ചോദ്യം: വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടൊരു കാര്യമാണ് എനിക്ക് ചോദിക്കാനുള്ളത്. എന്റെ മക്കളില്‍ ഒരാള്‍ ഡോക്ടറാണ്. അവരുടെ ഒരു കോണ്‍ഫറന്‍സില്‍ കുറച്ചുപേര്‍ ഒരു സംശയമുന്നയിച്ചു. പുനരുത്തേജന ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്നൊരാളെ സംബന്ധിച്ചെടുത്തോളം(അതില്ലായെങ്കില്‍ അയാള്‍ ഉടനടി മരിക്കും) അയാളുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് പറയാനാകുമോ? അത്തരം ഒരാളില്‍ നിന്നും ആ ഉപകരണങ്ങള്‍ എടുത്തൊഴിവാക്കാമോ?
ഉത്തരം- പല വിഷയങ്ങളിലും കര്‍മ്മശാസ്ത്രവും വൈദ്യശാസ്ത്രവും തമ്മില്‍ വലിയ ബന്ധമുണ്ട്. അവയിലേറ്റവും പ്രധാനപ്പെട്ടവയാണ് താഴെ പറയുന്നത്:
1- നിഷിദ്ധവും അനുവദനീയവുമടക്കം ഇസ്ലാമിക ശരീഅത്തിന്റെ എല്ലാ വ്യവസ്ഥകള്‍ക്കും വിധേയമാണ് വൈദ്യശാസ്ത്രം. വൈദ്യശാസ്ത്രത്തില്‍ അനിവാര്യമായ ധാര്‍മ്മികതയും പ്രതിബദ്ധതയുമെല്ലാം അതിന്റെ ഭാഗമാണ്. ഒരു മുസ്ലിം ഡോക്ടറെ സംബന്ധിച്ചെടുത്തോളം, ചികിത്സ, മരുന്ന്, സൗന്ദര്യവര്‍ദ്ധകം, അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങിയ മെഡിക്കല്‍ പ്രാക്ടീസുകളില്‍ അനുവദനീയവും അല്ലാത്തതും എന്താണെന്ന് വേര്‍തിരിച്ചറിയാന്‍ കര്‍മ്മശാസ്ത്രം അനിവാര്യമാണ്. ഒരു ഡോക്ടര്‍ പാലിച്ചരിക്കേണ്ട മര്യാദകളും വൈദ്യശാസ്ത്രത്തില്‍ വരുന്ന ശരീഅത്ത് നിയന്ത്രണങ്ങളും തന്റെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലത്തിന്റെ വ്യാപ്തിയും മനസ്സിലാക്കാന്‍ കര്‍മ്മശാസ്ത്രം ആവശ്യമാണ്. അതുപോലെത്തന്നെ രോഗിയെ സംബന്ധിച്ചെടുത്തോളം വിശുദ്ധി, ആരാധന, ഇടപാടുകള്‍(പ്രത്യേകിച്ചും മരണസമയത്ത് സമ്പത്തിന്റെ മൂന്നിലൊന്നിലധികം സ്വദഖ നല്‍കുന്നത്) എന്നിവയുടെ ശരീഅത്ത് വിധി അറിയാനും കര്‍മ്മശാസ്ത്രം വേണം.
2- വൈദ്യശാസ്ത്രപരമായ ഏതൊരു വിഷയത്തെക്കുറിച്ചും നിയമനിര്‍മ്മാണവും വിധിയും നടത്തണമെങ്കില്‍ അതുമായി ബന്ധപ്പെട്ട ജ്ഞാനം കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ക്ക് വേണം. വൈദ്യശാസ്ത്ര വ്യവഹാരത്തെക്കുറിച്ച് പൂര്‍ണ ബോധ്യമില്ലാതെ നിയമനിര്‍മ്മാണം നടത്താന്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ക്കാകില്ല. