ചോദ്യം: വീടുകളില്‍ നായയെ വളര്‍ത്തുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? നായയെ തൊട്ടാല്‍ കൈ അശുദ്ധമാകുമോ?
മറുപടി: മൂന്ന് കാര്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതിനാണ് ഇസ്‌ലാമിക ശരീഅത്ത് അനുവാദം നല്‍കുന്നത്. ചെന്നായ്ക്കളില്‍ നിന്നും മറ്റ് ഹിംസ്രജന്തുക്കളില്‍ നിന്നും കന്നുകാലികള്‍ക്ക് കാവല്‍, കൃഷിക്ക് കാവല്‍, വേട്ടയില്‍ സഹായത്തിന് എന്നീ മൂന്ന് കാര്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതിനാണ് നബി(സ) ഇളവനുവദിച്ചിരിക്കുന്നത്. ഇതല്ലാത്ത കാര്യങ്ങള്‍ക്ക് നായയെ വളര്‍ത്തുന്നത് അനുവദനീയമല്ല.
ജനവാസമുള്ള നഗര മധ്യത്തിലുള്ള വീട്ടില്‍ കാവലിന് നായയെ വളര്‍ത്തേണ്ടത് ഒരു ആവശ്യമല്ല. അതുകൊണ്ട് തന്നെ അങ്ങനെയുള്ളിടത്ത് നായയെ വളര്‍ത്തുന്നത് നിഷിദ്ധമാണ്. എന്നാല്‍ അധികം ആളുകളൊന്നുമില്ലാത്ത ഒഴിഞ്ഞ പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നതെങ്കില്‍ വീടിന്റെയും വീട്ടിലുള്ളവരുടെയും കാവല്‍ ഉദ്ദേശ്യാര്‍ഥം നായയെ വളര്‍ത്താവുന്നതാണ്. കാരണം കാലികളുടെയും കൃഷിയുടെയുമെല്ലാം സംരക്ഷണത്തേക്കാള്‍ പ്രാധാന്യം വീട്ടുകാരുടെ സംരക്ഷണത്തിനാണ്.
നനവില്ലാത്ത അവസ്ഥയില്‍ നായയെ സ്പര്‍ശിച്ചാല്‍ അത് കാരണം കൈ അശുദ്ധമാകില്ല. എന്നാല്‍ നനവുള്ള അവസ്ഥയില്‍ (സ്പര്‍ശിക്കുന്ന കൈയ്യോ നായയുടെ ശരീരമോ) നായയെ സ്പര്‍ശിച്ചാല്‍ ഏഴ് പ്രാവശ്യം കഴുകണമെന്നും അതില്‍ ഒരു പ്രാവശ്യം മണ്ണുകൊണ്ടായിരിക്കണമെന്നുമാണ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. നായ പാത്രത്തില്‍ തലയിട്ടാല്‍ അത് ഏഴ് പ്രാവശ്യം കഴുകള്‍ നിര്‍ബന്ധമാണ്. അതില്‍ ഒരു പ്രാവശ്യം മണ്ണുകൊണ്ടായിരിക്കുകയും വേണമെന്ന് ഹദീസുകളില്‍ സ്ഥിരപ്പെട്ട കാര്യമാണ്.