Tuesday, May 14, 2024
Homeഫിഖ്ഹ്- വൈദ്യശാസ്തംഅവയവമാറ്റത്തിന്റെ കര്‍മ്മശാസ്ത്രവിധി

അവയവമാറ്റത്തിന്റെ കര്‍മ്മശാസ്ത്രവിധി

അവയവ കൈമാറ്റം, അവയവദാനം, അവയവ വിൽപന, അവയവമാറ്റം, മജ്ജയും നാഡീവ്യവസ്ഥയും മാറ്റിവയ്ക്കൽ, ജനനേന്ദ്രിയം മാറ്റിവയ്ക്കൽ, ശിക്ഷയുടെ ഭാഗമായി നഷ്ടപ്പെട്ട അവയവം പുനസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ശീർഷകത്തിന് കീഴിൽ വരുന്നവയാണ്. ഓരോ വിഷയത്തെക്കുറിച്ചും ചുരുങ്ങിയ രൂപത്തിൽ വ്യക്തമാക്കാം.

1- കൈമാറ്റം ചെയ്യപ്പെട്ട അവയവത്തിന്റെ ഉറവിടം:
(1) അത് ജീവിനുള്ളതോ മരിച്ചതോ ശുദ്ധിയുള്ളതോ അശുദ്ധമായതോ ആയ മൃഗത്തിൽ നിന്നാണോ?
(2) അല്ലെങ്കിൽ ജീവിനുള്ള വ്യക്തിയിൽ നിന്ന് സൗജന്യമായി ലഭിച്ചതാണോ?
(3) അതോ മരിച്ച വ്യക്തിയിൽ നിന്നാണോ(അതുതന്നെ വസ്വിയത്ത് പ്രകാരമാണോ അല്ലയോ)?
(4) അതുമല്ലെങ്കിൽ സ്വന്തം ശരീരത്തിൽ നിന്ന് തന്നെ എടുത്തതാണോ?

2- ഈ അവയവമാറ്റത്തിനും ഇംപ്ലാന്റേഷനും നടത്താനുള്ള കാരണമെന്താണ്? അവയവമാറ്റം നടന്നില്ലായെങ്കിൽ രോഗി മരിച്ചുപോകുമെന്ന പോലുള്ള അനിവാര്യ ഘട്ടമായതുകൊണ്ടാണോ? അതോ അത്ര പ്രശ്‌നമൊന്നുമില്ലാത്ത ആവശ്യമാണോ അതിന് പിന്നിൽ? ചികിത്സയിലെ ആവശ്യങ്ങൾ അത്യാവശ്യത്തിന്റെ സ്ഥാനത്താന് പരിഗണിക്കുകയെന്ന് നാം മുമ്പ് സൂചിപ്പിച്ചിരുന്നു.

3- അവയവത്തിന്റെ ഇനം. കണ്ണുപോലെ രണ്ടെണ്ണമുള്ളതാണോ? ജനനേന്ദ്രിയമാണോ? അതല്ലെങ്കിൽ മറ്റേതെങ്കിലും അവയവമാണോ?
മാറ്റിവയ്ക്കപ്പെടുന്ന അവയവത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. അതുപോലെ അതിന്റെ ഇനവും. നമുക്കത് നാല് ഭാഗമാക്കി തിരിക്കാം;

1- കൈമാറ്റം ചെയ്യപ്പെട്ട അവയവയം മൃഗത്തിന്റേതാണ്:
പൂർവകാല കർമ്മശാസത്ര പണ്ഡിതന്മാർ നാം ചർച്ച ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചർച്ച ചെയ്തിട്ടുണ്ട്. അവർ പറയുന്നു: കന്നുകാലികളെപ്പോലെ ശുദ്ധമായ മൃഗങ്ങളാണെങ്കിൽ അവയുടെ അവയവം മനുഷ്യ ശരീരത്തിലേക്ക് മാറ്റിസ്ഥാപിക്കാവുന്നതാണ്. എന്നാൽ അശുദ്ധമായവയിൽ അഭിപ്രായ വിത്യാസമുണ്ട്. ശാഫിഈ മദ്ഹബ് പ്രകാരം ആവശ്യ ഘട്ടങ്ങളിൽ ആകാവുന്നതാണ്. പന്നിയൊഴികെ മറ്റെല്ലാ ജീവികളെയും ചികത്സക്കായി ഉപയോഗിക്കുന്നത് അനുവദനീയമാണെന്നതാണ് ഹനഫി മദ്ഹബിന്റെ അഭിപ്രായം. (1) ഈയൊരു വീക്ഷണ പ്രകാരം മൃഗങ്ങളുടെ അവയവംകൊണ്ട് മാറ്റിവയ്ക്കൽ നടത്തുന്നതു(പ്രത്യേകിച്ചും ശുദ്ധമായ മൃഗങ്ങൾ) അനുവദനീയമാണ്. ‘നിങ്ങൾ ചികിത്സ നടത്തിക്കോളൂ’ എന്നതുൾപ്പെടെ മേൽസൂചിപ്പിച്ച മറ്റനേകം ഹദീസുകളാണ് ഇത്തരം ചികിത്സയുടെ നിയമസാധുതക്ക് തെളിവായി അവലംബിക്കുന്നത്. അനുവദനീയമായ വസ്തുക്കളെക്കൊണ്ട് ചികിത്സ നടത്തുന്നതു പോലെയാണ് മൃഗങ്ങളുടെ അവയവവും പരിഗണിക്കപ്പെടുന്നത്. (2) ആവശ്യ ഘട്ടത്തിലായാലും അത്യാവശ്യ ഘട്ടത്തിലായാലും മൃഗങ്ങളുടെ അവയവങ്ങൾ ഉപയോഗിക്കാം. എന്നാൽ പന്നിയുടെ അവയവങ്ങൾകൊണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ മാറ്റിവയ്ക്കൽ നടത്താവൂ.

2- ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഭാഗം തന്നെ അവനുവേണ്ടി ഉപയോഗിക്കുക:
ഹൃദയ ശാസ്ത്രക്രിയക്കുള്ള ഹൃദയ ധമനികളോ ഞരമ്പുകളോ ചികിത്സിക്കുന്നതിനായി ഒരു സാധാരണ ധമനി ട്രാൻസ്പ്ലാന്റ് ചെയ്യുന്നത് അത്യവാശ്യമാണെങ്കിൽ ആകാവുന്നതാണ്. അവന്റെ ജീവന്റെ നിലനിൽപ് അതിന്മേലാണെന്നതാണ് കാരണം. അതുപോലെത്തന്നെ, ആവശ്യഘട്ടത്തിലാണെങ്കിലും ഒരിടത്ത് കത്തിയ തൊലിക്ക് പകരം മറ്റൊരിടത്ത് നിന്ന് എടുത്ത് അവിടെ ഫിറ്റ് ചെയ്യാവുന്നതാണ്. ശരീരത്തെ സംരക്ഷിക്കാൻ സ്വന്തം അവയവത്തെ ഛേദിക്കൽ അനുവദനീയമാണെന്ന പൂർവകാല കർമ്മശാസത്ര പണ്ഡിതന്മാർ പറയുന്നുണ്ട്. അങ്ങനെ ചെയ്യൽകൊണ്ട് അവന് രക്ഷപ്പെടാൻ അമിത സാധ്യതയുണ്ടെങ്കിൽ പിന്നെ എന്തായാലും അവനത് ചെയ്യേണ്ടതാണ്.(3)

3- ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അവയവംകൊണ്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുക. അതുതന്നെ മൂന്ന് രീതിയിൽ ഉണ്ടാകാം:
( ഒന്ന് ) ജീവനുള്ള ഒരാളിൽ നിന്നും മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുന്നത് ഹൃദയം, കരൾ, തലച്ചോർ എന്നിവ പോലെയുള്ളവയാണെങ്കിൽ അത് അനുവദനീയമല്ല. കാരണം, ഇത് കൈമാറ്റം ചെയ്യപ്പെട്ട വ്യക്തിയുടെ മരണത്തിന് കാരണാകും. ശരീഅത്തിന്റെ കാഴ്ചപ്പാടിൽ അതിലൊരാൾക്ക് മറ്റൊരാളേക്കാൾ യാതൊരു സ്ഥാനവുമില്ല. കൈമാറ്റം ചെയ്യപ്പെട്ട വ്യക്തിയുടെ മരണം ഉറപ്പാവുകയും ലഭിച്ച വ്യക്തിയുടെ രക്ഷക്ക് സാധ്യതയുമുണ്ടെന്ന അവസ്ഥയാണെങ്കിലും ഉറപ്പുള്ള ഒരു കാര്യത്തേക്കാൾ സാധ്യതയുള്ളൊരു കാര്യത്തെ മുന്തിക്കാൻ പാടില്ല.
സ്വയം നാശത്തിലേക്ക് പോകരുതെന്നതിന് വിശുദ്ധ ഖുർആനിലും സുന്നത്തിലും അനേകം ഉദാഹരണങ്ങൾ കാണാം. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ ചെലവു ചെയ്യുക. ആത്മനാശത്തിലേക്ക് ചാടരുത്. നന്മയനുവർത്തിക്കുക. പുണ്യവാന്മാരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും'(ബഖറ: 195). അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാനാണ് ഈ ആയത്തിന് വിവക്ഷ നൽകപ്പെടുന്നത് എന്നുണ്ടെങ്കിലും ആത്മനാശത്തിന് കാരണമായേക്കാവുന്ന ചെലവുകളെ അല്ലാഹു നിരുത്സാഹപ്പെടുത്തുന്നു. മറ്റൊരു സൂക്തം: ‘അന്യോനം കൊലനടത്തരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണാമയനത്രെ'(നിസാഅ്: 29). ആത്മഹത്യയും കൊലപാതകവും നിഷിദ്ധമാണെന്നതിനുള്ള തെളിവാണിത്. ശക്തമായ തണുപ്പുള്ളൊരു രാത്രി സ്വപ്‌ന സ്ഖലനം സംഭവിച്ച അംറ് ബ്‌നു ആസ്വ് ജനാബത്തുകാരനായാണ് സ്വഹാബികൾക്ക് ഇമാമായി നിസ്‌കരിച്ചത്. ഈയൊരു സൂക്തം തെളിവായി പിടിച്ചുകൊണ്ട് അദ്ദേഹം തിരുനബി(സ്വ)യോട് പറഞ്ഞു: കുളിച്ചാൽ തണുപ്പുകൊണ്ട് എനിക്ക് വല്ലതും സംഭവിക്കുമോ എന്ന് ഞാൻ ഭയന്നു. അന്നേരമാണ് എനിക്ക് ഈ സൂക്തം ഓർമ്മവന്നത്. ഞാനുടനെ തയമ്മും ചെയ്ത് നിസ്‌കരിച്ചു. ഇതുകേട്ട് പ്രവാചകൻ ചിരിച്ചുവെന്നല്ലാതെ മറുത്തൊന്നും പറഞ്ഞില്ല.(4) ആത്മഹത്യ നിരോധനത്തിന്റെ ഗൗരവം സൂചിപ്പിക്കുന്ന നിരവധി ഹദീസുകൾ ഈ ആയത്തിനോട് ചേർത്ത് ഇബ്‌നു മർദവയ്ഹി ഉദ്ധരിക്കുന്നുണ്ട്.(5) ഈയൊരു സൂക്തത്തിന്റെ വെളിച്ചത്തിൽ ആർക്കുവേണ്ടിയാണെങ്കിലും അവയവമാറ്റ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നത് ഡോക്ടർക്കും നിഷിദ്ധമാണ്. മനപ്പൂർവമോ അറിയാതെയോ ഒരാളെ കൊന്നാലുള്ള വിധികളെല്ലാം ഇവിടെയും ബാധകമാകും.

(രണ്ട്) കണ്ണ്, വൃക്ക, വൃഷ്ണങ്ങൾ എന്നിവപോലെ രണ്ടെണ്ണമുള്ള അവയവങ്ങൾ. ഇതിന്റെ ശരീഅത്ത് വിധികളും വിത്യസ്തമാണ്;
1- കണ്ണുകൾ, ചുണ്ടുകൾ, ചെവികൾ എന്നിങ്ങനെ രണ്ടെണ്ണവും പൂർണമായി ആവശ്യമായി വരണം. അവയിൽ ഒന്ന് നഷ്ടപ്പെടുന്നത് ന്യൂനതയായിരിക്കാം. അന്നേരം അത് ദാനം ചെയ്യാൻ പാടില്ല. പ്രത്യേകിച്ചും അവൻ ദാനം ചെയ്യുന്ന വ്യക്തിയുടെ നിലനിൽപ്പ് ഇതിനെ ആശ്രയിച്ചൊന്നുമല്ല. അതിനാൽ തന്നെ അവിടെയൊരു അനിവാര്യ ഘട്ടവും വരുന്നില്ല. അടിസ്ഥാനപരമായി ആ ദാനം നിഷിദ്ധമാണ്.
2- കൈമാറ്റം ചെയ്യപ്പെടുന്ന വ്യക്തി ബാക്കി വരുന്ന ഒന്നിൽ സംതൃപ്തനായിരിക്കണം. ഒന്ന് നഷ്ടപ്പെടുമ്പോൾ മറ്റൊന്ന് അതിന് പകരം നിൽക്കുന്ന രീതിയിലാണ് അല്ലാഹു കരൾ പോലെയുള്ളവയെയെല്ലാം അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ മറ്റൊരാളുടെ ജീവൻ നിലനിർത്താൻ ഒന്ന് ദാനം ചെയ്യാവുന്നതാണ്. ദാനം ചെയ്യുന്ന വ്യക്തിക്ക് അതുകൊണ്ട് ഒരു രീതിയിലുമുള്ള പ്രശ്‌നവും വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അത് അനുവദനീയമാവുകയുള്ളൂ. ദാനം ചെയ്യപ്പെടുന്ന വ്യക്തിയുടെ ജീവൻ അതിനെ ആശ്രയിച്ചാണിരിക്കുന്നത് എന്നതിനാലാണ് ഇത് അനുവദനീയമാകാൻ നിർബന്ധിതമാകുന്നത്. ഈ വിഷയത്തിൽ സമകാലിക പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വിത്യാസമുണ്ടെങ്കിലും അനുവദനീയമാണെന്നതാണ് പൊതു അഭിപ്രായം.
3- വൃഷ്ണങ്ങൾ, അണ്ഡാശയങ്ങൽ പോലെയുള്ള പാരമ്പര്യ സ്വഭാവവിശേഷങ്ങൾ കൈമാറ്റം നടക്കുന്ന ജനനേന്ദ്രിയങ്ങൾ കൈമാറ്റം നടത്താൻ പാടില്ല. ഇന്റർനാഷണൽ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ റെസല്യൂഷൻ നമ്പർ 57(6/8) ഇത് വ്യക്തമാക്കുന്നുണ്ട്.

