Monday, May 13, 2024
Homeവിശേഷദിനം- ആഘോഷംറജബ് മാസം ശരിയും തെറ്റും, പ്രമാണങ്ങളുടെ പിൻബലമുണ്ടോ?

റജബ് മാസം ശരിയും തെറ്റും, പ്രമാണങ്ങളുടെ പിൻബലമുണ്ടോ?

ചോദ്യം: റജബ് മാസത്തിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ?

മറുപടി: അല്ലാഹു പവിത്രമാക്കിയ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന നാല് മാസങ്ങളിൽ ഒന്നാണ് റജബ് മാസം. അല്ലാഹു പറയുന്നു:
{ إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالأرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلا تَظْلِمُوا فِيهِنَّ أَنْفُسَكُمْ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ }-التَّوبَةُ: 36.
” ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയിൽ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാൽ ആ (നാല്) മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത് ”.-(അത്തൗബ: 36).

ഇമാം ത്വബരി(റഹി) ഇബ്‌നു അബ്ബാസ്(റ)വിൽ നിന്നും ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇങ്ങനെ ഉദ്ധരിച്ചത് കാണാം: ”എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവർത്തിക്കൽ (അഥവാ അധർമം ചെയ്യൽ) നിഷിദ്ധമാണ്. പിന്നീട് അതിൽ നിന്നും നാല് മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞു. അവയുടെ പവിത്രതയെ മഹത്ത്വപ്പെടുത്തുകയും, അവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായ നന്മകളുമാക്കിയിരിക്കുന്നു.”-(തഫ്‌സീറുത്ത്വബരി: 16775).
قَالَ الْإِمَامُ اِبْن جَرِير الطَّبَرِيّ: عَنِ ابْنِ عَبَّاسٍ، قَوْلُهُ: {إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَوَاتِ وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلاَ تَظْلِمُوا فِيهِنَّ أَنْفُسَكُمْ} فِي كُلِّهِنَّ . ثُمَّ خَصَّ مِنْ ذَلِكَ أَرْبَعَةَ أَشْهُرٍ فَجَعَلَهُنَّ حُرُمًا وَعَظَّمَ حُرُمَاتِهِنَّ وَجَعَلَ الذَّنْبَ فِيهِنَّ أَعْظَمَ وَالْعَمَلَ الصَّالِحَ وَالأَجْرَ أَعْظَمَ.-تَفْسِيرُ الطَّبَرِيّ: 16775.

പവിത്രമാക്കപ്പെട്ട നാല് മാസങ്ങളിൽ ഒന്ന് എന്ന നിലക്കും, ആ മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞതിനാലും ആ മാസങ്ങൾക്ക് പ്രാധാന്യമുണ്ട്.
അബൂബക്റ (റ) നിവേദനം: റസൂൽ(സ്വ) പറഞ്ഞു: ” ഒരു വർഷം പന്ത്രണ്ട് മാസമാകുന്നു. അതിൽ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതിൽ മൂന്നെണ്ണം തുടർച്ചയായി വരുന്ന മാസങ്ങളാണ്. അഥവാ ദുഖഅ്‌ദഃ, ദുൽഹിജ്ജ, മുഹർറം എന്നിവയും ജുമാദക്കും ശഅ്ബാനിനും ഇടയിലുള്ള മുളറിന്റെ റജബുമാണത് ”. –(ബുഖാരി: 4662).
عَنْ أَبِي بَكْرَةَ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « إِنَّ الزَّمَانَ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالْأَرْضَ. السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ. ثَلَاثٌ مُتَوَالِيَاتٌ: ذُو الْقَعْدَةِ، وَذُو الْحِجَّةِ، وَالْمُحَرَّمُ، وَرَجَبُ مُضَرَ، الَّذِي بَيْنَ جُمَادَى وَشَعْبَانَ ».- رَوَاهُ الْبُخَارِيُّ: 4662.

ഇവിടെ മുളറിന്റെ റജബ് എന്നു പറയാൻ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതിൽ മുളർ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമദാൻ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാർ കണക്കാക്കിയിരുന്നത്. എന്നാൽ മുളർ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് ‘റജബു മുളർ’ എന്ന് നബി(സ്വ) വ്യക്തമാക്കിയത്.

