Friday, March 29, 2024
Homeവിശ്വാസംകുട്ടികള്‍ക്ക് അറബിപ്പേര് തന്നെ വിളിക്കണമോ!

കുട്ടികള്‍ക്ക് അറബിപ്പേര് തന്നെ വിളിക്കണമോ!

ഞാന്‍ ഇന്ത്യക്കാരനായ ഒരു മുസ്‌ലിം ആണ്. ഇപ്പോള്‍ ദോഹയിലാണ് താമസിക്കുന്നത്. എനിക്ക് അല്ലാഹു ഒരു മകനെ നല്‍കി. പക്ഷെ അവന് പേരിടുന്നതില്‍ കുടുംബക്കാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഞങ്ങളുടെ പാരമ്പര്യ കുടുംബ പേരുകള്‍ അവന് വിളിക്കണമെന്ന അഭിപ്രായമാണ് ചിലര്‍ക്കുള്ളത്. മുസ്‌ലിംകള്‍ക്കിടയില്‍ സുപരിചിതമായ ഇസ്‌ലാമിക നാമങ്ങള്‍ മാത്രമേ വിളിക്കാന്‍ പാടുള്ളൂ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. അനറബി നാമങ്ങള്‍ മക്കള്‍ക്കിടുന്നത് ഇസ്‌ലാമികമായി അനുവദനീയമാണോ?

മുസ്‌ലിം കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിര്‍ണിതമായ പേര് വിളിക്കണമെന്ന് ഇസ്‌ലാം കല്‍പിച്ചിട്ടില്ല. പേര് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുടുംബത്തിനാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പേരിടുന്നതിനു സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങള്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്.

1. നല്ല പേര് വിളിക്കുക. കുട്ടികളെ നിലവിലോ ഭാവിയിലോ ആക്ഷേപിക്കാന്‍ കാരണമാകുന്നതോ മോശമായ അര്‍ഥങ്ങളുള്ളതോ ആയ പേരുകള്‍ വിളിക്കരുത്. ഇത്തരത്തിലുള്ള പേരുകള്‍ ഉളളവരെ പ്രവാചകന്‍(സ) സുന്ദര നാമങ്ങള്‍ നല്‍കി മാറ്റി വിളിച്ചതായി കാണാം. ധിക്കാരി എന്നര്‍ഥത്തിലുള്ള ‘ഗാസിയ’ എന്നു പേരുള്ളവളെ പ്രവാചകന്‍(സ) ജമീല(സുന്ദരി) എന്നു മാറ്റി വിളിക്കുകയുണ്ടായി.

2. അല്ലാഹു അല്ലാത്തവരുടെ അടിമത്തം വരിക്കുന്ന പേരുകളാകരുത്. അബ്ദുല്‍ കഅ്ബ, അബ്ദുന്നബി, അബ്ദുല്‍ ഹുസൈന്‍ തുടങ്ങിയ പേരുകള്‍ വിളിക്കാന്‍ പാടില്ല. അബ്ദുല്‍ മുത്തലിബ് എന്നതൊഴികെ അല്ലാഹു അല്ലാത്തവരുടെ അടിമത്തത്തിലേക്ക് ചേര്‍ക്കുന്ന പേരുകള്‍ ഹറാമാണെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്ന് ഇമാം ഇബ്‌നു ഹസം രേഖപ്പെടുത്തിയിട്ടുണ്ട്.
അനറബി നാമങ്ങളായ ഗുലാം അഹ്മദ് (അഹ്മദിന്റെ അടിമ) ഗുലാം അലി, ഗുലാം ജീലാനി തുടങ്ങിയ നാമങ്ങള്‍ ഇതിനോട് സാമ്യതയുള്ളതാണ്.

3. മനുഷ്യര്‍ക്ക് അവകാശവാദത്തിന് വകയില്ലാത്ത പൊങ്ങച്ചത്തിന്റെയും അഹങ്കാരത്തിന്റെയും സൂചകങ്ങളായ പേരുകള്‍ സ്വീകരിക്കരുത്. പ്രവാചകന്‍ പറഞ്ഞു: ‘ നാളെ പരലോകത്ത് അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ടമായ നാമമാണ് ‘മലികുല്‍ അംലാക്’ (രാജാധി രാജന്‍) എന്നത്. കാരണം അല്ലാഹുവിനല്ലാതെ രാജാധികാരവും ഉടമാധികാരവുമില്ല. (ബുഖാരി,മുസ്‌ലിം)