(മൂന്ന്) അവയവംഗങ്ങൾ ഉടമയെ പ്രതികൂലമായി ബാധിക്കാതെ നിശ്ചിത കാലയളവിനുള്ളിൽ തന്നെ മാറ്റിസ്ഥാപിക്കാൻ സാധ്യമാകുന്നതാകണം. ഉടമയുടെ സമ്മത പ്രകാരമോ അല്ലെങ്കിൽ ദാനമായി ലഭിച്ചതോ ആയ ചർമ്മവും രക്തവും സ്വീകരിക്കാവുന്നതാണ്.

( നാല് ) മസ്തിഷ്‌ക മരണം അല്ലെങ്കിൽ സ്വാഭാവിക മരണം സംഭവിച്ച മയ്യിത്തിൽ നിന്നും കൈമാറ്റം നടത്തുക. മസ്തിഷ്‌ക മരണത്തെക്കുറിച്ച് മുമ്പ് പ്രതിപാദിച്ചു. അത്തരം മസ്തിഷ്‌ക മരണം സംഭവിച്ച ശരീരത്തിൽ നിന്നും ആവശ്യക്കാരന് അവയവങ്ങൾ സ്വീകരിക്കാമോ? ഹൃദയം പോലെ അനിവാര്യമായവ എടുക്കാമോ? അതിന് മറുപടി പറയും മുമ്പ് ആധുനിക വൈദ്യശാസത്രമനുസരിച്ച് കൈമാറ്റം ചെയ്യൽ സാധ്യമായ അവയവങ്ങളെക്കുറിച്ച് പറയാം;

(1) ഹൃദയം. 1986ലെ പരീക്ഷണ ശസ്ത്രക്രിയ വിജയിച്ചു.
(2) കരൾ, പ്രമേഹരോഗികൾക്ക് പാൻക്രിയാസ്.
(3) കോർണിയ, വൃക്ക, അസ്ഥി, മജ്ജ, ചെവി പോലുള്ള ഇരട്ട അവയവങ്ങൾ.
(4) ഓർത്തോഡോണ്ടിക് അല്ലെങ്കിൽ കോസ്‌മെറ്റിക് ആവശ്യങ്ങൾക്ക് ത്വക്ക് മാറ്റിവെയ്ക്കുക.
നട്ടെല്ല്, തലച്ചോറ്, മൂത്രസഞ്ചി, ആമാശയം, ഗർഭാശയം തുടങ്ങി ആധുനിക വൈദ്യശാസ്ത്രത്തിന് ഇതുവരെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ സാധ്യമായിട്ടില്ലാത്ത നിരവധി അവയവങ്ങളുമുണ്ട്.(6)

മരിച്ചവരിൽ നിന്നായാലും ജീവിക്കുന്നവരിൽ നിന്നായാലും അവയവമാറ്റ ശസ്ത്രികിയ ചെയ്യുന്നതിനോട് വിത്യസ്തമായാണ് ആധുനിക പണ്ഡിതന്മാർ പ്രതികരിച്ചിട്ടുള്ളത്. ശൈഖ് ശഅ്‌റാവി,(7) ശൈഖ് മുസ്ഥഫ മക്കി(8) എന്നിവർ അതിനെ ശക്തമായി എതിർക്കുന്നു. അവയവങ്ങളുടെ ഉമടസ്ഥൻ അല്ലാഹു ആയതിനാൽ തന്നെ അവയിലൊന്നുപോലും ദാനം ചെയ്യാനോ കൈമാറ്റം നടത്താനോ വസ്വിയത്ത് ചെയ്യാനോ പാടില്ല. ആത്മാവ് മാത്രമാണ് മനുഷ്യന് ഉടമപ്പെടുത്താനാകാത്തതെന്ന് അതിന് മറുപടി പറയാം. മനുഷ്യനെ സംബന്ധിച്ചെടുത്തോളം ശരീഅത്ത് പറയുന്ന നിയമങ്ങൾക്ക് അനുസൃതമായി അവന് അവയവ കൈമാറ്റങ്ങൾ നടത്താവുന്നതാണ്. അത് അനുവദനീയമല്ലെന്നതിന് ഖുർആനിലോ സുന്നത്തിലോ തെളിവില്ലാത്തതിനാൽ അനുവദനീയമായവയുടെ ഗണത്തിലേക്കാണ് അത് ചേർക്കപ്പെടുക.(9)

