Friday, April 19, 2024
Homeഫിഖ്ഹ്- വൈദ്യശാസ്തംവന്ധ്യത ചികിത്സ: അനുവദനീയമോ?

വന്ധ്യത ചികിത്സ: അനുവദനീയമോ?

അഭിമാന സംരക്ഷണം ശരീഅത്തിന്റെ മഖാസിദുകളിൽ പെട്ടതാണ്. ശരീരത്തിന്റെ നഗ്നത മറക്കൽ അനിവാര്യമാണെന്ന വിധി അതിന്റെ ഭാഗമാണ്. അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ വിശദീകരിക്കുന്ന നിരവധി പ്രമാണങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘ഹേ മനുഷ്യരെ, നിങ്ങൾക്ക് നഗ്നത മറയ്ക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാം തന്നിരിക്കുന്നു; എന്നാൽ ഭക്തിയുടെ പുടവയാണ് ഏറ്റം ഉദാത്തം. അവർ പാഠമുൾക്കൊള്ളാനായി അല്ലാഹു അവതരിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളിൽ പെട്ടതാണത്. ഹേ മാനവ സമൂഹമേ, മാതാപിതാക്കളെ സ്വർഗത്തിൽ നിന്ന് ബഹിഷ്‌കരിച്ചതുപോലെ പിശാച് നിങ്ങളെ നരകത്തിലകപ്പെടുത്താതിരിക്കട്ടെ. തങ്ങളുടെ ഗുപ്തഗുഹ്യങ്ങൾ കാണിച്ചു കൊടുക്കാനായി അവരുടെ ഉടയാടകൾ അവൻ അഴിക്കുകയാണുണ്ടായത്. നിങ്ങൾ അവരെ കാണാത്ത വിധം അവനും സംഘവും നിങ്ങളെ കാണുക തന്നെ ചെയ്യുന്നുണ്ട്. വിശ്വാസം കൈകൊള്ളാത്തവർക്ക് പിശാചുക്കളെ നാം ചങ്ങാതിമാരാക്കിക്കൊടുത്തിരിക്കുകയാണ്'(അഅ്‌റാഫ്: 26, 27).

മാനവ സമൂഹത്തെകൊണ്ട് വസ്ത്രം അഴിപ്പിച്ചു കളയുന്നതും ഗുപ്തഗുഹ്യങ്ങൾ വെളിപ്പെടുത്താൻ അവരെ പ്രേരിപ്പിക്കുന്നതും പിശാചിന്റെ തന്ത്രമാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: ‘സ്ത്രീകൾ അവരുടെ അലങ്കാരം വെളിപ്പെടുത്താതിരിക്കട്ടെ'(നൂർ: 31). നഗ്ന അലങ്കാരത്തെക്കാൾ പ്രാധാന്യമേറിയതും സൂക്ഷിക്കാൻ ബന്ധപ്പെട്ടതുമാണ്. അതുകൊണ്ട് തന്നെ അത് മറയ്ക്കാനുള്ള കൽപന മാതാപിതാക്കളോട് ഛെ എന്ന വാക്കുപോലും പറയരുത് എന്ന നിരോധനം പോലെത്തന്നെയാണ്. അതിൽ വിശുദ്ധ ഖുർആന്റെയും ഹദീസിന്റെയും പ്രാമാണികത അതിശക്തവുമാണ്. നഗ്നത മറച്ചു സൂക്ഷിക്കൽ അനിവാര്യമാണെന്നത് വിശുദ്ധ ദീനിൽ അറിയപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് നിർബന്ധിതവാസ്ഥയിലുള്ള സാക്ഷ്യത്തിനോ ഋതുമതിയാണെന്നതിന്റെ മേലുള്ള സ്ത്രീ സാക്ഷ്യത്തിനോ ചികിത്സക്കോ വേണ്ടിയല്ലാതെ നഗ്നതയിലേക്ക് നോക്കുന്നത് ശരീഅത്ത് നിഷിദ്ധമാക്കിയത്. ചികിത്സ ശരീര സംരക്ഷണത്തിന്റെ ഭാഗമാണെന്നതാണ് അത്തരം സന്ദർഭങ്ങളിൽ അനുവദനീയമാക്കാൻ കാരണം. ശരീര സംരക്ഷണമെന്ന കാര്യത്തിന് അതിന്റെ ഭാഗമായി വരുന്ന ചികിത്സയെന്ന ചെറിയ കാര്യം നിബന്ധനകളോടെ അനുവദനീയമാക്കുന്നത് ശരീഅത്തിന്റെ മഖാസിദുകളിൽ പെട്ടതാണ്. നഗ്നത മറയ്ക്കുന്നതിന്റെ താൽപര്യം അഭിമാന സംരക്ഷണമാണെന്നപോൽ ചികിത്സയുടെ ലക്ഷ്യം ശരീര സംരക്ഷണമാണ്.

