Thursday, April 25, 2024
Homeവിശ്വാസംമതമേതായാലും മനുഷ്യൻ നന്നായാൽ പോരേ?

മതമേതായാലും മനുഷ്യൻ നന്നായാൽ പോരേ?

ചോദ്യം- “മതം ദൈവികമാണെങ്കിൽ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തുകൊണ്ട്? വ്യത്യസ്ത ദേശക്കാർക്കും കാലക്കാർക്കും വെവ്വേറെ മതമാണോ ദൈവം നൽകിയത്? അങ്ങനെയാണെങ്കിൽ തന്നെ വിവിധ മതങ്ങൾക്കിടയിൽ പരസ്പര ഭിന്നതയും വൈരുധ്യവും ഉണ്ടാവാൻ കാരണമെന്ത്?”

ഉത്തരം- മാനവസമൂഹത്തിന് ദൈവം നൽകിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യൻ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേർവഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം തന്റെ സമഗ്രമായ ഈ ജീവിതവ്യവസ്ഥ കാലദേശഭേദമില്ലാതെ എല്ലാ ജനസമൂഹങ്ങൾക്കും സമ്മാനിച്ചിട്ടുണ്ട്. തന്റെ സന്ദേശവാഹകരിലൂടെയാണത് അവതരിപ്പിച്ചത്. എല്ലാ ദൈവദൂതന്മാരും മനുഷ്യരാശിക്കു നൽകിയ ജീവിതാദർശം മൗലികമായി ഒന്നുതന്നെയാണ്. അല്ലാഹു അറിയിക്കുന്നു: “എല്ലാ സമുദായങ്ങളിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങൾ ദൈവത്തെ മാത്രം വണങ്ങി, വഴങ്ങി, വിധേയമായി ജീവിക്കുക. പരിധിലംഘിച്ച അതിക്രമകാരികളെ നിരാകരിക്കുക.”(ഖുർആൻ 16: 36)

അങ്ങനെ ഒരു ജനതയിൽ ദൈവദൂതൻ നിയോഗിതനാകുന്നു. തന്റെ ജനതയെ ദൈവികസന്മാർഗത്തിലേക്ക് ക്ഷണിക്കുന്നു. അപ്പോൾ അവരിലൊരു വിഭാഗം അദ്ദേഹത്തെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നു. അവശേഷിക്കുന്നവർ പൂർവികാചാരങ്ങളിൽ ഉറച്ചുനിൽക്കുന്നു. ദൈവദൂതന്റെ വിയോഗാനന്തരം ഹ്രസ്വമോ ദീർഘമോ ആയ കാലം കഴിയുന്നതോടെ അദ്ദേഹത്തിന്റെ അനുയായികൾതന്നെ ദൈവിക സന്മാർഗത്തിൽനിന്ന് വ്യതിചലിക്കുന്നു. പണ്ഡിത പുരോഹിതന്മാർ അവരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളർത്തുന്നു. ആവിധം സമൂഹം സത്യശുദ്ധമായ ദൈവപാതയിൽനിന്ന് വ്യതിചലിക്കുമ്പോൾ വീണ്ടും ദൈവദൂതൻ നിയോഗിതനാവുന്നു. സമൂഹത്തിലെ ഒരുവിഭാഗം അദ്ദേഹത്തെ പിന്തുടരുകയും മറ്റുള്ളവർ പഴയ സമ്പ്രദായങ്ങളിൽതന്നെ നിലകൊള്ളുകയും ചെയ്യുന്നു. അതോടെ അദ്ദേഹത്തെ അനുഗമിക്കുന്നവർ ഒരു മതാനുയായികളായും അല്ലാത്തവർ മറ്റൊരു മതക്കാരായും അറിയപ്പെടുന്നു. യഥാർഥത്തിൽ എല്ലാ ദൈവദൂതന്മാരും ജനങ്ങളെ ക്ഷണിച്ചത് ഒരേ സ്രഷ്ടാവിലേക്കും അവന്റെ ജീവിതവ്യവസ്ഥയിലേക്കുമാണ്. ഇസ്രായേല്യർ ദൈവികസന്മാർഗത്തിൽനിന്ന് വ്യതിചലിച്ചപ്പോൾ അവരെ നേർവഴിയിലേക്ക് നയിക്കാൻ മോശെ പ്രവാചകൻ നിയോഗിതനായി. പിന്നീട് അദ്ദേഹത്തിന്റെ അനുയായികൾ വഴിപിഴച്ചപ്പോൾ യേശു നിയോഗിതനായി. യേശുവിന്റെ ക്ഷണം നിരാകരിച്ച് തങ്ങളുടെ ദുരാചാരങ്ങളിലുറച്ചുനിന്നവർ ജൂതന്മാരായി അറിയപ്പെട്ടു. യേശുവിനെ പിന്തുടർന്നുവന്നവർ ക്രിസ്ത്യാനികളായിത്തീർന്നു. ഈവിധം സമൂഹം സത്യപാതയിൽനിന്ന് വ്യതിചലിക്കുമ്പോൾ അവരെ സന്മാർഗത്തിലേക്ക് നയിക്കാൻ നിയോഗിതരാവുന്ന പുതിയ പ്രവാചകന്മാരെ അനുധാവനം ചെയ്യാതെ പൂർവികാചാരങ്ങളെ പിന്തുടർന്നതിനാലാണ് ലോകത്ത് വിവിധ മതങ്ങളും അവയ്ക്കിടയിൽ ഭിന്നതയും വൈരുധ്യങ്ങളും ഉണ്ടായത്.