മരിച്ച മനുഷ്യന്റെ ശരീരാവയവങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് പറയുന്നവരുടെ ഏറ്റവും ശക്തമായ തെളിവ് ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞാലും മനുഷ്യന് ബഹുമാനം നൽകപ്പെടേണ്ടതാണ് എന്നുള്ളതാണ്. മയ്യിത്തിനുമേൽ അതിക്രമം കാണിക്കരുതെന്ന് പറയുന്ന മയ്യിത്തിന്റെ ബഹുമാന്യതയെ വ്യക്തമാക്കുന്ന നിരവധി സൂക്തങ്ങളും ഹദീസുകളും അവരതിന് അവലംബമായി എടുക്കുന്നു. അതിനാൽതന്നെ, മയ്യിത്തിന്റെ അവയവങ്ങൾ എടുക്കൽ മയ്യിത്തിനോട് കാണിക്കുന്ന ബഹുമാനക്കേടാണ്. യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടുകിടക്കുന്ന ശത്രുക്കളെ വീണ്ടും അംഗവിച്ഛേതം ചെയ്യുന്നത് തിരുനബി വിലക്കിയിട്ടുണ്ട്. ഇമാം ബുഖാരി ഉദ്ധരിക്കുന്നു: ഒരാളുടെ ശരീരഭാഗം എടുത്ത് ഉപയോഗിക്കുന്നത് പ്രവാചകൻ വിലക്കി. അഖ്ൽ, അരീന സംഭവത്തിന് ശേഷം പ്രവാചകൻ സ്വദഖയെ പ്രോത്സാഹിപ്പിച്ചുവെങ്കിലും അവയവമാറ്റത്തെ നിരുത്സാഹപ്പെടുത്തി.(10) മയ്യിത്തിനെ ബുദ്ധിമുട്ടിപ്പിക്കരുതെന്നും അതിന്റെ എല്ലുകൾ പൊട്ടിക്കരുതെന്നും പറയുന്ന മറ്റു നിരവധി ഹദീസുകളുമുണ്ട്. നബി(സ്വ) പറയുന്നു: ‘മയ്യിത്തിന്റെ എല്ല് പൊട്ടിക്കുന്നത് ജീവനുള്ള ഒരാളുടെ എല്ല് പൊട്ടിക്കുന്നത് പോലെത്തന്നെയാണ്’.(11)
മയ്യിത്തിനെ നിന്ദിക്കുക എന്ന ഉദ്ദേശത്താലാകുമ്പോൾ മാത്രമാണെന്ന് മേൽപറഞ്ഞ ഹദീസെല്ലാം ബാധകമാകുന്നതെന്ന് അതിന് മറുപടി പറയാം. എന്നാൽ, ഒരാൾ ജീവിച്ചിരിക്കുന്ന സമയത്ത് മരിക്കാനായ ഒരു വ്യക്തിയെ രക്ഷിക്കാൻ അവയവദാനം ചെയ്യാമെന്ന് സമ്മതിച്ചാൽ അതൊരിക്കലും നിന്ദിക്കുന്ന കൂട്ടത്തിൽ ഉൾപെടുകയില്ല. എന്ന് മാത്രമല്ല അത് അനുവദനീയവുമാണ്. നിർബന്ധിതാവസ്ഥ നിഷിദ്ധമായതിനെ അനുവദനീയമാക്കുമെന്ന് കർമ്മശാസ്ത്ര തത്വം തന്നെയാണ് അതിന്റെ അടിസ്ഥാനം.

