ഇക്കാലത്ത് ഏറെ പ്രചാരമുള്ള ഒന്നാണ് ഇന്‍ഷുറന്‍സ് സംവിധാനം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം എത്രത്തോളം അനുവദനീയമാണത്?
മറുപടി: ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇന്‍ഷുറന്‍സ്.
https://norgerx.com/cialis-super-active-norge.html
പൂര്‍ണമായും ഇസ്‌ലാമികമായിട്ടുള്ള ഒരു ചുറ്റുപാടിലല്ല നാം ജീവിക്കുന്നത്. അതായത് പൊതുസമൂഹത്തിന്റെ താല്‍പര്യത്തിന് അനുയോജ്യമായ തരത്തിലാണത് ചലിക്കുന്നത്. ഈയൊരു പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് വിഷയത്തെ നാം സമീപിക്കേണ്ടത്. ഇന്‍ഷുറന്‍സ് എന്ന സംവിധാനം തത്വത്തില്‍ നിഷിദ്ധമല്ല. അത് നിഷിദ്ധമാണെന്ന തരത്തിലുള്ള ഫത്‌വകള്‍ നമുക്ക് കാണാന്‍ സാധ്യമല്ല. കാരണം അതിന്റെ അടിസ്ഥാന തത്വം സഹകരണ സംരക്ഷണ പദ്ധതി എന്നതാണ്. പൊതുജനങ്ങളുടെ പങ്കാളിത്വത്തോടു കൂടിയുള്ള പരസ്പര സംരക്ഷണ പദ്ധതിയായി ഇന്‍ഷുറന്‍സിനെ നമുക്ക് കാണാം. എന്നാല്‍ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഇന്‍ഷുറന്‍സ് സംവിധാനം ഭൗതികമായ ലാഭനഷ്ടങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിന് ധാര്‍മിക പിന്തുണയില്ല എന്നതിന് പുറമെ ഇസ്‌ലാമിന്റെ ചില അടിസ്ഥാന തത്വങ്ങളുമായി നേരിട്ട് തന്നെ അത് ഏറ്റുമുട്ടുന്നുമുണ്ട്.
നിലവിലുള്ള ഭൗതിക ഇന്‍ഷുറന്‍സ് സംവിധാനത്തോട് മൂന്ന് തലത്തില്‍ ഇസ്‌ലാം വിയോജിക്കുന്നതായി കാണാം. ഒന്നാമതായി അതില്‍ പങ്കാളികളാവുന്നവരില്‍ നിന്ന് സ്വീകരിക്കുന്ന പ്രീമിയം പൊതുവെ നിക്ഷേപിക്കപ്പെടുന്നത് പലിശയിലധിഷ്ടിതമായ സംരഭങ്ങളിലാണ്. അതിലൂടെ പ്രീമിയം അടക്കുന്ന ആള്‍ പലിശ ഇടപാടിന്റെ ഭാഗമായി തീരുകയാണ്. പലിശയിലധിഷ്ടിതമായ ഒരു സാമ്പത്തിക ക്രമമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത് എന്നതാണ് അതിന് കാരണം. രണ്ടാമതായി മരണമോ മറ്റ് അത്യാഹിതങ്ങളോ സംഭവിക്കുന്ന സമയത്താണ് ഇന്‍ഷുറന്‍ കമ്പനി നമുക്ക് പണം നല്‍കുന്നത്. ഒരുതരത്തിലുള്ള ഭാഗ്യ പരീക്ഷണത്തിന്റെ രീതിയാണത്. ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുള്ള ചൂതാട്ടവുമായി സാമ്യമുള്ള ഒന്നാണത്. മൂന്നാമതായി ലൈഫ് ഇന്‍ഷുറന്‍സ് പോലുള്ളവയില്‍ പോളിസി എടുക്കുമ്പോള്‍ തന്നെ ഒരാള്‍ തന്റെ അനന്തരാവകാശി (നോമിനി) ആരായിരിക്കുമെന്ന് രേഖപ്പെടുത്തി വെക്കുന്നുണ്ട്. താന്‍ മരിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം ഒരു കുടുംബാംഗത്തിന്റെ പേരില്‍ വസിയത്തായി എഴുതിവെക്കുകയാണ് അതിലൂടെ ചെയ്യുന്നത്. ആരുടെ പേരാണോ ഇത്തരത്തില്‍ നാം നല്‍കിയിട്ടുള്ളത് അവരാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായി മാറുന്നത്. അനന്തരാവകാശികള്‍ക്ക് വസിയത്ത് ഇല്ല എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണത്.
