Tuesday, October 8, 2024
Homeഫിഖ്ഹ്അറുക്കുന്ന മൃഗത്തിന് മയക്കു മരുന്ന് കൊടുക്കല്‍

അറുക്കുന്ന മൃഗത്തിന് മയക്കു മരുന്ന് കൊടുക്കല്‍

മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന രീതിയിലാണ് മൃഗങ്ങളെ അറുക്കുന്നത്. ചില രാഷ്ട്രീയ സംഘടനകള്‍ ഈ രീതിയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. മൃഗങ്ങള്‍ക്ക് വളരെയധികം വേദനയുണ്ടാക്കുന്നുണ്ടെന്നാണ് അവരുടെ വാദം. മൃഗാവകാശ സംഘടനകളും ഈ രീതി ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ അറുക്കുന്ന സമയത്ത് മൃഗത്തിന് വേദനയറിയാതിരിക്കാന്‍ ചെറിയ അളവില്‍ മയക്കുമരുന്ന് നല്‍കണമെന്നൊരഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. മൃഗത്തിന്റെ മാംസം അനുവദനീയമാകുന്നതിന് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന രീതി, അതാണ് മൃഗത്തെ പീഢിപ്പിക്കാത്ത രീതിയില്‍ ജീവനെടുക്കുവാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. കഴിവിന്റെ പരമാവധി വേദന ലഘുവാക്കുന്ന രീതിയിലാണത്.

 