ചുരുക്കത്തിൽ: മേൽപറഞ്ഞ ചർച്ചകളിൽ നിന്നും മനസ്സിലാകുന്നത് ജീവനുള്ളതായാലും മരിച്ചതായാലും മനുഷ്യാവയവങ്ങൾ കൈമാറ്റം ചെയ്യുന്നത് നിഷിദ്ധമാണ്. മനുഷ്യനെയും അവന് നൽകപ്പെട്ട ബഹുമാനത്തെയും സംരക്ഷിക്കുകയെന്നതാണ് അതിന്റെ താൽപര്യം. എന്നാൽ, അവയവമാറ്റത്തിന് അനിവാര്യമായ ഘട്ടങ്ങൾ വന്നെത്തുകയാണെങ്കിൽ, ദാനം ചെയ്യുന്നവന് അതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ലായെങ്കിൽ അത് അനുവദനീയമാകുന്നതാണ്. മയ്യിത്താണെങ്കിൽ അവന്റെ വസിയ്യത്ത് പ്രകാരവും കുടുംബത്തിന്റെ സമ്മതപ്രകാരവും അത് ചെയ്യാവുന്നതാണ്. അതോടൊപ്പം തന്നെ അത് ജനനേന്ദ്രിയമാകാനും പാടില്ല. മാത്രമല്ല, ദാനമായി നൽകുകയെന്നതിലപ്പുറം അവയവം വിൽപന നടത്തുന്നത് കഠിനമായ കുറ്റമാണ്.

1952ൽ ഈജിപ്തിലെ ദാറുൽ ഇഫ്താഅ് പറുപ്പെടുവിച്ച ശൈഖ് മുഹമ്മദ് ഹസനൈൻ മഖ്‌ലൂഫിന്റെ ഫത്‌വയിൽ, മരിച്ച വ്യക്തിയിൽ നിന്നും കണ്ണിന്റെ കോർണിയ എടുക്കാമെന്ന് പറയുന്നുണ്ട്. പിന്നീട് 1959ൽ ശൈഖ് മഅ്മൂനും 1966ൽ ശൈഖ് ഹരീദിയും 1973ൽ ശൈഖ് ഖാതിറും 1979ൽ ശൈഖ് ജാദുൽ ഹഖും സമാന ഫത്‌വകൾ പുറപ്പെടുവിച്ചിട്ടുണ്ട്.(12) 1972ൽ അൾജീരീയ സുപ്രീം കൗൺസിൽ ഓഫ് ഫത്‌വയും 1977ൽ ജോർദാൻ സുപ്രീം കൗൺസിലും 1978,82 വർഷങ്ങളിൽ സഊദി ഉലമാ കൗൺസിലും 1980ൽ കുവൈത്ത് എൻഡോവ്‌മെന്റ് ഫത്‌വ കമ്മിറ്റിയും ഇതുപോലെത്തന്നെയായിരുന്നു ഫത്‌വ പുറപ്പെടുവിച്ചിരുന്നത്.

ബ്രെയ്ൻ സെല്ലുകളുടെയും നാഡീവ്യൂഹങ്ങളുടെയും ട്രാൻസ്പ്ലാന്റേഷൻ

ബ്രെയ്ൻ സെല്ലുകളെക്കുറിച്ചും നാഡീവ്യൂഹങ്ങളെക്കുറിച്ചും സിമ്പോസിയം ചർച്ച ചെയ്തിരുന്നു. അവ രണ്ടും ട്രാൻസ്പ്ലാന്റേഷൻ ചെയ്യുകയെന്നതിന്റെ ഉദ്ദേശം, മസ്തിഷ്‌കത്തിലെ ചില കോശങ്ങളിൽ വരുന്ന രാസമാറ്റങ്ങളും ഹോർമോൺ കുറവുകളും ചികിത്സിക്കുകയെന്നതാണ്. മറ്റൊരു സ്രോതസ്സിൽ നിന്ന് സമാനമായ കോശങ്ങൾകൊണ്ട് തലച്ചോറിൽ വന്ന ന്യൂനതയെ പരിഹരിക്കാം. ടിഷ്യൂ ലഭിക്കുന്നതിനുള്ള ആദ്യത്തെ ഉറവിടം രോഗിയുടെ അഡ്രീനൽ ഗ്രന്ഥിയാണ്. ശരീഅത്തിൽ അതിന് തെറ്റൊന്നുമില്ലെന്നും രോഗപ്രതിരോധ സ്വീകാര്യതയുടെ ഗുണം അതിനുണ്ടെന്ന് സിമ്പോസിയം കണ്ടെത്തിയിട്ടുണ്ട്. കാരണം, ആ കോശങ്ങളെല്ലാം എടുക്കുന്നത് ശരീരത്തിൽ നിന്ന് തന്നെയാണ്. ആദ്യകാല ഗർഭപിണ്ഡത്തിന്റെ തലച്ചോറിൽ നിന്ന് തത്സമയ കോശങ്ങളിൽ നിന്നും ടിഷ്യു ലഭിക്കും, അതാണ് രണ്ടാമത്തെ ഉറവിടം.

