Tuesday, July 23, 2024
Homeകാലികംരക്തദാനം സ്വദഖയാണോ?

രക്തദാനം സ്വദഖയാണോ?

ചോദ്യം: രക്തദാനം നടത്തുന്നത്, പ്രത്യേകിച്ചും രോഗികള്‍ക്ക്, സ്വദഖയില്‍ പെടുമോ?
മറുപടി: ഓപറേഷന്‍ വെളയിലോ, അമിത രക്തസ്രാവം കാരണം രക്തം പരിഹരിക്കുന്നതിന്നോ, ആവശ്യം വരുന്ന ഘട്ടത്തില്‍, രോഗിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ നടത്തുന്ന രക്തദാനം ഏറ്റവും ശ്രേഷ്ടമായൊരു കര്‍മ്മവും മഹത്തായ സ്വദഖയുമാണ്. കാരണം ഇത്തരം ഘട്ടങ്ങളില്‍ നടത്തുന്ന രക്തദാനം ജീവന്‍ രക്ഷിക്കുന്ന സ്ഥാനത്താണുള്ളത്. മനുഷ്യജീവന്റെ വില ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്:
‘ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. [5:32]

സമ്പത്ത് ദാനം നല്‍കുന്നതിന്നു ഇസ്‌ലാമില്‍ അതിന്റേതായ സ്ഥാനമുണ്ട്. അത് അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലമര്‍ഹിക്കുന്നതാണ്. എത്രത്തോളമെന്നാല്‍, അല്ലാഹു അത് വലം കൈ കൊണ്ട് സ്വീകരിക്കുകയും എഴുപതിനായിരം മടങ്ങ് വരെ ഇരട്ടിപ്പിക്കുകയും ചെയ്യും. എങ്കില്‍, രക്തദാനം ഏറ്റവും മഹത്തവും പ്രതിഫലാര്‍ഹവുമായിരിക്കും. കാരണം, രക്തം ജീവന്റെ ഹേതുവും മനുഷ്യന്റെ ഒരു ഭാഗവുമാണല്ലൊ. ധനത്തേക്കാള്‍ മൂല്യം മനുഷ്യനാണല്ലൊ ഉള്ളത്. അപ്പോള്‍, സ്‌നേഹത്താല്‍, തന്റെ ഒരു ഭാഗം സഹോദരന്നു ദാനം ചെയ്യുകയാണ്, രക്തദാനത്തിലൂടെ ഒരാള്‍ ചെയ്യുന്നത്.
ദുഖിതരെയും യാതനയനുഭവിക്കുന്നവരെയും സഹായിക്കുക എന്ന ഒരു സദ്കര്‍മ്മം കൂടിയാണിതെന്നത്, രക്തദാനത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. ദൈവിക പ്രതിഫലം വര്‍ദ്ധിക്കാനുള്ള മറ്റൊരു ഗുണമാണിത്. ‘ദുഖിതരെ സഹായിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു; ഭൗതിക ലോകത്ത് വെച്ച് ഒരാള്‍ ഒരു വിശ്വാസിയുടെ ദുഖമകറ്റിയാല്‍, അന്ത്യദിനത്തില്‍ അല്ലാഹു അയാളുടെ ഒരു ദുഖമകറ്റുമെന്ന് [ബു. മു] തിരുമേനി(സ) പ്രസ്താവിച്ചതായി ഹദീസില്‍ വന്നിരിക്കുന്നു.
