ബിലാലിന്റെ ശബ്ദമാധുര്യത്തെക്കുറിച്ച് ചരിത്രം പലപ്പോഴും വാചാലമാണ്. അത് പോലെ ഇസ്‌ലാമിക ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ള സ്ത്രീശബ്ദങ്ങളുണ്ടോ? സ്ത്രീകളുടെ ഖുര്‍ആന്‍ പാരായണത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കാണാന്‍ കഴിഞ്ഞത് സ്ത്രീശബ്ദം എത്രത്തോളം നിഷിദ്ധമാണെന്ന ഒരുപാട് ഫത്‌വകളാണ്. പൊതുസദസ്സില്‍ സ്ത്രീകള്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൂടാ എന്നാണോ? -നാജിയ പി പി കുന്ദമംഗലം
സ്ത്രീയുടെ ഉച്ചത്തിലുള്ള വിശുദ്ധ ഖുര്‍ആന്‍ പാരായണത്തെ നിഷിദ്ധമാക്കുന്ന പ്രബലമായ പ്രമാണങ്ങളൊന്നും ലഭ്യമല്ല. പുരുഷന്മാരോടുള്ള സ്ത്രീകള്‍ സംസാരത്തിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകള്‍ സൂചിപ്പിക്കുന്ന സൂറത്തുല്‍ അഹ്‌സാബിലെ 32-ാം വചനമാണ് ഇതു നിഷിദ്ധമാക്കി ഫത്‌വ നല്‍കിയ പൂര്‍വകാല പണ്ഡിതന്മാര്‍ അവലംബിച്ചിട്ടുള്ളത്. പ്രസ്തുത വചനമാവട്ടെ സ്ത്രീകളുടെ എല്ലാ തരം സംസാരങ്ങളെയും എതിര്‍ക്കുകയോ, നിഷേധിക്കുകയോ ചെയ്യുന്നതല്ല. മറിച്ച് ശ്രോതാക്കളില്‍ വൈകാരികമായി സ്വാധീനിക്കുകയോ, അവരെ ആകര്‍ഷിക്കുകയോ ചെയ്യുന്ന തരത്തിലുള്ള സംസാരമാണ് ഖുര്‍ആന്‍ നിരുത്സാഹപ്പെടുത്തുന്നത്. ഹൃദയത്തില്‍ രോഗമുള്ളവരെ ആശിപ്പിക്കുകയോ, കൊതിപ്പിക്കുകയോ ചെയ്യുന്ന എല്ലാതരം പ്രവര്‍ത്തനങ്ങളും സംസാരങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ നിഷിദ്ധമാണെന്ന് സാരം.
അതിന്റെയര്‍ത്ഥം സ്ത്രീകള്‍ മിണ്ടാതിരിക്കണമെന്നോ, നല്ല വര്‍ത്തമാനങ്ങളോ, വിശുദ്ധ ഖുര്‍ആന്‍ പാരായണം തന്നെയോ നിര്‍ത്തിവെക്കണമെന്നല്ല. മറ്റുള്ളവര്‍ക്ക് വികാരമുണ്ടാക്കുന്ന തരത്തില്‍ സംസാരിക്കുന്നതിനെ വിലക്കിയ ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നത് ‘നിങ്ങള്‍ നല്ല വര്‍ത്തമാനങ്ങള്‍ പറയുക’ എന്നാണ്. അതിനാല്‍ തന്നെ പ്രസ്തുത നിബന്ധനകള്‍ പാലിച്ച് പൂര്‍വകാല പണ്ഡിതര്‍ സ്ത്രീകളുമായി ഇടപെടുകയും സംസാരിക്കുകയും അവരില്‍ നിന്ന് വിജ്ഞാനം ശേഖരിക്കുകയും ചെയ്തിരുന്നു. പ്രവാചക പത്‌നി ‘ആഇശ(റ)യെക്കുറിച്ച് വിജ്ഞാനത്തിന്റെ പകുതി’ അവരുടെ പക്കലായിരുന്നു എന്ന പരാമര്‍ശം മാത്രം മതി അവര്‍ വിജ്ഞാനം നുകര്‍ന്നിരുന്നുവെന്നും മറ്റുള്ളവര്‍ക്ക് പകര്‍ന്നിരുന്നുവെന്നും വ്യക്തമാവാന്‍. തന്റെയടുത്ത് സംശയം ചോദിക്കാന്‍ മടികാണിച്ചിരുന്ന സഹാബികളോട് അവര്‍ പറഞ്ഞിരുന്നത് ‘നീ ചോദിക്കുക, ഞാന്‍ നിങ്ങളുടെ ഉമ്മയാണ്’ എന്നായിരുന്നു. പ്രശസ്ത ഇസ്‌ലാമിക ചരിത്രകാരനും, പണ്ഡിതനുമായിരുന്ന ഖത്തീബ് ബഗ്ദാദി കര്‍മശാസ്ത്രം പഠിച്ചത് ത്വാഹിറ ബിന്‍ത് അഹ്മദില്‍ നിന്നായിരുന്നുവെന്നത് ചരിത്രം. ചുരുക്കത്തില്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെട്ട, സ്ത്രീയും പുരുഷനും പരസ്പരം പാലിക്കേണ്ട മര്യാദകള്‍ പാലിച്ച് കൊണ്ട് വിജ്ഞാനം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്തതിന് ഇസ്‌ലാമിക ചരിത്രത്തില്‍ ധാരാളം തെളിവുകളുണ്ട്. അതോടൊപ്പം പ്രസ്തുത മര്യാദകള്‍ക്ക് ഭംഗം വരുത്തുകയോ, പോറലേല്‍പിക്കുകയോ ചെയ്യുന്നവയെല്ലാം തീര്‍ത്തും നിരാകരിക്കപ്പെടുകയും, നിരുത്സാഹപ്പെടുത്തപ്പെടുകയും വേണം.
