Thursday, April 25, 2024
Homeവിശ്വാസംചില ജീവജാലങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുമെന്നതിന് അടിസ്ഥാനമുണ്ടോ?

ചില ജീവജാലങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുമെന്നതിന് അടിസ്ഥാനമുണ്ടോ?

ചോദ്യം: ചില ജീവജാലങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്?

മറുപടി: ഒന്ന്, സ്വാലിഹ് നബിയുടെ ഒട്ടകം, അസ്ഹാബുൽ കഹ്ഫിന്റെ കൂടെയുണ്ടായിരുന്ന നായ, ഇബ്റാഹീം നബി ബലിയറുത്ത ആട്, ഉസൈറിന്റെ കഴുത, യൂസുഫ് നബിയുടെ ചെന്നായ തുടങ്ങിയ ജീവജാലങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുമെന്നത് ജനങ്ങൾക്കിടയിൽ പ്രചാരം സിദ്ധിച്ചിരിക്കുന്നു. രണ്ട്, ഇതിനെ കുറിച്ച് പരിശോധിക്കുകയും പഠിക്കുകയും ചെയ്തപ്പോൾ പലതും പണ്ഡിതന്മാരിലേക്ക് ചേർക്കപ്പെട്ടതായാണ് കാണാൻ കഴിഞ്ഞത്. അവയിൽ ചിലത് ഇസ്രായീലിയ്യാത്തുമാണ് ‌(الإسرائيليّات – തൗറാത്തിലേക്കും ഇഞ്ചീലിലേക്കും ചേർത്ത് കെട്ടിച്ചമച്ചുണ്ടാക്കുന്ന ഹദീസുകൾ). വിശുദ്ധ ഖുർആനിൽ നിന്നോ പ്രവാചക സുന്നത്തിൽ നിന്നോ അവർ പറയുന്നതിനെ സ്ഥിരപ്പെടുത്തുന്ന പ്രമാണങ്ങൾ കാണാൻ സാധ്യമല്ല. എന്നാൽ എല്ലാ ജീവജാലങ്ങളും ഖിയാമത്ത് നാളിൽ ഉയർത്തെഴുന്നേൽപ്പിക്കപ്പെടും എന്നത് വിശുദ്ധ ഖുർആൻ മുഖേന സ്ഥിരപ്പെട്ടതാണ്. തുടർന്ന് അല്ലാഹുവിന്റെ കൽപന പ്രകാരം അവയെല്ലാം മണ്ണായി തീരുന്നതാണ്. അപ്പോൾ സത്യനിഷേധി പറയും: ‘ഞാൻ മണ്ണായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുന്ന ദിവസം.’ (അന്നബഅ്: 40) അതിനാൽ തന്നെ തെളിവിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു മൃഗത്തെയും ഈ പൊതുവായ വൃത്തത്തിൽ നിന്ന് വേറിട്ട് കാണാൻ സാധ്യമല്ല.

Also read: നമസ്കരിക്കാത്ത യുവാവിനെ വിവാഹം ചെയ്യുന്നത്?

മൂന്ന്, അദൃശ്യങ്ങൾ അറിയുന്നവനും അതിന് സാക്ഷിയുമായ അല്ലാവിൽ നിന്നും, അവൻ തൃപ്തിപ്പെട്ട റുസുലുകൾക്കും അമ്പിയാക്കൾക്കും  അറിയിച്ച് കൊടുക്കുന്നതിൽ നിന്നും വ്യക്തമായതല്ലാതെ കൂടുതൽ അദൃശ്യകാര്യങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതില്ല. ‘പറയുക, ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും ആദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങൾ എന്നാണ് ഉയർത്തെഴുന്നേൽപിക്കപ്പെടുക എന്നും അവർക്കറിയില്ല.’ (അന്നംല്: 65) ‘പറയുക: അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ പക്കലുണ്ടെന്ന് ഞാൻ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാൻ അറിയുകയുമില്ല.’ (അൽഅൻആം: 50) ‘എനിക്ക് അദൃശ്യകാര്യമറിയായിരുന്നുവെങ്കിൽ ഞാൻ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്.’ (അൽഅഅ്റാഫ്: 188) എന്നാൽ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അദൃശ്യകാര്യങ്ങൾ റുസുലുകൾക്ക് അറിയിച്ചുകൊടുക്കുന്നതാണ്. ‘അവൻ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാൽ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവൻ കാവൽക്കാരെ ഏർപ്പെടുത്തുക തന്നെ ചെയ്യുന്നതാണ്.’ (അൽജിന്ന്: 27) നാല്, മുമ്പ് വിശദീകരിച്ചത് പോലെ, സ്വർഗത്തിൽ പ്രവേശിക്കുന്ന നാല് മൃഗങ്ങൾ, അഞ്ച് മൃഗങ്ങൾ, പത്ത് മൃഗങ്ങൾ എന്നിങ്ങനെ അടിസ്ഥാനരഹിതമായി പറയുന്നത് ശരിയല്ല. കാരണം അവയെ സംബന്ധിച്ച് പ്രമാണങ്ങൾ വന്നിട്ടില്ല. വിശ്വസനീയമായ പ്രമാണങ്ങൾ കൊണ്ട് മാത്രമാണ് അവ സ്വീകാര്യമാവുന്നത്.

Also read: ഉറക്കത്തിൽ പ്രവാചകനെ കാണാൻ പ്രത്യേക നമസ്കാരമുണ്ടോ?

അതിനാൽ തന്നെ, വക്രതയില്ലാത്ത ഇസ്‌ലാമിനെ സംബന്ധിച്ച് വിശ്വസനീയമായ പ്രമാണങ്ങളുടെ പിൻബലമില്ലാതെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. അതോടൊപ്പം, അദൃശ്യവും വിശ്വാസപരവുമായ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ കൂടുതൽ സൂക്ഷമത പുലർത്തേണ്ടതുണ്ട്. പൂർണമായ അറിവില്ലാതെ ഇക്കാര്യങ്ങളിൽ ഇടപെടാവതല്ല. പ്രചരിപ്പിക്കുന്നയാളും, പറയുന്നയാളും, കൈമാറുന്നയാളും, എഴുതുന്നയാളുമല്ലൊം വലിയ കുറ്റക്കാരാവുന്നതാണ്. അല്ലാഹു പറയുന്നു: ‘നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെയും നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം, എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യുപ്പെടുന്നതാണ്.’ (അൽഇസ്റാഅ്: 36)

അവലംബം: iumsonline.org

Recent Posts

Related Posts

error: Content is protected !!