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏതാണ് അനുവദനീയം, നിഷിദ്ധം, നിര്‍ബന്ധം, കറാഹത്ത്, തെറ്റ്, ശരി എന്നൊന്നും പറയാനാകില്ല. അതിനാല്‍തന്നെ കര്‍മ്മശാസ്ത്ര പണ്ഡിതനെ സംബന്ധിച്ചെടുത്തോളം അവന് ഇജ്തിഹാദ് നടത്തണമെന്നുണ്ടെങ്കില്‍ ശരീഅത്തിനെക്കുറിച്ചുള്ള ജ്ഞാനത്തോടൊപ്പം വൈദ്യശാസ്ത്രത്തെക്കുറിച്ച ജ്ഞാനവുമുണ്ടായിരിക്കണം. കാരണം, പൂര്‍ണമായ ജ്ഞാനത്തില്‍ നിന്നല്ലാത്തതും കൃത്യമായ ധാരണയും അവബോധവുമില്ലാത്തതുമായ വിഷയത്തിലുള്ള ഫത്‌വയും ഇജ്തിഹാദും തെറ്റായ ഇജ്തിഹാദ് ആയാണ് പരിഗണിക്കപ്പെടുക. ആ ഫത്‌വക്ക് ശരീഅത്തില്‍ സ്വീകാര്യതയില്ല. അറിവില്ലാതെ ഇജ്തിഹാദ് ചെയ്തതിന് അവന്‍ കുറ്റക്കാരനാവുകയും ചെയ്യും. അതിനാല്‍തന്നെ വൈദ്യശാസ്ത്രപരമായ വിഷയങ്ങളില്‍ ഫത് വ പറയാന്‍ അതിനെക്കുറിച്ചുള്ള അറിവുണ്ടായിരിക്കണം. ചില മരുന്നുകള്‍ ശരീരത്തിന് ദോഷകരമാണെന്നും അതിനാല്‍ അത് നിഷിദ്ധമാണെന്നും അപ്പോള്‍ മാത്രമേ പണ്ഡിതന്മാര്‍ക്ക് പറയാനാകൂ. അക്കാരണത്താല്‍ തന്നെയാണ് മുന്‍കാല പണ്ഡിതന്മാരില്‍ ചിലര്‍ വൈദ്യശാത്രം പഠിക്കാത്ത പണ്ഡിതന്മാരെ വിമര്‍ശിച്ചത്.
3- വൈദ്യശാസ്ത്രപരമായ സംഭവവികാസങ്ങള്‍ക്ക് നിയമങ്ങള്‍ കൊണ്ടുവരാന്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ ഡോക്ടര്‍മാരുടെ സഹായം തേടേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കുകയും പണ്ഡിതന്മാര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യും. അതിനനുസൃതമായാണ് പിന്നീട് അവര്‍ ഫത്‌വ പുറപ്പെടീക്കുന്നത്.
ക്ലിനിക്കല്‍ ഡത്തും പുനരുത്തേജന ഉപകരണങ്ങളുടെ ഉപയോഗവും
പ്രകൃതിപരമായി ജീവിതത്തിന്റെ ആരംഭം ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുന്ന ശുക്ലത്തിലൂടെയാണെങ്കിലും നാല്‍പ്പത്തിരണ്ടോ നൂറ്റിഇരുപതോ ദിവസത്തിന് ശേഷം അല്ലാഹു ശരീഅത്തില്‍ ആത്മാവിനെ സന്നിവേശിപ്പിക്കുമ്പോഴാണ് മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നത്. അതേ ആത്മാവിനെ തിരിച്ചെടുക്കുമ്പോഴാണ് ജീവിതം അവസാനിച്ച് മരണം സംഭവിക്കുന്നത്. ആത്മാവെന്നത് ഗോപ്യമായ വസ്തുവാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അതിന്റെ പൊരുളുകളെക്കുറിച്ച് അറിയുകയില്ല. അതിനാല്‍തന്നെ, സാധാരണ ജീവിതത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന സ്വഭാവ പ്രകൃതത്തെ ആശ്രയിച്ചാണ് മരണം സ്ഥിരീകരിക്കുന്നത്.
ഹൃദയമിടിപ്പ് നിലക്കുക, ശ്വാസകോശത്തിലെ ശ്വസനം നിലക്കുക, മസ്തിഷ്‌കം പ്രവര്‍ത്തന രഹിതമാവുക തുടങ്ങിയ കാര്യങ്ങളെല്ലാം ഒന്നിക്കുന്നുവെങ്കിലാണ് മരിച്ചുവെന്ന് പറയുക. എന്നാല്‍, അതില്‍ ചിലത് ഉണ്ടാവുകയും മറ്റു ചിലത് ഇല്ലാതിരിക്കുകയും ചെയ്യുന്നിടത്താണ് അഭിപ്രായ ഭിന്നതകള്‍ വരുന്നത്.
