Friday, July 19, 2024
Homeവിശ്വാസംകുട്ടികളുടെ സമ്പാദ്യത്തിൽ നിന്നും നൽകുന്ന സ്വദഖ

കുട്ടികളുടെ സമ്പാദ്യത്തിൽ നിന്നും നൽകുന്ന സ്വദഖ

ചോദ്യം- കുട്ടികളുടെ സമ്പാദ്യത്തിൽ നിന്നും നൽകുന്ന സ്വദഖ നൽകുന്നതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്.?

ഉത്തരം- കുട്ടികൾ അവരുടെ സമ്പാദ്യത്തിൽ നിന്നും സ്വദഖ നൽകുന്നതിനെ ചിലർ തടയുന്നുണ്ട്. ഫലസ്ഥീൻ, മസ്ജിദുൽ അഖ്‌സാ നിവാസികൾക്ക് നൽകുന്നതിനെ പോലും തടയുന്നുണ്ട്. ചില കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നുത്. ശരീഅത്തിന്റെ വിധിന്യായങ്ങളുടെ അടിസ്ഥാന തത്വം അത് വികാരങ്ങളിൽ നിന്നും സഹാനുഭൂതികളിൽ നിന്നുമെല്ലാം അകലെയായിരിക്കണം എന്നതാണ്. കാരണം, തെളിവുകൾ അടിസ്ഥാനപ്പെടുത്തിയാണ് ശരീഅത്തിൽ നിയമനിർമ്മാണങ്ങൾ നടത്തുന്നത്. വികാരത്തിന് അവിടെ യാതൊരു സ്ഥാനവുമില്ല.

കുട്ടികൾ സ്വദഖ നൽകുന്നത്, അത് അവരുടെ രക്ഷിതാവിൽ നിന്നോ അവരിൽ നിന്ന് തന്നെയോ ആകട്ടെ, ശരിയല്ല എന്ന് പറയുന്നത് അത് ചിലപ്പോൾ അവർക്ക് ദോഷം വരുത്തുകയോ അവരുടെ സമ്പാദ്യത്തിൽ അനാവശ്യ കൈകടത്തലുകൾ വരുമോ എന്നതെല്ലാം പരിഗണിച്ചാണ്. ഒരു കുട്ടി തന്റെ സമ്പാദ്യത്തിൽ നിന്ന് സ്വദഖ നൽകിയാൽ, രക്ഷിതാവിന്റെ സമ്മത പ്രകാരമാണെങ്കിലും, അത് അനുവദനീയമാകില്ല. എല്ലാ ഇടപാടുകളിൽ നിന്നും വിലക്കുള്ളവരായിട്ടാണ് കുട്ടികളെ കർമ്മശാസ്ത്ര പണ്ഡിതന്മാർ പരിഗണിച്ചിട്ടുള്ളത്. അവരിൽ നിന്നുള്ള സാമ്പത്തികമായ ഇടപാടുകളും സ്വീകരിക്കപ്പെടുകയില്ല.

മജല്ലത്തുൽ അഹ്കാമുൽ അദ്‌ലിയ്യ എന്ന ഗ്രന്ഥത്തിൽ കാണാം: ‘സ്വദഖയും വായ്പയും അതുപോലുള്ള മറ്റു ഇടപാടുകളും, പാരത്രികമായ നേട്ടം അതിലെത്രതന്നെ ഉണ്ടെങ്കിലും, അത് ശരിയല്ല. കാരണം, അതിൽ ചില ഐഹികമായ പ്രശ്‌നങ്ങളുണ്ട്’. മഹാനായ ഇബ്‌നു ഖുദാമയുടെ മുഗ്നിയിൽ കാണാം: ഒരു കുട്ടി മറ്റൊരാൾക്ക് നൽകുന്ന സമ്മാനം സ്വീകരിക്കപ്പെടുകയില്ലെന്ന് മാത്രമല്ല അത് അനുവദനീയവുമല്ല. രക്ഷിതാവിന്റെ സമ്മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതങ്ങനെത്തന്നെയാണ്. കാരണം കുട്ടികൾക്ക് അതിൽ വിലക്കുണ്ട്. അതിനാൽ തന്നെ അവർ സൗജന്യമായി നൽകിയാൽ പോലും അത് അനുവദനീയമാവുകയില്ല. ഭൂരിഭാഗം കർമ്മശാസ്ത്ര പണ്ഡിതന്മാരും ഈ വിഷയത്തിൽ ഫത്‌വ പറയുന്ന സമയത്ത് ഏകകണ്ഠമായ അഭിപ്രായമാണ് പറയാറുള്ളത്. സത്യത്തിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ ഇതൊരു അഭിപ്രായ ഭിന്നതയുള്ള വിഷയമാണ്. അതിനെക്കുറിച്ചുള്ള ചില വികശകലനങ്ങളാണ് താഴെ.

