അന്യ സ്ത്രീയുമായി ഹസ്തദാനം ചെയ്യുന്ന പുരുഷനെകുറിച്ച ഇസ്‌ലാമിക വിധിയെന്താണ്? തദ്വിഷയകമായി, നാലു ഇമാമുകളുടെയും ഭൂരിപക്ഷ പണ്ഡിതന്മാരുടെയും വീക്ഷണമെന്താണ്? വിശദീകരണം നല്‍കുമല്ലോ.
മറുപടി: 1. അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, അന്യസ്ത്രീയുമായി ഹസ്തദാനം ചെയ്യുന്നത് അനുവദനീയമല്ല. തദ്വാരാ, അയാള്‍ കുറ്റക്കാരനായി തീരുകയും ചെയ്യും. പ്രവാചകന്‍ പറഞ്ഞതായി, മഅ്ഖില്‍ ബിന്‍ യസ്സാര്‍ നിവേദനം ചെയ്യുന്നു: ‘നിങ്ങളിലൊരാളുടെ തലയില്‍ ഇരുമ്പ് സൂചി തറക്കുന്നതാണ്, അന്യസ്ത്രീയുമായി ഹസ്തദാനം ചെയ്യുന്നതിനേക്കാള്‍ അയാള്‍ക്ക് നല്ലത്.’ [ത്വബ്‌റാനി]
ഈ കാര്യത്തിലെ അല്ലാഹുവിന്റെ നിര്‍ദ്ദേശം മനസ്സിലാക്കാന്‍ ഈ ഹദീസ് തന്നെ ധാരാളം മതിയാകും. സ്ത്രീ സ്പര്‍ശനം പ്രലോഭനത്തിലേക്കും അധാര്‍മികതയിലേക്കും നയിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രാവചകപത്‌നി ആയിശയില്‍ നിന്ന് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു:
‘ഓ; നബീ, അല്ലാഹുവോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചു കൊണ്ടുവരികയില്ലെന്നും, യാതൊരു നല്ലകാര്യത്തിലും താങ്കളോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്റെ അടുത്ത് വന്നാല്‍ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും, അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.[60: 12] എന്ന ഖുര്‍ആന്‍ സൂക്തമനുസരിച്ച്, തിരുമേനി(സ) വിശ്വാസിനികളായ സ്ത്രീകളില്‍ നിന്നു പ്രതിജ്ഞ സ്വീകരിച്ചിരുന്നു. അവരില്‍ നിന്നു പ്രതിജ്ഞ സ്വീകരിക്കുമ്പോള്‍, ‘ഞാന്‍ നിങ്ങളുടെ പ്രതിജ്ഞ സ്വീകരിച്ചിരിക്കുന്നുവെന്ന് തിരുനാവ് കൊണ്ടു പറയുക മാത്രമായിരുന്നു അവിടുന്നു ചെയ്തത്. അല്ലാഹുവാണെ, തിരുമേനിയുടെ കരം ഒരു സ്ത്രീയുടെ കരത്തെ സ്പര്‍ശിക്കുകയുണ്ടായിട്ടില്ല. [മുസ്‌ലിം]
പ്രതിജ്ഞയുടെ യഥാര്‍ത്ഥ രീതി ഹസ്തദാനത്തിലൂടെ സ്വീകരിക്കലായിരുന്നുവെന്നത് ഒരു വസ്തുതയാണ്. എന്നിട്ടും, അപ്രമാദിതനും സര്‍വോത്തമനും അന്ത്യനാളില്‍ മാനവരുടെ നേതാവുമായ അവിടുന്ന് സ്ത്രീകളെ സ്പര്‍ശിച്ചില്ലെങ്കില്‍, മറ്റുള്ളവരുടെ സ്ഥിതി ഊഹിക്കാവുന്നതാണല്ലോ.