Also read: സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?

അത്യാവശ്യമായി വരുന്ന ഘട്ടങ്ങളിൽ ശരീഅത്ത് ഇളവ് അനുവദിക്കുന്നുണ്ട്. ‘ഇനി കുറ്റവാളിയായല്ലാതെ കഠിന വിശപ്പുമൂലം നിഷിദ്ധഭോജ്യം കഴിക്കാനൊരാൾ നിർബന്ധിതനാകുന്നുവെങ്കിൽ അതാകാം'(മാഇദ: 3), ‘തിന്നാൻ നിങ്ങൾ നിർബന്ധിതരായിത്തീരുന്നതൊഴികെ'(അൻആം: 119) എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ശരീര സംരക്ഷണമെന്ന ലക്ഷ്യമാണ് ഇവിടെ ഇളവ് അനുവദിക്കാനുള്ള കാരണം. അതിനാൽ തന്നെ ഭക്ഷിക്കൽ നിഷിദ്ധമായ ശവം നിർബന്ധിത ഘട്ടങ്ങളിൽ മാത്രം അനുവദനീയമായി. ശവം തിന്നാൽ മാത്രമേ ശരീരത്തെ സംരക്ഷിക്കാനാകൂ എന്ന് വരുന്ന അവസ്ഥയിലാണ് ഈ നിയമത്തിന്റെ സാധുത. ശവം തിന്നാൽ തന്നെ ശരീര സംരക്ഷണം സാധ്യമാകുമെങ്കിലും അവ നിഷിദ്ധമാക്കാനുള്ള ശരീഅത്തിന്റെ താൽപര്യം പരിപൂർണ്ണമായ ശാരീരിക സംരക്ഷണമാണ്. കേവല സംരക്ഷണം എന്നതിനപ്പുറം ശരിയായ സംരക്ഷണമെന്നതാണ് ശരീഅത്തിന്റെ ലക്ഷ്യം.

അഭിമാന സംരക്ഷണത്തിന് നിരവധി നിർബന്ധമായ കാര്യങ്ങളുണ്ടെങ്കിലും നഗ്നത മറയ്ക്കലും ശരീഅത്ത് അതിന്റെ ഭാഗമാക്കി മാറ്റി. കാരണം, അഭിമാന സംരക്ഷണത്തിനുള്ള ഒരു മാർഗമാണ് നഗ്നത മറയ്ക്കുക എന്നുള്ളത്. പക്ഷെ, ശാരീരിക സംരക്ഷണമെന്ന വലിയൊരു ലക്ഷ്യമുണ്ടായിരിക്കെ ചികിത്സ നൽകുമ്പോൾ അനിവാര്യ ഘട്ടങ്ങളിൽ നഗ്നത വെളിവാക്കുന്നത് ശരീഅത്ത് അനുവദിച്ചു നൽകി. വന്ധ്യതയുടെ വേദനകൾ പോലെയുള്ള ശാരീരികവും മാനസികവുമായ വേദനകൾ കാരണം ശരീരം നശിച്ചു പോകാതിരിക്കാൻ ശരീഅത്ത് പ്രത്യേകം ശ്രദ്ധിച്ചു. അന്നേരം നഗ്നതയിലേക്ക് നോക്കൽ അനിവാര്യമായി വരികയും ശരീഅത്ത് അത് അനുവദിക്കുകയും ചെയ്തു. ഇത്തരം ചികിത്സാ പരമായ സന്ദർഭങ്ങളിൽ നഗ്നതയിലേക്ക് നോക്കൽ നിഷിദ്ധമല്ലാത്തത് പോലെയാക്കി.