യുക്തിപൂർണമായ ഗവേഷണമാണ് വിലക്കിന് കാരണം:
പ്രസ്തുത വിഷയത്തിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ ഖുർആനെയോ ഹദീസിനെയോ കൈമാറ്റം ചെയ്യപ്പെട്ട തെളിവുകളെയോ അവലംബിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കുട്ടികളെയും അവരുടെ സമ്പത്തിനെയും തൊട്ടുള്ള അപകടങ്ങളെയും ദ്രോഹങ്ങളെയും തടയുന്നതിൽ യുക്തിപൂർണായ തെളിവുകളെയാണ് അവലെല്ലാം തന്നെ അവലംബിച്ചിട്ടുള്ളത്.

കുട്ടികളുടെ സാമ്പത്തിക ഇടപാടുകളിൽ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായ ഭിന്നത:
കുട്ടികളുടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും വിലക്കപ്പെട്ടതല്ല. മറിച്ച് കർമ്മശാസ്ത്ര പണ്ഡിതന്മാർ അഭിപ്രായ ഭിന്നതയിലായത് ഏത് കാര്യത്തിലാണ് എന്നാണ് നോക്കേണ്ടത്. വസ്വിയത്തിലുള്ളത് പോലെത്തന്നെ. വസ്വിയത്ത് സ്വദഖയേക്കാൾ വലിയ കാര്യമാണെന്നതിൽ ഒട്ടും സംശയമില്ല. അപ്രകാരം തന്നെയാണ് കുട്ടിയുടെ സകാത്ത് നൽകുന്നതും.

അൽ-മൻസൂർ എന്ന ഗ്രന്ഥത്തിൽ ഇമാം സർക്കശി പറയുന്നു: ‘സകാത്ത് നൽകപ്പെടേണ്ട വ്യക്തിയെ വ്യക്തമാക്കിക്കൊടുത്തതിന് ശേഷം സകാത്ത് അയാൾക്ക് നൽകാൻ കുട്ടിയെ ഏൽപിക്കുന്നത് അനുവദനീയമാണ്. എന്നാൽ നൽക്കപ്പെടേണ്ട വ്യക്തിയെ നിർണ്ണയിച്ച് നൽകിയിട്ടില്ലെങ്കിൽ ഇത് അനുവദനീയമാകില്ല. ഇമാം ബഗ്‌വി തന്റെ ഫതാവയിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. കടങ്ങൾ, വസ്വിയത്ത് പോലെ നിർണ്ണിതമായ കാര്യങ്ങളോടാണ് അതിനെ സാമ്യപ്പെടുത്തുന്നത്’. ഹമ്പലി മദ്ഹബിലെ ചില പണ്ഡിതന്മാരെ പോലെ രക്ഷിതാവ് സമ്മതം നൽകിയാൽ കുട്ടികൾക്ക് സ്വദഖ നൽകാമെന്ന് പറയുന്ന പണ്ഡിതന്മാരുമുണ്ട്. ഹമ്പലി മദ്ഹബിലെ ഗ്രന്ഥമായ ഇൻസ്വാഫിൽ പറയുന്നു: ‘വിലക്കേർപ്പെടുത്തപ്പെടുന്നത് നന്മക്ക് വേണ്ടിയാണ്. കുട്ടികൾ, ഭ്രാന്തൻ, പൊട്ടൻ എന്നിവരാണ് വിലക്കപ്പെട്ടവരിൽ പെടുന്നത്. സമ്മതം നൽകപ്പെടാതെ ഇവർ നൽകുന്ന സ്വദഖ അനുവദനീയമല്ല. ഇതാണ് മദ്ഹബിന്റെ അഭിപ്രായത്തെയാണ് മദ്ഹബിലെ അസ്ഹാബുകളും പിന്തുടരുന്നത്’. അശ്ശബകത്തുൽ ഇസ്‌ലാമിയ്യയുടെ ഫത്‌വയിൽ കാണാം: ‘ഒരു കുട്ടി അവൻ സ്വയം സ്വദഖ നൽകിയാലാണ് അത് സ്വീകരിക്കപ്പെടാതിരിക്കുക. അതേസമയം, ഒരു കുട്ടി സ്വദഖയുമായി വന്ന് ഇത് നിങ്ങൾക്ക് നൽകാൻ എന്റെ പിതാവ് എന്നെ അയച്ചതാണെന്ന് പറഞ്ഞാൽ സ്വീകർത്താവിന് ആ കുട്ടി കളവ് പറഞ്ഞതാണെന്ന് തോന്നുന്നില്ലെങ്കിൽ അത് സ്വീകരിക്കാവുന്നതാണ്’.