ചോദ്യം- “നദികൾ പലയിടങ്ങളിലും നിന്നാരംഭിച്ച് പല വഴികളിലൂടെ ഒഴുകി സമുദ്രത്തിലെത്തുന്നു. ആ വിധം മനുഷ്യൻ വ്യത്യസ്ത മാർഗമവലംബിച്ച് ദൈവത്തിലെത്തുന്നു. അതിനാൽ ശ്രീനാരായണഗുരു പറഞ്ഞപോലെ “മതമേതായാലും മനുഷ്യൻ നന്നായാൽ മതി’യെന്നതല്ലേ ശരി?”

ഉത്തരം- ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും നേടാനുള്ള പാതയാണല്ലോ മതം. തന്നിലേക്ക് വന്നുചേരാനുള്ള വഴിയേതെന്ന് നിശ്ചയിക്കേണ്ടത് സ്രഷ്ടാവായ ദൈവം തന്നെയാണ്. അതവൻ നിശ്ചയിക്കുകയും തന്റെ ദൂതന്മാരിലൂടെ മാനവസമൂഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പരസ്പരവിരുദ്ധമായ കാര്യങ്ങൾ ഒരേസമയം സത്യമാവുക സാധ്യമല്ലെന്നത് സുവിദിതമാണല്ലോ. ഗണിതശാസ്ത്രത്തിൽ രണ്ടും രണ്ടും ചേർത്താൽ നാലാണെന്നത് ശരിയാണ്. മൂന്നാണെന്നതും അഞ്ചാണെന്നതും തെറ്റാണ്. ഓക്സിജനും ഹൈഡ്രജനും കൂടിച്ചേർന്നാൽ വെള്ളമുണ്ടാകുമെന്നത് സത്യമാണ്. മദ്യമുണ്ടാകുമെന്നത് അസത്യമാണ്. ഇവ്വിധം തന്നെ മതത്തിൽ സത്യവും അസത്യവും ഏതെന്നത് മൗലിക പ്രധാനമാണ്. അദ്വൈതമാണ് സത്യമെന്നും ദ്വൈതം അസത്യമാണെന്നും ശ്രീശങ്കരാചാര്യർ പറയുന്നു. ദ്വൈതമാണ് സത്യമെന്നും അദ്വൈതം അസത്യമാണെന്നും മാധ്വാചാര്യർ സ്ഥാപിക്കുന്നു. ഇത് രണ്ടും അസത്യമാണെന്നും വിശിഷ്ടാദ്വൈതമാണ് സത്യമെന്നും രാമാനുജാചാര്യർ അവകാശപ്പെടുന്നു. ദൈവാവതാര സങ്കല്പം സത്യമാണെന്ന് വിശ്വസിക്കുന്നവരും അസത്യമാണെന്ന് വിശ്വസിക്കുന്നവരും ഹൈന്ദവ പണ്ഡിതൻമാരിലുണ്ട്. പുനർജൻമസങ്കല്പത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഹൈന്ദവ പണ്ഡിതൻമാർ തന്നെ ഹിന്ദുമതത്തിലെ വിവിധ വിശ്വാസങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. അതിനാൽ വിവിധ മതങ്ങളിലെ ഏകദൈവത്വം, ത്രിയേകത്വം, ബഹുദൈവത്വം, ദ്വൈതം, അദ്വൈതം, ഏകദൈവാരാധന, ബഹുദൈവാരാധന, വിഗ്രഹാരാധന, വിഗ്രഹാരാധന കൊടിയ പാപമാണെന്ന വിശ്വാസം, പരലോക വിശ്വാസം, പുനർജന്മവിശ്വാസം, മനുഷ്യരൊക്കെ പരിശുദ്ധരായാണ് ജനിക്കുന്നതെന്ന വീക്ഷണം, പാപികളായാണ് പിറക്കുന്നതെന്ന പ്രസ്താവം പോലുള്ള കാര്യങ്ങൾ ഒരേസമയം സത്യവും ശരിയും സ്വീകാര്യവുമാവുകയില്ല. ആവുമെന്ന് പറയുന്നത് രണ്ടും രണ്ടും നാലാണെന്നതും അഞ്ചാണെന്നതും മൂന്നാണെന്നതും സത്യവും ശരിയുമാണെന്നു പറയുന്നതുപോലെ പരമാബദ്ധമാണ്.

