Thursday, April 18, 2024
Homeവിശ്വാസംസ്വഫറിലെ ഒടുവിലത്തെ ബുധനാഴ്ച നഹ്സാണെന്ന് ഇസ്‌ലാം പഠിപ്പിച്ചതല്ല

സ്വഫറിലെ ഒടുവിലത്തെ ബുധനാഴ്ച നഹ്സാണെന്ന് ഇസ്‌ലാം പഠിപ്പിച്ചതല്ല

ചോദ്യം: സ്വഫറിലെ ഒടുവിലത്തെ ബുധനാഴ്ച നഹ്സാണെന്ന് നബി (സ) പറഞ്ഞതായും അതുപോലെ എല്ലാ വർഷവും സ്വഫർ മാസം ഒടുവിലെ ബുധനാഴ്‍ച മൂന്നു ലക്ഷത്തി ഇരുപതിനായിരം ആഫത്തുകൾ ഇറങ്ങുമെന്നും. അതിനാൽ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ദിനമാണത് ആരെങ്കിലും ആ ദിവസം നാലു റക്അത്ത് നമസ്‍കരിക്കുകയും എല്ലാ റക്അത്തിലും ഫാതിഹക്ക് ശേഷം സൂറത്തുൽ കൗസർ പതിനേഴ് തവണയും സൂറത്തുൽ ഇഖ്‍ലാസ് അഞ്ചു തവണയും സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവ ഓരോ തവണയും ഓതുകയും ചെയ്ത് സലാം വീട്ടിയതിന് ശേഷം ഒരു പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്താൽ സ്വഫർ ഒടുവിലെ ബുധൻ ദിവസത്തിൽ ഇറങ്ങുന്ന എല്ലാ ആഫത്തുകളിൽ നിന്നും അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ് എന്നും ആ വർഷം ആഫത്തുകൾ അവനിലേക്ക് വരുകയില്ല എന്നുമെല്ലാം പ്രചരിപ്പിക്കപ്പെടുന്നുണ്ട്, എന്താണ് വസ്തുത?

ഉത്തരം: ഖത്വീബ് ബഗ്ദാദി ഇബ്നു അബ്ബാസിന്റെതായി ഈ അർഥത്തിലുള്ള ഒരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ” സ്വഫറിലെ അവസാനത്തെ ബുധൻ വിട്ടൊഴിയാത്ത നഹ്സിന്റെ ദിവസമാകുന്നു “, ഇതാണ് ഹദീസ്. ഇത് കള്ള ഹദീസാണ്. ഇമാം ഇബ്നുൽ ജൗസി കള്ള ഹദീസുകൾ സമാഹരിച്ച് രചിച്ച തന്റെ അൽ മൗദൂആത്ത് എന്ന ഗ്രന്ഥത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പ്രാർഥനക്ക് ഉത്തരം കിട്ടുന്ന ദിവസമായിട്ടാണ് സ്വഹാബിമാർ ബുധനാഴ്ചയെ പരിചയപ്പെടുത്തിയിട്ടുള്ളത്.

അബ്ദുറഹ്മാനുബ്നു കഅബിൽ നിന്നു നിവേദനം. ജാബിറുബ്നു അബ്ദില്ലാഹ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഈ പള്ളിയിൽ വച്ച് അഥവാ മസ്ജിദുൽ ഫത്ഹിൽ വച്ച് നബി (സ) തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രാർഥിക്കുകയുണ്ടായി. അങ്ങനെ രണ്ടു നമസ്ക്കാരങ്ങൾക്കിടയിൽ ബുധനാഴ്ചയാണ് അദ്ദേഹത്തിന് ഉത്തരം ലഭിച്ചത്. എനിക്ക് പ്രധാനപ്പെട്ടതും കടുപ്പമുള്ളതുമായ ഏത് പ്രയാസം ഉണ്ടായാലും ആ സമയം തന്നെ തെരെഞ്ഞെടുക്കാൻ ഞാൻ ശ്രദ്ധിക്കും. അങ്ങനെ ബുധനാഴ്ച രണ്ടു നമസ്ക്കാരങ്ങൾക്കിടയിലുള്ള ആ സമയത്തു തന്നെ ഞാൻ പ്രാർഥിക്കും. അങ്ങനെ ചെയ്തിട്ട് ഒരിക്കലും ഉത്തരം ലഭിച്ചിട്ടല്ലാതെ ഞാൻ കണ്ടിട്ടില്ല. -(ബുഖാരി അദബുൽ മുഫ്റദിൽ: 704).