ചലനമുണ്ടെന്നത് മാത്രം ഒരാള്‍ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവായി പിടിക്കാന്‍ പാടില്ലെന്ന അടിസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഈ ചര്‍ച്ച. ഒരു വ്യക്തിക്ക് ഇപ്പോഴും ജീവനുണ്ടോ ഇല്ലെയോ എന്ന് നിര്‍ണ്ണയിക്കുന്നത് നിരവധി കര്‍മ്മശാസ്ത്ര വിധികളുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. ഒരു വ്യക്തി മരിച്ചെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ പിന്നെ അയാളില്‍നിന്നും പുനരുത്തേജ ഉപകരണങ്ങള്‍ എടുത്തുമാറ്റാവുന്നതാണ് എന്നതും മരിച്ച വ്യക്തി വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍ അവയവദാനം നടത്തല്‍ അനുവദനീയമാണെന്നതുമെല്ലാം അത്തരം വിധികളുടെ ഭാഗമായി വരുന്നു. അതിനാല്‍തന്നെ, മരണ വാര്‍ത്ത പ്രഖ്യാപിക്കുന്നതില്‍ ധൃതി കാണിക്കാതിരിക്കുകയെന്നത് ഡോക്ടര്‍മാരുടെ അടിസ്ഥാന കടമകളില്‍ പെട്ടതാണ്. കാരണം, അതിന് നേര്‍വിപരീതമായി ഉണ്ടായ ഒരുപാട് ചരിത്ര സംഭവങ്ങളുണ്ട്. അവസാനം, രോഗിയുടെ ഹൃദയ താളവും രക്തോട്ടവും പെട്ടെന്ന് നിശ്ചലമായതാണ് നേരത്തെ മരണം പ്രഖ്യാപിക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ തിരുത്തും. മരണം സ്ഥരീകരിച്ച ഉടനെ ആ രോഗിയെ കുളിപ്പിക്കുകയും മറവ് ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ അത് ജീവിനുള്ള ശരീരത്തെ കുഴിച്ച് മൂടിയതുപോലെ ആയേനെ. യാതൊരു സഹായിയുമില്ലാതെ ജീവിനോടെ ഖബറിനകത്ത് കിടക്കുന്നതൊന്ന് ആലോചിച്ചുനോക്കൂ.
ഡോ. മുഹമ്മദ് അലി അല്‍ബാര്‍ പറയുന്നു: ബ്രിട്ടനില്‍ പ്രതിവര്‍ഷം അരലക്ഷം പേര്‍ മരിക്കുന്നു. അവയില്‍ പലതും ഹൃദയമിടിപ്പും രക്തചംക്രമണവും നിലച്ചെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയവരാണ്. ശാസ്ത്രമേഖലയില്‍ ഇത്രയെല്ലാം പുരോഗതിയുണ്ടായിട്ടും മരണത്തിന് നാം നേരത്തെ പറഞ്ഞ കാരണങ്ങളെല്ലാം സംഘമിക്കാത്ത ഏകദേശം നാലായിരത്തോളം രോഗികളെ പ്രതിവര്‍ഷം മരിച്ചുവെന്ന് പ്രഖ്യാപിക്കുന്നുണ്ട്.(1)
മറുവശത്ത്, ശ്വാസകോശ കേന്ദ്രം സ്ഥിതിചെയ്യുന്ന തലച്ചോറിനുണ്ടായ പരിക്ക് മൂലം ഒരു വ്യക്തിയുടെ ഹൃദയ മിടിപ്പോ ശ്വസനമോ നിലക്കാം. അല്ലെങ്കില്‍, മുങ്ങുമ്പോഴും കഴുത്ത് ഞെരിക്കപ്പെടുമ്പോഴും ശരീരത്തില്‍ വൈദ്യുതി ഏല്‍ക്കുമ്പോഴും സമാന സ്ഥിതിയുണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍, അല്ലാഹു ഉദ്ദേശിച്ചാല്‍ വെന്റിലേറ്റും ഡെഫിബ്രിലേറ്ററും ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തചംക്രമണവും ശ്വസനവുമെല്ലാം തിരിച്ചുകൊണ്ടുവരാനാകും. അന്നേരം താഴെ പറയുന്ന കാര്യങ്ങളില്‍ ചിലത് സംഭവിച്ചേക്കാം:
1- ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെത്തന്നെ രോഗി സാധാരണ ശ്വസനത്തിലേക്ക് തിരിച്ചുവന്നേക്കാം. വര്‍ഷങ്ങളോളം കോമിയിലായാല്‍ പോലും ജീവന്റെ തുടിപ്പുണ്ടെന്ന് അറിയിക്കുന്ന വിധത്തില്‍ ഹൃദയം മിടിച്ചേക്കാം.
2- വെന്റിലേറ്റര്‍ ഉപയോഗിച്ചിട്ടും രോഗിയുടെ ഹൃദയം മിടിക്കുന്നില്ലായെങ്കില്‍ പിന്നെ നിസ്സംശയം മരണം സ്ഥിരീകരിക്കാം.
3- അല്‍പം നേരത്തേക്കല്ലാതെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ സാധിക്കില്ല. കാരണം, ശ്വസനം വെന്റിലേറ്ററിനെ ആശ്രയിച്ചിരിക്കുകയായിരിക്കും. അതുപോലെത്തന്നെ അതില്ലായെങ്കില്‍ രോഗി വീണ്ടും അബോധാവസ്ഥയിലാകും.
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് അഭിപ്രായ ഭിന്നതകള്‍ വരുന്നത്. മരണത്തിന്റെ മറ്റു വിശേഷണങ്ങളും തേടേണ്ടിവരുന്ന സങ്കീര്‍ണ സാഹചര്യമാണത്.