സെല്ലുകൾ ലഭ്യമാകാനുള്ള മാർഗങ്ങൾ:

1- മൃഗങ്ങളുടെ ഭ്രൂണങ്ങളിൽ നിന്നും എടുക്കാം. പല മൃഗങ്ങളുടെയും ഭ്രൂണങ്ങളിൽ നിന്നും മെഡിക്കൽ മുൻകരുതലുകൾ സ്വീകരിച്ച് ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് സിമ്പോസിയം കണ്ടെത്തുന്നു. അത് വിജയകരമാണെന്ന് വ്യക്തമായാൽ പിന്നെ ശരീഅത്തിന്റെ കാഴ്ചപ്പാടിൽ അതിന് യാതൊരു തടസ്സവുമില്ലെന്നും സിമ്പോസിയം കണ്ടെത്തുന്നു.

2- ഗർഭപാത്രം മുറിച്ച് മനുഷ്യ ഭ്രൂണത്തിൽ നിന്നും അത് എടുക്കാം. എന്നാൽ, കുട്ടിയുടെ മസ്തിഷ്‌കത്തിൽ നിന്നും അത് എടുക്കുന്നതോടെ ആ ഭ്രൂണം മരിച്ചുപോയേക്കാം. ഗർഭം അലസിപ്പിച്ചാൽ ഗർഭിണിയായ സ്ത്രീ രക്ഷപ്പെടുമെങ്കിൽ ശരീഅത്ത് അത് അനുവദനീയമാക്കുന്നുണ്ട്.

തലച്ചോറില്ലാത്ത കുട്ടി:
ജീവന്റെ തുടിപ്പുണ്ടെന്ന് സംശയിക്കുന്ന കാലത്തോളം ഇങ്ങനെയുള്ള കുട്ടികളിൽ നിന്ന് അവയവം സ്വീകരിക്കാൻ പാടില്ല. മരിച്ചുകഴിഞ്ഞാൽ പിന്നെ ശരീരാവയവം സ്വീകരിക്കുന്നതിലെ വിധിയും നിബന്ധനകളും സമ്മതവും അനിവാര്യ ഘട്ടമാണെന്ന് ഉറപ്പാക്കലുമെല്ലാം അനിവാര്യമാണ്. ഈ വിഷയത്തിൽ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ നാലാം പ്രോഗ്രാമിൽ എടുത്ത തീരുമാനങ്ങൾ:

1- ഒരാളുടെ ശരീരാവയവം മറ്റൊരാൾക്ക് നൽകുന്നും അവയവമാറ്റം നൽകുന്നതും അനുവദനീയമാണ്. അവിടെ ഉപകാരത്തേക്കാൾ ഉപദ്രവമുണ്ടാകാനാണ് സാധ്യതയെങ്കിൽ ഒരിക്കലുമത് അനുവദനീയമല്ല. ഒരാൾക്ക് നഷ്ടപ്പെട്ട അവയവങ്ങൾ വീണ്ടെടുക്കുന്നതിനും പഴയ രൂപം തിരിച്ചെടുക്കുന്നതിനും വേണ്ടിയാണത്.

2- രക്തം, തൊലി എന്നിവപോലെ, നൽകപ്പെടുന്ന അവയവം വീണ്ടും പുനസ്ഥാപിക്കപ്പെടുമെങ്കിൽ ഒരാളുടെ ശരീരത്തിൽ നിന്ന് മറ്റൊരാളുടെ ശരീരത്തിലേക്ക് ട്രാൻസ്പ്ലാന്റേഷൻ നടത്താവുന്നതാണ്.

3- മറ്റൊരു വ്യക്തിക്ക് വന്ന രോഗം കാരണം ശരീരത്തിൽ നിന്നും നീക്കം ചെയ്ത അവയവത്തിന്റെ ഭാഗം ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ കണ്ണ് നീക്കം ചെയ്യുമ്പോൾ അതിന്റെ കോർണിയ എടിക്കാം.

4- ഹൃദയം പോലെ ജീവിതത്തിന്റെ നിലനിൽപായിട്ടുള്ള അവയവങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല.

5- രണ്ട് കണ്ണിന്റെയും കോർണിയ കൈമാറ്റം ചെയ്യുന്നതുപോലെ ജീവിതത്തിന്റെ സുപ്രധാന പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതാണെങ്കിൽ അവയവകൈമാറ്റം നിഷിദ്ധമാണ്.

6- മരിച്ച ഒരു വ്യക്തിയുടെ അവയവത്തിന്മേലാണ് ഒരാളുടെ ജീവന്റെ നിലനിൽപെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്. അവിടെ മയ്യിത്തിന്റെയോ അനന്തരാവകാശികളുടെയോ സമ്മതം അനിവാര്യമാണ്.