കുട്ടികളുടെ സാമ്പത്തിക ഇടപാട് അനുവദനീയമാണെന്നതിനുള്ള തെളിവുകൾ:
കുട്ടികളുമായുള്ള സാമ്പത്തിക ഇടപാടിനെ അനുവദനീയമാക്കുന്ന നിരവധി തെളിവുകൾ മുൻകാല പണ്ഡിതന്മാരിൽ നിന്നും വന്നിട്ടുണ്ട്. മഹാനായ ഇബ്‌നു ഹസ്മ് തന്റെ ഗ്രന്ഥമായ അൽ-മുഹല്ലാ ബിൽആസാറിൽ അത് ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ചിലത്:

ബിഅ്‌റ് ജശ്മിലെ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്ക് തന്റെ വസ്വിയത്ത് പൂർത്തീകരിക്കാൻ ഉമർ(റ) അനുവാദം നൽകി. അംറ് ബ്‌നു സലീം പറയുന്നു: വസ്വിയത്ത് പ്രകാരം മുപ്പതിനായിരും ദിർഹമിന ഞാനത് വിറ്റു.

ഇബ്‌നു മസ്ഊദി(റ)ൽ നിന്ന് നിവേദനം: ഒരു കുട്ടിയുടെ വസ്വിയത്തിന് അനുവാദം നൽകി അദ്ദേഹം പറഞ്ഞു: പ്രമുഖരായ സ്വഹാബികൾ അത് അനുവദനീയമാക്കിയിട്ടുണ്ട്.

ജാബിറുൽ ജുഅ്ഫി പറയുന്നു: അവകാശികളായ ആളുകൾക്ക്, ചെറിയവരായാലും വലിയവരായാലും, അവരുടെ വസ്വിയത്ത് പൂർത്തീകരിക്കാൻ ഞങ്ങൾ അനുവദിച്ചിരുന്നു.

സുഹിരിയിൽ നിന്ന് ഇബ്‌നു സമ്ആൻ നിവേദനം ചെയ്യുന്നു: നമസ്‌കാരം അറിയുന്നവനാണെങ്കിൽ പ്രായപൂർത്തിയായില്ലെങ്കിലും, ആൺകുട്ടിയായാലും പെൺകുട്ടിയായാലും, വസ്വിയത്തനുസരിച്ച് ചെയ്യൽ അനുവദനീയമാണ്.

ഇബ്രാഹീം നഖ്ഇ, അബ്ദുല്ലാഹ് ബ്‌നു ഉത്ബത്ത് ബ്‌നു മസ്ഊദ്, ശുറൈഹ് എന്നിവരിൽ നിന്ന് നിവേദനം: ഹഖ് എത്തിച്ചിട്ടുണ്ടെങ്കിൽ ചെറിയ കുട്ടികൾക്ക് അവരുടെ വസ്വിയത്ത് നടപ്പിൽ വരുത്താവുന്നതാണ്. മഹാനായ ലൈസ് ബ്‌നു സഅദും അതുപോലെ പറഞ്ഞിട്ടുണ്ട്. ഒമ്പതോ അതിൽ കൂടുതലോ പ്രായമായവുരടെ വസ്വിയത്തിന് ഇമാം മാലികും അനുവാദം നൽകിയിട്ടുണ്ട്.