ശവം ഭക്ഷിക്കുന്നത് അനുവദനീയമാക്കിയതിന്റെ ലക്ഷ്യം ഏറ്റവും നന്നായി അറിയുന്നവൻ അല്ലാഹു മാത്രമാണ്. ‘ഇനി കുറ്റവാളിയായല്ലാതെ കഠിന വിശപ്പുമൂലം നിഷിദ്ധഭോജ്യം കഴിക്കാനൊരാൾ നിർബന്ധിതനാകുന്നുവെങ്കിൽ അതാകാം'(മാഇദ: 3), ‘എന്നാൽ തൽപരനും പരിധിവിട്ടവനുമായല്ലാതെ അവ തിന്നാൻ ഒരാൾ നിർബന്ധിതനായാൽ കുറ്റമില്ല'(ബഖറ: 173). ഈയൊരു നിബന്ധനയുടെ അടിസ്ഥാനത്തിൽ ശരീഅത്ത് നിഷിദ്ധമെന്ന വിധി ശവഭോജ്യത്തിൽ നിന്നും ഒഴിവാക്കുകയും കുറ്റമില്ലാത്ത കാര്യമാക്കുകയും ചെയ്തു. വയറു നിറഞ്ഞവന്റെ മേൽ ഈ മഖാസിദ് വരുന്നില്ല, അവൻ നിർബന്ധിതാവസ്ഥക്ക് പുറത്താണ് എന്നത് തന്നെ കാരണം.

വേദന ശാരീരികവും മാനസികവുമായ പ്രതിരോധത്തെ തേടുന്നുവെന്ന് പറഞ്ഞത് അത് അനിവാര്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ്. ശരീഅത്ത് അതിന്റെ അടിസ്ഥാനവും അല്ലാത്തതുമായ കാര്യങ്ങളിലെല്ലാം നിർബന്ധിത സാഹചര്യങ്ങളെ പരിഗണിക്കുന്നുണ്ട്. മാനസികമായ ബുദ്ധിമുട്ടുകളായിരിക്കും ജീവിതത്തിൽ പലപ്പോഴും ഇരട്ടി വേദനയായി അനുഭവപ്പെടുന്നത്. അതുകൊണ്ടാണ് വന്ധ്യത ചികിത്സ ശരീഅത്ത് അനുവദിച്ചു തന്നത്. മാനസികമായ ആ വേദന മനുഷ്യന്റെ ആത്മാവിൽ അടിയന്തിരവും സ്വതസിദ്ധവുമായ ഒരു അനിവാര്യതയായി മാറുന്നു. അതുകൊണ്ടാണ് ഭൗദികമായ എല്ല കാര്യ കാരമങ്ങളും അവസാനിച്ചപ്പോഴും അങ്ങേയറ്റം വാർധക്യത്തിലെത്തിയപ്പോഴും ഒരു കുട്ടിക്ക് വേണ്ടിയുള്ള പ്രവാചകന്മാരുടെ പ്രാർത്ഥനകൾക്ക് അല്ലാഹു ഉത്തരം നൽകിയത്; ‘അദ്ദേഹം അത്ഭുതം കൂറി: നാഥാ, എനിക്കെങ്ങനെയാണ് ഒരു മകനുണ്ടാവുക! എന്റെ സഹധർമിണി വന്ധ്യയാവുകയും ഞാനാണെങ്കിൽ വാർധക്യപാരമ്യത്തിലെത്തുകയും ചെയ്തിട്ടുണ്ടല്ലോ!'(മറിയം: 8). ഭൗതികമായ കാര്യകാരണങ്ങളെ മറികടന്നുള്ള തേട്ടമായിരുന്നു അത്. മനുഷ്യ പ്രകൃതവും പതിവും അനുസരിച്ച് ഈ പ്രായത്തിൽ മക്കളുണ്ടാകുകയില്ല. എന്നിട്ടും അല്ലാഹു അവർക്ക് മകനെ നൽകിയത് വന്ധ്യത നൽകുന്ന മാനസികമായ വേദന ഏത്രമാത്രമായിരിക്കുമെന്ന് മനസ്സിലാക്കിത്തരാനാണ്. അതുകൊണ്ട് തന്നെ അതിന് ചികിത്സ തേടലും അനുവദനീയമാണ്. ഇബ്രാഹീം നബിയെയും സക്കരിയ്യ നബിയെയും പിന്തുടർന്ന് വന്ധ്യത പ്രാർത്ഥനകൊണ്ട് പ്രതിരോധിക്കാൻ ശരീഅത്ത് നിർദ്ദേശിച്ചു. ‘നിങ്ങൾ ചികിത്സ തേടൂ’ എന്ന പ്രവാചക വചനം കൊണ്ട് അതിന് ചികിത്സ തേടാനും ശരീഅത്ത് കൽപിച്ചു.