മാത്രമല്ല, ആഹാര പാനീയങ്ങള്‍ ആവശ്യമായ ഒരു മൃഗത്തെ സഹായിക്കുന്നത് പോലും അല്ലാഹുവിന്റെയടുത്ത് പ്രതിഫലാര്‍ഹമാണെന്ന് അവിടുന്ന് അരുളിയിട്ടുണ്ട്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തയാളുടെ സംഭവം ഉദാഹരണം. കിണറ്റിലിറങ്ങി ബൂട്ടില്‍ വെള്ളം നിറച്ചു നായക്കു കൊടുക്കുകയായിരുന്നു അയാള്‍ ചെയ്തത്. ഇതോടെ നായയുടെ ദാഹം തീര്‍ന്നു. പ്രവാചകന്‍ പറയുകയാണ്: അല്ലാഹു അയാളൊട് കൃതജ്ഞത കാണിക്കുകയും അയാളുടെ പാപം പൊറുത്തു കൊടുക്കുകയും ചെയ്തു.’ സഹാബികള്‍ ചോദിച്ചു: നാല്‍ക്കാലികളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ? പ്രവാചകന്‍ പറഞ്ഞു; പച്ചക്കരളുള്ള – ജീവനുള്ള – എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. [ബു. മു]
ഈ ജീവികള്‍ക്ക് ഗുണം ചെയ്യുന്നത് പ്രതിഫലമര്‍ഹിക്കുന്ന കാര്യമല്ലെന്നും, മതം അതിനെ കണക്കിലെടുക്കുന്നില്ല്‌ലെന്നുമായിരുന്നു സഹാബികള്‍ ധരിച്ചിരുന്നതെന്നാണ് മനസ്സിലാകുന്നത്. അപ്പോള്‍, ഏത് ജീവിക്ക് ഗുണം ചെയ്യുന്നതും പ്രതിഫലമര്‍ഹിക്കുന്നതാണെന്ന് അവര്‍ക്ക് , പ്രവാചകന്‍ വിവരിച്ചു കൊടുക്കുകയാണുണ്ടായത്. ഇതാണ് സ്ഥിതിയെങ്കില്‍, മനുഷ്യന്റെ കാര്യത്തിലെന്തായിരിക്കും സ്ഥിതി? മുസ്‌ലിമിന്റെ പ്രശ്‌നത്തിലെന്തായിരിക്കും?
രക്തദാനം, പൊതുവെ തന്നെ പ്രതിഫലമര്‍ഹിക്കുന്നു. എന്നാല്‍ അത് ബന്ധുക്കള്‍ക്കാണ് നല്‍കുന്നതെങ്കില്‍, രണ്ടു കാര്യമാണ് നടക്കുന്നത്. കാരണം,  കുടുംബ ബന്ധ ഭദ്രമാവുക കൂടി ഇത്  വഴി നടക്കുന്നുവല്ലോ. പ്രവാചകന്‍ പറഞ്ഞു: ദരിദ്രന്നു നല്‍കുന്ന ദാനം ഒരു ദാനമാണ്; ബന്ധുവിന്ന് നല്‍കുന്ന ദാനമാകട്ടെ, രണ്ടെണ്ണമാണ്: കുടുംബം ചേര്‍ക്കലും ദാനവും.’
പൈശാചിക ഇടപെടലിനാല്‍, അകന്നു കഴിയുന്ന കുടുംബത്തിന്റെ കാര്യത്തില്‍, പ്രതിഫലം ഇരട്ടിക്കുന്നതാണ്. ഇവിടെ പിശാചിനെ പരാജയപ്പെടുത്തി, അല്ലാഹുനിനും മനുഷ്യര്‍ക്കും എറ്റവും വെറുപ്പുള്ള പിണക്കത്തെ അവഗണിച്ചു കൊണ്ട്, ബന്ധുവിന്ന് ആവശ്യമായ ധനവും രക്തവും ദാനം ചെയ്യുന്നത് ഏറ്റവും മഹത്തായ ദാനമായാണ് പ്രവാചകന്‍ എണ്ണുന്നത്. ‘വെറുപ്പ് വെച്ചു പുലര്‍ത്തുന്ന ബന്ധുവിന്ന് നല്‍കുന്ന ദാനമാണ് ഏറ്റവും ശ്രേഷ്ട ദാനം'[അഹ്മദ്, ത്വബ് റാനി..]

വിവ: കെ.എ. ഖാദര്‍ ഫൈസി

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!