ഖാളി ഉബൈദുല്ലാഹ് ബ്‌നു അൽ-ഹസനുൽ അമ്പരി പറയുന്നു: രണ്ട് ചെറിയ കുട്ടികൾക്ക് പ്രായപൂർത്തിയാകേണ്ട പ്രായത്തിന്റെ പകുതി ആയാൽ തന്നെ അവരുടെ വസ്വിയത്ത് അനുവദനീയമാകുന്നതാണ്.

മറ്റൊരു അഭിപ്രായം: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വസ്വിയത്ത് സ്വീകാര്യമാവുകയില്ല. ആർത്തവമോ പ്രായപൂർത്തിയോ ആയിട്ടില്ലാത്ത പെൺകുട്ടിയും അപ്രകാരം തന്നെയാണ്. അത്വാഅ് എന്നിവർ മഹാനായ ഇബ്‌നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: പ്രായപൂർത്തിയാകുന്നത് വരെ കുട്ടിയുടെ വസ്വിയത്ത് സ്വീകരിക്കപ്പെടുകയില്ല. ഹസനുൽ ബസ്വരിയും ഇത് ശരിവെച്ചിട്ടുണ്ട്. ഇമാം അബൂ ഹനീഫ, ശാഫിഈ, അബൂ സുലൈമാൻ എന്നിവരുടെയെല്ലാം അഭിപ്രായം ഇതുതന്നെയാണ്. ഇവരെല്ലാവരും തന്നെ ‘കുട്ടി പ്രായപൂർത്തിയാകുന്നത് വരെ’ എന്ന ഹദീസാണ് തെളിവായി ഉദ്ധരിക്കുന്നത്.

യഥാർത്ഥത്തിൽ ഈ ഹദീസ് നിർബന്ധമായ കാര്യങ്ങളിൽ വന്നവയാണ്, അനുവദനീയവയും സുന്നത്തുമായ കാര്യങ്ങളിലല്ല. കുട്ടിയുടെ സ്വദഖ നിർബന്ധമാണെന്ന് ആരും പറഞ്ഞിട്ടുമില്ല. പൊതുവായ നിയമം എന്ന് പറയുന്നത്, പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന എല്ലാ സൽകർമ്മങ്ങളും സ്വീകരിക്കപ്പെടുകയും അതിന് അവർക്ക് പ്രതിഫലം നൽകപ്പെടുകയും ചെയ്യും. എന്നാൽ അത് നിർബന്ധമല്ല താനും. നമസ്‌കാരം പോലെത്തന്നെ, അവരെ സംബന്ധിച്ചെടുത്തോളം അതൊരിക്കലും നിർബന്ധമല്ല, പക്ഷെ നമസ്‌കരിക്കുന്ന പക്ഷം പ്രതിഫലം നൽകപ്പെടും. ഹജ്ജിനും ഉംറക്കുമെല്ലാം പ്രതിഫലം നൽകപ്പെടും. അതൊന്നും കുട്ടികൾക്ക് നിർബന്ധമല്ല.

കുട്ടികളോടുള്ള ശരീഅത്തിന്റെ ഉപകാര്യങ്ങളുടെ അഭിസംബോധന:
ശരീഅത്തിന്റെ ഉപകാര്യങ്ങളുമായി കുട്ടികൾ അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ലെന്നത് ശരിയല്ല. കാരണം, ദൈവിക അഭിസംബോധന കേവലം നിർബന്ധത്തിലോ നിഷിദ്ധമായതിലോ ഒതുങ്ങി നിൽക്കുന്നില്ല, മറിച്ച് കറാഹത്ത്, സുന്നത്ത്, ജാഇസ് തുടങ്ങിയവെല്ലാം അത് ഉൾകൊള്ളുന്നുണ്ട്.

