മറുപടി : തങ്ങളുടെ വിശ്വാസത്തെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കാത്ത നിയമങ്ങളെല്ലാം ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന ദിമ്മികള്‍ക്കും(സംരക്ഷിത പ്രജ) അനുസരിക്കല്‍ നിര്‍ബന്ധമാണ്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പൗരത്വം വഹിക്കുന്നവരെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ബാധമാകുന്ന നിയമങ്ങള്‍ അവര്‍ക്കും ബാധകമാണ്. മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാകുന്ന ആരാധനാ കാര്യങ്ങള്‍ അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാവതല്ല. സകാത്ത് അതിന് ഒരു ഉദാഹരണമാണ്. ഒരുതരത്തില്‍ അതൊരു നികുതിയാണെങ്കിലും അതോടൊപ്പം തന്നെ ഒരു ആരാധനാ കര്‍മം കൂടിയാണത്. യുദ്ധങ്ങളിലെ പങ്കാളിത്തവും അതു പോലെ തന്നെയാണ്. അവരുടെ മതവികാരം പരിഗണിച്ച് ഇസ്‌ലാമിന്റെ ആരാധനകള്‍ അവര്‍ക്ക് മേല്‍ നിര്‍ബന്ധമാക്കുന്നില്ല. ജിഹാദും സകാത്തും അവര്‍ക്ക് മേല്‍ നിര്‍ബന്ധമല്ല. എന്നാല്‍ അവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന രാഷ്ട്രത്തിന് അവര്‍ ജിസ്‌യ (സംരക്ഷണ നികുതി) നല്‍കേണ്ടതുണ്ട്.
അവരുടെ മതം അനുവദനീയമാക്കിയിരിക്കുന്ന വ്യക്തി സാമൂഹിക നിയമങ്ങളില്‍ നിന്നവര്‍ വ്യതിചലിക്കേണ്ടതില്ല. വിവാഹം, വിവാഹമോചനം, പന്നിമാംസം ഭുജിക്കല്‍, മദ്യപാനം തുടങ്ങിയ ഇസ്‌ലാം വിലക്കുന്ന കാര്യങ്ങളാണെങ്കിലും അവരുടെ വിശ്വാസത്തെ ഇസ്‌ലാം അംഗീകരിക്കുന്നു. അവ ചെയ്യുന്നതിന്റെ പേരില്‍ അവര്‍ ആക്ഷേപിക്കപ്പെടാവതല്ല. രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്ന മജൂസി, സഹോദര പുത്രിയെ വിവാഹം ചെയ്യുന്ന ജൂതന്‍, പന്നിമാംസം ഭക്ഷിക്കുന്ന ക്രിസ്ത്യാനി ഇവരുടെയെല്ലാം വിശ്വാസം അവ അനുവദിക്കുന്നടത്തോളം ഇസ്‌ലാം അക്കാര്യങ്ങളില്‍ ഇടപെടുകയില്ല. മുസ്‌ലിംകള്‍ അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അവരെ അനുവദിക്കണം.