عَنْ عَبْدِ الرَّحْمَنِ بْنِ كَعْبٍ قَالَ: سَمِعْتُ جَابِرَ بْنَ عَبْدِ اللَّهِ يَقُولُ: دَعَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي هَذَا الْمَسْجِدِ، مَسْجِدِ الْفَتْحِ، يَوْمَ الِاثْنَيْنِ وَيَوْمَ الثُّلاَثَاءِ وَيَوْمَ الأَرْبِعَاءِ، فَاسْتُجِيبَ لَهُ بَيْنَ الصَّلاَتَيْنِ مِنْ يَوْمِ الأَرْبِعَاءِ قَالَ جَابِرٌ: وَلَمْ يَنْزِلْ بِي أَمْرٌ مُهِمٌّ غائِظٌ إِلاَّ تَوَخَّيْتُ تِلْكَ السَّاعَةَ، فَدَعَوْتُ اللَّهَ فِيهِ بَيْنَ الصَّلاَتَيْنِ يَوْمَ الأَرْبِعَاءِ فِي تِلْكَ السَّاعَةِ، إِلا عَرَفْتُ الإجَابَةَ.-رَوَاهُ الْبُخَارِيُّ فِي الْأَدَبِ الْمُفْرَدِ: 704، وَحَسَّنَهُ الأَلْبَانِيُّ. وَقَالَ: رَوَاهُ أَحْمَدُ: وَالْبَزَّارُ وَغَيْرُهُمَا وَإِسْنَادُ أَحْمَدَ جَيِّدٌ.-صَحِيحُ التَّرْغِيبِ وَالتَّرْهِيبِ.

എന്നിട്ടാണ് യാതൊരടിസ്ഥാനവുമില്ലാതെ കേവലം കള്ള ഹദീസ് വച്ച് ബുധനാഴ്ചയെ ശകുന ദിവസമാക്കുന്നത്. ശനിയാഴ്ചയും ബുധനാഴ്ചയും കൊമ്പുവെക്കുന്നതിനെയും രോമം നീക്കുന്നതിനെനെയും പറ്റി ചോദിക്കപ്പെട്ടപ്പോൾ ഇമാം മാലിക് പറഞ്ഞു:
ഒരു കുഴപ്പവുമില്ല, ഞാൻ കൊമ്പുവെക്കാത്ത ഒരു ദിവസവുമില്ല. അതു പോലെ കൊമ്പുവെക്കാനോ രോമം നീക്കാനോ കല്ല്യാണത്തിനോ, യാത്ര ചെയ്യാനോ തുടങ്ങി ഏതിനാവട്ടെ ഏതു ദിവസവും വീട്ടിൽ നിന്ന് ഇറങ്ങുന്നതോ യാത്ര ചെയ്യുന്നതോ ഒന്നും തന്നെ അനഭിലഷണീയമായി ഞാൻ കാണുന്നില്ല. -(മുവത്വയുടെ ശർഹായ മുൻ തഖാ: 1039).

يَقُولُ الْإِمَامُ سُلَيْمَانُ بْنُ خَلَفِ بْنُ سَعْدٍ بْنِ أَيُّوبَ الْبَاجِيُّ:
فَالْأَيَّامُ لَا تَأْثِيرَ لَهَا فِي شُؤْمٍ وَلَا سَعَادَةٍ وَفِي الْعُتْبِيَّةِ سُئِلَ مَالِكٌ عَنْ الْحِجَامَةِ وَالِاطِّلَاءِ يَوْمَ السَّبْتِ وَيَوْمَ الْأَرْبِعَاءِ فَقَالَ: لَا بَأْسَ بِذَلِكَ وَلَيْسَ يَوْمٌ إِلَّا وَقَدْ احْتَجَمْتُ فِيهِ وَلَا أَكْرَهُ شَيْئًا مِنْ هَذَا حِجَامَةً وَلَا اطِّلَاءً وَلَا نِكَاحًا وَلَا سَفَرًا فِي شَيْءٍ مِنْ الْأَيَّامِ مِنْ الْخُرُوجِ وَالسَّفَرِ.-الْمُنْتَقَى شَرْحُ الْمُوَطَّإ: 1539.