‘ഞാന്‍ സ്ത്രീകള്‍ക്ക് കൈ കൊടുക്കാറില്ല’ എന്ന് പ്രവാചകന്‍ പറഞ്ഞതായി, ഉമൈമ ബിന്‍ത് റുഖൈഖയുടെ ഒരു ഹദീസില്‍ പറയുന്നു (ധനസാഇ, ഇബ്‌നുമാജ)
2. വസ്ത്രം പോലുള്ള മറയോടു കൂടിയാണെങ്കിലും, സ്ത്രീയുമായി ഹസ്തദാനം ചെയ്തു കൂടാ. ഈ രൂപത്തില്‍, പ്രവാചകന്‍ അവരോട് പ്രതിജ്ഞ സ്വീകരിച്ചതായി മഅ്ഖില്‍ ബിന്‍ യസാറിന്റേതായ ഒരു ഹദീസ് ത്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് ദുര്‍ബ്ബലമാണെന്നാണ് പണ്ഡിതമതം. പരമ്പരയിലെ, അത്വാബ് ബിന്‍ ഹര്‍ബ് ദുര്‍ബലനാണെന്ന് ഹൈതമി പറയുന്നു. ( മജ്മഉ സവാഇദ് 6/39)
വലിയുദ്ദീന്‍ ഇറാഖി പറയുന്നു: വായ്‌മൊഴിയിലൂടെ മാത്രമെ നബി സ്ത്രീകളില്‍ നിന്ന് പ്രതിജ്ഞ സ്വീകരിച്ചിരുന്നുള്ളുവെന്ന ആയിശയുടെ പ്രസ്താവന, അവിടുന്നു സ്ത്രീകളെ ഹസ്തദാനം നടത്തിയിട്ടില്ലെന്നും, എന്നാല്‍, പുരുഷന്മാരില്‍ നിന്നും ഹസ്തദാനത്തിലൂടെയും വായ്‌മൊഴിയിലൂടെയുമാണ് പ്രതിജ്ഞ സ്വീകരിച്ചിരുന്നതെന്നും സൂചിപ്പിക്കുന്നു.
പ്രവാചകന്‍ ഒരു ജല കുംഭത്തില്‍ കൈമുക്കുകയും, പിന്നെ സ്ത്രീകളും അതില്‍ കൈമുക്കുകയുമുണ്ടായതായി ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകളോട് പ്രതിജ്ഞ വാങ്ങുമ്പോള്‍, പ്രവാചകന്റെ കൈയിന്മേല്‍ മേലങ്കിയുണ്ടായിരുന്നുവെന്നാണ് മറ്റു ചിലര്‍ പറയുന്നത്. പ്രവാചകന്നു പകരം സ്ത്രീകളില്‍ നിന്നു പ്രതിജ്ഞ സ്വീകരിച്ചിരുന്നത് ഉമറായിരുന്നുവെന്നാണ് മൂന്നാമതൊരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളൊന്നും പ്രബലമല്ല. പ്രത്യേകിച്ചും മൂന്നാമത്തേത്. അപ്രമാദിതനായ പ്രവാചകന്‍ ചെയ്യാത്ത ഒരു കാര്യം ഉമര്‍ ചെയ്തുവെന്നോ? (ത്വര്‍ഹു തഥ്‌രീബ്. 7/45)
മറയോടു കൂടിയാണെങ്കിലും ഹസ്തദാനം ചെയ്തു കൂടെന്നാണ് ശൈഖ് ബിന്‍ ബാസ് അഭിപ്രായപ്പെട്ടത്.
വൃദ്ധകള്‍ക്കും ഈ നിയമം ബാധകമാണ്. ഹദീസിന്റെ വ്യാപകാര്‍ത്ഥത്തില്‍ അവരും ഉള്‍ക്കൊള്ളുന്നുവെന്നതാണ് ന്യായം. അബൂബക്കര്‍(റ) വൃദ്ധകളോട് ഹസ്തദാനം നടത്തിയതായി വന്ന ഹദീസ് ഗരീബാണ് എന്ന് ഥൈലഈ പറയുന്നു. (നസ്വ്ബു റായ: 4/ 240)
ഈ ഹദീസ് എനിക്ക് കണ്ടെത്താനായിട്ടില്ലെന്നാണ് ഇബ്‌നു ഹജര്‍ പറയുന്നത്. (അദ്ദിറായാതു ഫീ തഖ് രീജി അഹാദീസില്‍ ഹിദായ. 2/ 225)
4. നാലു ഇമാമുകളുടെ വീക്ഷണങ്ങള്‍
എ. ഹനഫി മദ്ഹബ്
സ്ത്രീയുടെ മുഖമോ കൈയോ വികാരത്തോടെയല്ലെങ്കിലും സ്പര്‍ശിക്കാന്‍ അനുവാദമില്ല, കാരണം, മൗലികമായി തന്നെ അത് ഹറാമാണ്, അനുവദനീയമാകേണ്ട ആവശ്യമില്ല താനും’ എന്ന് ഇബ്‌നു നുജൈം പറയുന്നു. (അല്‍ ബഹ്‌റു റാഇഖ്. 8/ 219)