7- മേൽപറഞ്ഞ സന്ദർഭങ്ങളിലെല്ലാം അവയവം വിൽക്കുകയല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മനുഷ്യന്റെ അവയവങ്ങൾ വിൽപന നടത്തുന്നത് ഒരിക്കലും അനുവദിക്കപ്പെടുകയില്ല. എന്നാൽ, ഉപകാരം ലഭിച്ച വ്യക്തി സന്തോഷത്താൽ നൽകുന്ന ധനത്തെക്കുറിച്ച് ഒന്ന് ചർച്ച ചെയ്യേണ്ടതുണ്ട്.

8- മേൽപറഞ്ഞതല്ലാത്ത മറ്റെല്ലാ സന്ദർഭങ്ങളും അന്വേഷണവും ചർച്ചയും തേടുന്നുണ്ട്. ശരീഅത്തിന്റെ വിധികൾക്കും നിയമങ്ങൾക്കും അനുസൃതമായി അതിനെക്കുറിച്ച് ആഴമേറിയ പഠനങ്ങൾ നടത്തൽ നിർബന്ധമാണ്. ഏല്ലാത്തിനെക്കുറിച്ചും ഏറ്റം അറിയുന്നവൻ അല്ലാഹു മാത്രമാണ്.

അവലംബം:
1- അല്‍ഫതാവല്‍ ഹിന്ദിയ്യ, ദാറു ഇഹ്യാഉത്തുറാസില്‍ അറബി(5/354), ഇദാറത്തുത്തിബാഅത്തില്‍ മുനീരിയ്യ ലിശിര്‍കത്തില്‍ ഉലമാഅ്(3/138).
2- ഡോ. ഹാഷിം ജമീല്‍, അവയവമാറ്റവും നിഷ്ദ്ധമായവ കൊണ്ടുള്ള ചികിത്സയും ഇസ്ലാമിക വീക്ഷണത്തില്‍, അര്‍റിസാലുത്തുല്‍ ഇസ്ലാമിയ്യ മാഗസിന്‍, ലക്കം 212, പേ. 73.
ഡോ. മുഹമ്മദുല്‍ മുക്താറുല്‍ ജുക്തി അശ്ശന്‍ഖീത്തി, പേ. 266.
3- ഡോ. ബകര്‍ അബൂ സയ്ദ്, അത്തശ്‌രീഹുല്‍ ജുസ്മാനി വന്നഖ്‌ലു വത്തഅ്‌വീളുല്‍ ഇന്‍സാനി, മജ്മഉ ഫിഖ്ഹുല്‍ ഇസ്ലാമി മാഗസിന്‍.
ഡോ. മുഹമ്മദ് മുക്താറുല്‍ ജുക്തി അശ്ശന്‍ഖീത്തി, പേ. 223.
4- അബൂ ദാവൂദ്, ത്വഹാറത്ത്: ഹദീസ് 283, അഹ്മദ്, ഹദീസ് 17144, ബുഖാരി.
5- തഫ്‌സീറു ഇബ്‌നു കസീര്‍(719- 1/718).
6- ഡോ. മുന്‍ദിര്‍ ഫള്ല്‍, അത്തസ്വറുഫുല്‍ ഖാനൂനി ഫില്‍ അഅ്‌ളാഇല്‍ ബശരിയ്യ, ദാറുസ്സഖാഫ, 1992, പേ. 17.
സൂസന്‍ ഹാഷിം, അല്‍മൗത്തു വല്‍ഹയാത്തു ബയ്‌നത്ത്വിബ്ബി വശ്ശരീഅ, ജാമിഅത്തുല്‍ അമ്‌രീക്കിയ്യത്തില്‍ മഫ്തൂഹ, പേ. 103.
7- അല്‍ഫതാവാ: മുസ്ലിമിന് ജീവിത്തില്‍ പ്രധാന്യമുള്ള എല്ലാ കാര്യവും(9/71), ദാറുല്‍ ഖലം, ബയ്‌റൂത്ത്.
8- സൂസന്‍ ഹാഷിം, പേ. 110.
9- ശൈഖ് ജാദുല്‍ ഹഖ്, ബുഹൂഥ് വഫതാവാ ഇസ്ലാമിയ്യ മുആസ്വറ(3/430).
10- സ്വഹീഹുല്‍ ബുഖാരി, ഹദീസ് 2294, അബൂ ദാവൂദ്, ഹദീസ് 2293.
11- സ്വഹീഹു മുസ്ലിം, ഹദീസ് 3261, തിര്‍മുദി, ഹദീസ് 1328.
12- മജ്മൂഅത്തില്‍ ഫതാവല്‍ ഇസ്ലാമിയ്യ, ദാറുല്‍ ഇഫ്താഇല്‍ മിസ്വ്‌രിയ്യ, വാല്യം 10, അല്‍മജ്‌ലിസുല്‍ അഅ്‌ലാ ലിശ്ശുഊനില്‍ ഇസ്ലാമിയ്യ, ഹി. 1400.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂര്

Recent Posts

Related Posts

error: Content is protected !!