വൈദ്യശാസ്ത്രത്തില്‍ പുരോഗതിയും വികാസവും നേടിയ രാജ്യങ്ങളിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് പോലും മരണം സ്ഥിരീകരിക്കുന്നതില്‍ പല പിഴവുകളും സംഭവിക്കാറുണ്ട്. 1980 ഒക്ടോബര്‍ പതിമൂന്നീന് ബ്രിട്ടണില്‍ സംഭവിച്ച ഒരു മസ്തിഷ്‌ക മരണത്തെക്കുറിച്ച് പ്രമുഖ ബ്രിട്ടീഷ് ടെലിവിഷന്‍ ബിബിസി പനോരമ എന്ന പ്രോഗ്രാമിലൂടെ ചര്‍ച്ച ചെയ്തിരുന്നു. ബോധം നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ശ്വസനം നിലക്കുകയും ഉടനെ പുനരുത്തേജന ഉപകരണം ഘടിപ്പിക്കുകയും ചെയ്തു. പിന്നീട്, അവളുടെ മസ്തിഷ്‌കം മരിച്ചിട്ടുണ്ടെന്നും ശ്വസനം നിലച്ചിട്ടുണ്ടെന്നും തലച്ചോറില്‍ നിന്ന് വരുന്ന വൈദ്യുത വൈബ്രേഷനുകളുടെയോ തരംഗങ്ങളുടെയോ സാന്നിധ്യം ഇല്ലാതായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അങ്ങനെ ആ സ്ത്രീ മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷെ, അവളുടെ കുടുംബം അത് അംഗീകരിച്ചില്ല. പിന്നീട് ഒരുകൂട്ടം ഡോക്ടര്‍മാര്‍ വന്ന് അവളില്‍ വീണ്ടും പുനരുത്തേജന ഉപകരണം ഘടിപ്പിച്ചു. അന്നേരം പെട്ടെന്നവള്‍ക്ക് ശ്വാസം തിരിച്ചുകിട്ടി സാധാരണപോലെ ശ്വസിക്കാന്‍ തുടങ്ങുകയും അവളുടെ ബോധം തെളിയുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം അവള്‍ അവളുടെ വിചിത്ര കഥ ടെലിവിഷനിലൂടെ പറഞ്ഞു. അവളുടെ വിഷയത്തില്‍ മരിച്ചുവെന്നും ഇല്ലെന്നും തര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരെല്ലാം ആ കഥ കേട്ടു. സമാനമായ നിരവധി സംഭവങ്ങള്‍ ബിബിസി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.(2)
ഈ പ്രശ്‌നത്തിന്റെ ഗൗരവം കാരണം പാശ്ചാത്യ ഗവണ്‍മെന്റുകളെല്ലാം അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയെന്ന് മാത്രമല്ല, മസ്തിഷ്‌ക മരണത്തിന്റെ സവിശേഷതകള്‍ നിര്‍വചിക്കാനായി 1968ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അഡോക്(മറവീര) എന്ന പേരില്‍ ഒരു കമ്മിറ്റിതന്നെ രൂപീകരിച്ചു. ബ്രിട്ടണിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ 1967ലും 1979ലും അതിനെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ചു. 1981ല്‍ അമേരിക്കന്‍ പ്രസിഡന്റ് റീഗന്‍ മസ്തിഷ്‌കമരണത്തെക്കുറിച്ച് പഠിക്കാന്‍ ഡോക്ടര്‍മാരും മതപണ്ഡിതന്മാരുമടങ്ങുന്ന ഒരു സമിതിയെ രൂപീകരിക്കാന്‍ ഉത്തരവിടുകയും 1981 ജൂലൈ മാസം അതിന്റെ സവിശേഷതകള്‍ കണ്ടെത്തി പ്രഖ്യാപിക്കുകയും ചെയ്തു. തുടക്കത്തില്‍ 25 സംസ്ഥാനങ്ങള്‍ മാത്രമാണ് അത് അംഗീകരിച്ചിരുന്നതെങ്കിലും 1982 ആയപ്പോഴേക്കും 33 രാജ്യങ്ങള്‍ അത് അംഗീകരിക്കുന്ന അവസ്ഥയിലേക്കെത്തി.(3)
ഒരു വ്യക്തിയുടെ മരണം ചില സംസ്ഥാനങ്ങളുടെ നിയമപ്രകാരം സ്ഥിരപ്പെടുകയും മറ്റു ചില സംസ്ഥാനങ്ങളുടെ നിയമപ്രകാരം സ്ഥിരപ്പെടാതെ വരികയും ചെയ്തതോടെ എല്ലാവരും 1981ലെ നയമത്തെ അംഗീകരിച്ചു.