അപ്രകാരം അല്ലാഹുവിന്റെ സുന്ദരനാമങ്ങള്‍ വിളിക്കുമ്പോള്‍ അബ്ദ് ചേര്‍ത്ത് വിളിക്കണം. ഇത്തരം വിളിപ്പേരുകള്‍ അരോചകമായതാണെങ്കിലും അത് ഇടുന്നതില്‍ കുഴപ്പമൊന്നുമില്ല. അലി, ഹകീം, അസീസ്, ഹലീം റഊഫ്, ഹാദി, നാഫി തുടങ്ങിയവ പ്രമുഖ സഹാബിമാരുടെ പേരുകളായിരുന്നല്ലോ…

4. പ്രവാചകന്മാരുടെയും സഹാബികളുടെയും സച്ചരിതരുടെയും നാമങ്ങള്‍ അവരുടെ മഹനീയ സ്മരണകള്‍ നിലനിര്‍ത്താനും അനുധാവനം ചെയ്യാനുമായി വിളിക്കുന്നത് സുന്നത്താണ്.  
അപ്രകാരം അല്ലാഹുവിന്റെ അടിമ എന്നര്‍ഥത്തിലുളള പേരുകളും സുന്നത്താണ്. പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹുവിന് ഏറ്റവും ഇഷ്ടകരമായ നാമങ്ങളാണ് അബ്ദുര്‍റഹ്മാന്‍, അബ്ദുല്ല.’ (മുസ്‌ലിം) അസ്മാഉല്‍ ഹുസ്‌ന എന്നു വിളിക്കപ്പെടുന്ന അല്ലാഹുവിന്റെ മറ്റ് സുന്ദര നാമങ്ങളും വിളിക്കുന്നത് അഭികാമ്യമാണ്.

5. ഭാഷയില്‍ നല്ല അര്‍ഥമുള്ള അനറബി പേരുകള്‍ വിളിക്കുന്നതിന് ഒരു കര്‍മശാസ്ത്ര വിശാരദനും എതിര് പ്രകടിപ്പിച്ചതായി എനിക്കറിയില്ല. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷവും നിരവധി മുസ്‌ലിംകള്‍ തങ്ങളുടെ അനറബി പേരുകള്‍ തന്നെ നിലനിര്‍ത്തിയതായി കാണാം. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രവാചക പത്‌നിയായ ‘മാരിയതുല്‍ ഖിബ്ത്വിയ്യ’. അവര്‍ പിന്നീടും ആ പേരില്‍ തന്നെയാണ് അറിയപ്പെട്ടത്.

സഹാബികളില്‍ ചിലര്‍ക്ക് ചെടികളുടെയും വൃക്ഷങ്ങളുടെയും പേരുള്ളതായി കാണാം. ത്വല്‍ഹ, സല്‍മ, ഹന്‍ളല തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

അസദ്(സിംഹം), ഫഹദ്(പുലി), ഹൈസം, സഖര്‍(പരുന്ത്) തുടങ്ങിയ മൃഗങ്ങളുടെയും പക്ഷികളുടെയും പേരുകളുള്ളവരെ സഹാബികളില്‍ കാണാം.

ബഹര്‍(സമുദ്രം), ജബല്‍(പര്‍വതം), സഖര്‍(പാറ) തുടങ്ങിയ വസ്തുക്കളുടെ നാമങ്ങളുള്ളവര്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു.

ആമിര്‍, സാലിം, ഉമര്‍, സഈദ്, ഫാത്വിമ, ആഇശ, സഫിയ്യ, മൈമൂന തുടങ്ങിയ വിശേഷ നാമങ്ങള്‍ സ്വീകരിച്ചവരും അവര്‍ക്കിടയില്‍ കാണാം.

ഇബ്രാഹീം, ഇസ്മാഈല്‍, യൂസുഫ്, മൂസാ, ഈസാ, മര്‍യം തുടങ്ങിയ പൂര്‍വീക സമൂഹങ്ങളില്‍ ജീവിച്ചിരുന്ന പ്രവാചകന്മാരുടെയും സച്ചരിതരുടെയും പേരുകള്‍ സ്വീകരിച്ചവരും അവരില്‍ ഉണ്ടായിരുന്നു.

ഇതില്‍ നിന്നും ഒരു മുസ്‌ലിമിന് തന്റെ മക്കള്‍ക്ക് അറബി- അനറബി പേരുകള്‍ വിളിക്കുന്നത് അനുവദനീയമാണ് എന്നു മനസ്സിലാക്കാം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!