ഇമാം ഇബ്നു റജബ് പറയുന്നു: സ്വഫർ മാസം പോലെ ഏതെങ്കിലും ചില പ്രത്യേക സമയം ശകുനമായി കാണുന്നത് ശരിയല്ല. കാരണം സമയം മുഴുവൻ അല്ലാഹുവിന്റെ സൃഷ്ടിയാണ്. മനുഷ്യരുടെ പ്രവർത്തനങ്ങൾ അതിലാണ് സംഭവിക്കുന്നത്. അതിനാൽ ഏതൊരു സമയം ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ അനുശാസനങ്ങൾ നടപ്പാക്കുന്നതിൽ വിനിയോഗിച്ചാൽ അത് അവനെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ സമയമാണ്. എന്നാൽ ഏതൊരു സമയം ഒരു ദാസൻ അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ വിനിയോഗിച്ചാൽ അത് അവനെ സംബന്ധിച്ചിടത്തോളം അവലക്ഷണം പിടിച്ച സമയമാണ്. ശകുനം യഥാർഥത്തിൽ ദൈവധിക്കാരത്തിലാണ്.-(ലത്വാഇഫുൽ മആരിഫ്).

وَقَالَ الْإِمَامُ ابْنُ رَجَبٍ: وأمَّا تَخْصِيصُ الشُّؤْمِ بِزَمَانٍ دُونَ زَمَانٍ، كَشَهْر صَفَرٍ أَوْ غَيْرِهِ فَغَيْرُ صَحِيحٍ، وَإِنَّمَا الزَّمَانُ كُلُّهُ خَلْقُ اللَّهِ تَعَالَى، وَفِيه تَقَعُ أَفْعَالُ بَنِي آدَمَ، فَكُلُّ زَمَانٍ شَغَلَهُ الْمُؤْمِنُ بِطَاعَةِ اللَّهِ فَهُوَ زَمَانٌ مُبَارَكٌ عَلَيْهِ، وَكُلُّ زَمَانٍ شَغَلَهُ الْعَبْدُ بِمَعْصِيَةِ اللَّهِ فَهُوَ مَشْؤُومٌ عَلَيْهِ، فَالشُّؤْمُ فِي الْحَقِيقَةِ هُوَ مَعْصِيَةُ اللَّهِ تَعَالَى.-لَطَائِفِ الْمَعَارِفِ.

സ്വഫർ മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് നബി (സ)ക്ക് രോഗം ബാധിച്ചത്. അക്കാരണത്താൽ അന്നത്തെ ദിവസം മഹാ മോശമാണത്രെ, എങ്കിൽ നബി (സ) വഫാത്തായ റബീഉൽ അവ്വൽ രണ്ടാം തിങ്കളാഴ്ച അതിനെക്കാൾ മോശമാകണം, അവലക്ഷണം കാണാത്ത പ്രവാചകരെ പിന്തുടരുന്ന നാം ഒരിക്കലും ഇത്തരം അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോകരുത്.

വുദു നിർവഹിക്കുമ്പോൾ ഓരോ അവയവത്തിനും ദുആ പറഞ്ഞ കിതാബുകളുണ്ട്. പക്ഷെ അടിസ്ഥാനമില്ലന്ന കാരണത്താൽ ഇമാം നവവി അത് മിൻഹാജിൽ ഒഴിവാക്കുകയും കാരണം വ്യക്തമാക്കുകയും ചെയ്തു. ഏതെങ്കിലും ഗ്രന്ഥത്തിൽ ഉണ്ടാവുക എന്നതിനപ്പുറം അതിനു വല്ല അടിസ്ഥാനവുമുണ്ടോ എന്നതുകൂടി കണക്കിലെടുക്കണമെന്നർത്ഥം. സ്വഫർ മാസത്തിലെ അവസാന ബുധനാഴ്ച എന്തെങ്കിലും ആചാരങ്ങൾ നിർദേശിച്ചതായി ആധികാരികരായ ഒരു ഇമാമും നമുക്ക് പഠിപ്പിച്ചു തന്നിട്ടില്ല. അവരൊന്നും പഠിപ്പിക്കാത്ത ദിക്റുകളും നമസ്കാരങ്ങളും പ്രചരിപ്പിക്കുന്നത് ശരിയല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിൽ പണ്ഡിതന്മാർ പഠിപ്പിച്ചതാണ് നാം കണക്കിലെടുക്കേണ്ടത്. പ്രമാണ രഹിതമായി ആരെങ്കിലും പറഞ്ഞത് എവിടെ നിന്നെങ്കിലും പെറുക്കിയെടുത്തു പ്രചരിപ്പിക്കുന്നതും പ്രോൽസാഹിപ്പിക്കുന്നതും ഒട്ടും ശരിയല്ല. അത് പരിശുദ്ധ ദീനുൽ ഇസ്ലാമിനെ വികലമാക്കലാണ്, അതിൽ ഇല്ലാത്തത് കൂട്ടിച്ചേർക്കലാണ്, കുറ്റകരമാണ്.

📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

ഇൽയാസ് മൗലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Recent Posts

Related Posts

error: Content is protected !!