ഡോ. ഹസ്സാന്‍ ഹത്ത്ഹൂത്ത് പറയുന്നു: മരണത്തിന്റെ ലക്ഷണം അടിസ്ഥാനപരമായി ഹൃദയ സംതംഭനവും ശ്വസനം നിലക്കലുമല്ലെന്നതിലേക്ക് വൈദ്യശാസ്ത്രം എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, മസ്തിഷ്‌കമരണത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായൊരു വിശദീകരണത്തിന് അവര്‍ക്ക് സാധ്യമാകുന്നില്ല. മസ്തിഷ്‌കമരണം തലച്ചോറിന്റെ വൈദ്യുത പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതായി സൂചിപ്പിക്കുന്നു. ഒരു പ്രത്യേക ഉപകരണം കൊണ്ട് നമുക്കത് അളക്കാന്‍ കഴിയും. എന്നാല്‍, അതിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ പിന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണായും നിലക്കും. അതോടെ ശരീരത്തിന്റെ ബാക്കി അവയവങ്ങളും പതിയെ ചലനമറ്റു തുടങ്ങും. പിന്നീട്, കൃത്രിമ പുനരുത്തേജന ഉപകരണംകൊണ്ട് എത്ര ശ്രമിച്ചാലും ശ്വാസവും രക്തചംക്രമണവും തിരികെ കൊണ്ടുവരാനാകില്ല.(4)
മരണ പ്രക്രിയ നിരവധി തലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഹൃദയമിടിപ്പ് നിലച്ച ഉടനെ ബോധം നഷ്ടപ്പെടുകയും ശ്വസന പ്രക്രിയ അവസാനിക്കുകയും ചെയ്യും. തലച്ചോറിന്റെ അനിവാര്യമായ രണ്ടു പ്രവര്‍ത്തനങ്ങളാണത്. രക്തചംക്രമണം നിലക്കുന്നത് വളരെ ചുരുങ്ങിയ നിമിഷത്തേക്ക് മാത്രമേ തലച്ചോറിന് സഹിക്കാനാകൂ. ശരീരത്തിലെ സെല്ലുകള്‍ കുറച്ചു നേരത്തേക്ക് സജീവമായി നിന്നാല്‍പോലും തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കും. രക്തചംക്രമണം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ടിഷ്യുകളെയും കോശങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനും അനിവാര്യമായതാണ്. ഈ രാസമാറ്റങ്ങള്‍ അടിസ്ഥാനമാക്കി സംഭവിക്കുന്ന ക്ഷയങ്ങളും കോശങ്ങളിലെ വ്യത്യാസങ്ങളും മരണത്തിലേക്ക് നയിക്കും.
കൃത്രിമ പുനരുജ്ജീവന മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്. അതുപയോഗിക്കുന്നതോടെ സെറിബ്രല്‍ കോര്‍ട്ടെക്‌സിന് ഭാഗികമായോ പൂര്‍ണമായോ കേടുപാടുകള്‍ സംഭവിച്ചാലും ഹൃദയമിടിപ്പ് തുടരാനും ശ്വസിക്കാനും കഴിയുമെന്നതിനാല്‍ സ്റ്റെം ഉള്‍പ്പടെ തലച്ചോറിന്റെ മറ്റു ഭാഗങ്ങളും പ്രവര്‍ത്തനക്ഷമമാകും. രക്തസമ്മര്‍ദ്ദം കുറയുകയോ തലച്ചോറിന് മാരകമോ നിസാരമോ ആയ പരിക്കേറ്റതുമായിരിക്കും അതെല്ലാം സംഭിവിക്കാന്‍ കാരണം. ഇത്തരം അവസ്ഥയില്‍ രോഗി പൂര്‍ണമായും അബോധാവസ്ഥയിലാകുമെങ്കിലും കൃത്രിക ഉപകരണംകൊണ്ട് ശ്വസിക്കാനും സമീകൃത അനുപാതത്തില്‍ ദ്രാവക ഭക്ഷണം കഴിക്കാനും മലമൂത്ര വിസര്‍ജനം നടത്താനുമാകും. വര്‍ഷങ്ങളോളം ഇതേ അവസ്ഥയില്‍ തന്നെ തുടരാനുമാകും.(6)
മസ്തിഷ്‌ക മരണത്തിന്റെ അടയാളങ്ങള്‍
1- സംവേദനക്ഷമതയും ചലനശേഷിയും നിലക്കുക. ഏതുവിധേനയും വേദനയോട് പ്രതികരിക്കാനാകാത്ത രീതിയില്‍ ശക്തമായ കോമയിലാവുക.
2- യാന്ത്രികമായ ശ്വസനം പൂര്‍ണമായും പരാജയപ്പെടുക. ഒരു രണ്ടുമിനിറ്റ് രോഗിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി അത് പരീക്ഷിക്കാവുന്നതാണ്.
