Wednesday, October 9, 2024
Homeവിശ്വാസംസേഛ്വാധിപത്യത്തിന്റെ തേര്‍വാഴ്ചയും അന്ത്യനാളും

സേഛ്വാധിപത്യത്തിന്റെ തേര്‍വാഴ്ചയും അന്ത്യനാളും

ചോദ്യം :  രാഷ്ട്രീയ സേഛ്വാധിപത്യം അന്ത്യനാളിന്റെ അടയാളമാണെന്ന വാദം ശരിയാണോ. അത് ശരിയാണെങ്കില്‍ തന്നെ ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ സേഛ്വാധിപത്യം വാണിരുന്നതായി കാണാമല്ലോ?

അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം രാഷ്ട്രീയ സേഛ്വാധിപത്യത്തിന്റെതാണ്. ജനാഭിലാഷം പരിഗണിക്കാതെ ഒരു പ്രത്യേക വിഭാഗം മാത്രം ഭരണത്തിലും അധികാരത്തിലും വാഴുക, ബലപ്രയോഗത്തിലൂടെ ജനതയെ തങ്ങളുടെ കീഴിലാക്കുക, സത്യത്തിന്റെ വാഹകരുമായി അകലം പാലിക്കുകയും തിന്മയുടെ വക്താക്കളുമായി അടുപ്പം സൂക്ഷിക്കുക എന്നതെല്ലാം ഇവിടെ നടന്നുകൊണ്ടിരിക്കുന്നു.

ഈ സേഛ്വാധിപത്യം മുസ്‌ലിം സമൂഹത്തിന്റെ ചിന്തയിലും ധാര്‍മികതയിലും നൂതനമായ ആവിഷ്‌കാരങ്ങളിലും കണ്ടുപിടുത്തങ്ങളിലുമെല്ലാം  വലിയ അപകടം സൃഷ്ടിച്ചിട്ടുണ്ട്. ഈ സേഛ്വാധിപത്യത്തിന്റെ ദുരന്തത്തെ കുറിച്ച് ശൈഖ് അബ്ദുര്‍റഹ്മാന്‍ അല്‍ കവാകിബി അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലൂടെ വിവരിച്ചത് നാം ഇവിടെ ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. ആധുനിക കാലത്ത് ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സാംസ്‌കാരിക രംഗത്തെ ഇടപെടലിലൂടെയും മാധ്യമങ്ങളുമുപയോഗിച്ചുമെല്ലാം ജനങ്ങളുടെ ചിന്തകളെയും അഭിരുചികളെയും താല്‍പര്യങ്ങളെയും സ്വാധീനിക്കാനുള്ള വലിയ സംവിധാനങ്ങള്‍ അവരുടെ കൈവശമുണ്ട്. ഈ ഏകാധിപത്യത്തിന്റെയും സേഛ്വാധിപത്യവാഴ്ചയുടെയും ഏറ്റവും വലിയ ദുരന്തമനുഭവിക്കേണ്ടിവന്നിട്ടുള്ളത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമാണ്. പീഢനങ്ങളോ പ്രതിസന്ധികളോ ഇല്ലാതെ ആശയപ്രചരണത്തിനും സ്വീകരിക്കാനുമുള്ള മാര്‍ഗം ഉണ്ടാകുമ്പോഴാണ് യഥാര്‍ഥ ഇസ്‌ലാമിക ചിന്ത പ്രശോഭിതമാകുന്നതും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതും. ആവിഷ്‌കാര സ്വാതന്ത്ര്യം ഇതില്‍ പരമപ്രധാനമാണ്.

ഈ സേഛ്വാധിപത്യവാഴ്ചയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ വളരെ പരിമിതമായ തോതില്‍ മാത്രമേ നടക്കുകയുള്ളൂ എന്നതിന് സമകാലിക ചരിത്രം സാക്ഷിയാണ്. അധികാര മുഷ്ടിയും ബലപ്രയോഗവും നടത്തിയതുകൊണ്ടാണ് മതേതരവാദികള്‍ക്ക് തുര്‍ക്കിയില്‍ വിദ്യാഭ്യാസത്തിലും നിയമനിര്‍മാണത്തിലും മാധ്യമങ്ങളിലും സാമൂഹിക ജീവിതത്തിലുമെല്ലാം സ്വാധീനം ചെലുത്താന്‍ സാധിച്ചത്. എന്നാല്‍ പതിറ്റാണ്ടുകളായുള്ള തീവ്രമതേതര ഭരണകൂടത്തിന്റെ പരിശ്രമങ്ങള്‍ കൊണ്ടൊന്നും ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ വേര് പിഴുതെറിയാന്‍ സാധിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഭരണാധികാരികളെ കൊണ്ട് മിക്ക അറേബ്യന്‍ രാഷ്ട്രങ്ങളും പരീക്ഷിക്കപ്പെട്ടതായി കാണാം.

ജനം അവരെ വെറുക്കുന്നു, അധരങ്ങള്‍ അവര്‍ക്കെതിരെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. സമൂഹം അവരുടെ തകര്‍ച്ച ആഘോഷിക്കാനിരിക്കുന്നു…എന്നാല്‍ പോലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 99.999% വോട്ടിന്റെ ഭൂരിപക്ഷത്തോടെ അവര്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
സേഛ്വാധിപത്യം രാഷ്ട്രീയത്തെ മാത്രമല്ല തകര്‍ക്കുന്നത്. ഭരണ വ്യവസ്ഥയെയും സാമ്പത്തിക രംഗത്തെയും ധാര്‍മിക-മത മേഖലകളുള്‍ക്കൊന്ന ജീവിതത്തെ ആകമാനം അത് തകര്‍ക്കുന്നു. സുകൃതം ചെയ്തവര്‍ക്ക് പ്രതിഫലവും തിന്മ ചെയ്തവര്‍ക്ക് ശിക്ഷയും നല്‍കുമ്പോഴാണ് വിശ്വസ്തതയുള്ള ഭരണം കാഴ്ച വെക്കാന്‍ സാധിക്കുക. എന്നാല്‍ സേഛ്വാധിപത്യം തങ്ങളുടെ വിശ്വസ്തരെ അവരുടെ യോഗ്യതയും അനുഭവപരിചയവും നോക്കാതെ ഭരണത്തിലിരുത്തുന്നു. മതനിഷ്ഠയും ധാര്‍മിക ബോധമുള്ളവരെ മാറ്റിനിര്‍ത്തി കപടന്മാരെയും ബന്ധുക്കളെയും തല്‍സ്ഥാനത്തിരുത്തുന്നു. അപ്രകാരം മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുകയും ജീവിതം അസ്വസ്ഥഭരിതമാകുകയും ചെയ്യും. സമൂഹം അതുമുഖേന നാശത്തിലകപ്പെടുകയും ചെയ്യും. പ്രവാചകന്‍ വിശദീകരിച്ചത് അതാണ്. അമാനത്ത് നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക. എപ്രകാരമാണ് അത് നഷ്ടപ്പെടുക എന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു. കാര്യങ്ങള്‍ അര്‍ഹരല്ലാത്തവരെ ഏല്‍പിക്കുകയാണെങ്കില്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക എന്നാണ്.

മനുഷ്യസമൂഹത്തിന്റെ ഏടുകള്‍ മൊത്തം ചുരുട്ടപ്പെടുന്ന ഒരു സമയമുണ്ട്. എല്ലാ സമുദായത്തിനും പ്രത്യേകമായ ഒരവധിയുണ്ട്.  അതില്‍ എല്ലാം നിഷ്പ്രഭമാകും. അതിനുള്ള വഴി ഒരുക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
 

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!