കുട്ടികളുടെ ആരാധനകളുമായുള്ള സാമ്യപ്പെടുത്തൽ:
കുട്ടികളെ ആരാധനകൾ പഠിപ്പിക്കാൻ രക്ഷിതാക്കളോട് അല്ലാഹുവിന്റെ തിരുദൂതർ വസ്വിയത്ത് ചെയ്തിട്ടുണ്ട്. നിസ്‌കാരം പോലെതന്നെ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അവരെ ഹിജാബ് ധരിപ്പിക്കാൻ പറയുന്നത് പോലെതന്നെ. സകാത്തിനുള്ള പരിശീലനം എന്ന് പറയുന്നത് സ്വദഖക്ക് കീഴിൽ വരുന്നതാണ്. സ്വദഖയെ സകാത്തിനോട് സാമ്യപ്പെടുത്തുകയുമാവാം. കുട്ടിയുടെ സമ്പത്തിൽ മൂന്നിലൊരു ഭാഗം വരെ വസ്വിയത്ത് ചെയ്യുന്നത് ചില കർമ്മശാസ്ത്ര പണ്ഡിതന്മാർ അനുവദനീയണാണെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ മൂന്നിലൊന്നിന് താഴെ വരുന് സ്വദഖ എന്തായാലും അനുവദനീയമാകേണ്ടതാണ്.

കുട്ടികൾക്ക് വേണ്ടിയുള്ള സാമ്പത്തിക ജിഹാദ്:
കുട്ടികളെ അല്ലാഹുവിന്റെ മാർഗത്തിൽ സാമ്പത്തിക ജിഹാദ് നടത്താൻ പരിശീലിപ്പിക്കുകയാണ് ഇത്. നാം നമ്മുടെ കുട്ടികൾക്ക് നൽകുന്ന പരിപാലനത്തിന്റെ സതുത്യർഹമായ ഭാഗമാണത്. അതിന് നാം അവരെ പ്രേരിപ്പിക്കണം. അത് അവരുടെ സമ്പത്തിൽ നിന്നായാലും നമ്മുടെ സമ്പത്തിൽ നിന്നായാലും ശരി. അതിലേറ്റവും നല്ലത് അവരുടെ സമ്പത്തിൽ നിന്ന് തന്നെ ആവലാണ്. അതവർക്ക് അല്ലാഹുവിന്റെ മാർഗത്തിലുള്ള സകാത്തിനെക്കുറിച്ചും സ്വദഖയെക്കുറിച്ചും പൂർണ ബോധമുണ്ടാക്കും.

കുട്ടികൾക്ക് വേണ്ടിയുള്ള സാമ്പത്തിക ഇടപാട്:
സ്വദഖയും സമ്മാനവുമെല്ലാം പൊതുവെ സമ്മതം നൽകപ്പെടുന്ന കാര്യങ്ങളാണ്. കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് വിലപിടിപ്പുള്ള കളിപ്പാട്ടം സമ്മാനമായി നൽകാറുണ്ട്. കുട്ടികൾ സമ്പാദ്യം നശിപ്പിക്കുന്നതിനും സമ്പത്ത് കൈകാര്യം ചെയ്യുന്നെങ്ങനെയെന്ന് നാം അവരെ പരിശീലിപ്പിക്കുന്നതിനും ഇടയിൽ വലിയ വ്യത്യാസമുണ്ട്. അത് നഷ്ടം വന്നാലും സാമ്പത്തിക കാര്യങ്ങളെ എങ്ങെനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന ബോധ്യം അവരിലുണ്ടാക്കും.

അത് നിഷിദ്ധമാണെന്നതിന് ഖുർആനിലോ ഹദീസിലോ തെളിവുകൾ കണ്ടെത്താനാകില്ല. എന്നാൽ സ്വദഖ, സമ്മാനം എന്നിവ പോലെയുള്ളതിന് കൽപിക്കുന്ന അനേകം തെളിവുകൾ കാണാനാകും. അതെല്ലാം കുട്ടികളെ സൽകർമ്മങ്ങൾ ചെയ്യാൻ പരിശീലിപ്പിക്കുന്നതിനാണ്. പരലോക പ്രതിഫലത്തോടൊപ്പം ലൗകിക ജീവിതത്തിലെ സാമ്പത്തി വിഷയങ്ങളിലെ മാതൃകാ പരമായ നിയന്ത്രണവുമാണ് അതിന്റെ ലക്ഷ്യം.

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Recent Posts

Related Posts

error: Content is protected !!