Home സ്ത്രീ, കുടുംബം, വീട് വിവാഹം ഇസ്‌ലാം പുരുഷമേധാവിത്വത്തിന്റെ മതമോ?

ഇസ്‌ലാം പുരുഷമേധാവിത്വത്തിന്റെ മതമോ?

ചോദ്യം-”ഇസ്‌ലാം പുരുഷമേധാവിത്വപരമല്ലേ? ഖുര്‍ആന്‍ നാലാം അധ്യായം 34-ാം വാക്യം തന്നെ ഇതിനു തെളിവാണല്ലോ?”

ഉത്തരം- ഖുര്‍ആന്‍ നാലാം അധ്യായം മുപ്പത്തിനാലാം വാക്യം കുടുംബഘടനയെ സംബന്ധിച്ച ദൈവികനിര്‍ദേശമാണ്. അത് ഈ വിധമത്രെ: ”പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷാധികാരികളാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റു ചിലരേക്കാള്‍ കഴിവുറ്റവരാക്കിയതിനാലും പുരുഷന്മാര്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനാലുമാണത്.”

ഇവിടെ പുരുഷന്മാരെ സംബന്ധിച്ച് ഖുര്‍ആന്‍ പ്രയോഗിച്ച പദം ഖവ്വാം എന്നാണ്. ”ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കാര്യങ്ങള്‍ നല്ല നിലയില്‍ കൊണ്ടുനടത്താനും മേല്‍നോട്ടം വഹിക്കാനും അതിനാവശ്യമായത് സജ്ജീകരിക്കാനും ഉത്തരവാദപ്പെട്ട വ്യക്തിക്കാണ് അറബിയില്‍ ഖവ്വാം അല്ലെങ്കില്‍ ഖയ്യിം എന്നു പറയുക”(തഫ്ഹീമുല്‍ ഖുര്‍ആന്‍, ഭാഗം 1, പുറം 310. 56-ാം അടിക്കുറിപ്പ്).

മേല്‍നോട്ടക്കാരനും രക്ഷാധികാരിയുമില്ലാതെ ഏതൊരു സ്ഥാപനവും സംരംഭവും വിജയകരമായി നിലനില്‍ക്കുകയില്ല. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം ഭദ്രമായും സുരക്ഷിതമായും നിലനില്‍ക്കേണ്ട സ്ഥാപനമത്രെ. കൈകാര്യകര്‍ത്താവില്ലാതെ അത് സാധ്യമല്ല. അത് ആരായിരിക്കണമെന്നത് ഓരോ കുടുംബത്തിലും സ്ത്രീ- പുരുഷന്മാര്‍ക്കിടയില്‍ വിവാദ വിഷയമായാല്‍ കുടുംബഭദ്രത നഷ്ടമാവുകയും ഛിദ്രത അനിവാര്യമാവുകയും ചെയ്യും. അതിനാല്‍ ശാരീരികവും മാനസികവും വൈകാരികവുമായ പ്രത്യേകതകള്‍ പരിഗണിച്ച് ഇസ്‌ലാം അത് പുരുഷനെ ഏല്‍പിച്ചു. കുടുംബത്തിന്റെ സംരക്ഷണമെന്നത് ഒരു അവകാശമോ അധികാരമോ അല്ല. ഭാരിച്ച ഒരു ഉത്തരവാദിത്തമാണ്. ജീവിതവുമായി മല്ലിടാന്‍ ഏറ്റവും പ്രാപ്തനും കരുത്തനും പുരുഷനായതിനാലാണ് കടുത്ത ആ ചുമതല പുരുഷനെ ഏല്‍പിച്ചത്. അതിനാല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ പുരുഷന്‍ കുടുംബമെന്ന കൊച്ചു രാഷ്ട്രത്തിലെ പ്രധാനമന്ത്രിയും സ്ത്രീ ആഭ്യന്തരമന്ത്രിയുമാണ്. വീട്ടിനകത്തെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതും നിര്‍വഹിക്കുന്നതും സ്ത്രീയാണ്.

Also read: മരിച്ചവർക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താമോ?

സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ ബന്ധം ഭരണാധികാരി-ഭരണീയ ബന്ധമല്ല. അതിനാലാണ് ഇസ്‌ലാം ദമ്പതികളെ ഭാര്യാഭര്‍ത്താക്കന്മാരെന്ന് വിളിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യാത്തത്. ഇണകളെന്നാണ് ഇസ്‌ലാം ദമ്പതികളെ വിശേഷിപ്പിക്കുന്നത്. ‘സ്ത്രീകള്‍ പുരുഷന്മാരുടെയും പുരുഷന്മാര്‍ സ്ത്രീകളുടെയും വസ്ത്രമാണെ’ന്ന് (2: 187) വിശുദ്ധ ഖുര്‍ആന്‍ പറയാനുള്ള കാരണവും അതുതന്നെ.
രാജ്യത്തെ ഭരണാധികാരി ഭരണീയരോടും സമൂഹത്തിലെ നേതാവ് അനുയായികളോടുമെന്നപോലെ ഗൃഹനാഥന്‍ വീട്ടുകാരോട് കൂടിയാലോചിച്ചു മാത്രമായിരിക്കണം തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും. ”തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നവരാണവര്‍”(ഖുര്‍ആന്‍: 42: 38).

