മോഷണ മുതലാണെന്ന് അറിഞ്ഞു കൊണ്ട് ഒരു വസ്തു വാങ്ങുന്നതിന്റെ വിധി എന്താണ്?
മറുപടി: വില്‍പന നടത്തുന്ന വസ്തു വില്‍ക്കുന്നവന്റെ ഉടമസ്ഥതയിലുള്ളതായിരിക്കണം എന്നത് കച്ചവടം സാധുവാകുന്നതിന് ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന ഉപാധിയാണ്. എന്നാല്‍ മോഷണ മുതലിന്റെ ഉടമസ്ഥാവകാശം അത് കൈവശം വെക്കുന്ന ആള്‍ക്ക് ഇല്ല. കാരണം മറ്റൊരാളുടെ അവകാശമാണത്. വാങ്ങുന്ന ആള്‍ ആ വസ്തു മോഷണ വസ്തുവാണെന്ന് മനസ്സിലാക്കിയാല്‍ കച്ചവടം സാധുവാകുകയില്ല. അതുകൊണ്ട് തന്നെ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് അനുവദനീയമല്ലാത്ത കച്ചവടമാണത്. അന്യായമായി ആളുകളുടെ സമ്പത്ത് ആഹരിക്കുന്നതിന്റെ ഗണത്തിലാണ് അതുള്‍പ്പെടുക. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ ധനം അന്യോനം അന്യായമായി ആഹരിക്കാതിരിക്കുക.’ (അല്‍ബഖറ: 188)
നബി(സ) പറയുന്നു: ‘ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ രക്തവും സമ്പത്തും അഭിമാനവും നിഷിദ്ധമാണ്.’ (മുസ്‌ലിം)
കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാന്‍ ബാധ്യസ്ഥരാണ് നമ്മള്‍. ഒരു കുറ്റവാളി കുറ്റകൃത്യത്തിന്റെ ഫലമെടുക്കുന്ന് തടയുകയും അവകാശങ്ങള്‍ അതിന്റെ ആളുകള്‍ക്ക് തിരിച്ചു നല്‍കുകയും ചെയ്യേണ്ടവരാണ് നാം.
വിവ: നസീഫ്