പൊതു സദസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധിയും ഇവിടെ വ്യക്തമാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നവന് വിശ്വാസവും, ദൈവബോധവും അധികരിക്കുമെന്നതാണ് അടിസ്ഥാനം. ഖുര്‍ആന്‍ തന്നെ ഒട്ടേറെ സ്ഥലങ്ങളില്‍ വ്യക്തമാക്കിയ കാര്യമാണിത് (അന്‍ഫാല്‍: 2, ഹശ്ര്‍ 21, മര്‍യം 58). ഖുര്‍ആനിലെ പദങ്ങളുടെയും, പ്രയോഗങ്ങളുടെയും ഘടന പ്രസ്തുത ലക്ഷ്യത്തിന് അനുഗുണമാവുന്ന വിധത്തിലാണ്. ഇതില്‍ നിന്ന് ഭിന്നമായി ഏതെങ്കിലും വ്യക്തികളില്‍ അത് വിപരീത ഫലം ഉളവാക്കുന്നുവെങ്കില്‍ അത് അടിസ്ഥാനമായി സ്വീകരിക്കാവതല്ല. അത്തരത്തിലുള്ളവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തില്‍ പുനരാലോചന നടത്തുകയും, അവ കേള്‍ക്കാതിരിക്കുകയുമാണ് വേണ്ടത്. മറിച്ച് പ്രസ്തുത കാരണമുന്നയിച്ച് ഭൂരിപക്ഷത്തിന് നന്മയായ, സ്ത്രീ സമൂഹത്തിന്റെ ഖുര്‍ആനികമായ പുരോഗതിക്ക് ഹേതുവായ സംരംഭത്തെ എതിര്‍ക്കുകയോ, അകറ്റി നിര്‍ത്തുകയോ അല്ല വേണ്ടത്.
ഇസ്‌ലാമിക സാമൂഹിക മര്യാദകള്‍ക്ക് വിരുദ്ധമായ വിധത്തിലുള്ള സംസാരമാണ് വിലക്കപ്പെട്ടത്. സ്ത്രീ ഈണത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് വിലക്കിയ കര്‍മശാസ്ത്ര പണ്ഡിതരുണ്ടെന്നത് ശരി തന്നെയാണ്. അവരതിന് ന്യായമായി ഉന്നയിക്കുന്നത് സമൂഹത്തിന്റെ ഭദ്രതക്കും സുരക്ഷക്കും കോട്ടം തട്ടിക്കുമെന്നതാണ്. പക്ഷെ, നാമിവിടെ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതു സംബന്ധിച്ച് ആധുനിക പണ്ഡിതന്മാര്‍ പ്രസ്തുത നടപടി കൊണ്ടുണ്ടാവുന്ന പരിണിതി പരിഗണിച്ചാണ് ഫതവ നല്‍കിയിരിക്കുന്നതെന്ന് കാണാവുന്നതാണ്. ഉദാഹരണമായി റെക്കോര്‍ഡ് ചെയ്യപ്പെട്ട സ്ത്രീയുടെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാമോ എന്ന ചോദ്യത്തിന് ഇബ്‌നു ബാസ് ഉള്‍പെട്ട പണ്ഡിത സഭ നല്‍കിയ മറുപടി ഇപ്രകാരമാണ്. ‘സ്ത്രീകള്‍ക്ക് അത് കേള്‍ക്കാവുന്നതാണ്. അതിന്റെ ഫലമായി ഫിത്‌നയുണ്ടാവുന്നില്ലെങ്കില്‍ പുരുഷന്മാര്‍ക്കും അനുവദനീയമാണ്.’ (ഫതാവാ ലജ്‌നതുദ്ദാഇമ ലില്‍ ബുഹൂസ് ഇല്‍മിയ്യ നമ്പര്‍ 3863).
