ചോദ്യം: വിശ്വാസം കൈകൊണ്ടിട്ടില്ലാത്ത എന്റെ പിതാവ് മാരകമായ രോഗത്താൽ പ്രയാസമനുഭവിക്കുകയാണ്. അദ്ദേഹത്തെ ദേഷ്യപ്പെടുത്താതെയും വേദനിപ്പിക്കാതെയും എങ്ങനെയാണ് ഉപദേശിക്കാൻ കഴിയുക? ഞാൻ അദ്ദേഹത്തിന്റെ നന്മയും, അല്ലഹാവിൽ നിന്നുളള പ്രീതിയും മാത്രമാണ് ആഗ്രഹിക്കുന്നത്. അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുമോയെന്ന് ഞാൻ ഭയക്കുന്നു.
മറുപടി: വിശ്വാസം കൈകൊണ്ടിട്ടില്ലാത്ത പിതാവിനോട് എങ്ങനെയാണ് മക്കൾ വർത്തിക്കേണ്ടതെന്ന് വിശുദ്ധ ഖുർആൻ സന്താനങ്ങളെ പഠിപ്പിക്കുന്നു. അത്, നമ്മുടെ പിതാവായ ഇബ്‌റാഹീം പ്രവാചകൻ തന്റെ പിതാവിനോട് അനുവർത്തിച്ച മാതൃകയിലൂടെ വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘വേദഗ്രന്ഥത്തിൽ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം ശ്രദ്ധേയമാകുന്നു. എന്റെ പിതാവേ, കേൾക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കൾക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കൾ എന്തിന് ആരാധിക്കുന്നു എന്റെ പിതാവേ, താങ്കൾ പിശാചിനെ ആരാധിക്കരുത്. തീർച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീർച്ചയായും പരമകാരുണികനിൽ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അപ്പോൾ താങ്കൾ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്. അയാൾ പറഞ്ഞു: ഹേ, ഇബ്‌റാഹീം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ ഇതിൽ നിന്ന് വിരമിക്കുന്നില്ലെങ്കിൽ ഞാൻ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നിൽ നിന്ന് വിട്ടുമാറികൊള്ളണം. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കൾക്ക് സലാം. താങ്കൾക്ക് വേണ്ടി ഞാൻ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീർച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു. നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങൾ പ്രാർഥിച്ചുവരുന്നവയെയും ഞാൻ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാൻ പ്രാർഥിക്കുന്നത് മൂലം ഞാൻ ഭാഗ്യം കെട്ടവനാകാതിരിന്നേക്കാം.’ (മറിയം: 41-48)
Also read: അഭയാർത്ഥികളായ സിറിയൻ കുട്ടികളെ കുടുംബത്തോട് ചേർക്കൽ?
മൃതുലതയോടെയും സൗഹാർദത്തോടെയും കാരുണ്യത്തോടെയുമാണ് പിതാവിനോട് മക്കൾ സംസാരിക്കേണ്ടത്. അപ്രകാരം പിതാവ് മക്കളെ കേൾക്കാൻ തയാറാകുന്നതാണ്. സംസാരിക്കുന്നതിന് മുമ്പ്, പിതാവിന്റെ മനസ്സ് വിശാലമാകുന്നതിന് അല്ലാഹുവിനോട് പ്രാർഥിക്കുക. മുകളിൽ ഉദ്ധരിച്ച സൂറത്ത് മറിയം ഓതികേൾപ്പിക്കുകയും, അത് വിശദീകരിച്ച് കൊടുക്കുകയും ചെയ്യുക. അതുപോലെ, പണ്ഡിതർ, പ്രബോധകർ, പ്രഗത്ഭ വ്യക്തിത്വങ്ങൾ എന്നിവരുമായി സഹവാസം സാധ്യമാക്കുക. അത് അവരെ സ്വാധീനിക്കുന്നതായിരിക്കും. ഒപ്പം, മൃതുലമായ ഭാഷയിൽ ഉപദേശിക്കുകയും ചെയ്യുക. കഴിയാവുന്നത്രയും മാർഗങ്ങൾ സ്വീകരിക്കുമ്പോൾ, അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം അവർക്ക് മുന്നിൽ സന്മാർഗത്തിന്റെ കവാടം തുറക്കുന്നുകൊടുക്കുന്നതായിരിക്കും.
അവലംബം: islamweb.net