അമുസ്‌ലിംകളായ ആളുകള്‍ ഇസ്‌ലാമിക ശരീഅത്തനുസരിച്ചുള്ള വിധിയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് അവര്‍ക്ക് വിധിതീര്‍പ്പ് കല്‍പ്പിക്കണം. ‘അല്ലാഹു ഇറക്കിത്തന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നീ അവരുടെ തോന്നിവാസങ്ങളെ പിന്‍പറ്റരുത്.’ (5 : 49) അവര്‍ വിധി തേടി വന്നാല്‍ രണ്ട് നിലപാടുകളിലൊന്ന് സ്വീകരിക്കാമെന്ന് ചില കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഒന്നുകില്‍ അവര്‍ക്കിടയില്‍ നമ്മുടെ ശരീഅത്ത് അനുസരിച്ച് വിധി കല്‍പ്പിക്കാം, അല്ലെങ്കില്‍ വിധികല്‍പ്പിക്കാതെ ഒഴിവാക്കാം അല്ലാഹു പറയുന്നു: ‘അവര്‍ നിന്റെ അടുത്തുവരികയാണെങ്കില്‍ നീ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുക. അവരെ അവഗണിച്ചാല്‍ നിനക്കൊരു ദ്രോഹവും വരുത്താന്‍ അവര്‍ക്കാവില്ല. എന്നാല്‍ നീ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധിക്കുക. സംശയമില്ല; നീതി നടത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു.’ ( 5 : 42)
ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും ശിക്ഷാവിധികളിലും ഇസ്‌ലാമിക വിധികള്‍ നടപ്പാക്കണം
ഇസ്‌ലാമിക ശരീഅത്ത് കല്‍പ്പിക്കുന്ന ക്രിമിനല്‍ നിയമങ്ങളും ശിക്ഷാവിധികളും സാമ്പത്തി നിയമങ്ങളും മുസ്‌ലിംകള്‍ക്കെന്ന പോലെ അവിടെ ജീവിക്കുന്ന അമുസ്‌ലിംകള്‍ക്കും ബാധമാണ്. ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്‍ മോഷണം നടത്തിയാല്‍ മുസ്‌ലിമിന് നടപ്പാക്കുന്ന ശിക്ഷ തന്നെയാണ് നടപ്പാക്കേണ്ടത്. കൊലപാതകം, കൊള്ള, സാമ്പത്തിക അതിക്രമം, വ്യഭിചാരം, വ്യഭിചാരാരോപണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരേ ശിക്ഷ തന്നെയാണ് നടപ്പാക്കേണ്ടത്. അവരുടെ മതവിശ്വാസങ്ങള്‍ക്ക് എതിരല്ലാത്ത ഇസ്‌ലാമിക വിധികള്‍ മാത്രമേ അവരുടെ മേല്‍ നിര്‍ബന്ധമാവുകയുള്ളൂ.
ഇമാം അബൂഹനീഫ പറയുന്നു : ‘ദിമ്മിയായ പുരുഷനും ദിമ്മിയായ സ്ത്രീയും വ്യഭിചരിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷ അടിമാത്രമാണ്, അവരെ കല്ലെറിഞ്ഞ് വധിക്കരുത്.’ അവര്‍ മുസ്‌ലിംകള്‍ അല്ല എന്നതാണ് അതിന് കാരണമായി അദ്ദേഹം സൂചിപ്പിക്കുന്നത്.
കച്ചവടം, കമ്പനി നിയമങ്ങള്‍, പാട്ടം പോലുള്ള സാമ്പത്തിക സിവില്‍ നിയമങ്ങളിലുമുള്ള ഇസ്‌ലാമിക രാഷ്ട്രത്തിലെ നിയമങ്ങള്‍ അവിടെ ജീവിക്കുന്ന എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. കച്ചവടത്തില്‍ മുസ്‌ലിംകള്‍ക്ക് അനുവദനീയമായതെല്ലാം ദിമ്മികള്‍ക്കും അനുവദനീയമാണ്. അതില്‍ അനുവദനീയമല്ലാത്തത് ദിമ്മികള്‍ക്കും അനുവദനീയല്ല. എന്നാല്‍ മദ്യത്തിന്റെയും പന്നിമാംസത്തിന്റെയും കാര്യത്തില്‍ ക്രിസ്ത്യാനികളെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അവരുടെ വിശ്വാസം അതനുവദനീയമാക്കിയതിനാലാണ് അവ രണ്ടിനേയും ഒഴിവാക്കിയതെന്ന് ഭൂരിഭാഗം ഫുഖഹാക്കളും അഭിപ്രായപ്പെടുന്നു. എന്നാല്‍ അവ പരസ്യമായി ചെയ്യാന്‍ അനുവാദമില്ല. പലിശയുടെ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക നിയമമില്ല, അത് എല്ലാവര്‍ക്കും നിഷിദ്ധമാണ്.
വിവ : അഹ്മദ് നസീഫ്