മയ്യിത്തിനെ അനുഗമിക്കുമ്പോള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നോ മറ്റ് ദിക്‌റുകളോ ചൊല്ലുന്നതിന്റെ വിധി എന്താണ്?
മറുപടി: മയ്യിത്ത് ഖബറടക്കുന്നതിനായി കൊണ്ടു പോകുമ്പോള്‍ അതിനെ അനുഗമിക്കുന്നവര്‍ മൗനം പാലിക്കുയാണ് വേണ്ടതെന്നാണ് പ്രവാചകചര്യയും ഹദീസ് ഗ്രന്ഥങ്ങളും രേഖപ്പെടുത്തുന്നത്. ”ശബ്ദവും തീയുമായി ജനാസയെ പിന്തുടരരുത്.” എന്ന് ഒരു ഹദീസിലുണ്ട്. (പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പര ദുര്‍ബലമാണെന്ന് ശൈഖ് അല്‍ബാനി അഭിപ്രായപ്പെട്ടിട്ടുണ്ട്.) ജനാസയെ അനുഗമിക്കുമ്പോള്‍ ദിക്‌റുകള്‍ക്കോ പ്രാര്‍ഥനക്കോ വേണ്ടി ശബ്ദം ഉയര്‍ത്തുന്നത് മക്‌റൂഹായിട്ടാണ് സഹാബിമാര്‍ കണ്ടിരുന്നത്. എന്നാല്‍ ഒരാള്‍ക്ക് തന്റെ മനസ്സില്‍ ദിക്ര്‍ ചൊല്ലാവുന്നതാണ്. മരണത്തെയും പരലോകത്തെയും കുറിച്ച ചിന്ത മനസ്സില്‍ ഉണ്ടാക്കുകയെന്നതാണ് ഈ നിശബ്ദതയുടെ യുക്തി.
ഈ ചോദ്യത്തിന് അല്‍അസ്ഹര്‍ ഫത്‌വ സമിതിയുടെ മുന്‍ അധ്യക്ഷനായ ശൈഖ് അത്വിയ്യ സഖ്ര്‍ മറുപടി നല്‍കുന്നു: ജനാസയെ അനുഗമിക്കുമ്പോള്‍ മൗനം പാലിക്കലാണ് ഏറ്റവും ഉചിതമായ നിലപാട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്‌തോ ദിക്ര്‍ ചൊല്ലിയോ ശബ്ദം ഉയര്‍ത്തരുത്. ഇബ്‌നു മുന്‍ദിര്‍ വിവരിക്കുന്നു: സഹാബിമാര്‍ മൂന്ന് സന്ദര്‍ഭങ്ങളില്‍ അവരുടെ ശബ്ദം ഉയര്‍ത്താറില്ലായിരുന്നു. ജനാസയെ അനുഗമിക്കുമ്പോള്‍, അല്ലാഹുവിനെ കുറിച്ച സ്മരണയിലായിരിക്കുമ്പോള്‍, ശത്രുവിനോട് പോരാടുമ്പോള്‍ എന്നിവയാണ് ആ സന്ദര്‍ഭങ്ങള്‍.