റജബു മാസത്തെപ്പറ്റി നബി (സ) `മുള്വറിൻറെ റജബ്‌’ (رَجَبُ مُضَر) എന്നു പറയുവാൻ കാരണം, വേറെ ചില ഗോത്രക്കാർ ആ മാസത്തിൻറെ ആചരണത്തിൽ വ്യത്യാസം വരുത്തിയിരുന്നതാണെന്ന്‌ ഇബ്‌നു കഥീർ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഹജ്ജ്‌ സമ്മേളനത്തിൽ ദൂരപ്രദേശങ്ങളിൽ നിന്നു നിർഭയം വന്നുചേരുവാനുള്ള സൗകര്യത്തിനുവേണ്ടി ഹജ്ജ്‌ മാസത്തിനു മുമ്പ്‌ ദുഖഅ്‌ദഃ മാസവും, അതേമാതിരി ഹജ്ജിൻറെ ശേഷം സമാധാനപൂർവ്വം തിരിച്ചുപോകുവാനുള്ള സൗകര്യത്തിനുവേണ്ടി അതിൻറെ ശേഷം മുഹർറ മാസവും-അങ്ങിനെ മൂന്നു മാസം-അല്ലാഹു തുടർച്ചയായി യുദ്ധം ഹറാമാക്കിയിരിക്കുന്നു. ഇടക്കുവെച്ചു ഉംറഃ കർമം ചെയ്‌തു പോകുന്നവരുടെ സൗകര്യം കണക്കിലെടുത്തു റജബു മാസവും ഹറാമാക്കിയിരിക്കുകയാണ്‌.

ചില കാലങ്ങൾക്കും ചില സ്ഥലങ്ങൾക്കും അല്ലാഹു ചില പ്രത്യേക സ്ഥാനങ്ങൾ കൽപിച്ചുവെച്ചിരിക്കുന്നു. മറ്റുള്ളവയലില്ലാത്ത ചില അനുഷ്‌ഠാനങ്ങളും ആചരണങ്ങളും അവയിൽ അവൻ നിയമിക്കുകയും ചെയ്‌തിട്ടുണ്ട്‌. അങ്ങിനെ നിശ്ചയിച്ചതിലുള്ള യുക്തി രഹസ്യങ്ങൾ അൽപം ചിലതൊക്കെ നമുക്ക്‌ അറിയുവാൻ കഴിഞ്ഞേക്കുമെങ്കിലും മുഴുവനായോ, വിശദമായോ അതിലടങ്ങിയ തത്വരഹസ്യങ്ങൾ മനസ്സിലാക്കുവാൻ നമുക്ക്‌ കഴിയുകയില്ല. എന്തുകൊണ്ട്‌ ദിനംപ്രതി അഞ്ചു നമസ്‌കാരം നിയമിച്ചു? ആഴ്‌ചയിലെ ദിവസങ്ങളിൽ വെള്ളിയാഴ്‌ച ദിവസത്തിന്‌ എന്തുകൊണ്ട്‌ പ്രാധാന്യംകൽപിച്ചു? മാസങ്ങളിൽ എന്ത്‌ കൊണ്ട്‌ റമദാന്‌ പ്രത്യേകത നൽകി? ഇതിനൊന്നും വസ്‌തു നിഷ്‌ഠവും പരിപൂർണവുമായ ഉത്തരം പറയുവാൻ നമുക്ക്‌ സാദ്ധ്യമല്ല. ഇതുപോലെ, സ്ഥലങ്ങളുടെ കൂട്ടത്തിൽ പള്ളികൾക്കും, രാജ്യങ്ങളുടെ കൂട്ടത്തിൽ മക്ക, മദീന, ബൈത്തുൽ മഖ്ദിസ്‌ എന്നിവക്കും അല്ലാഹു ചില ശ്രേഷ്‌ഠതകൾ നൽകിയിരിക്കുന്നു. ഓരോന്നിനും ചില കാരണങ്ങളൊക്കെ നമുക്ക്‌ മനസ്സിലായിട്ടുണ്ടെങ്കിലും, നമുക്ക്‌ അജ്ഞാതമായ വേറെയും യുക്തിരഹസ്യങ്ങൾ അതിലെല്ലാം അടങ്ങിയിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല. ആ സ്ഥിതിക്ക്‌ ഓരോന്നിനും കൽപിച്ച പവിത്രതയും, സ്ഥാനവും അതേ രൂപത്തിൽ അംഗീകരിക്കുകയല്ലാതെ അതിൽ മാറ്റമോ വ്യത്യാസമോ വരുത്തുവാൻ മനുഷ്യർക്ക്‌ അവകാശമോ, അനുവാദമോ ഇല്ല. ചോദ്യം ചെയ്യാതെ അതനുസരിക്കുകയാണ്‌ നമ്മുടെ കടമ. അതാണ്‌ നേർക്കുനേരെയുള്ള മതനടപടിയും. {ذَٰلِكَ الدِّينُ الْقَيِّمُ} നേരെമറിച്ചു അവയിലൊക്കെ അല്ലാഹു കൽപിച്ചതിനെതിരായ മാറ്റത്തിരുത്തങ്ങൾ വരുത്തുന്നത്‌ അവിശ്വാസവുമായിരിക്കും.

യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന പവിത്രമായ മാസവും തിന്മകൾ കഠിനമായി വിലക്കപ്പെട്ടതും നന്മകളെ ഏറെ മഹത്ത്വമുള്ളതും പ്രോത്സാഹനീയവുമായി പഠിപ്പിക്കപ്പെട്ടതുമായ മാസങ്ങളിൽ ഒരു മാസം എന്നതൊഴിച്ചാൽ, പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ റജബ് മാസത്തിന് പഠിപ്പിക്കപ്പെട്ടിട്ടില്ല. ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീഥുകളും ദുർബല ഹദീഥുകളും തെളിവാക്കി ഒട്ടനേകം അനാചാരങ്ങൾ റജബ് മാസത്തിൽ പലരും പ്രവർത്തിച്ചു വരുന്നതായിക്കാണാം.

ഈ മാസത്തിന് സവിശേഷതയും പവിത്രതയും കൈവരാൻ തക്കവണ്ണം എന്തെങ്കിലും പ്രത്യേകതകളോ ചരിത്രസംഭവങ്ങളോ ഉണ്ടെന്നതിന് ആധികാരികമായി യാതൊരു തെളിവും ഇല്ല എന്നാണ് ഇമാമുകൾ വ്യക്തമാക്കിയിട്ടുള്ളത്. റജബിനെക്കുറിച്ച് സ്വതന്ത്രമായി ഒരു കൃതി തന്നെ രചിച്ച ഇമാം ഇബ്‌നുഹജർ അൽ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തുന്നു:

لَمْ يُرِدْ فِي فَضْلِ شَهْرِ رَجَبٍ، وَلَا فِي صِيَامِهِ، وَلَا فِي صِيَامِ شَيْءٍ مِنْهُ، – مَعَيَّنٍ، وَلَا فِي قِيَامِ لَيْلَةٍ مَخْصُوصَةِ فِيهِ – حَدِيثٌ صَحِيحٌ يَصْلِحُ لِلحُجَّةِ، وَقَدْ سَبَقَنِي إِلَى الْجَزْمِ بِذَلِكَ الإِمَامُ أَبُو إِسْمَاعِيلُ الْهِرَوِيُّ الحَافِظُ، رُوِّيْنَاهُ عَنْهِ بِإِسْنَادٍ صَحِيحٍ، وَكَذَلِكَ رُوِّيْنَاهُ عَنْ غَيْرِهِ، وَلَكِنْ اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً
وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!..
وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.. تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: ص 12.