ബി. മാലികി മദ്ഹബ്
മുഹമ്മദ് ബിന്‍ അഹ്മദ് പറയുന്നു: അന്യ സ്ത്രീയുടെ മുഖമോ കൈയോ സ്പര്‍ശിക്കാന്‍ പുരുഷന്നു അനുവാദമില്ല. മറയില്ലാതെ കൈ അവളുടെ കൈയില്‍ വക്കാനും പാടില്ല. വായ്‌മൊഴിയിലൂടെ മാത്രമാണ് പ്രവാചകന്‍ സ്ത്രീകളില്‍ നിന്ന് പ്രതിജ്ഞ വാങ്ങിയതെന്നും ഹസ്തദാനത്തിലൂടെ ആയിരുന്നില്ലെന്നും ആയിശ പറഞ്ഞിട്ടുണ്ടല്ലൊ. അവിടത്തെ കരം ഒരു സ്ത്രീയുടെ കരത്തെയും സ്പര്‍ശിച്ചിട്ടില്ലെന്നു മറ്റൊരു നിവേദനത്തിലും വന്നിരിക്കുന്നു. (മന്‍ഹലുല്‍ ജലീല്‍ ശര്‍ഹു മുഖസ്വറില്‍ ഖലീല്‍ . 1/223)
സി. ശാഫി ഈ മദ്ഹബ്
ഒരു നിലക്കും സ്ത്രീയെ സ്പര്‍ശിക്കാവതല്ല എന്ന് ഇമാം നവവി പറയുന്നു. (മജ്മൂഅ്. 4/515)
വലിയുദ്ദീന്‍ ഇറാഖി പറഞ്ഞു: പ്രതിജ്ഞാ സമയമാകട്ടെ, അല്ലാതിരിക്കട്ടെ, ഭാര്യമാരും അടിമകളുമല്ലാത്ത ഒരു സ്ത്രീയുടെ കരങ്ങളെയും നബിയുടെ കരം സ്പര്‍ശിച്ചിട്ടില്ലെന്നു ഇത് സൂചിപ്പിക്കുന്നു. അപ്രമാദിതനും സംശയിക്കപ്പെടാത്തവനുമായിരിക്കെ, അവിടൂന്ന് തന്നെ ഇത് ചെയ്തിട്ടില്ലെങ്കില്‍, മറ്റുള്ളവരില്‍ ഈ നിയമം കൂടുതല്‍ അത്യന്താപേക്ഷിതമാണല്ലൊ. നിഷിദ്ധമായത് കൊണ്ടാണവിടുന്ന് ചെയ്യാതിരുന്നതെന്നാണ് മനസ്സിലാകുന്നത്. മുഖം പോലെ, ഔറത്തല്ലാത്ത ഭാഗമാണെങ്കില്‍ പോലും, അന്യ സ്ത്രീ സ്പര്‍ശം ഹറാമാണെന്നാണ്, നമ്മുടെ അസ്വ് ഹാബികളും അല്ലാത്തവരുമായ ഫുഖഹാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍, വികാരമോ, കുഴപ്പ ഭീതിയോ ഇല്ലാതെ, നോക്കുന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്. നോട്ടത്തെക്കാള്‍ ഹറാമാണല്ലോ സ്പര്‍ശനം. സ്പര്‍ശനം അനുവദിക്കപ്പെടേണ്ട യാതൊരാവശ്യവുമില്ല. ചികിത്സ, കണ്ണുപരിശോധന, പല്ലു പറിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക്, സ്ത്രീകളുടെ അഭാവത്തില്‍, അന്യ പുരുഷന്ന് അവളെ സ്പര്‍ശിക്കാം. അനിവാര്യതയാണ് കാരണം. (ത്വര്‍ഹു തഥ്‌രീബ്. 7/45)
ഡി. ഹമ്പലി മദ്ഹബ്
ഇബ്‌നു മുഫ്‌ലിഹ് പറയുന്നു: സ്ത്രീയെ ഹസ്തദാനം ചെയ്ത ഒരാളെകുറിച്ച് ഇമാം അഹ്മദിനോട് അന്വേഷിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: പാടില്ല. അത് ഹറാമാണെന്നത് ഉറപ്പാണ്.
ഞാന്‍ ചോദിച്ചു : വസ്ത്രത്തിന്നു മീതെയാണെങ്കിലൊ?
അദ്ദേഹം: പാടില്ല!
വിവ: കെ എ ഖാദര്‍ ഫൈസി