യോഗ ചെയ്യുന്ന ധാരാളം മുസ്‌ലിം സഹോദരന്‍മാരുണ്ട്. ഹിന്ദു മതവുമായി ബന്ധപ്പെട്ട ഒന്നാണത്. ഒരു മുസ്‌ലിമിന് അതു ചെയ്യാന്‍ അനുവാദമുണ്ടോ? ഉണ്ടെങ്കില്‍ ഏതു പരധി വരെയാകാമത് ?
മറുപടി: മനസിനെയും ബുദ്ധിയെയും കേന്ദ്രീകരിച്ച് നടത്തുന്ന ശാരീരികമായ പരിശീനങ്ങളും ചലനങ്ങളുമാണ് യോഗ. ഹിന്ദുക്കള്‍ക്കിടയില്‍ പുരാതനകാലം മുതല്‍ തന്നെ പ്രചാരത്തിലുണ്ടായിരുന്ന ആരാധനാരീതികളില്‍പെട്ടതാണിത്.
ഒരു ആരാധനയെന്ന രീതിയില്‍ ഒരു മുസ്‌ലിം ഇതു ചെയ്യുന്നത് അനുവദനീയമല്ല. കാരണം നമ്മുടെ ആരാധനകള്‍ എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്നത് അല്ലാഹുവാണ്. ഒരാള്‍ക്ക് എത്ര തന്നെ വിവരവും ബുദ്ധിയുമുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള ആരാധാനാ കര്‍മ്മം ആവിഷ്‌കരിക്കാനോ നിലവിലുള്ള ആരാധനകളില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ അനുവാദമില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്ന പക്ഷം ദീനില്‍ കൂട്ടിചേര്‍ക്കലാണത്. നബി(സ) പറയുന്നു: ‘ആരെങ്കിലും നമ്മുടെ ദീനില്‍ പുതുതായി വല്ലതും കൊണ്ടുവന്നാല്‍ തള്ളേപ്പെടേണ്ടതാണ്’.
മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു: പുതുതായി കൊണ്ടു വരുന്നകാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക, പുതുതായി കൊണ്ടു വരുന്നതെല്ലാം വഴികേടിലാണ്. അപ്പോള്‍ അല്ലാഹുവല്ലാത്ത വിഗ്രഹങ്ങള്‍ക്കുള്ള ആരാധനയെന്നു കരുതപ്പെടുന്ന കാര്യത്തെ ഇസ്‌ലാം എങ്ങനെ അംഗീകരിക്കും. ഇത്തരം കാര്യങ്ങളിലേക്കുള്ള വാതിലുതന്നെ അടക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഒരാള്‍ യോഗയിലെ വ്യായാമങ്ങള്‍ ചെയ്യുന്നത് ആരാധനയെന്നോ, വിഗ്രഹാരാധകരെ അനുകരിക്കുകയെന്നോ ഉദ്ദേശ്യമില്ലാതെയാണെങ്കില്‍ തന്നെയും സൂക്ഷ്മത പാലിക്കാന്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് വേണ്ടത്. സംശയമുള്ള കാര്യങ്ങളെ വിട്ട് സംശയമില്ലാത്ത കാര്യങ്ങള്‍ ചെയ്യാനാണ് നമ്മോട് കല്‍പ്പിച്ചിട്ടുള്ളത്.
കേവലം രൂപത്തിലും രീതിയിലും പോലും വിഗ്രഹാരാധകരോട് സാദൃശ്യം പുലര്‍ത്തുന്നത് ഇസ്‌ലാം കണിഷമായി വിലക്കുന്നു. സൂര്യനെ ആരാധിക്കുന്നവര്‍ അസ്തമനത്തിന്റെയും ഉദയത്തിന്റെയും സമയത്ത് അത് ചെയ്യുന്നു എന്ന കാരണത്താലാണ് ആ രണ്ടു സമയങ്ങളിലും നമസ്‌കാരം നിഷിദ്ധമാക്കിയിരിക്കുന്നത്. നമസ്‌കരിക്കുന്ന ആള്‍ സൂര്യാരാധന ഉദ്ദേശിക്കുന്നില്ലെങ്കില്‍ പോലും സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടി നിഷിദ്ധമാക്കിയിരിക്കുകയാണത്.
വിവ: അഹ്മദ് നസീഫ്