മറുപടി: യന്ത്രവല്‍കൃതമായ ഈ കാലത്ത് വളരെ പ്രസക്തമായ ചോദ്യമാണിത്. ശാസ്ത്രവികാസം നമുക്ക് ഒരുപാട് നന്മകള്‍ നല്‍കിയിട്ടുണ്ടെങ്കിലും മനുഷ്യന്‍ ദൈവത്തിനും ഉപരിയായി ശാസ്ത്രത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരവസ്ഥ ഇതിന് പിന്നിലുണ്ട്. അതുമുഖേന ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ചിരിക്കുന്നു എന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ശേഷവും യന്ത്രങ്ങളുടെ സഹായത്തോടെ കൃത്രിമ ശ്വാസോച്ഛാസവും ഹൃദയമിടിപ്പും നല്‍കുന്ന അവസ്ഥയാണിത്. ഒരു രോഗിക്ക് വേണ്ടി ബന്ധുക്കള്‍ എന്ത് ചെയ്യാനും എത്ര പണം ചെലവഴിക്കാനും തയ്യാറായിരിക്കും. എന്നാല്‍ പുതിയ ചികിത്സാരീതിയില്‍ ഇത് വളരെയേറെ ചൂഷണം ചെയ്യപ്പെടുന്നതയാണ് നാം കാണുന്നത്. യഥാര്‍ത്ഥത്തില്‍ രോഗി മരണപ്പെട്ടിരിക്കുന്നു. പിന്നീട് ഭൗതിക സംവിധാനങ്ങളാള്‍ അയാളുടെ ശരീരം നിലനില്‍ക്കുന്നു എന്ന് മാത്രമേ ആ അവസ്ഥയെ കുറിച്ച് നമുക്ക് പറയാനാവൂ. ഈ വിഷയത്തില്‍ യാഥാര്‍ത്ഥ്യ ബോധ്യത്തോടെയുള്ള സമീപനമാണ് ആവശ്യം. രോഗി തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാകുമ്പോള്‍ ഒരു തീരുമാനമെടുക്കാന്‍ ബന്ധുക്കള്‍ക്ക് പ്രയാസമായിരിക്കും. എന്നാല്‍ ഇസ്‌ലാമിക കാഴ്ച്ചപാട് മുന്‍നിര്‍ത്തി തീരുമാനമെടുക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടതുണ്ട്.
ഈ വിഷയത്തില്‍ ഒ.ഐ.സി (Organization of the Islamic Conference) ജോര്‍ദാനില്‍ വെച്ച് പണ്ഡിതന്‍മാരുടെയും ഡോക്ടര്‍മാരുടെയും ഒരു മീറ്റിങ് സംഘടിപ്പിച്ചിരുന്നു. പ്രസ്തുത മീറ്റിങില്‍ അവര്‍ ചില കാര്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. രോഗി മരണപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനായി ചില ലക്ഷണങ്ങള്‍ അവര്‍ പറയുന്നുണ്ട്. ഹൃദയമിടിപ്പും ശാശ്വോച്ഛാസവും നിലച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുക, ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുക, മസ്തിഷ്‌കം നിലക്കുക എന്നീ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ മരണപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. വെന്റിലേറ്റര്‍ എടുത്തുമാറ്റി വളരെ ശാന്തമായി മരണപ്പെടാനുള്ള അവസരം അയാള്‍ക്ക് ഒരുക്കി കൊടുക്കുകയാണ് പിന്നെ വേണ്ടത്. ഈയൊരു അവസ്ഥയില്‍ നിലനിര്‍ത്തിയിട്ട് മൃതദേഹത്തെ പ്രയാസപ്പെടുത്താന്‍ പാടില്ല. മൃതദേഹം സംസ്‌കരിക്കുന്നത് വൈകുന്നു, അനന്തരസ്വത്ത് അവകാശികള്‍ക്ക് നല്‍കുന്നതില്‍ കാലതാമസം വരുന്നു, ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ ഇദ്ദ വൈകുന്നു തുടങ്ങിയ പ്രയാസങ്ങള്‍ക്കത് കാരണമാകുന്നു. അതുപോലെ അനാവശ്യമായ സാമ്പത്തികഭാരം കുടുംബം സഹിക്കേണ്ടി വരുന്നു. വെന്റിലേറ്റര്‍ എന്ന ഉപകരണം രക്ഷപ്പെടാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ളതാണ്. അത്തരം രോഗികള്‍ക്കുള്ള അവസരം നഷ്ടമാകുന്നതിനും അത് കാരണമാകുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അവയവദാനത്തിന് അവയവങ്ങള്‍ മാറ്റുന്നതില്‍ തെറ്റൊന്നുമില്ലെന്ന് കൂടി അനുബന്ധമായി നാം മനസ്സിലാക്കണം.
വെന്റിലേറ്റര്‍ മാറ്റുന്നത് ദയാവധത്തിന്റെ തലത്തിലേക്ക് വരുമോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കാറുണ്ട്. ഡോക്ടര്‍മാര്‍ മരണപ്പെട്ടിരിക്കുന്നു എന്ന് വിധിയെഴുതിയതിനാലും ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത ഇല്ലാത്തതിനാലും അതൊരിക്കലും ദയാവധമല്ല. യഥാര്‍ത്ഥത്തില്‍ നാം രോഗിയെ സ്‌നേഹിക്കുന്നുവെങ്കില്‍ ഈയൊരു അവസ്ഥയിലേക്ക് എത്തിചേര്‍ന്ന രോഗിയില്‍ നിന്നും വെന്റിലേറ്റര്‍ എടുത്തുമാറ്റുകയാണ് വേണ്ടത്. ഐ.സി.യുവിലും വെന്റിലേറ്ററിലുമെല്ലാം രോഗി അഡ്മിറ്റ് ചെയ്യപ്പെടുന്ന അവസ്ഥയില്‍ അടുത്ത ബന്ധുക്കള്‍ക്ക് പോലും രോഗിയുമായി ഇടപഴകാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്. അതേ സമയം ആ രോഗി നമ്മുടെ സാന്നിദ്ധ്യം അങ്ങേയറ്റം കൊതിക്കുന്നുണ്ടായിരിക്കും. അവിടെ ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനോ, ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കാനോ ഒരിറക്ക് വെള്ളം കൊടുക്കാനോ പോലും സാധിച്ചു കൊള്ളണമെന്നില്ല. കുറേ പണവും സമയവും ചെലവഴിച്ച് അസ്വസ്ഥരായി നാം ഐ.സി.യുവിന്റെ മുമ്പില്‍ നില്‍ക്കുന്നുണ്ടെങ്കിലും അവസാനമായി അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിച്ചു കൊടുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ ശ്രവിച്ച് മനസമാധാനത്തോടെ അല്ലാഹുവിലേക്ക് യാത്രായാവാനുള്ള അവസരമാണ് അവിടെ നഷ്ടമാകുന്നത്. അതിനാല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ ഈ വിഷയത്തെ സമീപിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കേവല വൈകാരികതക്കപ്പുറം ഇസ്‌ലാമികവിധി അനുസരിച്ച് സമ്പത്തിന്റെയും സമയത്തിന്റെയും പാഴ്‌വേലയാണ് സംഭവിക്കുന്നത് എന്ന് കൂടി തിരിച്ചറിയണം. ഇത്തരത്തിലുള്ള രോഗാവസ്ഥകളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.