അതുകൊണ്ടുതന്നെ മനുഷ്യ ഇടപെടലുകളിൽനിന്ന് മുക്തമായ, സത്യശുദ്ധമായ ദൈവിക സൻമാർഗം ഏതെന്ന് അന്വേഷിച്ച് കണ്ടെത്തി അത് പിന്തുടരുകയാണ് വേണ്ടത്. വിജയത്തിന്റെ വഴിയും അതുതന്നെ. താൻ വിശ്വസിക്കുന്ന കാര്യവും അതിനു നേരെ വിരുദ്ധമായതും ഒരേസമയം സത്യവും സ്വീകാര്യവുമാണെന്ന്, ബോധമുള്ള ആരും അംഗീകരിക്കുകയില്ല. കമ്യൂണിസവും മുതലാളിത്തവും ഒരുപോലെ ശരിയും നല്ലതുമാണെന്ന് അവയെക്കുറിച്ചറിയുന്ന അവരുടെ അനുയായികളാരും പറയുകയില്ലല്ലോ.

യഥാർഥത്തിൽ വേണ്ടത് മനുഷ്യനെ നന്നാക്കുന്ന മതമാണ്. അഥവാ, ഐഹികജീവിതത്തിൽ മനസ്സിന് സമാധാനവും വ്യക്തിജീവിതത്തിൽ വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സമാധാനവും രക്ഷയും രാഷ്ട്രത്തിന് ക്ഷേമവും ഭദ്രതയും ലോകത്ത് പ്രശാന്തിയും സർവോപരി പരലോകത്ത് നരകത്തിൽനിന്ന് മോചനവും സ്വർഗലബ്ധിയും ഉറപ്പുവരുത്തുന്ന മതം. മതമില്ലാതെ ഇത് സാധ്യവുമല്ല.

ചോദ്യം- “ഏത് മതവും സ്വീകരിക്കാമെന്ന് ഖുർആനിൽ തന്നെ ഉണ്ടല്ലോ. ഖുർആൻ 2: 62-ൽ ഇങ്ങനെ കാണാം: “ഉറപ്പായി അറിയുക: ഈ പ്രവാചകനിൽ വിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽക്കർമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ പ്രതിഫലമുണ്ട്. അവർ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാവുന്നതല്ല’. ഇതിനെക്കുറിച്ച് എന്തു പറയുന്നു?”

ഉത്തരം- യഹൂദരുടെ വംശീയവാദത്തെ നിരാകരിക്കുന്ന വിശുദ്ധവാക്യമാണിത്. തങ്ങളുടെ വംശം മാത്രമാണ് ദൈവത്തിന് പ്രിയപ്പെട്ടവരും സ്വർഗാവകാശികളുമെന്നായിരുന്നു അവരുടെ അവകാശവാദം. തങ്ങൾ എങ്ങനെ ജീവിച്ചാലും രക്ഷപ്രാപിക്കുമെന്നും മറ്റുള്ളവരെല്ലാം നരകാവകാശികളായിരിക്കുമെന്നും അവർ വിശ്വസിച്ചു. ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഖുർആൻ പറഞ്ഞു: “വംശമോ ജാതിയോ സമുദായമോ അല്ല വിജയനിദാനം; മറിച്ച് ദൈവത്തിലും പരലോകത്തിലുമുള്ള വിശ്വാസവും സൽക്കർമവുമാണ്.”

ദൈവത്തിലും മരണാനന്തര ജീവിതത്തിലും യഥാവിധി വിശ്വസിക്കലും സൽക്കർമങ്ങളനുഷ്ഠിക്കലും തന്നെയാണ് ഇസ്ലാം. ആർ ആവിധം ജീവിക്കുന്നുവോ അവർ മുസ്ലിംകളാണ്. അവരുടെ വംശമോ വർഗമോ ദേശമോ ജാതിയോ ഏതായിരുന്നാലും ശരി. ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിച്ച് സൽക്കർമങ്ങളനുഷ്ഠിക്കുന്നതോടെ അവർ അവരല്ലാതായിത്തീരുന്നു. വിശ്വാസങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ജീവിതരീതികളിലും സമൂലമായ മാറ്റം സംഭവിക്കുന്നു. പിന്നെ, നിലവിലുള്ള പേരിലവരറിയപ്പെടാനും ഇടയില്ല. അതിനാൽ ഖുർആൻ ഇവിടെയും വിജയത്തിന്റെ നിദാനമായി ഊന്നിപ്പറഞ്ഞത് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളായ സത്യവിശ്വാസവും സൽക്കർമങ്ങളും തന്നെയാണ്.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!