Thursday, May 16, 2024
Homeകലാസാഹിത്യംവിജ്ഞാന മോഷണം അനുവദനീയമോ?

വിജ്ഞാന മോഷണം അനുവദനീയമോ?

ചോദ്യം:  രഹസ്യ കോഡ് ഉപയോഗിച്ച് പ്രൊട്ടക്ടഡായ വിവരങ്ങള്‍ ചോര്‍ത്തുന്നത് കളവില്‍ പെടുമോ. അപ്രകാരം നെറ്റ്ബാങ്കിംഗ് സിസ്റ്റത്തില്‍ മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്നും രഹസ്യകോഡ് ഉപയോഗിച്ചു പണം കൈപറ്റുന്നതും കളവല്ലേ? ഇവ ഹദ്ദ് അഥവാ നിര്‍ണിത ശിക്ഷ ലഭിക്കുന്ന കുറ്റമോ താല്‍ക്കാലികമായി ഭരണാധികാരി തീരുമാനിക്കുന്ന (തഅ്‌സീര്‍) ശിക്ഷനടപടിയിലാണോ ഉള്‍പ്പെടുക?

മറുപടി : ‘ഇതരരുടെ ധനം രഹസ്യമാര്‍ഗത്തില്‍ കൈപ്പറ്റുക’ എന്നാണ് ശരീഅത്തില്‍ നിര്‍ണിത ശിക്ഷയുള്ള കളവിനെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നിര്‍വചിച്ചത്. നിര്‍ണിതമായ ധനമായിരിക്കണം എന്നാണ് പണ്ഡിതന്മാര്‍ അതിന് നിബന്ധന വെച്ചിട്ടുള്ളത്.
ശരീഅത്തില്‍ കളവ് സ്ഥിരീകരിക്കാനുള്ള പ്രധാന നിബന്ധനകള്‍

1. മോഷ്ടിക്കപ്പെട്ടത് ധനമായിരിക്കുക
2. നിര്‍ണിത അളവ് ഉണ്ടായിരിക്കുക
3. രഹസ്യമാര്‍ഗേണ എടുത്തതായിരിക്കുക.
4. ഉടമസ്ഥന്റെ അധികാരത്തില്‍ നിന്ന് പുറത്ത് കടക്കുക

ഈ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് നേരത്തെ ഉന്നയിച്ച ചോദ്യത്തെ നാം വിശകലന വിധേയമാക്കേണ്ടത്.
എല്ലാവിധ കളവുകളും ഇസ്‌ലാം വിരോധിച്ച കുറ്റകൃത്യങ്ങളില്‍ പെടുന്നതാണ്. അവ വിശ്വാസത്തിന്റെ താല്‍പര്യത്തിന് എതിര് നില്‍ക്കുന്നതുമാണ്. ‘വിശ്വാസിയായിക്കൊണ്ട് ഒരാള്‍ കളവ് നടത്തുകയില്ല’ എന്ന് പ്രബലമായ ഹദീസില്‍ വന്നിട്ടുണ്ട്. മോഷണത്തെ ഇസ്‌ലാം വന്‍പാപത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അത്തരം വന്‍പാപങ്ങള്‍ക്ക് ദുനിയാവില്‍ നിര്‍ണിതമായ ശിക്ഷയുണ്ട്. പരലോകത്തെ ശിക്ഷയെ കുറിച്ച് ശക്തിയായ താക്കീതും അല്ലാഹു നല്‍കുന്നുണ്ട്.

എന്നാല്‍ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ നിര്‍വചനത്തിലെ മോഷണത്തില്‍ വിജ്ഞാനം ചോര്‍ത്തുന്നത് ഉള്‍പ്പെടുമോ എന്നതില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. അപ്രകാരം തന്നെ മോഷണത്തിന്റെ നിര്‍ണിത ശിക്ഷയില്‍ ഇവ ഉള്‍പ്പെടുമോ എന്നതിനെ കുറിച്ചും അഭിപ്രായാന്തരമുണ്ട്.
കാരണം വിജ്ഞാനം മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കുന്നതിന്റെ നിയമസാധുതയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളുണ്ട്. കാരണം വിജ്ഞാനം എല്ലാവരുടെയും അവകാശമാണ്. ആരുടെയും സ്വകാര്യസ്വത്തല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും  പകര്‍പ്പവകാശത്തെയും പ്രസാധനത്തെയും വരെ നിരാകരിച്ചവരുണ്ട്. രചയിതാവിന്റെ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കല്‍ അനുവദനീയമെന്നാണ് അവരുടെ പക്ഷം. വിജ്ഞാന മോഷണത്തിന്റെ വിഷയത്തിലും അവരുടെ നിലപാട് ഇതുതന്നെയാണ്.

എന്നാല്‍ വിവരങ്ങളില്‍ ചിലത് മില്യന്‍ കണക്കിന് ഡോളര്‍ ചിലവഴിച്ച് നേടിയെടുത്തവയുണ്ടാകും. പ്രത്യേകിച്ച് സൈനികവും പ്രതിരോധപരവുമായ പല വിവരങ്ങളും ഇത്തരം ഇനത്തില്‍ പെടും. അതിനാല്‍ തന്നെ അവര്‍ വലിയ തുക ചിലവഴിച്ച് നേടിയെടുത്തതിന്റെ ഫലം ലഭിക്കുക എന്നത് അവരുടെ അവകാശത്തില്‍ പെടുന്നതാണ്.  
ഈ വിവരങ്ങള്‍ സ്വീകരിക്കുന്നത് ഏത് ഇനത്തില്‍ പെട്ടതാണ് എന്നത് വളരെ പ്രധാനമാണ്. വിവരങ്ങള്‍ ചോര്‍ത്തുന്നത് പണത്തിന്റെ സ്ഥാനത്താണെങ്കില്‍ ഭരണാധികാരിക്ക് തക്കതായ നടപടി സ്വീകരിക്കാവുന്ന തഅ്‌സീറില്‍ ആണ് അവ ഉള്‍പ്പെടുക.

ഒരാളുടെ പാസ് വേഡ് തിരിച്ചറിഞ്ഞു നെറ്റിലൂടെ ബാങ്കില്‍ നിന്നും അന്യായമായി പണം കൈപ്പറ്റുക എന്നതാണ് രണ്ടാമത്തെ വിഷയം. ഇത് യഥാര്‍ഥത്തിലുള്ള മോഷണത്തിന്റെ എല്ലാ ഘടകങ്ങളും ഉള്‍ച്ചേര്‍ന്നതാണ്. ഇവിടെ മോഷ്ടിക്കപ്പെടുന്നത് ധനമാണ്. ബാങ്കും ഉടമയും അറിയാതെ രഹസ്യമായ മാര്‍ഗത്തിലാണ് കൈപ്പറ്റുന്നത്. നിര്‍ണിത അളവില്‍ കൂടുതലുണ്ടാകും. അതിനാല്‍ ഇത് കുറ്റകൃത്യമായി എണ്ണപ്പെട്ട കളവില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഒരു ന്യായവുമില്ല. അതിനാല്‍ മോഷ്ടാവ് ശരീഅത്ത് വിധിച്ച ശിക്ഷാവിധികള്‍ക്ക് വിധേയനുമാണ് അവന്‍. അല്ലാഹു പറഞ്ഞു: ‘ കക്കുന്നവരുടെ  -ആണായാലും പെണ്ണായാലും-  കൈകള്‍ മുറിച്ചുകളയുക.  അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്; അല്ലാഹുവില്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയും.’ (അല്‍ മാഇദ 38).

യഥാര്‍ഥത്തില്‍ ഈ മോഷണം നിരവധി കുറ്റകൃത്യങ്ങള്‍ അടങ്ങിയതാണ്. ബാങ്കിനുമേലുള്ള അതിക്രമം, വ്യക്തിയുടെ സ്വകാര്യതക്ക് മേലുള്ള കയ്യേറ്റം, ധനം പിടിച്ചുപറ്റുന്നതിലെ കുറ്റകൃത്യം, ഇന്റര്‍നെറ്റ് പോലുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ദുരുപയോഗം ചെയ്തതിലെ തെറ്റ് , വ്യക്തികള്‍ക്ക് ഉപദ്രവം ഏല്‍പിച്ചതിനുള്ള ശിക്ഷ… ഇവയെല്ലാം ഉള്‍പ്പെടുന്ന വലിയ കുറ്റകൃത്യമാണിത്. നിര്‍ണിത ശിക്ഷയോടൊപ്പം വഞ്ചനാ കുറ്റമടക്കമുള്ള മറ്റു ശിക്ഷകള്‍ക്കും അവന്‍ വിധേയനാകുന്നതാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!