Home കാലികം മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കല്‍

മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കല്‍

മാരകമായ രോഗങ്ങളോ അവശതയോ ബാധിച്ച മൃഗങ്ങളുടെ പ്രയാസത്തിന് അറുതി വരുത്താനായി അവയെ കൊല്ലുന്നതിന്റെ വിധി എന്താണ്?

മറുപടി: അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്നും ഇമാം ശാഫിഇയും അബൂദാവൂദും ഹാകിമും റിപോര്‍ട്ട് ചെയ്യുന്നു, നബി(സ) പറഞ്ഞു: ‘ഒരാള്‍ അന്യായമായി ഒരു കുരുവിയെ കൊന്നാല്‍ അതിന്റെ പേരില്‍ അല്ലാഹു അവനെ ചോദ്യം ചെയ്യും.’ അപ്പോള്‍ അബ്ദുല്ല ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് അതിന്റെ മേലുള്ള ന്യായം?’ നബി(സ) പറഞ്ഞു: ‘അതിനെ അറുത്ത് ഭക്ഷിക്കലാണത്, അല്ലാതെ അതിന്റെ കഴുത്തറുത്ത് ഉപേക്ഷിക്കരുത്.’ (നൈലുല്‍ ഔത്വാര്‍) കുരുവിയുടെ മാംസം ഭക്ഷിക്കാവുന്നതാണ്. എന്നാല്‍ ഭക്ഷിക്കുന്നതിന് വേണ്ടിയല്ലാതെ അതിനെ കൊല്ലുന്നത് നിഷിദ്ധമാണ്. അപ്രകാരം ഭക്ഷ്യയോഗ്യമല്ലാത്ത മറ്റ് ജീവികളെയും വെറുതെ കൊല്ലുന്നത് നിഷിദ്ധം തന്നെ.

ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കാത്ത കഴുതയെ, അത് പ്രായം കാരണം അവശതകള്‍ അനുഭവിക്കുന്നുണ്ടെങ്കിലും അറുക്കുന്നത് അതിന്റെ പ്രയാസങ്ങള്‍ ഇല്ലാതാക്കുമെങ്കിലും അതനുവദനീയമല്ലെന്നാണ് ശാഫിഈ മദ്ഹബിന്റെ അഭിപ്രായം. എന്നാല്‍ അതിന്റെ തുകലെടുത്ത് ഊറക്കിട്ട് ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കില്‍ അതിനെ അറുക്കുന്നത് അനുവദനീയമാണ്. കാരണം ന്യായമായ ഒരാവശ്യത്തിന് വേണ്ടിയാണത്. അപ്രകാരം മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ആഹാരമാക്കാന്‍ മാംസത്തിന് വേണ്ടിയാണ് അറുക്കുന്നതെങ്കിലും തെറ്റില്ല. കാരണം വന്യമൃഗങ്ങളുടെ പ്രകൃതവും അവസ്ഥകളും പഠിക്കാന്‍ സൗകര്യമൊരുക്കുന്ന ന്യായമായ ആവശ്യത്തിന് വേണ്ടിയാണത്.

മൃഗങ്ങളുടെ പ്രയോജനപ്രദമായ ഭാഗങ്ങള്‍ക്ക് വേണ്ടി അവയെ വേട്ടയാടുന്നതും അനുവദനീയമാണ്. എന്നാല്‍ യാതൊരു തരത്തിലുള്ള പ്രയോജനത്തിനും വേണ്ടിയല്ലാതെ മൃഗങ്ങളെ കൊല്ലുന്നത് വിലക്കപ്പെട്ട കാര്യമാണ്. അമ്പെയ്ത്ത്, ഷൂട്ടിംഗ് പോലുള്ള മത്സരങ്ങള്‍ക്ക് ലക്ഷ്യ കേന്ദ്രമായി പക്ഷികളെ നിശ്ചയിക്കുന്നത് അതിന് ഉദാഹരണമാണ്. ‘ജീവനുള്ള ഒന്നിനെയും നാട്ടക്കുറിയാക്കരുത്’ പ്രവാചകന്‍(സ) വിലക്കിയിട്ടുണ്ട്. ഒരിക്കല്‍ ഇബ്‌നു ഉമര്‍(റ) ഒരു സംഘം ഖുറൈശീ യുവാക്കളുടെ അരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ അവര്‍ ഒരു പക്ഷിയെ നാട്ടക്കുറിയാക്കി അമ്പെയ്ത് പരിശീലിക്കുകയായിരുന്നു. കുറിക്ക് കൊള്ളാത്ത അമ്പുകളെല്ലാം തന്നെ ആ പക്ഷിയുടെ ഉടമക്ക് അവകാശപ്പെട്ടതായിരുന്നു. ഇബ്‌നു ഉമര്‍(റ)വിനെ കണ്ടപ്പോള്‍ അവര്‍ പരസ്പരം അങ്ങുമിങ്ങും ചിതറിയോടി. അപ്പോള്‍ അദ്ദേഹം ചോദിച്ചു. ആരാണിപ്രകാരം ചെയ്തത്. അല്ലാഹു അവനെ ശപിക്കട്ടെ. നിശ്ചയം ജീവികളെ നാട്ടക്കുറിയാക്കി അമ്പെയ്യുന്നവരെ പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു.

അവലംബം: islamonline.net

error: Content is protected !!