എനിക്ക് ക്രിസ്ത്യാനിയായ ഒരു അയല്‍വാസിയുണ്ട്. ഞങ്ങള്‍ക്കിടയില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. സാധാരണയായി അദ്ദേഹമെന്നെ കണ്ട്മുട്ടുമ്പോള്‍ സലാം പറയാറുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ സലാം മടക്കാമോ? അദ്ദേഹത്തോട് സലാം കൊണ്ട് തുടങ്ങാമോ?
മറുപടി: ഇസ്‌ലാമിക ദര്‍ശനമനുസരിച്ച് മനുഷ്യന്‍ ആദരണീയനാണ്. ആദം സന്തതികളെ ആദരിച്ചിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂറ ഇസ്‌റാഇല്‍ (70) വ്യക്തമാക്കിയ കാര്യമാണ്. ഈ ആദരവില്‍ മുസ്‌ലിമിനും അമുസലിമിനുമിടയില്‍ വേര്‍തിരിവില്ല. ജൂതന്റെ ജനാസ കണ്ട് എഴുന്നേറ്റ് നിന്ന പ്രവാചകന്റെ നടപടി സുപ്രസിദ്ധമാണ്.
പ്രവാചകന്‍ തിരുമേനി(സ) കല്‍പിച്ച, വിശ്വാസികള്‍ മുറുകെ പിടിക്കേണ്ട മൂല്യമാണ് സലാം എന്നത്. മാത്രമല്ല ഒരു വ്യക്തിയുടെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന കൂടിയാണ് അത്. നബി തിരുമേനി(സ) പോലും കല്‍പിക്കുന്നത് സലാം വ്യാപിപ്പിക്കുക(മുസ്‌ലിം) എന്നാണ്. ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇതില്‍ നിന്നും കടന്ന് അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം ചൊല്ലുകയെന്ന് പ്രവാചകന്‍(സ) നിര്‍ദ്ദേശിക്കുന്നു. ഇപ്രകാരം വിശ്വാസിയെന്നോ, അവിശ്വാസിയെന്നോ ഭേദമില്ലാതെ എല്ലാവര്‍ക്കും സലാം ചൊല്ലാം എന്ന് കുറിക്കുന്ന ധാരാളം നബി വചനങ്ങളുണ്ട്. ‘നിങ്ങള്‍ അഭിവാദ്യം ചെയപ്പെട്ടാല്‍ അതിനേക്കാള്‍ ഉന്നതമായ വിധത്തില്‍ പ്രത്യഭിവാദ്യം ചെയ്യുക’ (നിസാഅ് 61) എന്നാണ് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനം. ഇത് തന്നെയാണ് ഈ വിഷയത്തിന്റെ അടിസ്ഥാനവും.
എന്നാല്‍ ഇതില്‍ നിന്നും ഭിന്നമായി യഹൂദികളോടും, ക്രൈസ്തവരോടും നിങ്ങള്‍ സലാം കൊണ്ട് തുടങ്ങരുത് എന്ന് കുറിക്കുന്ന ധാരാളം ഹദീസുകളുമുണ്ട്. പ്രവാചകന്‍ തിരുമേനി(സ)യെ ശപിച്ച് കൊണ്ട്, അദ്ദേഹത്തിന് നാശം വരട്ടെ എന്ന അര്‍ത്ഥത്തില്‍ ശത്രുക്കള്‍ ‘അസ്സാമു അലൈകും’ എന്ന് പ്രയോഗിച്ച സന്ദര്‍ഭത്തിലുള്ളവയാണ് പ്രസ്തുത ഹദീസുകള്‍. അവയെ സാഹചര്യത്തിനനുസരിച്ചാണ് വിശദീകരിക്കേണ്ടത്. അവയെ പൊതുവായ അര്‍ത്ഥത്തില്‍ സ്വീകരിക്കുകയോ, എല്ലാവരോടും സ്വീകരിക്കേണ്ട നിലപാടായി വിശദീകരിക്കുകയോ ചെയ്യാവതല്ല.