ലോകാരോഗ്യസംഘടനയുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് ലോകരാഷ്ട്രങ്ങള്‍ കോവിഡ്-19 ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. പലയിടത്തും മൃതദേഹങ്ങള്‍ കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഒരു സഹോദരനാണ് മൃതദേഹം ദഹിപ്പിക്കുന്നത് സംബന്ധിച്ച മതവിധി തേടിയിരിക്കുന്നത്. അവിടെ ഭരണകൂടത്തിന്റെ കര്‍ക്കശ നിലപാടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഈ രോഗം ബാധിച്ച് മരണപ്പെടുന്നവരുടെ മതം പരിഗണിക്കാതെ മൃതദേഹം തീവെച്ച് ദഹിപ്പിക്കണമെന്ന് ഗവണ്‍മെന്റ് ഉത്തരവിട്ടിട്ടുണ്ടെന്നും ചോദ്യകര്‍ത്താവ് സൂചിപ്പിച്ചു.
ഈ ചോദ്യത്തിന് ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ഖറദാഗി നല്‍കിയ മറുപടിയാണ് ചുവടെ:
ഇതര സൃഷ്ടികളില്‍ നിന്ന് മനുഷ്യനുള്ള സവിശേഷത അവന്റെ മതവിശ്വാസമോ നിറമോ ദേശമോ പരിഗണിക്കാതെ നിരുപാധികം അവനെ ആദരിച്ചിരിക്കുന്നു എന്നതാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, മരിച്ചാലും ഈ ആദരവ് നിലനില്‍ക്കുന്നു. ‘ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു’ എന്നാണ് അല്ലാഹു പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലുള്ള ചില കാര്യങ്ങളാണ് ചുവടെ:
1. മനുഷ്യര്‍ക്കുള്ള ഈ ആദരവിന് പോറലേല്‍പ്പിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല, അത് ജീവിച്ചിരിക്കെയാണെങ്കിലും മരണപ്പെട്ട ശേഷമാണെങ്കിലും ശരി. ‘മൃതദേഹത്തിന്റെ എല്ല് ഒടിക്കുന്നത് ജീവനുള്ളപ്പോള്‍ ഒടിക്കുന്നത് പോലെയാണ്’ എന്ന് പ്രവാചകന്‍(സ) പറഞ്ഞത് അക്കാരണത്താലാണ്. മനുഷ്യനെ മറമാടിയ ഖബറിന് മുകളില്‍ ഇരിക്കുന്നതും ഇസ്‌ലാം അനുവദിക്കുന്നില്ല. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ അങ്ങേയറ്റത്തെ ആദരവിന്റെ ഭാഗമാണത്. മനുഷ്യത്തെ ആ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുന്ന ആദരവിന്റെയും ധാര്‍മികതയുടെയും ഭാഗമാണത്.
Also read: വീട്ടിലിരിക്കുന്നതിന്റെ നീതിശാസ്ത്രം
2. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന ഒരു ഉപകരണം പോലെ മനുഷ്യനോട് പെരുമാറുന്നത് അനുദനീയമല്ല.
3. ഇസ്‌ലാം മനുഷ്യര്‍ക്ക് നല്‍കുന്ന ആദരവ് മുസ്‌ലിംകളില്‍ മാത്രം പരിമിതപ്പെടുന്നതല്ല. മറിച്ച് മനുഷ്യകുലത്തില്‍ പിറന്ന മുഴുവന്‍ ആളുകള്‍ക്കും ബാധകമാണത്. അതുകൊണ്ട് തന്നെ ഈ സന്ദേശം മുസ്‌ലിംകളിലേക്ക് മാത്രമല്ല, മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കേണ്ടതുണ്ട്.
മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് നാം ശബ്ദിക്കുന്നത്. അവരും അല്ലാഹു ആദരിച്ചിട്ടുള്ള ഒരു ആത്മാവ് തന്നെയല്ലേ? ഒരു ജൂതന്റെ മൃതദേഹം കൊണ്ടു പോയപ്പോള്‍ അതിനോടുള്ള ആദരവ് പ്രകടിപ്പിച്ച് പ്രവാചകന്‍(സ) എഴുന്നേറ്റ് നിന്നത് ഹദീസുകളിള്‍ നമുക്ക് കാണാവുന്നതാണ്. ജൂതവിഭാഗവുമായി കടുത്ത ശത്രുതയിലായിരിക്കെയാണ് നബി(സ) അത്തരം ഒരു നിലപാട് സ്വീകരിച്ചതെന്നും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. പ്രവാചകനെ(സ) വധിക്കാന്‍ വരെ അവര്‍ ശ്രമിച്ചിരുന്നു. എന്നിട്ടും അവരിലെ ഒരാള്‍ മരണപ്പെട്ടപ്പോള്‍ ആ മൃതദേഹത്തെ ആദരിച്ചു കൊണ്ട് തിരുമേനി(സ) എഴുന്നേറ്റു നിന്നു. അതൊരു ജൂതന്റെ മൃതദേഹമാണ് പ്രവാചകരേ എന്ന് സഹാബിമാര്‍ ചോദിച്ചപ്പോള്‍ അതൊരു മനുഷ്യന്റേതല്ലേ എന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചത്. ഇസ്‌ലാമിന്റെ ഈ നിലപാട് മുഴുവന്‍ മനുഷ്യരിലേക്കും നാം എത്തിക്കേണ്ടതുണ്ട്.
4. മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ആളുകളുടെയും മൃതദേഹം കത്തിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ മുസ്‌ലിംകളുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത് അനിവാര്യമാണ്. മുഴുവന്‍ ജനങ്ങളുടെ കാര്യത്തില്‍ അതിന് സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി കണ്ട് മുസ്‌ലിംകളെ അതില്‍ നിന്ന് ഒഴിവാക്കി തരാന്‍ ആവശ്യപ്പെടണം. മൃതദേഹം മറമാടുന്നത് ലോകാരോഗ്യ സംഘടന ഇതുവരെ വിലക്കിയിട്ടില്ല. ഒന്നുകില്‍ മറമാടുക അല്ലെങ്കില്‍ കത്തിക്കുക എന്ന നിര്‍ദേശമാണ് അത് നല്‍കിയിരിക്കുന്നത്.
എന്നാല്‍ നാം സാധ്യമാകുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും ഭരണകൂടം അതിന് അനുവദിക്കുന്നില്ലെങ്കില്‍ സമൂഹത്തിന്റെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി യുക്തിയോടെ അതിനെ സമീപിക്കാന്‍ സാധിക്കണം. മറ്റെന്തിനേക്കാളും സമൂഹത്തിന്റെ സുരക്ഷക്ക് മുന്‍ഗണ നല്‍കേണ്ടത് നിര്‍ബന്ധമാണ്. അതുകൊണ്ട് ഈ വിഷയത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്. അതുകൊണ്ട് ദൈവിക ഭവനത്തെ സംരക്ഷിക്കാന്‍ അതിനൊരു നാഥനുണ്ടെന്ന പോലെ കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. മനുഷ്യന്‍ മരണശേഷം അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. അതുകൊണ്ട് നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കരുത്. ഈ രോഗത്തില്‍ നിന്നും പരീക്ഷണത്തില്‍ നിന്നും മുഴുവന്‍ മനുഷ്യര്‍ക്കും ആശ്വാസം ലഭിക്കാന്‍ അല്ലാഹുവിനോട് നാം തേടിക്കൊണ്ടിരിക്കുക. ഇതാണ് കര്‍മശാസ്ത്രത്തിന്റെ സന്തുലിതമായ നിലപാട്.
വിവ. അബൂഅയാശ്