മനുഷ്യനോടായാലും മൃഗത്തോടായാലും പാരുഷ്യത്തോടെ പെരുമാറുന്നത് ഇസ്‌ലാം വിലക്കുന്നു. മൃഗങ്ങളോടും മനുഷ്യരോടുമെല്ലാം കാരുണ്യം കാണിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ‘കരുണകാണിക്കുന്നവരോട് കരുണാവാരിധി (അല്ലാഹു) കരുണകാണിക്കും, നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തുള്ളവല്‍ നിങ്ങളോടു കരുണകാണിക്കും’ ‘കരുണകാണിക്കാത്തവന്‍ കരുണകാണിക്കപ്പെടുകയില്ല’ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഒരു മുസ്‌ലിമിന് കാരുണ്യം നിര്‍ബന്ധമായതു പോലെ തന്നെ എല്ലാ പ്രവര്‍ത്തനങ്ങളും അതിന്റെ പൂര്‍ണ്ണതയോടെയും ഏറ്റവും നന്നായും ചെയ്യലും നിര്‍ബന്ധമാണ്. ‘നന്നാക്കി ചെയ്യുകയെന്നത് അല്ലാഹു എല്ലാകാര്യത്തിലും നിയമമാക്കിയിരിക്കുന്നു, നിങ്ങള്‍ കൊല്ലുകയാണെങ്കില്‍ വളരെ നന്നായി കൊല്ലുക, അറുക്കുകയാണെങ്കില്‍ ഏറ്റവും നന്നായി അറുക്കുക, അതിനാല്‍ നിങ്ങള്‍ കത്തിമൂര്‍ച്ച കൂട്ടുകയും ഉരുവിന് ആശ്വാസം നല്‍കുകയും ചെയ്യുക’ അതുകൊണ്ടാണ് കഴുത്തിന് തന്നെ അറുക്കണമെന്ന് ഇസ്‌ലാം നിബന്ധന വെച്ചത്. തലക്കടിക്കാനോ, കയറുപയോഗിച്ച് ശ്വാസം മുട്ടിക്കാനോ, അടിച്ചു കൊല്ലാനോ, അല്ലെങ്കില്‍ ശ്വാസം മുട്ടിച്ചു കൊല്ലാനോ അല്ല ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഈ രീതികളിലുടെ ജീവന്‍ നഷ്ടപ്പെടുന്നവയെ ശവമായിട്ടാണ് ഇസ്‌ലാം പരിഗണിക്കുന്നത് അവയെ ഭക്ഷിക്കല്‍ അനുവദനീയവുമല്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ് ‘ശവവും രക്തവും പന്നിമാംസവും, അല്ലാഹുവല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതും, ശ്വാസംമുട്ടിയോ അടിയേറ്റോ ചത്തതും, മുകളില്‍നിന്നു താഴോട്ടു വീണു ചത്തുപോയതും, തമ്മില്‍ കുത്തി ചത്തതും, ഹിംസ്രജന്തുക്കള്‍ പരിക്കേല്‍പിച്ചതും-അനന്തരം ചാകുന്നതിനുമുമ്പ് നിങ്ങള്‍ അറുത്തിട്ടുള്ളത് ഇതില്‍നിന്നൊഴിവാകുന്നു- പ്രതിഷ്ഠകള്‍ക്കു വേണ്ടി ബലിയറുക്കപ്പെട്ടതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.’ (അല്‍ മാഇദ:3)
അറവ് ശരിയാവുന്നതിന് ആയുധം മൂര്‍ച്ചകൂട്ടുന്നതും ഉരുവിന് ആശ്വാസം നല്‍കലും നിര്‍ബന്ധമാണ്. അറവിന്റെ മര്യാദകളില്‍ പെട്ടതാണ് ഉരുവിന്റെ മുമ്പില്‍ വെച്ച് കത്തി മൂര്‍ച്ചകൂട്ടാതിരിക്കലും അതിന്റെ മുമ്പില്‍ വെച്ച് മറ്റൊന്നിനെ അറുക്കാതിരിക്കുകയെന്നതും. സ്വാഭാവികമായും ഉരുവിന് പരിഭ്രാന്തിയും ഉത്കണ്ഠയുമുണ്ടാക്കുമത്.
കഴുത്തിന് അറുക്കണമെന്നും അത് രണ്ടു കണ്ഠനാടികളും മുറിച്ചുകൊണ്ടായിരിക്കണമെന്നും ഇസ്‌ലാം നിര്‍ദ്ദേശിച്ചിരിക്കുന്നത് ഉരുവിന്റെ ജീവന്‍ വളരെ പെട്ടന്ന് നഷ്ടപ്പെടുത്തുന്നതിന് വേണ്ടിയാണ്. പ്രത്യേകിച്ചും മൂര്‍ച്ചയുള്ള ആയുധം കൊണ്ടായിരിക്കുമ്പോള്‍. എല്ല്, നഖം പോലുള്ള വസ്തുക്കള്‍ കൊണ്ട് അറുക്കുന്നത് ഇസ്‌ലാം വിലക്കിയിരിക്കുന്നു.
മുസ്‌ലിങ്ങള്‍ മൃഗങ്ങളോട് ക്രൂരതകാണിക്കുന്നവരാണെന്ന ആരോപണം എങ്ങനെ അംഗീകരിക്കാനാവും. യാഥാര്‍ഥ്യം നേരെ മറിച്ചാണ്. അറുക്കുന്നതിന്റെ വേദന കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അതിനു ആശ്വാസം പ്രധാനം ചെയ്യുന്നുവെങ്കില്‍ മൃഗങ്ങളോട് കാരുണ്യം കാണിക്കണമെന്നു പറയുന്ന ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാവുന്നില്ല.
ഉരുവിന്റെ വേദന ലഘൂകരിക്കുകയും അതിന് ആശ്വാസം നല്‍കുകയും ചെയ്യുന്ന ഇഞ്ചക്ക്ഷന്‍, മയങ്ങാനുള്ള മരുന്ന് തുടങ്ങിയവ നല്‍കുന്നതിനെ ഇസ്‌ലാമിക ശരീഅത്ത് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അറുക്കുന്നതിന് മുമ്പു ജീവന്‍ നഷ്ടപ്പെടാനത് കാരണമാകുകയോ അത് ഭക്ഷിക്കുന്ന മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കുകയോ ചെയ്യുന്നതാകരുത്. മൃഗങ്ങളോട് അനുകമ്പയും കാരുണ്യവും കാണിക്കണമെന്നു പറയുന്ന ഇസ്‌ലാമിക ശരീഅത്തിന്റെ വീക്ഷണങ്ങളോട് യോജിക്കുന്ന കാര്യമാണത്. അതില്‍ ആര്‍ക്കും ഉപദ്രവമില്ല. ഇത്തരം കാര്യങ്ങളെ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മേല്‍ അതിന്റെ ദോശവശങ്ങളൊന്നും സ്ഥിരപ്പെടാത്ത കാലത്തോളം ഇസ്‌ലാമിക ശരീഅത്തോ കര്‍മ്മശാസ്ത്രമോ അവയെ നിരാകരിക്കുന്നില്ല. അങ്ങനെ വല്ല ദോഷവശങ്ങളും പ്രകടമായാല്‍ അതിന്റെ പേരില്‍ അവ നിഷിദ്ധമാക്കപ്പെടും. അല്ലാഹു നിര്‍ബന്ധമാക്കിയ മൃഗങ്ങളോട് നന്മകാണിക്കലിന്റെ ഭാഗമാണത്. അതിന് ദോഷകരമായ പാര്‍ശഫലങ്ങളില്ലെങ്കില്‍ അതു ചെയ്യുന്നതില്‍ അപാകതയൊന്നുമില്ല. ശസ്ത്രക്രിയക്ക് മുമ്പി മനുഷ്യരെ മയക്കുന്നതിനു സമാനമായ പ്രവര്‍ത്തിയാണത്.
ഒരു ഹദീസില്‍ നമുക്ക് വന്നതായി നമുക്ക് കാണാം ‘മരുഭൂമിയില്‍ ദാഹിച്ചവശനായ നായക്ക് ഒരാള്‍ വെള്ളം നല്‍കി, ദാഹത്തിന്റെ കാഠിന്യത്താല്‍ മണ്ണുകപ്പുകയായിരുന്നുവത്. കിണറ്റില്‍ നിന്നും തന്റെ കാലുറയില്‍ വെള്ളം നിറച്ച് അയാളതിനെ കുടിപ്പിച്ചു. അല്ലാഹുവയാളോട് നന്ദികാണിക്കുകയും അയാള്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്തു. ഇതു കേട്ട സ്വഹാബികള്‍ ചോദിച്ചു: കന്നുകാലികളില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ റസൂലെ ? അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: പച്ച കരളുള്ള എല്ലാ ജീവികളിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.’ (ജീവനുള്ള ഏതൊന്നിനെ ഭക്ഷിപ്പിക്കുന്നതിനും പ്രതിഫലമുണ്ട്)
മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു: ഒരു (ദുര്‍നടപ്പുകാരിയായ) സ്ത്രീ നായക്ക് വെള്ളം കൊടുത്തു, അക്കാരണത്താല്‍ അല്ലാഹു അവളോട് നന്ദി കാണിക്കുകയും അവള്‍ക്ക് പൊറുത്തുകൊടുക്കുകയും ചെയ്തു.
ഒരിക്കല്‍ നബി(സ) പറഞ്ഞു: മിണ്ടാപ്രാണികളായ കന്നുകാലികളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളതിനു പുറത്ത് യാത്രചെയ്യുകയാണെങ്കില്‍ നല്ലനിലയില്‍ യാത്ര ചെയ്യുക, ഭക്ഷിക്കുകയാണെങ്കില്‍ നല്ല രൂപത്തില്‍ ഭക്ഷിക്കുക.

 

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

 

 

 

 

Recent Posts

Related Posts

error: Content is protected !!