പൊതുവെ ഇത്തരം ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസി എടുക്കുമ്പോള്‍ നാം അതില്‍ പാര്‍ട്ണര്‍മാരായി മാറുന്നില്ല. കേവലം ഗുണഭോക്താവ് എന്ന നിലയില്‍ മാത്രമാണ് നാം പരിഗണിക്കപ്പെടുക. കമ്പനിയുടെ ലാഭനഷ്ടങ്ങളോ ഇടപാടുകളിലെ സുതാര്യതയോ നമുക്കൊരിക്കലും ബോധ്യപ്പെടുന്നില്ല എന്നതും ഇതിലെ പ്രശ്‌നമാണ്. ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരാള്‍ ഇത്തരത്തിലുള്ള കരാറിലേര്‍പ്പെടുമ്പോള്‍ മറുകക്ഷി ഏത് തരത്തിലാണ് ഈ സമ്പത്ത് വിനിയോഗിക്കാന്‍ പോകുന്നതെന്നും തനിക്ക് നഷ്ടപരിഹാരം തരുന്നത് എത്രത്തോളം ഇസ്‌ലാമികമായ രീതിയിലാണെന്നുമെല്ലാം അറിയാനുള്ള അവകാശമുണ്ട്. ഈ അവകാശവും ഇവിടെ നിഷേധിക്കപ്പെടുന്നു.
പലിശയും ചൂഷണത്തിന്റെ വശങ്ങളും അനിസ്‌ലാമികമായ കൈകാര്യങ്ങളും ഇതില്‍ കടന്നു വരുന്നുവെന്ന് ചുരുക്കം. പതിനായിരം രൂപയുടെ പോളിസി എടുത്ത ആള്‍ക്ക് അപകടം പറ്റുമ്പോള്‍ ഒരു ലക്ഷം രൂപ കമ്പനി നല്‍കുന്നുവെന്ന കരുതുക. അതില്‍ അധികമായി ലഭിക്കുന്ന 90,000 രൂപ ധാര്‍മികമായി നമുക്ക് അവകാശപ്പെട്ടതല്ല. നമ്മുടെ യാതൊരു അധ്വാനവും അതിന് പിന്നിലില്ല എന്നതാണ് കാരണം. പലിശയിലധിഷ്ടിതമായ സംരഭങ്ങളില്‍ നിന്നാണ് ആ പണം നമ്മിലേക്ക് എത്തുന്നത് എന്നതും ഗൗരവത്തില്‍ കാണേണ്ട വിഷയമാണ്. സമ്പത്തുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന ചോദ്യങ്ങള്‍ നാം പരലോകത്ത് അഭിമുഖീകരിക്കേണ്ടതുണ്ട്. അത് എവിടെ നിന്ന് സമ്പാദിച്ചുവെന്നും ഏത് മാര്‍ഗത്തില്‍ ചിലവഴിച്ചു എന്നും ഓരോരുത്തരും ഉത്തരം നല്‍കേണ്ടി വരും.
നിലവിലെ ഇന്‍ഷുറന്‍സിന് ഒരു ബദലായി ഇസ്‌ലാമിക് ഇന്‍ഷുറന്‍സിനെ കുറിച്ച ചര്‍ച്ച ഇന്ന് ഏറെ സജീവമാണ്. അതില്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി പോലുള്ള പണ്ഡിതസഭകള്‍ നിരവധി ഗവേഷണങ്ങള്‍ നടത്തുകയും അവ പ്രായോഗിക തരത്തില്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. നാം അടക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയം ഹലാലായ ബിസിനസുകളില്‍ നിക്ഷേപിച്ച് അതിന്റെ വരുമാനം ഉപയോഗപ്പെടുത്തി ഇന്‍ഷുറന്‍സ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്ന സംവിധാനമാണത്. അതില്‍ സുതാര്യതയുണ്ടാവുന്നതോടൊപ്പം പലിശ മുക്തവും ചൂഷണ മുക്തവും ആയിരിക്കും എന്നതാണ് അതിന്റെ സവിശേഷത. അത്തരം ബദല്‍ സംവിധാനങ്ങളെ കുറിച്ച് അന്വേഷിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് നമുക്ക് സ്വീകരിക്കാവുന്ന പരിഹാരം.