Friday, April 26, 2024
Homeഫിഖ്ഹ്- വൈദ്യശാസ്തംസൗന്ദര്യവര്‍ധക ശസ്ത്രക്രിയ അനുവദനീയമോ?

സൗന്ദര്യവര്‍ധക ശസ്ത്രക്രിയ അനുവദനീയമോ?

ചോദ്യം : സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ (cosmetic surgery) ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന് വല്ല നിബന്ധനയും വെച്ചിട്ടുണ്ടോ?

മറുപടി : മനുഷ്യന്‍ തന്റെ സൗന്ദര്യവര്‍ധനത്തിനായി തൊലിയിലും എല്ലുകളിലും ഘടനയിലും രൂപത്തിലുമെല്ലാം മാറ്റം വരുത്തുന്ന പ്രക്രിയയാണ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയ. അടിസ്ഥാനപരമായി ഇത്തരം സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ ഹറാമാകുന്നു. അല്ലാഹു മനുഷ്യന്റെ രൂപത്തിലും സൃഷ്ടിപ്പിലും നിര്‍ണയിച്ച രീതികളോടുള്ള കോപം ഇതില്‍ അടങ്ങിയതായി കാണാം. മാത്രമല്ല പൈശാചിക പ്രലോഭനങ്ങളാണ് ഇതിന്റെ പ്രേരകമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ ‘അവരെ ഞാന്‍ വഴിപിഴപ്പിക്കും. വ്യാമോഹങ്ങള്‍ക്കടിപ്പെടുത്തും. ഞാന്‍ കല്‍പിക്കുന്നതിനനുസരിച്ച് അവര്‍ കാലികളുടെ കാത് കീറിമുറിക്കും. അവര്‍ അല്ലാഹുവിന്റ സൃഷ്ടിയെ കോലംകെടുത്തും’ (അന്നിസാഅ് 119) സൗന്ദര്യവര്‍ധനവിനായി ചെയ്യുന്ന  ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹറാമാണ്.

രണ്ടു രൂപത്തിലുള്ള ഇളവുകള്‍ പണ്ഡിതന്‍മാര്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ വക്രത വന്ന അവയവത്തെ യഥാര്‍ഥ സ്ഥിതിയിലേക്ക് മാറ്റുന്ന രീതിയാണ് ഇതില്‍ ഒന്നാമത്തേത്. സാധാരണ മനുഷ്യപ്രകൃതിക്ക് യോജിക്കാത്തതും എന്നാല്‍ ഒരു ന്യൂനതയായി കാണപ്പെടുന്ന ഭാഗത്തെ ശരിയാക്കുന്ന രീതിയാണ് രണ്ടാമത്തേത്. മനുഷ്യന്റെ നടത്തത്തിലോ ഇരുത്തത്തിലോ ഭക്ഷണം കഴിക്കുന്നതിലോ കാഴ്ചയിലോ കേള്‍വിയിലോ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതും, പ്രസ്തുത അവയവങ്ങളുടെ യഥാര്‍ഥ പ്രയോജനങ്ങള്‍ ലഭിക്കാത്തതുമായ അവയവങ്ങളെ ഇത്തരം ശസ്ത്രക്രിയകളിലൂടെ ശരിപ്പെടുത്തുന്നത് അനുവദനീയമാണ്. കാഴ്ചയില്‍ തന്നെ അരോചകമാകുന്ന രീതിയില്‍ ചിലരുടെ പല്ലുകള്‍ അസ്ഥാനത്തും ക്രമം തെറ്റിയുമെല്ലാം നില്‍ക്കുന്നതു കാണാം. അവ ശരിപ്പെടത്തുന്നത് അനുവദനീയമാണ്. അപ്രകാരം തന്നെ പ്രത്യക്ഷമായ കാഴ്ചയില്‍ കുഴപ്പമില്ലാത്തതും എന്നാല്‍ ആന്തരികമായി ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമെല്ലാം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ചില അവയവങ്ങളെ യഥാര്‍ഥ പ്രകൃതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന ശസ്ത്രക്രിയയും അനുവദനീയമാണ്.

എന്നാല്‍ സാധാരണ അവസ്ഥയില്‍ നിന്ന് ഭംഗി കൂട്ടാനും സൗന്ദര്യമുള്ള അവസ്ഥയില്‍ കൂടുതല്‍ സൗന്ദര്യത്തിനായും  നടത്തുന്ന ശസ്ത്രക്രിയ ഹറാമാണ്. എന്നാല്‍ നേരത്തെ പ്രതിപാദിച്ചതുപോലുള്ള അനിവാര്യതകളുളള സന്ദര്‍ഭത്തില്‍ ഇതില്‍ ഇളവുമുണ്ട്. ഇളവുകളില്‍ അല്ലാഹുവെ സൂക്ഷിക്കുവാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. നിരന്തരമായി ഇളവുകള്‍ മാത്രം അന്വേഷിച്ചു നടക്കുന്ന മനുഷ്യന്‍ തന്റെ തെറ്റുകളെ നിസ്സാരമായി കാണാനും കാലക്രമേണ വന്‍പാപങ്ങളിലേര്‍പ്പെടാനും ഇടവരുത്തും. അതിനാലാണ് അടിസ്ഥാനപരമായി ഇത് ഹറാമും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഹലാലും ആക്കിയിട്ടുള്ളത്.

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്‌

Recent Posts

Related Posts

error: Content is protected !!