”റജബ്മാസത്തിന്റെ ശ്രേഷ്ഠതയോ, അതിൽ നോമ്പനുഷ്ഠിക്കുന്നത് സവിശേഷം ശ്രേഷ്ഠമാണെന്ന് പറയുന്നതോ ഇനി അതിൽ ഏതെങ്കിലുമൊരുദിവസം നോമ്പ് ശ്രേഷ്ഠമാണെന്നു കുറിക്കുന്നതോ, അതിലെ ഏതെങ്കിലും ഒരു രാവിൽ പ്രത്യേകം നമസ്‌കാരം നിർവഹിക്കുന്നതിന്റെ ശ്രേഷ്ഠതവ്യക്തമാക്കുന്നതോ ആയ പ്രബലവും തെളിവിനു കൊള്ളാവുന്നതോ ആയ ഒരൊറ്റഹദീസും വന്നിട്ടില്ല. ഇമാം അബൂഇസ്മാഈൽ അൽഹിറവി എനിക്ക്മുമ്പേതന്നെ ഇക്കാര്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൽനിന്നും അല്ലാത്തവരിൽനിന്നുമായി നമുക്കും ഈസംഗതി സ്വഹീഹായപരമ്പരയിലൂടെ ലഭിച്ചിട്ടുണ്ട്. എന്നാൽ പുണ്യകർമങ്ങളുടെ വിഷയത്തിൽ അൽപം ദുർബലതയുള്ള ഹദീസുകൾ -അവ നബി(സ)യുടെ പേരിൽ കെട്ടിച്ചമച്ചതല്ലെങ്കിൽ- ഉദ്ധരിക്കുന്നതിൽ ചില പണ്ഡിതന്മാർ അയവുള്ള സമീപനം കൈ കൊള്ളാറുണ്ട്. എങ്കിൽ കൂടി കർമമനുഷ്ടിക്കുന്നവർ പ്രസ്തുത ഹദീസ ദുർബലമാണെന്നുതന്നെ വിശ്വസിക്കൽ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിനു പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുർബലമായ ഹദീസ് കൊണ്ട് ആളുകൾ കർമം ചെയ്യാതിരിക്കാനും തദ്വാര ശർഅ് അനുശാസിക്കാത്ത ഒരു കാര്യം ശറഅ് ആയിഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കിൽ വിവരമില്ലാത്തവർ അതു ശരിയായ സുന്നത്താണെന്നു ധരിക്കാതിരിക്കുവാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടിവരുന്നത്. അബൂ മുഹമ്മദ്ബിൻ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, ‘എന്നിൽനിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാൽ അവൻ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി’ എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പിൽ പെട്ടുപോകുന്നത് ഓരോരുത്തരും സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, അപ്പോൾ പിന്നെ കർമം ചെയ്യുന്നവന്റെ കാര്യമോ?. യഥാർത്ഥത്തിൽ ദുർബല ഹദീസനുസരിച്ച് പ്രവർത്തിക്കുന്ന കാര്യത്തിൽ അതു വിധിവിലക്കുകളുടെ വിഷയത്തിലോ, പുണ്യകർമങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്‌നം തന്നെയില്ല. കാരണം എല്ലാം ശർഈ കാര്യങ്ങൾ തന്നെ”.-(തബ്‌യീനുൽ അജബി ബിമാവറദ ഫീ ഫള്ലി റജബ്, പേജ്: 3).

തുടർന്നദ്ദേഹം റജബിലെ നോമ്പിനെക്കുറിച്ച മൂന്ന് ഹദീസുകൾ ഉദ്ധരിക്കുന്നു. അതിലൊന്ന്:
إِنَّ أَمْثَلَ مَا وَرَدَ فِي ذَلِكَ:. مَا رَوَاهُ النِّسَائِيُّ مِنْ حَدِيثِ أُسَامَةَ بِنْ زَيْدٍ رَضِيَ اللَّهُ عَنْهُ قَالَ: قُلْتُ: يَا رَسُولَ اللَّهِ، لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَان؟ . قَالَ: « ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ …. ». الحَدِيثُ.. فَهَذَا فِيهِ إِشْعَارٌ بِأَنَّ فِي رَجَبٍ مُشَابِهَةٌ بِرَمَضَانِ، وَأَنَّ النَّاسَ يَشْتَغِلُونَ مِنَ العِبَادَةِ بِمَا يَشْتَغِلُونَ بِهِ فِي رَمَضَانِ، وَيُغْفَلُونَ عَنْ نَظِيرِ ذَلِكَ فِي شَعْبَانَ. لِذَلِكَ كَانَ يَصُومُهُ.. وَفِي تَخْصِيصِهِ ذَلِكَ بِالصَّوْمِ – إِشْعَارٌ بِفَضْلِ رَجَبٍ، وَأَنَّ ذَلِكَ كَانَ مِنْ المَعْلُومِ المُقَرَّرِ لَدَيْهِمْ.- تَبْيِينُ العَجَبِ: ص 12.
ഉസാമത്തുബ്‌നു സൈദിൽ നിന്ന്. ” ഞാൻ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു, ശഅ്ബാനിൽ നോമ്പനുഷ്ഠിക്കന്നത്ര മറ്റൊരുമാസവും താങ്കൾ നോമ്പനുഷ്ഠിക്കുന്നത് ഞാ ൻ കണ്ടിട്ടില്ലല്ലോ?. ” അത് റജബിന്റെയും റമദാനിന്റെയും ഇടയിൽ ആളുകൾ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന മാസമാണ് ”. എന്ന് തിരുമേനി(സ) മറുപടി പറഞ്ഞു ”-(നസാഈ).

