്തെ പേര് അബ്ദുല്‍ കഅ്ബാ (കഅ്ബയുടെ അടിമ) എന്നായിരുന്നു. പ്രവാചകന്‍ അത് മാറ്റി അബ്ദുല്ലാഹ് എന്നാക്കി. സ്വഅബ് (കഠിനമായത്) എന്ന പേര് മാറ്റി സഹ്‌ല് (എളുപ്പമുള്ളത്) എന്നാക്കി. ഹര്‍ബ് (യുദ്ധം) എന്ന പേര് മാറ്റി സലാം (സമാധാനം) എന്നാക്കി.
താങ്കളുടെ മുസ്‌ലിം ഐഡിന്റിറ്റി തെളിയിക്കുന്നതിനായി മാതാപിതാക്കള്‍ നല്‍കിയ പേരിനോടൊപ്പം തന്നെ ഒരു മുസ്‌ലിം പേര് ചേര്‍ക്കുന്നതിനും പ്രശ്‌നമില്ല. ഇനി മേല്‍ സൂചിപ്പിച്ച കുഴപ്പങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആ പേര് മാത്രമായി നിലനിര്‍ത്തുകയും ചെയ്യാം.