ബലാല്‍സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്തണമെന്നത് രാജ്യത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണല്ലോ. ഇതിന് അനുകൂലവും പ്രതികൂലവുമായുമുള്ള വാദഗതികള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇത്തരം വാദഗതികളോട് വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും പിന്‍ബലത്തില്‍ പ്രതികരണം എന്താണ്? ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്തേണ്ടതല്ലേ?
-കുറ്റകൃത്യങ്ങള്‍ പൂര്‍ണമായി തടയാന്‍ കടുത്ത ശിക്ഷ മാത്രം പര്യാപ്തമല്ലെന്നത് ശരിയാണ്. കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കിയാലേ കുറ്റങ്ങള്‍ ഇല്ലാതാവൂ. വ്യക്തികളുടെ ധാര്‍മിക സംസ്‌കരണത്തിലൂടെ സാമൂഹികാന്തരീക്ഷം സംശുദ്ധമാക്കുകയാണ് ഇസ്‌ലാമിന്റെ രീതി. അതുകൊണ്ടാണ് മഹാനായ പ്രവാചകന്‍ തന്റെ പതിമൂന്ന് വര്‍ഷത്തെ മക്കാജീവിതത്തില്‍ വിശ്വാസപരമായ പരിവര്‍ത്തനത്തിലൂടെ വ്യക്തികളുടെ സംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കിയത്. ആ ഘട്ടത്തില്‍ കുറ്റങ്ങളില്‍ നിന്ന് അദ്ദേഹം അനുയായികളെ ഉപദേശങ്ങളിലൂടെ പിന്തിരിപ്പിച്ചതല്ലാതെ ശിക്ഷകളൊന്നും വിധിച്ചില്ല. ഹിജ്‌റാനന്തരം മദീനയരില്‍ ഇസലാമിക സാമൂഹിക ജീവിതം സ്ഥാപിതമായതില്‍ പിന്നെയാണ് കുറ്റങ്ങള്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തിയത്. ശിക്ഷ കഠിനങ്ങളായിരുന്നു താനും . കൊലപാതകവും ബലാല്‍സംഗവുമെല്ലാം അതില്‍ പെടുന്നു. ഇത്തരം കുറ്റവാളികളെ നന്നാക്കാനുള്ള ശ്രമത്തേക്കാള്‍ പ്രധാനം അവരില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുകയാണ്്. അല്ലെങ്കില്‍ പാതകികള്‍ പെരുകി ഇന്നു കാണുമ്പോലെ ജനജീവിതം ദുസ്സഹമായിത്തീരും. ‘ബുദ്ധിമാന്മാരേ, കൊലക്കു പകരം കൊലയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്’ എന്ന ഖുര്‍ആന്‍ വാക്യം ആ സത്യമാണ് വിളിച്ചോതുന്നത്. അതോടൊപ്പം കടുത്തശിക്ഷയെക്കുറിച്ച ഭീതി കുറ്റം ചെയ്യുന്നതില്‍ നിന്ന് കുറ്റവാസനയള്ളവരെ തടയുമെന്നതും വസ്തുതയാണ്. മനുഷ്യരെല്ലാം ഒരുപോലെ ഉയര്‍ന്ന മാനസികാരോഗ്യം ഉള്ളവരല്ല. മൃഗീയവാസനയുള്ളവര്‍ അവരില്‍ വേണ്ടത്രയുണ്ട്, അത്തരക്കാരെ അടക്കിയരിത്താന്‍ കേവലം വേദാന്തം മതിയാവില്ല. ശിക്ഷയുടെ ചാട്ടവാര്‍ കൂടി വേണ്ടിവരും. വിശുദ്ധ ഖുര്‍ആന്‍ 5-ാം അധ്യായം 33,34 സൂക്തങ്ങളില്‍ വധശിക്ഷയോ കുരിശിലേറ്റലോ കൈകാലുകളുടെ ഛേദനമോ നാടുകടത്തലോ വിധിക്കപ്പെട്ടവരുടെ പട്ടിക കാണാം.
എന്നാല്‍ ഇന്ത്യയെപ്പോലെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുകയും അവയ്ക്ക് പ്രോല്‍സാഹനം ലഭിക്കുകയും നിയമപാലകര്‍ നിയമലംഘകരായി മാറുകയും നീതിന്യായ വ്യവസ്ഥ പലകാരണങ്ങളാല്‍ കളങ്കപ്പെടുകയും ചെയ്ത സമൂഹങ്ങളില്‍ ആത്യന്തിക ശിക്ഷ കരുതലോടെ മാത്രമേ നടപ്പാക്കിക്കൂടൂ. അധാര്‍മികത സാര്‍വത്രികമായി നിലനില്‍ക്കെ അതിന് മൗലികമായ മാറ്റം ഉണ്ടാക്കാതെ ബലാല്‍സംഗത്തിന് വധശിക്ഷ വിധിച്ചാല്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടാനിടയുണ്ടെന്നതിന് പുറമെ, അതുകൊണ്ട് തന്നെ ബലാല്‍സംഗ സംഭവങ്ങള്‍ ഗണ്യമായി കുറയുമെന്നും കരുതിക്കൂടാ. ചുരുങ്ങിയത് മദ്യവും മയക്കുമരുന്നും വേശ്യാവൃത്തിയും നിര്‍മാര്‍ജനം ചെയ്തുകൊണ്ടേ ബലാല്‍സംഗത്തിന് മരണശിക്ഷ ഏര്‍പ്പെടുത്തുന്നത് എന്തെങ്കിലും ഫലം ചെയ്യൂ. ബലാല്‍സംഗത്തിന് പുരുഷന്മാര്‍ മാത്രമല്ല, കാമഭ്രാന്തരുടെ കയ്യേറ്റം ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ പെരുമാറുന്ന സ്ത്രീകള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ടെന്ന സത്യം കാണാതിരുന്നുകൂടാ.