3- രണ്ടു കണ്ണിലെയും കൃഷ്ണമണികള്‍ നീണ്ടുനില്‍ക്കുകയും വെളിച്ചത്തോട് പ്രതികരിക്കാനാകാതിരിക്കുകയും ചെയ്യുക.
4- ഇ.ഇ.ജിയില്‍ തലച്ചോര്‍ പുറപ്പെടുവിക്കുന്ന വൈദ്യുത തരംഗങ്ങള്‍ നിലക്കുക.
5- തലച്ചോറിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിലക്കുക. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അത് മനസ്സിലാക്കാനാകും.
6- തലച്ചോറിലേക്കുള്ള രക്തചംക്രമണം നിലക്കുക. ഇത് യന്ത്രസഹായത്തോടെയോ അല്ലാതെയോ അറിയാന്‍ കഴിയും.(7)
മനുഷ്യജീവിതത്തെക്കുറിച്ചുള്ള കൂട്ടായ തീരുമാനങ്ങള്‍
മനുഷ്യജീവിതത്തിന്റെ ആരംഭവും അവസാനവും ഇസ്ലാമിക സങ്കല്‍പത്തില്‍ എന്ന പേരില്‍ 1985 ഡിസംബര്‍ പതിനഞ്ച് മുതല്‍ പതിനേഴ് വരെ ഒരു സിമ്പോസിയം സംഘടിപ്പിക്കപ്പെട്ടിരുന്നു. അതില്‍ ഒരുമിച്ചുകൂടിയ ഒട്ടനേകം പ്രമുഖ ഡോക്ടര്‍മാരും കര്‍മ്മശാസത്ര പണ്ഡിതന്മാരും കൂടിയെടുത്ത ചില കാര്യങ്ങളാണ് താഴെ:
ജീവിതത്തിന്റെ ആരംഭം:
1- ഒരു ബീജം മറ്റൊരു ബീജവുമായി സംയോജിപ്പിച്ച് ബീജസങ്കലനം നടന്ന് ഒരു അണ്ഡമായി മാറുന്നു. കാലക്രമേണ ഗര്‍ഭധാരണത്തിലൂടെ ജനനം വരെ അണ്ഡം വികസിക്കുകയും നന്നായി വികസിച്ച് ഭ്രൂണമായി ഗര്‍ഭപാത്രത്തില്‍ നിന്നും വേര്‍പ്പെടുകയും ചെയ്യും.
2- സ്ത്രീക്ക് ഗര്‍ഭമുണ്ടാകുന്നത് തൊട്ട് ശരീഅത്ത് അവള്‍ക്ക് വലിയ ആദരവും ബഹുമാനവും നല്‍കുന്നു. ആ ഗര്‍ഭത്തോട് ചേര്‍ത്താണ് ശരീഅത്തില്‍ പല വിധികളും രൂപപ്പെടുത്തിയിട്ടുള്ളത്.
3- ഗര്‍ഭപിണ്ഡം ഒരു ഘട്ടത്തിലെത്തുന്ന സമയത്ത് അതില്‍ ആത്മാവിനെ സന്നിവേശിപ്പിക്കും. അത് നാല്‍പത് ദിവസത്തിനുള്ളലാണോ അതോ നൂറ്റി ഇരുപത് ദിവസങ്ങള്‍ക്കകമാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ആത്മാവ് പ്രവേശിക്കുന്നതോടെ അതിന്റെ മഹത്വം വീണ്ടും വര്‍ദ്ധിക്കും. അതിനോട് ചേര്‍ന്ന് മറ്റു ചില വിധികളും രൂപപ്പെടും.
4- ഗര്‍ഭച്ഛിദ്രം നടത്തുന്നതിലെ വിധികളെക്കുറിച്ച് സിമ്പോസിയത്തിന്റെ ഏഴാം ഖണ്ഡികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജീവിതാവസാനം:
1- മിക്ക മെഡിക്കല്‍ കേസുകളിലും മരണം സംഭവിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അറിയാവുന്ന അടയാളങ്ങള്‍ അടിസ്ഥാനമാക്കിയോ അല്ലെങ്കില്‍ മരിച്ചുവെന്നതിന്റെ ഗോപ്യമായ അടയാളങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുന്ന ചികിത്സാ രീതികള്‍ അവലംബിച്ചോ മരണം സ്ഥിരീകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് സിമ്പോസിയം അഭിപ്രായപ്പെടുന്നു.