ബിലാലി(റ)ന്റെ സ്വരം അതിമനോഹരമായിരുന്നതിനാല്‍ ഇസലാമിക ചരിത്രത്തില്‍ അതിന്റെ പേരില്‍ അദ്ദേഹം പ്രസിദ്ധനായി. എല്ലാവര്‍ക്കും ഒരു പോലെ നല്‍കപ്പെടുന്ന അനുഗ്രമല്ല സ്വരമാധുര്യം. അത് പോലെ എല്ലാവരും ആയിരിക്കണമെന്ന് ശഠിക്കുന്നതും ശരിയല്ല. എന്ന് വെച്ച് വിശുദ്ധ ഖുര്‍ആന്‍ നന്നായി പാരായണം ചെയ്യുന്നവര്‍ സഹാബി വനിതകളില്‍ ഇല്ലായിരുന്നു എന്നല്ല ഇതിന്റെ അര്‍ത്ഥം. വിശുദ്ധ ഖുര്‍ആനെ പ്രണയിക്കുകയും, അത് നന്നായി പാരായാണം നടത്തുകയും ചെയ്തവരില്‍ പ്രസിദ്ധയാണ് ഉമ്മു വറഖത് ബിന്‍ത് അബ്ദില്ലാ ബിന്‍ ഹാരിസ്(റ). അവരെക്കുറിച്ച് ഇബ്‌നു സഅ്ദ് തന്റെ ത്വബഖാത്തില്‍ വിശദീകരിക്കുന്നുണ്ട്. പ്രവാചകന്‍(സ) അവരെ ഇടക്കിടെ സന്ദര്‍ശിക്കുകയും, രക്തസാക്ഷിത്വം കൊണ്ട് സുവിശേഷം അറിയിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഖുര്‍ആന്‍ നന്നായി മനപാഠമാക്കിയിരുന്നു അവര്‍. അവരുടെ പാരായണത്തെയും മനപാഠത്തെയും ആദരിച്ച് കൊണ്ട് വീട്ടില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അവരോട് പ്രവാചകന്‍(സ) നിര്‍ദ്ദേശിച്ചിരുന്നു. അവര്‍ക്ക് പ്രത്യേകമായ ബാങ്ക് വിളിക്കാരനെ നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇത് തന്നെ ഇമാം സുയൂത്വി തന്റെ ഇത്ഖാനില്‍(1/ 112) ഉദ്ധരിച്ചിട്ടുണ്ട്. വിശ്വാസിനികളായ മുഹാജിറതുകള്‍ ഉള്‍പെടെ മറ്റു സ്ത്രീകള്‍ക്കും ഇമാമായി അവര്‍ നമസ്‌കരിച്ചിരുന്നുവെന്ന് അബൂദാവൂദില്‍ നിന്നുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണ വേളയില്‍ ഒന്നാം ഖലീഫ അബൂബകര്‍(റ) അവരോട് സംശയങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു.
അവരുടെ ഖുര്‍ആന്‍ പാരായണം മറ്റുള്ളവര്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്നാണ് അവരുടെ രക്തസാക്ഷിത്വത്തെ കുറിക്കുന്ന ചരിത്രം സൂചിപ്പിക്കുന്നത്. കീഴിലുണ്ടായിരുന്ന അടിമയോടും, അടിമസ്ത്രീയോടും തന്റെ മരണശേഷം സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തിരുന്നു ഉമ്മു വറഖത്(റ). അതിനാല്‍ തന്നെ സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി അവര്‍ ഒരു രാത്രി മഹതിയെ വകവരുത്തി. പിറ്റേദിവസം നേരം വെളുത്തപ്പോള്‍ ഉമര്‍(റ) പറഞ്ഞുവത്രെ ‘അല്ലാഹുവാണ, ഇന്നലെ രാത്രി ഉമ്മുവറഖയുടെ ഖുര്‍ആന്‍ പാരായണം കേട്ടില്ലല്ലോ…’ തുടര്‍ന്ന് അവരെ അന്വേഷിച്ച് വീട്ടില്‍ വന്നപ്പോഴാണ് മരിച്ച് കിടക്കുന്നതായി കണ്ടത് (അല്‍ഇസാബ 4/128). ഇതില്‍ നിന്ന് ഉമ്മു വറഖയുടെ ഖുര്‍ആന്‍ പാരായണം മറ്റ് സഹാബാക്കള്‍ കേള്‍ക്കാറും, ശ്രദ്ധിക്കാറുമുണ്ടായിരുന്നുവെന്നാണ് മനസ്സിലാവുന്നത്. ഇപ്രകാരം തന്നെ ഇസലാമിലെ ആദ്യത്തെ ഡോക്ടറായിരുന്ന റുഫൈദയും സഹാബാക്കള്‍ക്കിടയില്‍ പ്രസിദ്ധയായി ഓത്തുകാരിയായിരുന്നുവെന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.