Thursday, July 25, 2024
Homeഫിഖ്ഹ്കുളിക്കുമ്പോള്‍ നഗ്നത മറക്കേണ്ടതുണ്ടോ?

കുളിക്കുമ്പോള്‍ നഗ്നത മറക്കേണ്ടതുണ്ടോ?

ചോദ്യം : നഗ്നത വെളിവാക്കുന്നത് തെറ്റല്ലേ? എന്നാല്‍ ഏതെങ്കിലും നിര്‍ബന്ധിത സാഹചര്യത്തില്‍ അതില്‍ ഇളവുണ്ടോ? ഉദാഹരണത്തിന് ഒരാള്‍ കുളിക്കുന്ന സമയത്ത് നഗ്നനായി കുളിക്കുന്നത് അനുവദനീയമാണോ?
-റംസി പുത്തന്‍വീട്ടില്‍

മറുപടി : ഒറ്റക്കാണെങ്കിലും നഗ്നത മറക്കണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. എന്നാല്‍ കുളി, വിസര്‍ജ്ജനം പോലുള്ള ആവശ്യങ്ങള്‍ക്ക് നഗ്നനാവുന്നത് തെറ്റല്ല. അത്തരം അവശ്യ സന്ദര്‍ഭങ്ങളില്‍ വസ്ത്രമൊന്നും തന്നെ ഇല്ലാതിരിക്കുന്നതിനും പ്രശ്‌നമില്ല.

കര്‍മശാസ്ത്ര വിജ്ഞാന കോശത്തില്‍ വിവരിക്കുന്നു (الموسوعة الفقهية) : ജനങ്ങളില്‍ നിന്ന് നഗ്നത മറക്കല്‍ നിര്‍ബന്ധമായതു പോലെ ഒരാള്‍ ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കലും നിര്‍ബന്ധമാണ്. അതായത് ആളുകളൊന്നും ഇല്ലാത്ത സ്ഥലത്ത് ഒറ്റക്കാണെങ്കിലും അത് മറക്കണമെന്ന് ചുരുക്കം. ഹനഫി മദ്ഹബിന്റെ പ്രബലമായ അഭിപ്രായം ഇതാണ്. ശാഫിഈ, ഹനഫി മദ്ഹബുകളുടെ നിലപാടും ഇത് തന്നെയാണ്.
മാലികി മദ്ഹബുകാര്‍ പറയുന്നു: ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കല്‍ ഐശ്ചികമാണ്. അല്ലാഹുവിന്റെയും മലക്കുകളുടെയും മുമ്പിലുള്ള ലജ്ജയുടെ ഭാഗമാണ് ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കല്‍. ‘ഏറ്റവും അധികം ലജ്ജ തോന്നേണ്ടത് അല്ലാഹുവിന്റെ മുമ്പിലല്ലേ’ എന്ന ഹദീസാണ് ഒറ്റക്കാകുമ്പോഴും നഗ്നത മറക്കല്‍ നിര്‍ബന്ധമാണെന്ന് പറയുന്നവരുടെ തെളിവ്. ബഹസ് ബിന്‍ ഹകീം തന്റെ പിതാവില്‍ നിന്നും പിതാമഹനില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഏതൊക്കെ ഭാഗങ്ങളാണ് ഞങ്ങള്‍ മറക്കേണ്ടത്? നബി(സ) പറഞ്ഞു: നിന്റെ ഇണയും അടിമയും അല്ലാത്തവരില്‍ നിന്ന് നിന്റെ നഗ്നത മറക്കുക. അയാള്‍ ചോദിച്ചു: ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ കൂടെയാകുന്ന അവസ്ഥയിലോ? നബി(സ) പറഞ്ഞു: മറ്റാരും അത് കാണാതെ മറച്ചു വെക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു : ഒരാള്‍ ഒറ്റക്കാകുന്ന അവസ്ഥയിലോ? നബി(സ) പറഞ്ഞു: അല്ലാഹുവിന്റെ മുന്നിലാണ് ഏറ്റവും അധികം ലജ്ജ കാണിക്കേണ്ടത്. ഒറ്റക്കാകുമ്പോഴും നഗ്നത മറക്കണമെന്നും കുളി പോലുള്ള ആവശ്യങ്ങള്‍ക്ക് അതില്‍ ഇളവുണ്ടെന്നും ഇതില്‍ നിന്ന് മനസിലാക്കാം.

അവലംബം : islamweb.net

Recent Posts

Related Posts

error: Content is protected !!