അതിനാല്‍ പുരുഷന്‍ വീട്ടിലെ സ്വേഛാധിപതിയോ സര്‍വാധികാരിയോ അല്ല. എല്ലാ ദൈവികപരിധികളും പാലിക്കാനയാള്‍ ബാധ്യസ്ഥനാണ്; കുടുംബത്തിന്റെ സംരക്ഷണം മാന്യമായും മര്യാദയോെടയും നിര്‍വഹിക്കാന്‍ കടപ്പെട്ടവനും. സ്ത്രീയുടെ അവകാശങ്ങളെല്ലാം പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം അത് നിര്‍വഹിക്കുന്നത്. അല്ലാഹു അറിയിക്കുന്നു: ”സ്ത്രീകള്‍ക്ക് ചില ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്”(2: 228).

പ്രവാചകന്‍(സ) പറയുന്നു: ”മാന്യന്മാരല്ലാതെ സ്ത്രീകളെ മാനിക്കുകയില്ല. നീചനല്ലാതെ അവരെ നിന്ദിക്കുകയില്ല.”
”കുടുംബത്തോട് കാരുണ്യം കാണിക്കാത്തവനും അഹങ്കരിക്കുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല”(അബൂദാവൂദ്).
”വിശ്വാസികളില്‍ വിശ്വാസപരമായി ഏറ്റവുമധികം പൂര്‍ണത വരിച്ചവന്‍ അവരില്‍ ഏറ്റം നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളിലേറ്റവും നല്ലവര്‍ സ്വന്തം സഹധര്‍മിണിമാരോട് നന്നായി വര്‍ത്തിക്കുന്നവരാണ്”(തിര്‍മിദി).

Also read: സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?

സ്വകുടുംബത്തിന്റെ നിലനില്‍പിനും പ്രതിരോധത്തിനും ജീവിതാവശ്യങ്ങള്‍ക്കും ഗുണകരമായ എല്ലാറ്റിനും പങ്കുവഹിക്കുന്നതിനുവേണ്ടി ജീവിതം നീക്കിവച്ചത് പുരുഷനായതിനാല്‍ വീട്ടിലെ അവസാനവാക്ക് -ചര്‍ച്ചക്കും കൂടിയാലോചനക്കും ശേഷം- അവന്റേതാണ്. എന്നാലത് നന്മക്ക് എതിരോ അവകാശനിഷേധമോ അവിവേകപൂര്‍വമോ ആകാവതല്ല. ഭര്‍ത്താവിന് തെറ്റ് സംഭവിച്ചാല്‍ തിരുത്താനും അയാളുടെ അന്യായമായ തീരുമാനങ്ങള്‍ അവഗണിക്കാനും വേണ്ടിവന്നാല്‍ തദാവശ്യാര്‍ഥം തന്റെയോ അയാളുടെയോ കുടുംബത്തെയോ അധികാരകേന്ദ്രങ്ങളെയോ സമീപിക്കാനും സ്ത്രീക്ക് അവകാശമുണ്ടായിരിക്കും. പുരുഷനാവട്ടെ, അപ്പോള്‍ ദൈവികപരിധികള്‍ പാലിച്ചു നടപ്പാക്കാന്‍ ബാധ്യസ്ഥനുമാണ്.

പുറത്തുപോയി പണിയെടുക്കാന്‍ സ്ത്രീയേക്കാള്‍ കൂടുതല്‍ കഴിയുക പുരുഷന്നാണ്. പ്രതിയോഗികളുടെ പരാക്രമങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നതും അവനുതന്നെ. എന്തുതന്നെയായാലും സ്ത്രീക്ക് എല്ലാ സമയത്തും ഒരുപോലെ പാടത്തും പറമ്പിലും ഫാക്ടറിയിലും പുറത്തും പോയി ജോലി ചെയ്തു സമ്പാദിക്കുക സാധ്യമല്ല. മനുഷ്യരാശി നിലനില്‍ക്കണമെങ്കില്‍ സ്ത്രീ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടുകയുമൊക്കെ വേണമല്ലോ. ഈ ശാരീരികമായ പ്രത്യേകതകളാലാണ് ഇസ്‌ലാം കുടുംബത്തിന്റെ സാമ്പത്തികബാധ്യതകളും സംരക്ഷണോത്തരവാദിത്തങ്ങളും നേതൃപദവിയും പുരുഷനെ ഏല്‍പിച്ചത്.

Previous articleമരിച്ചവർക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താമോ?
Next articleകൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭധാരണം?
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.
error: Content is protected !!