2- ആശുപത്രികള്‍, പ്രത്യേക മെഡിക്കല്‍ സെന്ററുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍ എന്നിവ ഇപ്പോള്‍ സജീവമാണ്. മരണം നിര്‍ണ്ണയിക്കേണ്ട അടിയന്തിരമായ സാഹചര്യങ്ങളുടെ ഉണ്ടാകുന്നുവെന്നതിന്റെ അടിയാളങ്ങളാണവ. രോഗിയുടെ ശരീരിത്തില്‍ ജീവന്റെ തുടിപ്പ് വല്ല ഇടങ്ങളിലുമുണ്ടെങ്കില്‍ അത് ശരീരത്തിന്റെ ചില ഭാഗങ്ങളിലെ സ്വത്വസിദ്ധമായ അടയാളങ്ങളാണെങ്കിലും പുനരുജ്ജീവന ഉപകരണങ്ങളാലുള്ള അടയാളങ്ങളാണെങ്കിലും പഴയകാല ജനങ്ങള്‍ക്ക് അത് വേഗം മനസ്സിലാക്കാനാകും.
3- മരണത്തെ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ പാരമ്പര്യ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മരണത്തെ നിര്‍വചിക്കുന്ന ഖുര്‍ആനും ഹദീസും ലഭ്യമാകാത്തതിനാല്‍ അക്കാലത്തെ മെഡിക്കല്‍ അറിവിനെ ഉപജീവിച്ചയാരിക്കും അവര്‍ മരണത്തിന്റെ അടയാളങ്ങളെ രേഖപ്പെടുത്തിയതെന്ന് സിമ്പോസിയം കണ്ടെത്തുന്നു. അതിനനുസൃതമായിട്ടാണ് അവര്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ടാവുക. മരണത്തെക്കുറിച്ച് സമകാലീന മെഡിക്കല്‍ ലോകത്തിന് പറയാനുള്ളത് സിമ്പോസിയത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
4- മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കപ്പെട്ടിരിക്കന്ന മസ്തിഷ്‌കത്തിന്റെ മരണമാണ് ഒരു മനുഷ്യന്‍ മരണപ്പെട്ടിരിക്കുന്നുവെന്ന് സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാര്‍ അവലംബിക്കുന്നതെന്ന് സിമ്പോസിയത്തിന് വ്യക്തമായി. സംശയാസ്പദമായ ചില കേസുകള്‍ ഒഴികെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തന രാഹിത്യം നിര്‍ണയിക്കാന്‍ വ്യക്തമായ വ്യവസ്ഥകളുണ്ട്. ഹൃദയമിടിപ്പും ശ്വസന പ്രക്രിയയും പോലെ അവയവങ്ങളുടെ ഏത് പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്താം. എന്നാല്‍ മസ്തിഷ്‌കം നശിച്ചു കഴിഞ്ഞാല്‍ പിന്നെ ജിവിതം അസാദ്യമാണ്.
5- ഡോക്ടര്‍മാരുടെ ഈ വീക്ഷണത്തെ അടിസ്ഥാനമാക്കി, തലച്ചോറിന്റെ ക്ഷയം ഒരു നിശ്ചിത ഘട്ടത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ഒരു വ്യക്തിയുടെ ജീവിതം അവസാനിച്ചുവെന്ന് കണക്കാക്കാമെന്നാണ് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ഉടനെത്തന്നെ അവന്റെ മരണശേഷ ബാധ്യതകളുമായി മുന്നോട്ട് പോകണം.
6- മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു പ്രത്യേക മെഡിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വഴി തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുവെന്ന് ഉറപ്പാകുകയാണെങ്കില്‍ കൃത്രി പുനരുജ്ജീവന ഉപകരണങ്ങള്‍ നിര്‍ത്താം.(8)
ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ഫ്ഖ്ഹ് അക്കാദമി ഈ വിഷയം ചര്‍ച്ച ചെയ്തതിന് ശേഷം പുറപ്പെടുവിച്ച പ്രമേയം നമ്പര്‍ 17(5/3)ല്‍ പറയുന്നത്: കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക ഫിഖ്ഹ് അക്കാദമി 1986 ഒക്ടോബര്‍ 16ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വെച്ച് നടത്തിയ അതിന്റെ മൂന്നാം സമ്മേളനത്തില്‍ പുനരുജ്ജീവന ഉപകരണങ്ങളുടെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യുകയും പ്രമുഖ ഡോക്ടര്‍മാരില്‍ നിന്ന് വിശദമായ വിശദീകരണങ്ങള്‍ കേള്‍ക്കുകയും ചെയ്തതിന് ശേഷം ഇനി പറയുന്നവ തീരുമാനിച്ചു:
താഴെപ്പറയുന്ന രണ്ട അടയാളങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്ഥിരപ്പെട്ടാല്‍ ശരീഅത്ത് പ്രകാരം മരിച്ചതായി കണക്കാക്കുകയും പിന്നീട് മരണാനന്തരം പ്രക്രിയകള്‍ നടത്തേണ്ടതുമാണ്:
1- ഒരു രോഗിയുടെ ശ്വസനവും ഹൃദയമിടിപ്പും പൂര്‍ണമായും നിലക്കുകയും ഇനിയവ ഒരിക്കലും തിരിച്ചെടുക്കാന്‍ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്യുക.
