ചോദ്യം- വ്യഭിചാരം, പതിവ്രതകൾക്കെതിരെ ദുരാരോപണം, ധനം തട്ടിയെടുക്കൽ എന്നീ പാപങ്ങൾ ചെയ്തുപോയ ഒരാൾ പശ്ചാത്തപിക്കുന്നത് എങ്ങനെ? തട്ടിയെടുത്ത ധനം അവകാശികൾക്ക് തിരിച്ചു നൽകാൻ സാമ്പത്തികനില അനുവദിക്കാത്ത അവസ്ഥയിൽ അയാളെന്തു ചെയ്യണം?
ഉത്തരം- ചോദ്യത്തിലുന്നയിച്ച മൂന്ന് കുറ്റങ്ങളിൽ ആദ്യത്തേതായ വ്യഭിചാരത്തെ സംബന്ധിച്ചിടത്തോളം, അല്ലാഹുവിനോട് “തൗബ’ ചെയ്യുകയും പാപം പൊറുത്തുതരാൻ അർഥിക്കുകയും ഇനിയൊരിക്കലും ഈ തെറ്റ് ആവർത്തിക്കുകയില്ലെന്ന് ഉറച്ച തീരുമാനം എടുക്കുകയും ചെയ്യണം. ഇവ്വിഷയത്തിൽ കാർക്കശ്യം പുലർത്തുന്ന പണ്ഡിതന്മാർ വ്യഭിചാരി താൻ ബന്ധം പുലർത്തിയ സ്ത്രീയുടെ ബന്ധുക്കളോട് മാപ്പപേക്ഷിക്കുക കൂടി വേണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, ഇത് മനുഷ്യരോടുള്ള ബാധ്യതയുമായി ബന്ധപ്പെട്ട കാര്യമാണ്. പ്രസ്തുത ബാധ്യത തീർത്തെങ്കിലേ പശ്ചാത്താപം സ്വീകാര്യമാവൂ. വ്യഭിചരിച്ച പുരുഷൻ സ്ത്രീയുടെ ബന്ധുക്കളെ കണ്ട് അങ്ങയുടെ ഭാര്യയെ ഞാൻ വ്യഭിചരിച്ചുപോയി, അല്ലെങ്കിൽ അങ്ങയുടെ പുത്രിയെ ഞാൻ വ്യഭിചരിച്ചുപോയി, എനിക്ക് മാപ്പു തന്നാലും എന്ന് പറയുകയാണ് വേണ്ടത് എന്നാണല്ലോ ഇതിനർഥം. എന്നാലിത് സാധാരണനിലയിൽ സംഭാവ്യമോ സാധ്യമോ അല്ല. കാരണം, അതുനിമിത്തം അയാളുടെ ജീവൻ തന്നെ അപകടത്തിലാവാനിടയുണ്ട്. സ്ത്രീയുടെ ബന്ധുക്കൾ അയാളെ വെറുതെ വിടുമോ? അതിനാൽ സൂക്ഷ്മദൃക്കുകളായ പണ്ഡിതരുടെ അഭിപ്രായത്തിൽ വ്യഭിചാരത്തിന്റെ “തൗബ’ സൃഷ്ടിയും സ്രഷ്ടാവും തമ്മിൽ നടത്തിയാൽ മതിയാകും. അയാൾ ആത്മാർഥമായി പശ്ചാത്തപിക്കുകയും ചെയ്ത തെറ്റിൽ ഉള്ളറിഞ്ഞ് ഖേദിക്കുകയും ഉള്ളുതുറന്ന് മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹു അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
എന്നാൽ പതിവ്രതകളും കുലീനകളും വിശ്വാസിനികളും ആയ സ്ത്രീകൾക്കെതിരെ വ്യഭിചാരാരോപണം ഉന്നയിക്കുന്നത് കുറേക്കൂടി ഗൗരവമുള്ള കാര്യമാണ്. ഇഹത്തിലും പരത്തിലും ശിക്ഷാർഹമായ ഏഴ് വൻപാപങ്ങളിൽ ഒന്നാണത്. അല്ലാഹു പറയുന്നു: “”വിശ്വാസിനികളും അപവാദം സംബന്ധിച്ച് അശ്രദ്ധരുമായ പതിവ്രതകൾക്കെതിരെ ആരോപണമുന്നയിക്കുന്നവർ ഇഹത്തിലും പരത്തിലും ശപ്തരാണ്. സ്വന്തം നാവുകളും കൈകളും കാലുകളും സ്വകർമങ്ങൾക്ക് സാക്ഷിനിൽക്കുന്ന ദിവസം അവർക്ക് കഠിനശിക്ഷയുണ്ട്.”( അന്നൂർ 22,23)
പതിവ്രതകൾക്കെതിരെ ദുരാരോപണം നടത്തുന്നവർക്ക് ഇഹലോകത്തുതന്നെ അല്ലാഹു ശിക്ഷ നിശ്ചയിച്ചു- എൺപത് അടി. ഇത് ശാരീരികശിക്ഷ. പ്രസ്തുത ശിക്ഷക്ക് വിധേയരായവരുടെ സാക്ഷ്യം പിന്നീട് സ്വീകാര്യമല്ല. ഇത് മാനസികവും സാംസ്കാരികവുമായ ഒരു നടപടി. അതോടെ ആരോപകന്റെ വിശ്വാസ്യതയും സാമൂഹ്യപദവിയും നഷ്ടപ്പെടുന്നു. മതത്തിന്റെ സാങ്കേതിക വീക്ഷണത്തിലുള്ള ശിക്ഷ വേറെയുമുണ്ട്: അവരെ “ഫാസിഖ്’ എന്ന് ഖുർആൻ വിശേഷിപ്പിച്ചു. എന്നാൽ ഇവരിൽ പിന്നീട് പശ്ചാത്തപിക്കുകയും സ്വകർമങ്ങൾ നന്നാക്കുകയും ചെയ്തവർ ഒഴിച്ചുനിർത്തപ്പെട്ടിരിക്കുന്നു. പക്ഷേ, ഈ പശ്ചാത്താപത്തിന്റെ രീതിയും സ്വഭാവവും എന്ത്? ഇക്കാര്യത്തിൽ കർമശാസ്ത്ര പണ്ഡിതർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.