ഇക്കാരണങ്ങൾ കൊണ്ടൊക്കെയാണ് വന്ധ്യത ചികിത്സ അനുവദനീയമാണെന്ന് പറഞ്ഞത്. വന്ധ്യത ചികിത്സയുടെ സന്ദർഭത്തിൽ ചില നഗ്ന ഭാഗങ്ങൾ നിർബന്ധമായും വെളിവാക്കേണ്ടി വരികയാണെങ്കിൽ അത് അനുവദനീയമാക്കുകയും ചെയ്തത്. സാഹചര്യം നിർബന്ധിക്കുന്ന തോതിൽ മാത്രമേ അത് അനുവദനീയമാകൂ. നിർബന്ധിത സാഹചര്യങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അനിവാര്യത നിഷിദ്ധമായതിനെയും അനുവദനീയമാക്കും. നഗ്നത വെളിവാക്കുന്നതിൽ പരിധി നിശ്ചയിക്കപ്പെട്ടത് ഇത്തരം സന്ദർഭങ്ങളിൽ ശരീഅത്തിന്റെ കാഴ്ചപ്പാടിൽ തന്നെ പരിഗണനീയമല്ലാതെ വരും. വന്ധ്യതാ ചികിത്സയുടെ സന്ദർഭങ്ങളിൽ നഗ്നത അനാവരണം ചെയ്യപ്പെടുന്നതിന്റെ ലക്ഷ്യം ശാരീരിക സംരക്ഷണവും സന്താനോൽപാദനവുമാണ്. അതുകൊണ്ട് തന്നെ പ്രത്യുത്പാദന അവയവങ്ങളോ അണ്ഡാശയങ്ങളോ പറിച്ചുനടുന്നത് അനുവദനീയമല്ല. കാരണം, അതിൽ നിന്നുണ്ടാകുന്ന സന്താനം അതാരിൽ നിന്നാണോ എടുക്കപ്പെടുന്നത് അവരുടേത് തന്നെയായിരിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു വ്യക്തിയുടെ ശുക്ലവും ബീജവും ഉത്പാദിപ്പിക്കാൻ വേണ്ടി മാത്രം മറ്റൊരാളിലേക്ക് മാറ്റി എന്ന് മാത്രമേ അതിന് പറയാവൂ. ഇത് വംശപരമ്പരകളും സന്താനങ്ങളും പരസ്പരം കൂട്ടിക്കലർത്തുന്നതിന് കാരണമാകുന്നു. ശറഇലാണെങ്കിൽ അതിന് നിരോധനവുമുണ്ട്.

വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

ഡോ. ഫദ്ൽ മുറാദ്
യമന്‍ തലസ്ഥാനമായ സന്‍ആഇന്റെ പടിഞ്ഞാറ് ഭാഗം റയ്മയില്‍ ജനനം. ആന്‍ആയിലെ ദാറുല്‍ ഖുര്‍ആനുല്‍ കരീമില്‍ വെച്ച് ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. യമനിലെ മുഫ്തിയായിരുന്ന മുഹമ്മദ് ബ്‌നു ഇസ്മാഈല്‍, മുഹമ്മദ് അല്‍ജുറാഫി എന്നിവരില്‍ നിന്നും മുഹമ്മദ് ബ്‌നു അബ്ദില്ലാഹില്‍ ഹസനി എന്നിവരില്‍ നിന്നും കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യം നേടി. ആധുനിക കര്‍മ്മശാസ്ത്രത്തെ വിശകലനം ചെയ്യുന്ന അല്‍-മുഖദ്ദിമത്തു ഫീ ഫിഖ്ഹില്‍ അസ്വ്ര്‍ അടക്കം കര്‍മ്മശാസ്ത്രത്തിലും ഹദീസിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. യമനിലെ ഈമാന്‍ യുനിവേഴ്‌സിറ്റിയിലെ ശരീഅത്ത് വിഭാഗം ഡീന്‍ ആയരുന്ന അദ്ദേഹം ഇപ്പോള്‍ ഖത്തര്‍ യുനിവേഴ്‌സിറ്റിയിലെ സമകാലിക കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശരീഅത്ത് വിഭാഗത്തില്‍ പ്രൊഫസറായി ജോലി ചെയ്യുന്നു.

Recent Posts

Related Posts

error: Content is protected !!