2- തലച്ചോര്‍ അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുകയും ഇനിയൊരു മാറ്റം സാധ്യമല്ലാത്ത വിധം തലച്ചോര്‍ നശിച്ചിട്ടുണ്ടെന്ന് വിദഗ്ദരായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ സ്ഥിരീകരിക്കുകയും തലച്ചോര്‍ അഴുകാന്‍ തുടങ്ങുകയും ചെയ്യുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹൃദയം പോലുള്ള അവയവങ്ങള്‍ സംയോജിത ഉപകരണങ്ങള്‍കൊണ്ട് സ്വയമേവ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രോഗിയില്‍ സ്ഥാപിച്ച പുനരുജ്ജീവന ഉപകരണം എടുത്തുമാറ്റാവുന്നതാണ്. സര്‍വജ്ഞാനവുമറിയുന്നവന്‍ അല്ലാഹുവാണ്.
അവലംബം:
1- പുനരുജ്ജീവനത്തെക്കുറിച്ച് ഡോ. മുഖ്താര്‍ അല്‍-മഹ്ദി മജ്മഉ ഫിഖ്ഹില്‍ ഇസ്ലാമിയില്‍ പ്രസിദ്ധീകരിച്ച പഠനം, ജീവിതാവസാനത്തെക്കുറിച്ച് വിവിധ ഡോക്ടര്‍മാരുടെ പഠനങ്ങള്‍; ഡോ. മുഖ്താര്‍ അല്‍-മഹ്ദി, ഡോ. ഇസ്വാമുദ്ദീന്‍ ശിര്‍ബീനി, ഡോ. അഹ്‌മദ് ശൗഖി ഇബ്രാഹീം, ഡോ. ഹസ്സാന്‍ ഹത്ത്ഹൂത്ത്, ഡോ. അഹമ്ദുല്‍ ഖാളി ജീവിതാവസാനത്തെക്കുറിച്ച് കര്‍മ്മശാസത്ര പണ്ഡിതന്മാരുടെ പഠനങ്ങള്‍; ഡോ. മുഹമ്മദ് നഈം യാസീന്‍, ഡോ. മുഹമ്മദ് സുലൈമാന്‍ അശ്ഖര്‍, ശൈഖ് ബദ്‌റുല്‍ മുതവല്ലി അബ്ദുല്‍ ബാസിത്വ്, ശൈഖ് മുഹമ്മദ് മുഖ്താറുസ്സലാമി, ഡോ. തൗഫീഖുല്‍ വാഈ, ശൈഖ് അബ്ദുല്‍ ഖാദിര്‍ അമ്മാരി, ശൈഖ് സ്വാലിഹ് ശറഫ്, ഡോ. ഉമര്‍ സുലൈമാന്‍ അശ്ഖര്‍, ഡോ. മുസ്ഥഫ സ്വബ്‌രി, ഡോ. മുഹമ്മദ് അബ്ദുല്ലാഹ് മുഹമ്മദ്. മനുഷ്യ ജീവിതം: ആരംഭവും അവസാനവും ഇസ്ലാമിക വീക്ഷണത്തില്‍ എന്ന പേരില്‍ നടന്ന സിമ്പോസിയത്തിലെ സംവാദങ്ങള്‍(15/2/1985).
2- ഡോ. മുഹമ്മദ് അലി അല്‍ബാറിന്റെ പഠനം, പേ. 434.
3- ഡോ. മുഹമ്മദ് അലി അല്‍ബാര്‍, പേ. 434-435.
4- ഡോ. ഹസ്സാന്‍ ഹത്ത്ഹൂത്തിന്റെ പഠനം, പേ. 379-380.
5- ഡോ. മുഖ്താര്‍ അല്‍-മഹ്ദി, ന്യൂറോസര്‍ജറി വിഭാഗം മേധാവി, മനുഷ്യ ജീവിതത്തിന്റെ അവസാനം എന്നതിനെക്കുറിച്ചുള്ള പഠനം, പേ. 337-338.
6- ഡോ. മുഖ്താര്‍ അല്‍-മഹ്ദി, പേ. 340.
7- ഡോ. മുഖ്താര്‍ അല്‍-മഹ്ദി, പേ. 342.
8- ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ്, മനുഷ്യ ജീവിതം; ആരംഭവും അവസാനവും ഇസ്ലാമിക വീക്ഷണത്തില്‍, പേ. 676-678(15/1/1985).
വിവ- മുഹമ്മദ് അഹ്സൻ പുല്ലൂര്