ഈ ഹദീസുദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: ” ഇതിൽ റജബിന് റമദാനുമായി ഒരു സാദൃശ്യമുണ്ടെന്ന ധ്വനിയുണ്ട്. മാത്രമല്ല, റമദാൻ പോലെ ആളുകൾ റജബിലും ചില ആരാധനാ കർമങ്ങൾ ചെയ്യാറുണ്ടെന്നും. എന്നാൽ ആ ശ്രദ്ധ അവർ ശഅ്ബാനിൽ കാണിക്കുന്നില്ലെന്നും അതാണ് താൻ അതിൽ (ശഅ്ബാനിൽ) പ്രത്യേകമായി നോമ്പനുഷ്ഠിക്കുന്നതെന്നും പറഞ്ഞതിൽനിന്ൻ റജബ് മാസത്തിനും ഒരു ശ്രേഷ്ഠതയുണ്ടെന്ന സൂചനയുണ്ട്. അതേപ്പറ്റി അവർക്ക് അറിവും നിശ്ചയവും ഉണ്ടായിരുന്നു എന്നും ”.- (തബ്‌യീനുൽ അജബ്ബി മാവറദ ഫീ ഫള്ലി റജബ്).

റജബ് മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഏതാണ്ടെല്ലാ ഹദീസുകളും അദ്ദേഹം തന്റെ ഈ ലഘു കൃതിയിൽ ചർച്ച ചെയ്യുന്നുണ്ട്. അവയിലൊരെണ്ണം പോലും സ്വഹീഹായതല്ലെന്നും ഒന്നുകിൽ ദുർബലമായവയോ അല്ലെങ്കിൽ കെട്ടിച്ചമച്ചുണ്ടാക്കിയവയോ ആണെന്നും വ്യക്തമാക്കുന്നുണ്ട്. ഒടുവിൽ ഇമാം അബൂബക്ർ അത്ത്വർതൂസിയുടെ ഇവ്വിഷയകമായ ഒരു പ്രസ്താവന അദ്ദേഹം ഉദ്ധരിക്കുന്നു: ‘റജബ്മാസത്തെ നോമ്പ് മൂന്നടിസ്ഥാനത്തിൽ കറാഹത്തായിത്തീരും.

1. റജബു മാസത്തിൽ പ്രത്യേക നോമ്പുണ്ടെന്ന മട്ടിൽ എല്ലാ വർഷവും മുടങ്ങാതെ നോമ്പനുഷ്ഠിക്കൽ.
2. ഇതര സുന്നത്തു നോമ്പുകൾ പോലെ സ്ഥിരപ്പെട്ട സുന്നത്താണെന്ന മട്ടിൽ നോമ്പനുഷ്ഠിക്കൽ.
3. ഇതര മാസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നതിനേക്കാൾ പുണ്യവും ശ്രേഷ്ഠതയും ഉണ്ടെന്ന ഭാവത്തിൽ ഈ മാസത്തിൽ നോമ്പെടുക്കൽ.-(തബ്‌യീനുൽ അജബ്ബി മാവറദ ഫീ ഫള്ലി റജബ്).
قَالَ أَبُو بَكْرٍ الطَّرْطُوشِى فِي كِتَاب “البِدَعُ وَالحَوَادِثُ”: يُكْرَهُ صَوْمُ رَجَبٍ عَلَى ثَلَاثَةِ أَوْجُهٍ.. أَحَدُهَا: أَنّهُ إِذَا خَصَّهُ المُسْلِمُونَ بِالصَّوْمِ مِنْ كُلِّ عَامٍ حَسَبَ العَوَامِّ إِمَّا أَنَّهُ فَرْضٌ كَشَهْرٍ رَمَضَانِ، وَإِمَّا سَنَةٌ ثَابِتَةٌ كَالسُّنَنِ الثَّابِتَةِ وَإِمَّا لِأَنَّ الصَّوْمَ فِيهِ مَخْصُوصٌ بِفَضْلِ ثَوَابِ عَلَى صِيَامِ بَاقِيَ الشُّهُورَ. وَلَوْ كَان مِنْ هَذَا شَيْءٌ لَبَيَّنَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ.. قَالَ اِبْنُ دحية: الصِّيَامُ عَمَلٌ بَرٍّ لَا لِفَضْلِ شَهْرِ رَجَبِ، فَقَدْ كَانَ عُمَرُ – رَضِيَ اللهُ عَنْهُ – يَنْهَى عَنْ صِيَامِهِ. وَاللّهُ أَعْلَمُ. – تَبْيِينُ العَجَبِ: ص 38.

ഈ മൂന്നടിസ്ഥാനത്തിൽ റജബിൽ നോമ്പനുഷ്ഠിക്കുന്നത് വെറുക്കപ്പെട്ടതാണെന്നും അതിൽ വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കിൽ അത് തിരുമേനി(സ) വ്യക്തമാക്കുമായിരുന്നുവെന്നും പറഞ്ഞു കൊണ്ടാണ് തന്റെ ലഘുകൃതി ഇമാം ഇബ്‌നു ഹജർ അവസാനിപ്പിക്കുന്നത്.
അതുപോലെ, റജബ് മാസത്തിൽ പ്രത്യേകമായി നോമ്പ് സുന്നത്തുണ്ട് എന്ന് കുറിക്കുന്ന ഹദീസുകളെല്ലാം പറ്റെ ദുർബലങ്ങളാണ്. അല്ലാത്തവ വ്യാജ നിർമിതവും. മാത്രമല്ല, റജബ് മാസത്തിൽ പ്രത്യേകം സുന്നത്ത് ഉണ്ടെന്ന മട്ടിൽ നോമ്പനുഷ്ഠിക്കുന്നത് ഒട്ടും ശരിയല്ലെന്നും റജബിൽ ഭക്ഷണം കഴിക്കാനായി ഉമർ(റ) ആളുകളുടെ കൈക്ക് നല്ല അടിപൊട്ടിച്ചു കൊടുക്കാറുണ്ടായിരുന്നു എന്നും അങ്ങനെ അവരുടെ കൈ അദ്ദേഹം പിഞ്ഞാണത്തിൽ കുത്തിക്കുമായിരുന്നു എന്നും എന്നിട്ട് ‘ജാഹിലിയ്യാ അറബികൾ ബഹുമാനിച്ചാരാധിച്ചിരുന്ന ദിവസമാണ് അത്, നിങ്ങൾ തിന്നുവിൻ’ എന്ന് പറയാറുണ്ടായിരുന്നുവെന്നുമെല്ലാം ഇബ്‌നു അബീശൈബ ഉദ്ധരിച്ചിട്ടുണ്ട്.-(അൽ മുസ്വന്നഫ്: 2/345), (അൽ മുഗ്‌നി: 3/53).
عَنْ خَرَشَةَ بْنِ الْحُرِّ، قَالَ: رَأَيْتُ عُمَرَ يَضْرِبُ أَكُفَّ النَّاسِ فِي رَجَبٍ، حَتَّى يَضَعُوهَا فِي الْجِفَانِ وَيَقُولُ: كُلُوا فَإِنَّمَا هُوَ شَهْرٌ كَانَ يُعَظِّمُهُ أَهْلُ الْجَاهِلِيَّةِ.- مُصَنَّفُ أَبِي شَيْبَةَ:٩٨٥١.

ഉസ്മാനുബ്നു ഹകീമിൽ അൻസ്വാരി പറയുന്നു: ഒരു റജബിൽ ഞാൻ സഈദുബ്നു ജുബൈറിനോട് റജബിലെ നോമ്പിനെപ്പറ്റി ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി (സ) നോമ്പ് ഒഴിവാക്കാറേ ഇല്ല എന്ന് ഞങ്ങൾ പറയുവോളം അവിടുന്ന് ചിലപ്പോൾ നോമ്പനുഷ്ഠിച്ചു കൊണ്ടിരിക്കും, എന്നാൽ മറ്റു ചിലപ്പോൾ അവിടുന്ന് നോമ്പ് എടുക്കാറേ ഇല്ല എന്ന് ഞങ്ങൾ പറയുമാറ് നോമ്പ് എടുക്കാതിരിക്കുകയും ചെയ്യും എന്ന് ഇബ്നു അബ്ബാസ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. (മുസ്ലിം: 2782).
عُثْمَانُ بْنُ حَكِيمٍ الأَنْصَارِىُّ قَالَ: سَأَلْتُ سَعِيدَ بْنَ جُبَيْرٍ عَنْ صَوْمِ رَجَبٍ -وَنَحْنُ يَوْمَئِذٍ فِى رَجَبٍ فَقَالَ: سَمِعْتُ ابْنَ عَبَّاسٍ رَضِىَ اللَّهُ عَنْهُمَا يَقُولُ: كَانَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ لاَ يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ لاَ يَصُومُ.- رَوَاهُ مُسْلِمٌ: 2782.

ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി പറയുന്നു:
وَقَالَ الإِمَامُ النَّوَوِيُّ: قَوْله: سَأَلْت سَعِيدَ بْنَ جُبَيْرٍ عَنْ صَوْم رَجَب، فَقَالَ: سَمِعْت اِبْن عَبَّاس يَقُول: « كَانَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَصُوم حَتَّى نَقُول: لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لَا يَصُومُ ».قَالَ النَّوَوِيّ: الظَّاهِر أَنَّ مُرَاد سَعِيد بْن جُبَيْر بِهَذَا الِاسْتِدْلَال أَنَّهُ لَا نَهْي عَنْهُ وَلَا نَدْب فِيهِ لِعَيْنِهِ بَلْ لَهُ حُكْم بَاقِي الشُّهُور، وَلَمْ يَثْبُت فِي صَوْم رَجَب نَهْي وَلَا نَدْب وَلَا نَهْي لِعَيْنِهِ، وَلَكِنَّ أَصْل الصَّوْم مَنْدُوب إِلَيْهِ. وَفِي سُنَن أَبِي دَاوُدَ أَنَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ نَدَبَ إِلَى الصَّوْم مِنْ الْأَشْهُر الْحُرُم وَرَجَب أَحَدهَا وَاللَّهُ أَعْلَم. – عَوْنِ الْمَعْبُودِ: 2075، شَرَحُ مُسْلِمٍ: 1960.
ഈ തെളിവ് ആധാരമാക്കിയതിലൂടെ ഇബ്നു അബ്ബാസ് ഉദ്ദേശിച്ചത്, റജബിൽ നോമ്പനുഷ്ഠിക്കുന്നതിന് വിലക്കില്ല, അതുപോലെ അതിൽ നോമ്പനുഷ്ഠിക്കുന്നതിന് പ്രത്യേകിച്ച് പുണ്യവുമില്ല എന്നതാണ്. മറ്റേതൊരു മാസത്തിലും നോമ്പനുഷ്ഠിക്കുന്നതിന്റെ വിധി തന്നെയാണ് അതിനും എന്നർഥം. റജബ് നോമ്പുമായി ബന്ധപ്പെട്ട്, അത് വിലക്കുന്നതോ, ആ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നത് പ്രത്യേകപുണ്യമുണ്ടെന്നോ കുറിക്കുന്ന ഒന്നും സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ നോമ്പനുഷ്ഠിക്കുന്നതിന്റെ മൗലിക വിധി പുണ്യകർമ്മമാണ് എന്നതാണ്. അബൂദാവൂദിന്റെ സുനനിൽ പവിത്രമാസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നത് പുണ്യമാണെന്ന് ഉണ്ട്, റജബ് അവയിൽ ഒന്നാണല്ലോ. (ശറഹു മുസ്ലിം: 1960).

ഇൽയാസ് മൗലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Recent Posts

Related Posts

error: Content is protected !!