അല്ലാഹുവിനോടുള്ള ബാധ്യതയും മനുഷ്യരോടുള്ള ബാധ്യതയും ഉൾച്ചേർന്ന പ്രശ്നമാണിത്. ഒരു സമൂഹത്തിന് മുമ്പാകെയാണ് ഒരാൾ പതിവ്രതയെക്കുറിച്ച് ദുരാരോപണം നടത്തിയതെങ്കിൽ അവരോടെല്ലാം അപ്പറഞ്ഞത് നിഷേധിച്ചെങ്കിലല്ലാതെ അല്ലാഹുവോടുള്ള “തൗബ’ സ്വീകാര്യമാവില്ല. ആരോപണവിധേയയായ സ്ത്രീയോട് മാപ്പപേക്ഷിക്കുകയും വേണം. ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് സർവത്ര അപവാദം പരത്തി സ്ത്രീക്കും അവളുടെ കുടുംബത്തിനും സന്താനങ്ങൾക്കും ചീത്തപ്പേരുണ്ടാക്കിയശേഷം “അല്ലാഹുവേ, ഞാൻ പശ്ചാത്തപിക്കുന്നു’ എന്നു മൊഴിഞ്ഞാൽ പോരാ. പറഞ്ഞ കാര്യങ്ങളെല്ലാം മറിച്ച് പറയുകയും താൻ ആ സ്ത്രീയെക്കുറിച്ച് നുണ പറയുകയായിരുന്നു എന്ന് സമ്മതിക്കുകയും ആരോപണ വിധേയയായ സ്ത്രീയെ തൃപ്തയാക്കുകയും, അവൾ വിട്ടുവീഴ്ചക്ക് തയ്യാറാവുകയും ചെയ്തെങ്കിലേ പശ്ചാത്താപം സ്വീകാര്യമാവൂ. ഇല്ലെങ്കിൽ അടിശിക്ഷ സ്വീകരിച്ചശേഷം, അല്ലാഹുവോട് തൗബ ചെയ്യുകയാണ് മാർഗം. അപ്പോൾ ആ പശ്ചാത്താപം സ്വീകരിക്കപ്പെടും.
അന്യായമായ മാർഗത്തിലൂടെ ധനം തട്ടിയെടുക്കുന്നത് ഏറ്റവും ഹീനമായ കുറ്റമാണ്. തട്ടിയെടുത്ത ധനം അവകാശികൾക്ക് തിരിച്ചുകൊടുക്കാതെ അതിലൊരു പശ്ചാത്താപത്തിന്റെ പ്രശ്നമേയില്ല. ദൈവമാർഗത്തിൽ യുദ്ധം ചെയ്ത് രക്തസാക്ഷിത്വം വരിച്ചവർക്കുപോലും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കൈക്കൂലി, കൊള്ള, മോഷണം തുടങ്ങിയ മാർഗങ്ങളിലൂടെ ജനങ്ങളുടെ ധനം കൈക്കലാക്കിയശേഷം “അല്ലാഹുവേ, ഞാനിതാ പശ്ചാത്തപിക്കുന്നു’ എന്നു പറയുകയോ ഹജ്ജ് ചെയ്യുകയോ ദൈവമാർഗത്തിൽ സമരംചെയ്ത് രക്തസാക്ഷിത്വം വരിക്കുകയോ ചെയ്തിട്ട് ഒരു പ്രയോജനവുമില്ല. തട്ടിയെടുത്ത ധനം അവകാശികൾക്ക് തിരിച്ചുകൊടുത്തേ പറ്റൂ. അതിന് സാമ്പത്തികനില അനുകൂലമല്ലെങ്കിൽ അവകാശികളെ നേരിൽ സമീപിച്ച് അവരുടെ തൃപ്തി ആവശ്യപ്പെടണം. അവർ വിട്ടുപൊറുത്തുതന്നാൽ ആയി. അത്രതന്നെ. ഇല്ലെങ്കിൽ, സാമ്പത്തികനില അനുകൂലമാകുമ്പോൾ അവകാശികൾക്ക് അവ തിരിച്ചുനൽകുമെന്ന നിയ്യത്തോടെ അല്ലാഹുവോട് പശ്ചാത്തപിക്കുക. അത് സാധ്യമാകും മുമ്പ് അയാൾ മരണപ്പെട്ടു പോകുന്നപക്ഷം അന്ത്യദിനത്തിൽ അവരെ തൃപ്തിപ്പെടുത്തുന്ന കാര്യം അല്ലാഹു ഏറ്റെടുക്കും. അല്ലാഹു ഏറെ കരുണയുള്ളവനും പൊറുത്തുകൊടുക്കുന്നവനുമല്ലോ.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL