ചോദ്യം – “മുസ്ലിംകൾ സ്രഷ്ടാവിനെ അറബി ഭാഷയിൽ “അല്ലാഹു’ എന്ന് പറയുന്നത് എന്തിനാണ്? ഓരോരുത്തരും തങ്ങളുടെ മാതൃഭാഷയിൽ യുക്തമായ പേര് നൽകിയാൽ പോരേ, മലയാളികളായ നാം ദൈവം, ഈശ്വരൻ എന്നെല്ലാം വിളിക്കുന്നപോലെ?”
ഉത്തരം – പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ശക്തിയെക്കുറിക്കുന്ന നാമമാണ് അല്ലാഹു. ദൈവം, ഈശ്വരൻ, കർത്താവ്, ഗോഡ്, ഖുദാ തുടങ്ങി ആ സ്രഷ്ടാവിനെ പരിചയപ്പെടുത്താൻ ഏതു ഭാഷയിലെ പേരും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഏകനും ലിംഗഭേദങ്ങൾക്കതീതനുമായ ആ ശക്തിയെ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യമായ പദം “അല്ലാഹു’ എന്നതുതന്നെയാണ്. അറബിഭാഷയിലെ പ്രസ്തുത നാമപദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല.
norgerx.com
അതിനാൽ “അല്ലാഹു’ എന്നതിന് ലോകത്തിലൊരു ഭാഷയിലും പൂർണാർഥത്തിലുള്ള പരിഭാഷയില്ല. പരിഭാഷ സാധ്യവുമല്ല. ദൈവം, ഗോഡ്, ഖുദാ പോലുള്ളവയെല്ലാം അറബിയിലെ “ഇലാഹ്’ എന്നതിന്റെ പരിഭാഷയാണ്. “അല്ലാഹു’ എന്നതിന്റേതല്ല. ദൈവം എന്നതിന് ദൈവങ്ങൾ, ദേവി എന്നും ഗോഡ് എന്നതിന് ഗോഡസ്, ഗോഡ്സ് എന്നുമൊക്കെ പ്രയോഗിക്കുക പതിവാണല്ലോ. ഇതര ഭാഷകളിലെ പദങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ദൈവം, ഈശ്വരൻ, ഗോഡ് പോലുള്ളവയ്ക്ക് “അല്ലാഹു’ എന്നതുപോലെ ഗൗരവം കൽപിക്കപ്പെടാറില്ലെന്നതും ശ്രദ്ധേയമത്രെ. കോടികളുടെ ഉടമയെ “കോടീശ്വരനെ’ന്നും “ഗോഡ് ഓഫ് സ്മാൾ തിംഗ്സ്’ എന്നുമൊക്കെ ഒട്ടും മനഃപ്രയാസമില്ലാതെ ഏവരും പറയാറുണ്ടല്ലോ. “അല്ലാഹു’ എന്നത് ഇത്തരം പ്രയോഗങ്ങൾക്കും വചന, ലിംഗമാറ്റങ്ങൾക്കും അതീതമായ നാമപദമാണ്. അതിനാൽ സ്രഷ്ടാവിന്റെ സവിശേഷതകളെ യഥാവിധി പ്രതിനിധീകരിക്കാൻ ഏറ്റവും പറ്റിയ പേരും അതുതന്നെ. ലോകമെങ്ങുമുള്ള ജനതക്ക് സ്രഷ്ടാവിനെ പരിചയപ്പെടുത്താൻ ഒരു പേര് അനിവാര്യമാണല്ലോ. അതിന് ഏറ്റവും അനുയോജ്യം “അല്ലാഹു’ എന്ന് ആയതിനാലാണ് അന്ത്യദൂതനിലൂടെ ആ നാമം നിശ്ചയിക്കപ്പെട്ടത്. അതോടൊപ്പം നിർണിതമായ ആരാധനാകർമങ്ങളിലൊഴിച്ച് സ്രഷ്ടാവിനെ പരിചയപ്പെടുത്താനും അഭിസംബോധന ചെയ്യാനും “അല്ലാഹു’ എന്നുതന്നെ പ്രയോഗിക്കണമെന്നില്ല. പ്രാദേശിക ഭാഷകളിലോ ലോകഭാഷകളിലോ ഉള്ള ഇതര പേരുകൾ ഉപയോഗിക്കാവുന്നതാണ്.